September 25, 2009

അല്പം ഫിലോസഫി

പെരുന്നാളിന്റെ ആഘോഷങ്ങള്‍ക്കിടയില്‍ ബ്ലോഗാന്‍ മറന്നു. നെയ്ച്ചോറും ബിരിയാണിയും വെട്ടിവിഴുങ്ങി ഒരു തരം ആലസ്യത്തില്‍ കഴിയുമ്പോള്‍ ബ്ലോഗെന്നല്ല, ഒരു മാതിരി അലമ്പ് കേസുകളൊന്നും മനസ്സില്‍ കയറില്ല. മുപ്പതു ദിവസം നോമ്പ് നോറ്റ് തികഞ്ഞ സാത്വികനായി കഴിഞ്ഞ ശേഷം മുപ്പത്തിഒന്നാം ദിവസം തീറ്റിപ്പണ്ടാരമായി മാറുന്ന പതിവാണ് എനിക്കുള്ളത്. ഒരു മാസക്കാലം പട്ടിണി കിടന്നു എന്നല്ലാതെ വ്രതം നല്‍കേണ്ട എന്തെങ്കിലും സന്ദേശം എന്റെ ശരീരം ഉള്‍കൊണ്ടുവോ എന്ന് സംശയമാണ്.

മുപ്പതു ദിവസം ശാന്തമായി ഒഴുകിക്കൊണ്ടിരുന്ന നദി മുപ്പത്തൊന്നാം ദിവസം തരിശായി മാറുന്ന പോലത്തെ ഒരു അടിമേല്‍മറിച്ചിലാണ് വ്രതപ്പിറ്റേന്ന് സംഭവിക്കുന്നത് എങ്കില്‍ നോറ്റ വ്രതങ്ങള്‍ക്കൊക്കെ എന്തോ കുഴപ്പമുണ്ടെന്നു വേണം കരുതാന്‍.

അറബ് സാഹിത്യകാരനായ മുസ്തഫ ലുത്ഫി മന്ഫലൂതിയുടെ പ്രസിദ്ധമായ ഒരു വാചകമുണ്ട്. പാവപ്പെട്ടവന്റെ വയറൊട്ടുമ്പോഴാണ് പണക്കാരന് വയര്‍ സ്തംഭനം വരുന്നത് എന്ന്. പാവപ്പെട്ടവനും പണക്കാരനും ഒരുപോലെ വയറൊട്ടുന്ന റംസാനിന്റെ പകലുകള്‍ക്ക്‌ പട്ടിണിയുടെ സാമൂഹ്യശാസ്ത്രം തിരുത്താന്‍ കഴിയുന്ന ഒരു മാന്ത്രിക ശക്തി ഉണ്ടാവേണ്ടതായിരുന്നില്ലേ.. ഒരു മാസക്കാലത്തെ വ്രതത്തിനു ശേഷവും കാര്യങ്ങളൊക്കെ പഴയ പടി തന്നെയാണെങ്കില്‍ എവിടെയൊക്കെയോ പിഴച്ചു പോവുന്നു എന്നത് ഉറപ്പ്. 

തികച്ചും ഫിലോസഫിക്കല്‍ ആയി എന്റെ മനസ്സ് ഒരു ബുദ്ധിജീവി തലത്തിലേക്ക് ഉയര്‍ന്നുകളയുമോ എന്ന ഭയം ഉള്ളതിനാല്‍ ഇത് ഇവിടെ നിര്‍ത്തുകയാണ്. മറ്റൊരു വിഷയവുമായി കാണും വരെ അയാം സൈനിംഗ് ഓഫ്‌.

September 14, 2009

കൊച്ചുവേളീ, കൊച്ചു കള്ളീ..

ഞങ്ങള്‍ വള്ളിക്കുന്നുകാര്‍ക്ക് സന്തോഷിക്കാന്‍ ഇതാ വീണ്ടും അവസരം വന്നിരിക്കുന്നു. മംഗലാപുരത്തേക്ക് നീട്ടിയ കൊച്ചു വേളി എക്സ്പ്രെസ്സിനു വള്ളിക്കുന്നില്‍ സ്റ്റോപ്പ്‌ അനുവദിച്ചിരിക്കുന്നു. കണ്ടില്ലേ നാട്ടുകാരുടെ ആഹ്ലാദം. .. ഒരു സങ്കടമുണ്ട്. കൊച്ചു വേളി ഓട്ടം തുടങ്ങിയ ആദ്യ ദിവസം ( സെപ്ടംബര്‍ പത്ത് ) ഞങ്ങള്‍ ആരും കാര്യമറിഞ്ഞിരുന്നില്ല. അത് കൊണ്ട് തന്നെ ആദ്യ ദിവസം സ്വീകരണം ഏര്‍പ്പാടാക്കാന്‍ കഴിഞ്ഞില്ല. റെയില്‍വേ മന്ത്രി ഇ അഹമ്മദ്‌ അടക്കം പല പ്രമുഖരും കന്നിയോട്ടത്തില്‍ ട്രെയിനില്‍ ഉണ്ടായിരുന്നു. പക്ഷെ ആ സങ്കടം ഇന്നലെ തീര്‍ത്തു. കൊച്ചുവേളിയെ ഞങ്ങള്‍ കെട്ടിപ്പിടിച്ചു സ്വീകരിച്ചു.

ആഴ്ചയില്‍ മൂന്നു ദിവസം ഓടുന്ന കൊച്ചുവേളി മംഗലാപുരത്തേക്ക് പോവുമ്പോഴും തിരിച്ചു വരുമ്പോഴും വള്ളിക്കുന്ന് നിര്‍ത്തും. അങ്ങനെ ഞങള്‍ക്ക് ഇപ്പോള്‍ ആറ് എക്സ്പ്രസ്സ്‌ ട്രെയിനുകളുടെ സ്റ്റോപ്പ്‌ ആയി. ഇതിലപ്പുറം വലിയ ആഗ്രഹങ്ങളൊന്നും ഞങ്ങള്‍ക്കില്ല. ഇനി ഒരു ഓവര്‍ ബ്രിഡ്ജ്.. അത് കൂടെ കിട്ടിയാല്‍ തീര്‍ന്നു. അഹമ്മദ്‌ സാഹിബ്‌ അത് കൂടെ ഞങ്ങള്‍ക്ക് എങ്ങിനെയെങ്കിലും ഒപ്പിച്ചു തരണം.

ഇ അഹമ്മദ്‌ റെയില്‍വേ മന്ത്രിയായ ശേഷം വള്ളിക്കുന്ന് സ്റ്റേഷനെ റെയില്‍വേ കാര്യമായി പരിഗണിക്കുന്നുണ്ട്. ആര് എന്തൊക്കെ പറഞ്ഞാലും അഹമ്മദ്‌ സാഹിബിനോട് ഞങ്ങള്‍ നാട്ടുകാര്‍ക്ക് പെരുത്ത് നന്ദിയുണ്ട്. പൂവന്‍ പഴത്തിനു നീളം കൂടി എന്ന് പറഞ്ഞ പോലെ ഇനി ഇതിനെയും വിമര്‍ശിക്കാന്‍ ആള് കാണുമായിരിക്കും. അവരോടൊക്കെ ഞങ്ങള്‍ക്ക് ഒന്നേ പറയാനുനുള്ളൂ .. ഗോരോചനാദി ഗുളിക വാങ്ങി മൂന്നു നേരം അണ്ണാക്കില്‍ വെച്ച് അലിച്ചിറക്കുക. കുന്നായ്മയും കുശുമ്പുമൊക്കെ പതിയെ പൊയ്ക്കൊള്ളും.

September 10, 2009

ശശി തരൂരും താജ് ഹോട്ടലും

കേന്ദ്ര മന്ത്രിമാരായ ശശി തരൂരിനെയും എസ് എം കൃഷ്ണയെയും പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ധനമന്ത്രി പ്രണബ്‌ മൂഖര്‍ജീ പിടിച്ചിറക്കിയിരിക്കുയാണ്. തരൂര്‍ജി നാല്‍പതിനായിരം രൂപയും കൃഷ്ണജി ഒരു ലക്ഷം രൂപയും ദിവസ വാടക കൊടുത്തു ഹോട്ടലില്‍ തങ്ങുന്നതാണ് മൂഖര്‍ജീ പെട്ടന്നൊരു ദിവസം ഗാന്ധിജിയായി മാറാന്‍ കാരണം. കൊണ്ഗ്രസ്സുകാര്‍ക്ക്‌ ഇങ്ങനെ ഇടയ്ക്കിടയ്ക്ക് ഗാന്ധിജിയെ ഓര്മ വരും. കുട്ടികള്‍ ദുസ്വപ്നം കണ്ടു ഞെട്ടിയുണരുന്ന പോലെയാണിത്. ഒന്ന് കരഞ്ഞേച്ച് വീണ്ടും ഉറങ്ങും. ഈ വിവാദത്തില്‍ ഞാന്‍ തരൂര്‍ജിയുടെ കൂടെയാണ്!!!.

കഷണ്ടിക്കും അസൂയക്കും മരുന്നില്ല എന്നാണല്ലോ പഴമൊഴി. ഗള്‍ഫ്‌ ഗേറ്റ് വന്ന ശേഷം കഷണ്ടിയെ ഈ വകുപ്പില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അസൂയക്ക്‌ ഇത് വരെ ആരും ഗള്‍ഫ്‌ ഗേറ്റ് കണ്ടു പിടിച്ചിട്ടുമില്ല. പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കാന്‍ സ്വന്തമായി കാശില്ലാത്ത എംപി മാരാണ് തരൂരിനെതിരെ അസൂയ വാളുമായി വന്നിരിക്കുന്നത്.

"പതിമൂന്നു സംസ്ഥാനങ്ങളിലെ 240 ജില്ലകളില്‍ ഈ വര്ഷം കൊടിയ വരള്‍ച്ചയാണ്, ഇത്തരമൊരു അവസ്ഥയില്‍ ഒരാള്ക്കെങ്ങിനെ താജില്‍ കഴിയാന്‍ പറ്റും?" എന്നാണു ഒരു തൊഴിലാളി എംപിയുടെ ചോദ്യം. കുളിര് കോരുന്ന ചോദ്യം തന്നെ. പക്ഷെ ഈ ചോദ്യം ചോദിച്ച എംപിയോട്‌ തിരിച്ചു ചില ചോദ്യങ്ങളുണ്ട്. 240 ജില്ലയില്‍ ആളുകള്‍ വരള്‍ച്ച കൊണ്ട് എരിപിരി കൊള്ളുമ്പോള്‍ നിങ്ങള്‍ക്കെങ്ങിനെ എസീ കോച്ചില്‍ യാത്ര ചെയ്യാന്‍ കഴിയുന്നു?. ഇരുപതു രൂപയില്‍ താഴെ ദിവസ വരുമാനവുമായി ഇന്ത്യയിലെ ദരിദ്ര നാരായണന്മാര്‍ ആകാശം നോക്കിയിരിക്കുമ്പോള്‍ ഒരു സിറ്റിങ്ങിനു ആയിരക്കണക്കിന് രൂപ ബത്ത വാങ്ങാന്‍ താങ്കള്‍ക്കെങ്ങിനെ കഴിയുന്നു? ഉത്തരേന്ത്യന്‍ ഗ്രാമീണര്‍ കാള വണ്ടിയില്‍ യാത്ര ചെയ്യുമ്പോള്‍ സര്‍ക്കാര്‍ ചിലവില്‍ ഫസ്റ്റ് ക്ലാസ്സ്‌ വിമാന യാത്ര നടത്തുമ്പോള്‍ മനസ്സില്‍ വല്ലതും തോന്നാറുണ്ടോ? ഇതൊക്കെ താങ്കള്‍ അടക്കമുള്ള 545 എംപിമാര്‍ക്ക് ചെയ്യാമെന്കില്‍ സ്വന്തം കാശ് കൊടുത്തു താജില്‍ താമസിക്കാന്‍ തരൂര്‍ജിക്കും അവകാശമുണ്ട്‌. മൂത്രം കുടിച്ചിട്ട് ഇഞ്ചിപ്പച്ചടി തൊട്ടുകൂട്ടരുത് സഖാവേ..


എംപിയെന്ന നിലയില്‍ കിട്ടാവുന്നത്ര ആഡംബരങ്ങളൊക്കെ അനുഭവിക്കുമ്പോള്‍ തോന്നാത്ത ദരിദ്ര സ്നേഹം തരൂര്‍ താജില്‍ കയറുമ്പോള്‍ മാത്രം തോന്നുന്നത് ശുദ്ധ ഫ്രോഡാണ്. കിട്ടാത്ത മുന്തിരിങ്ങ പുളിക്കുന്ന ഈ നമ്പര് ഞങ്ങള്‍ സാധാരണക്കാര്‍ക്ക് പെട്ടെന്ന് മനസ്സിലാവും. നിങ്ങള്‍ എംപിമാര്‍ക്കൊക്കെ എന്ന് മുതലാണ്‌ പഞ്ചനക്ഷത്ര ഹോട്ടലുകളോട് എതിര്‍പ്പ് തുടങ്ങിയത് എന്നറിഞ്ഞാല്‍ കൊള്ളാം. അവിടെ കിടന്നു ഉറങ്ങിയില്ലെലും ഇത്തരം ഹോട്ടലുകളില്‍ നിന്ന് ഓസിയില്‍ ശാപ്പാട് അടിക്കാനുള്ള ഒരവസരവും ആരും പാഴാക്കിയതായി ഞങള്‍ക്ക് അറിവില്ല. മുംബൈ താജില്‍ ഭീകര ആക്രമണം ഉണ്ടായപ്പോഴാണ് അതിനുള്ളില്‍ സഖാവ് എന്‍ എന്‍ കൃഷദാസുള്ള വിവരം നാം അറിയുന്നത്. പുള്ളി ഫൈവ് സ്ടാര്‍ ഫുഡ്‌ അടിക്കുമ്പോഴാണ് ഭീകരര്‍ പണിയൊപ്പിച്ചത്!!!. ശശി തരൂര്‍ പണ്ടേ ഇങ്ങനെ ജീവിച്ചയാളാണ് . ന്യൂ യോര്‍ക്കിലും ജനീവയിലും പഞ്ചനക്ഷത്ര സമാനമായ ജീവിത രീതി ശീലിച്ച് വന്ന ഒരാള്‍ക്ക്‌ ഒരു രാത്രി കൊണ്ട് ഗാന്ധിജിയാവാന്‍ കഴിയില്ല. മാത്രമല്ല സ്വന്തം കീശയില്‍ നിന്ന് കാശ് കൊടുത്താണ് അയാള്‍ പഞ്ചനക്ഷത്രം കളിക്കുന്നത്. സ്വന്തം കാശ് കൊടുത്തു ഒരു ബീഡിക്കുറ്റി പോലും വാങ്ങാത്ത ക്നാപ്പന്മാരാന് തരൂരിനെതിരെ ചന്ദ്രഹാസം മുഴക്കുന്നത്.

15 കോടി ആസ്തിയുന്ടെന്നാണ് തരൂര്‍ജി ഇലക്ഷന്‍ കമ്മീഷന് എഴുതിക്കൊടുത്ത്തത്‌. താജിലെ ദിവസ വാടക നാല്പതിനായിരത്തിന് പുറമേ മസ്സാജ്, പന്നിയിറച്ചി, സ്റ്റീം ബാത്, തുടങ്ങിയ ആവറേജ് പഞ്ചനക്ഷത്ര ശീലങ്ങള്‍ ഉണ്ടെങ്കില്‍ അതിനു ഒരു നാല്‍പതിനായിരം വേറെയും വേണം. തട്ട് കടയില്‍ നിന്ന് സോഡാ സര്‍വതും ഓംലെറ്റും തിന്നാനുള്ള പണത്തിനു പുറമെയാണിത് . ദിവസം എന്പത്തയ്യായിരം കളിയില്ലാതെ പോകുമെന്നര്‍ത്ഥം. അക്കണക്കിന് നൂറു ദിവസത്തിന് ഇതുവരെ ഒരു കോടിക്കടുത്തു ചിലവാക്കി കാണണം. ഇങ്ങനെ നാലോ അഞ്ചോ വര്ഷം തുടര്‍ച്ചയായി താജില്‍ കഴിഞ്ഞാല്‍ ഇലക്ഷന്‍ കമ്മീഷന് എഴുതി ക്കൊടുത്ത പണത്തിന്റെ ഉരുപ്പടികളൊക്കെ ബ്ലേഡുകാരന്‍ കൊണ്ട് പോയി കഴിഞ്ഞിരിക്കും. കയ്യിലെ കാശ് തീര്നാല്‍ തരൂരെന്നല്ല മുകേഷ് അംബാനിയാണേലും താജില്‍ നിന്നറിങ്ങി ശ്രീ കൃഷ്ണ ലോഡ്ജില്‍ മുറി കിട്ടുമോ എന്നന്വേഷിക്കും. അത്രയും കാത്തിരിക്കാനുള്ള ക്ഷമ ഇല്ലാത്തത് കൊണ്ടാണ് ആളുകള്‍ തരൂര്‍ജിയുടെ മെക്കട്ട് കയറുന്നത്.

അവസാനിപ്പിക്കാം. ധൂര്‍ത്തും ആഡംബരവുമൊക്കെ കണക്കാക്കുന്നത്‌ ഓരോരുത്തരുടെ കയ്യിലെ പണത്തിന്റെ അളവ് വെച്ചാണ്. ആഫ്രിക്കയില്‍ ആളുകള്‍ പട്ടിണി കിടക്കുന്നു എന്ന് വെച്ച് ബില്‍ ഗേറ്റ്സ് വള്ളിക്കുന്നിലെ കുഞ്ഞിരാരുവിന്റെ തട്ടുകടയില്‍ നിന്ന് പുട്ടും കടലയും കഴിക്കണമെന്ന് പറഞ്ഞാല്‍ അത് ശുദ്ധ ഫ്രോഡാണ്. അയാളുടെ നിലവാരമനുസരിച്ച് ഒരു നേരത്തെ ഭക്ഷണത്തിന് ആയിരം ഡോളര്‍ ചിലവാക്കിയാലും ധൂര്തെന്നു പറയാന്‍ ആവില്ല. എന്നാല്‍ അതെ പണം ഒരു നേരത്തെ ഭക്ഷണത്തിന് ഞാന്‍ ചിലവാക്കിയാല്‍ എന്നെ ഉടനെ ഊളമ്പാറയില്‍ എത്തിക്കണം.

ഇത്രയും കാശ് ദിവസേന പൊടി പൊടിക്കുന്ന തരൂര്‍ജിയുടെ വക്കാലത്തുമായി വരുകയല്ല എന്റെ ഉദ്ദേശം. പക്ഷെ തരൂരിന്റെ മെക്കട്ട് കയറി പുണ്യവാളന്മാര്‍ ചമയുന്ന മറ്റു എംപീ മാരുടെ ഫ്രോഡ്‌ പണി കാണുമ്പോഴുള്ള ചൊറിച്ചില്‍ മാറ്റാനാണ് ഇത്രയും എഴുതിയത്. ലോക സമസ്താ സുഖിനോ ഭവന്തൂ ..

ഒരു ഗുണ്ടയായി ജനിച്ചാല്‍ മതിയായിരുന്നു

രണ്ടു ഗുണ്ടകളുടെ പിറകെയാണ് നമ്മുടെ മാധ്യമാക്കാരെല്ലാം. ഓം പ്രകാശ്‌, പുത്തന്‍ പാലം രാജേഷ്‌.... രണ്ടു ഗുണ്ടകളും ലൈവായും അല്ലാതെയും മാധ്യമങ്ങളുടെ ഒന്നാം പേജില്‍ പായ വിരിച്ചു കിടന്നുറങ്ങുകയാണ്. ടീവിക്കാരും പത്രക്കാരും ഒരു ഫോട്ടോയ്ക്ക്‌ വേണ്ടി തെരുവ് നായ്ക്കളെപ്പോലെ അവര്‍ക്ക് പിറകെയോടുന്നു, ഓച്ചാനിച്ച് നില്‍ക്കുന്നു. 'ഗതികേടേ നിന്റെ പേരോ പത്ര പ്രവര്‍ത്തനം' എന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റം പറയാന്‍ ഞാനില്ല. അന്താരാഷ്ട്ര കായിക മേളയില്‍ റെക്കോര്‍ഡിട്ടു മെഡലുമായി വന്ന പെണ്‍കുട്ടിയെ തിരിഞ്ഞു നോക്കാതെ കരയിപ്പിച്ച മാധ്യമക്കാരാണ് നമ്മുടേത്. അവര്‍ക്ക് ഗുണ്ടകളാണ് താരങ്ങള്‍. ഗുണ്ടകള്‍ക്ക് ശുക്ര ദശയാണ്‌ ഇപ്പോള്‍. ഇവരെ വച്ചു പടമെടുത്താല്‍ നൂറു ദിവസം ഗ്യാരന്റി.

വാല്‍ക്കഷ്ണം :- ഗുണ്ടകളെ വീര പുരുഷന്മാരാക്കുന്ന ഈ പ്രവണത നമ്മുടെ നാട്ടില്‍ ഇനി കുറെ കുട്ടി ഗുണ്ടകളെ സൃഷ്ടിച്ചേക്കും. മാധ്യമക്കാര്‍ക്ക് കൊയ്ത്തു കാലം വരാനിരിക്കുന്നതേയുള്ളൂ.

മ്യാവൂ :- പോള്‍ എം മുത്തൂറ്റ് വധക്കേസുമായി ആദ്യം പിടിയിലായ ഗുണ്ടകളുടെ ഫോട്ടോയാണ് മുകളില്‍ .
എന്റെ ബ്ലോഗിലൂടെ ഇവന്മാര്‍ക്ക് പബ്ലിസിറ്റി വേണ്ട, പുളിപ്പ് തീര്‍ക്കാനാണ് മുഖത്ത് കുത്തിവരയിട്ടത്. ഇതിലപ്പുറം എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല.

September 5, 2009

ലേഡീസ്‌ ഓണ്‍ലി പഞ്ചായത്ത്

തദ്ദേശ സ്വയം ഭരണ സ്ഥാപനങളില്‍ സ്ത്രീകള്‍ക്ക് അമ്പത്‌ ശതമാനം സംവരണം ഏര്‍പെടുത്താനുള്ള മുടിഞ്ഞ ശ്രമത്തിലാണ് കേരളത്തിലെ സഖാക്കള്‍. അതായത് അടുത്ത വര്ഷം മുതല്‍ പഞ്ചായത്ത്, മുനിസിപാലിറ്റി, കോര്‍പറേഷനുകളില്‍ ഏറ്റവും ചുരുങ്ങിയത് അമ്പത്‌ ശതമാനം മഹിളാ മണികള്‍ ഭരിച്ചു കസര്‍ത്തും. (വിട്ട ഭാഗം പൂരിപ്പിക്കുകയാണെങ്കില്‍ ..അടുക്കളകളില്‍ പുരുഷന്മാര്‍ കിടന്നു നരങ്ങും). വളരെ നല്ല കാര്യം തന്നെ . സ്ത്രീകള്‍ അധികാരത്തില്‍ വന്നാല്‍ നാട് നന്നാവുമെങ്കില്‍ നമ്മളായിട്ട് എതിര്‍ക്കുന്നതെന്തിനാ?. എതിര്‍ക്കാന്‍ നിന്നാല്‍ സ്ത്രീ വിരോധികള്‍, മൂരാച്ചികള്‍, മത മൗലിക വാദികള്‍, പിന്തിരിപ്പന്മാര്‍ എന്നിങ്ങനെ പല പേരിലുള്ള വിളി കേള്‍ക്കേണ്ടി വരും. അതുകൊണ്ട് പരസ്യമായി എതിര്‍ക്കാതിരിക്കുന്നതാണ് ബുദ്ധി. എന്നാല്‍ ഉള്ളത് പറയാമല്ലോ, എനിക്കിതങ്ങോട്ട് ദഹിക്കുന്നില്ല. കാര്യങ്ങളൊക്കെ ഇപ്പോള്‍ തന്നെ കുഴഞ്ഞു മറിഞ്ഞു നീങ്ങുന്ന ഈ സ്ഥാപനങ്ങള്‍ അടുത്ത വര്ഷം മുതല്‍ കുളം തോണ്ടാന്‍ പോവുകയാണെന്ന് ആരോ വിളിച്ചു പറയുന്ന പോലെ..

സഖാക്കളെ, അറിയാഞ്ഞിട്ട്‌ ചോദിക്കുവാ, ഇതിന്റെ വല്ല ആവശ്യവുമുണ്ടോ.. ഇന്നത്തെ നിലക്ക് പോയാല്‍ ആണും പെണ്ണും യൂ ഡീ എഫിനേ വോട്ടു ചെയ്യൂ എന്നത് ശരി തന്നെ.. പക്ഷെ നാല് വോട്ടു കിട്ടാന്‍ ഇതല്ലാതെ വേറെ വഴിയൊന്നും ഇല്ലേ.. സംവരണമാണത്രേ, സംവരണം!!!.. ഞങ്ങള്‍ ആണുങ്ങളെയിട്ട് കുരങ്ങു കളിപ്പിക്കുന്നതിനും ഒരു പരിധിയുണ്ട്. ഇപ്പോള്‍ തന്നെ മുപ്പത്തഞ്ച് ശതമാനം സംവരണം മഹിളാമണികള്‍ക്ക് ഉണ്ടല്ലോ. അതിന്റെ എടാകൂടങ്ങള്‍ തന്നെ എത്രയുണ്ടെന്ന് ഓരോ പഞ്ചായത്തിലും പോയി നോക്കിയാലറിയാം. അവയൊക്കെ എണ്ണിപ്പറയാന്‍ തുടങ്ങിയാല്‍ വല്ല സിന്ധു ജോയിയും എന്നെ അടിച്ചു കൊല്ലും. ഉള്ളത് പറഞ്ഞാല്‍ കഞ്ഞിയില്ലാതാവുന്ന കാലമാണ്. പുരുഷന്മാര്‍ക്ക് ഒരു സംഘടന ഇല്ലാത്തതിന്റെ ദോഷം ഇപ്പോഴാണ് ശരിക്കും അറിയുന്നത്.. എല്ലാ രാഷ്ട്രീയക്കാര്‍ക്കും വനിതാ വിഭാഗമുണ്ട്. ഒരെണ്ണത്തിന് പുരുഷ വിഭാഗമുണ്ടോ?. ഇത് അനീതിയല്ലേ.


ഈ സംവരണത്തിന്റെ ലോജിക്കെന്താ കുട്ടി സഖാക്കളെ..? അമ്പതു ശതമാനം സീറ്റില്‍ സ്ത്രീകള്‍ക്ക് മാത്രമേ മത്സരിക്കാന്‍ പറ്റൂ.. സമ്മതിച്ചു. ബാക്കി അമ്പതു ശതമാനം സീറ്റിലോ. അവിടെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും മത്സരിക്കാം. ഇതേതു കോത്താഴത്തെ നീതിയാണ് ?. പുരുഷന്മാര്‍ എന്ന വര്‍ഗത്തെ മൊത്തം അപമാനിച്ച് അരിവാള്‍ ചുറ്റിക വീശിയെറിയാമെന്നാണ് വിചാരമെന്കില്‍ നിങ്ങള്‍ പാഠം പഠിക്കാന്‍ പോകുന്നത്തെയുള്ളൂ. അമ്പതു ശതമാനം സീറ്റില്‍ സ്ത്രീകള്‍ ഏതായാലും ജയിച്ചു വരും. ബാക്കിയുള്ള അമ്പതു ശതമാനം ജനറല്‍ സീറ്റില്‍ എവിടെയെങ്കിലുമൊക്കെ സ്ത്രീകള്‍ ജയിച്ചു വന്നാല്‍ പുരുഷന്മാരുടെ ഗതിയെന്താവും. അവര്‍ ന്യൂനപക്ഷമാവും. പിന്നെ ഞങ്ങള്‍ ആണുങ്ങളാണെന്ന് പറഞ്ഞു നടന്നിട്ട് എന്ത് കാര്യം. പഞ്ചായത്ത് ഭരണമെന്നാല്‍ ഫാഷന്‍ പരെഡോന്നുമല്ലല്ലോ സ്ത്രീ രത്നങ്ങളെ പിടിച്ചു എഴുന്നള്ളിക്കാന്‍.? ഉവ്വോ ? സ്ത്രീകളോട് ഇത്ര വലിയ സ്നേഹമുണ്ടെങ്കില്‍ നിങ്ങളുടെ പോളിറ്റ് കൂറോയില്‍ അവരെയങ്ങ് തിരുകി കേറ്റ്. അവിടെ കുളം തോണ്ടിയിട്ട് മതി പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും തോണ്ടാന്‍.. കോണ്ഗ്രസ്സ്കാരന്‍ ഇതിനെ എതിര്‍ക്കില്ല. അതിനുള്ള നട്ടെല്ല് ഉണ്ടായിരുന്നെങ്കില്‍ അവര്‍ എന്നേ നന്നായേനേ. സ്ത്രീകള്‍ക്ക് നൂറു ശതമാനം സംവരണം എന്ന് പറഞ്ഞാലും അവര്‍ ഇളിച്ചോണ്ടിരിക്കും. സോണിയാജിയുടെ കാല്‍ കഴുകിയ വെള്ളമാണല്ലോ അവരുടെ ഗംഗാ ജലം..

ഇനി മഹിളാ മണികളോട് രണ്ടു വാക്ക്. നാണമില്ലേ ഈ സംവരണം ചോദിച്ചു വാങ്ങാന്‍?. "സമത്വം വേണം, തുല്യത വേണം, ഞങ്ങള്‍ പുരുഷന്മാരെപ്പോലെ എന്തിനും ഏതിനും കഴിവുള്ളവരാണ് , തേങ്ങാക്കുല .." എന്നൊക്കെ വിളിച്ചു കൂവാന്‍ ആയിരം നാവാണല്ലോ നിങ്ങള്ക്ക്. പുരുഷന്മാരെപ്പോലെ തുല്യരാണ് എന്ന് ഉറച്ചു വിശ്വാസം ഉണ്ടെങ്കില്‍ സംവരണം വാങ്ങാതെ ജനറല്‍ സീറ്റില്‍ മത്സരിച്ചു ജയിക്കുന്നതല്ലേ അതിന്റെയൊരു ആണത്വം. (സോറി, പെണ്ണത്വം?) ഒന്നുകില്‍ ഞങ്ങള്‍ ദുര്‍ബ്ബലരാണ്, ഞങ്ങള്‍ക്ക് സംവരണം വേണം എന്ന് പറയുക (പട്ടിക ജാതി, ഓ ബി സി സംവരണം എന്നിവ പോലെ) അല്ലെങ്കില്‍ ഞങ്ങള്‍ തുല്യരാണ് നിങ്ങടെ സംവരണം ഞങ്ങള്‍ക്ക് വേണ്ട എന്ന് പറയുക. രണ്ടാലൊന്ന് വേണം . ഇലക്ഷന്‍ വരുമ്പോള്‍ സംവരണവും ഇലക്ഷന് ശേഷം സമത്വവും പറയുന്നത് അസംബന്ധമാണ്.

ലോകത്തെവിടെയും ഇങ്ങനെയൊരു സംവരണം ഇല്ലാത്തതിനാല്‍ കേരളത്തിലെ എല്ലാ പുരുഷന്മാര്‍ക്കും വേണ്ടി ഞാനിതാ പ്രതിഷേധിക്കുന്നു.. സര്‍വകേരള പുരുഷന്മാരേ സംഘടിക്കുവിന്‍.. , എന്റെ പിറകെ അണി ചേരുവിന്‍.. നഷ്ടപ്പെടാന്‍ അടുക്കള ഭക്ഷണം മാത്രം , തിരിച്ചു പിടിക്കാനുള്ളതോ നമ്മുടെയൊക്കെ ആണത്വവും..

September 1, 2009

ഹാപ്പി ഓണം, ഷാപ്പീ പോണം.

ഇമെയിലില്‍ കിട്ടിയതാണ് ഈ ഓണാശംസയുടെ കാര്‍ഡ്.

കുളിച്ചില്ലേലും കോണകം പുരപ്പുറത്തു കിടക്കട്ടെ എന്നൊരു ചൊല്ലുണ്ടല്ലോ. അപ്പറഞ്ഞത്‌ പോലെ ഓണം ആഘോഷിച്ചില്ലേലും എല്ലാവര്ക്കും പന്നിപ്പനിയുടെ കാലത്തെ ഹൃദയം നിറഞ്ഞ ആശംസകള്‍.

(വരച്ചയാളുടെ പേരും വിലാസവും ചിത്രത്തിലുണ്ട്. )

HAPPY ONAM എന്നാല്‍ SHAPPY PONAM എന്നാണെന്ന് ആരോ പറഞ്ഞു. ഈ ഒന്ന് രണ്ടു ദിവസങ്ങളില്‍ കേരളം കുടിച്ച മദ്യത്തിന്റെ കണക്കു കേട്ടപ്പോള്‍ ആ നിര്‍വചനം തീര്‍ത്തും ശരിയാണെന്ന് തോന്നി.