December 30, 2012

സൂപ്പര്‍ ബ്ലോഗര്‍ : ഇടിവെട്ട് തമാശകള്‍ തുടരുന്നു

ബൂലോകം ഓണ്‍ലൈന്‍ നടത്തുന്ന ഈ വര്‍ഷത്തെ സൂപ്പര്‍ ബ്ലോഗര്‍ മത്സരത്തെ ഞാന്‍ അത്ര ശ്രദ്ധിച്ചിരുന്നില്ല. ഇന്നൊരു സുഹൃത്തിന്റെ ഫേസ്ബുക്ക്‌ മെസ്സേജ് ഇപ്പോള്‍ കിട്ടി. നിങ്ങള്‍ അവിടെയൊന്ന് പോയി നോക്കൂ.. ഇപ്പോഴത്തെ ലീഡിംഗ് നില നോക്കിയാല്‍ നല്ല തമാശ കാണാമെന്ന്. ഞാന്‍ പോയി നോക്കി. ഇച്ചിരി തമാശയുണ്ട്. ആദ്യമേ പറയാം. ഞാന്‍ ഈ ലിസ്റ്റില്‍ ഇല്ല. ഇതിനു മുമ്പ് ഈ അവാര്‍ഡ് ലഭിച്ചിട്ടുള്ളതിനാലാണ് ലിസ്റ്റില്‍ ഇല്ലാത്തത്. അതുകൊണ്ട് തന്നെ ഈ പോസ്റ്റ്‌ എനിക്ക് വേണ്ടിയുള്ള ഒരു കാമ്പയിന്‍ അല്ല. മലയാളത്തിലെ ഒട്ടുമിക്ക ബ്ലോഗര്‍മാരും ആ ലിസ്റ്റിലുണ്ട്. ഏതാണ്ട് നൂറോളം പേര്‍ ഉണ്ടെന്നു തോന്നുന്നു.

December 25, 2012

എന്നെയൊന്ന് റേപ്പ് ചെയ്യൂ !!

Comment Box Closed
ഇത്രമാത്രം ലോകശ്രദ്ധയാകര്‍ഷിച്ച ഒരു സ്ത്രീ പീഢനമോ മാനഭംഗമോ സമീപകാല ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ഓടുന്ന ബസ്സില്‍ വെച്ചു കൂട്ട മാനഭംഗത്തിനിരയായ ഡല്‍ഹി പെണ്‍കുട്ടിയുടെ ദുരന്താവസ്ഥ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ വന്‍ ജനകീയവികാരം ഉയര്‍ന്നു വരുന്നതിന് കാരണമായിട്ടുണ്ട്. ഇന്ത്യന്‍ തലസ്ഥാന നഗരിയെ പ്രക്ഷുബ്ദമാക്കിക്കൊണ്ട് ബഹുജന സമരങ്ങള്‍ പുരോഗമിക്കുകയാണ്. ഇത്തരം ക്രൂരകൃത്യങ്ങള്‍ ചെയ്യുന്ന മനുഷ്യപ്പിശാചുക്കള്‍ക്ക് വധശിക്ഷ നല്‍കുന്നതടക്കമുള്ള അതിശക്തമായ നിയമ നിര്‍മാണത്തെക്കുറിച്ച് ഇന്ത്യന്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്യാന്‍ പോവുന്നു. വധശിക്ഷ നല്‍കേണ്ടതില്ല, പീഢന വീരന്മാരുടെ 'തുപ്പാക്കി' മുറിച്ചു കളഞ്ഞാല്‍ മതിയെന്ന അഭിപ്രായം വി ആര്‍ കൃഷ്ണയ്യര്‍ അടക്കമുള്ള പ്രമുഖര്‍ പരസ്യമായി പറയുകയും ചെയ്തിരിക്കുന്നു. ചുരുക്കത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ മുമ്പെങ്ങുമില്ലാത്ത വിധം ഒരു പൊതുവികാരം രൂപപ്പെട്ടു വരികയാണ്. ഒരു പെണ്‍കുട്ടിയുടെ ജീവിത ദുരന്തം സമൂഹ മനസ്സാക്ഷിയുടെ കണ്ണ് തുറപ്പിക്കാന്‍ കാരണമാകുമെങ്കില്‍ അത്രയെങ്കിലും നല്ലത് എന്നേ പറയാനൊക്കൂ.

December 19, 2012

ന്യൂസ് വീക്കും പൂട്ടുന്നു. മനോരമേ, ജാഗ്രതൈ!!

തലക്കെട്ടിനു ഗുമ്മു ലഭിക്കാന്‍ വേണ്ടിയാണ് മനോരമയുടെ പേര് പറഞ്ഞത് എന്ന് കരുതരുത്. ഈ വിഷയം കൂടുതല്‍ ശ്രദ്ധിക്കേണ്ടത് അവരായതിനാല്‍ തലക്കെട്ടില്‍ പേര് സൂചിപ്പിച്ചു എന്നേയുള്ളൂ.  കേരളത്തിലെ മൊത്തം അച്ചടി മാധ്യമങ്ങള്‍ക്കുള്ള ഒരു 'കാലാവസ്ഥാ മുന്നറിയിപ്പായി' ഈ പോസ്റ്റിനെ കാണുന്നതാവും കൂടുതല്‍ ഉചിതം. മുതലക്കുട്ടിക്ക് സ്വിമ്മിംഗ് പഠിപ്പിക്കരുത് എന്നൊരു ചൊല്ലുണ്ട്. മനോരമക്കാരോട് പ്രത്യേകമായി ജാഗ്രതൈ എന്ന് പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല. അവര്‍ 24x7 ജാഗരൂഗരാണ്. എന്നിരുന്നാലും ഒരു മുന്നറിയിപ്പ് ആര്‍ക്കും ദോഷം ചെയ്യില്ല. ലോകത്തെ എണ്ണം പറഞ്ഞ മാഗസിനുകളില്‍ ഒന്നായ ന്യൂസ്‌ വീക്ക്‌ ഈ മാസാവസാനത്തോടെ പ്രിന്റ്‌ എഡിഷന്‍ നിര്‍ത്തുകയാണ്. ഡിസംബര്‍ മുപ്പത്തൊന്നിനു അവരുടെ അവസാന ലക്കം പുറത്തിറങ്ങും!. ന്യൂസ് വീക്ക് പൂട്ടുന്നതും മലയാളത്തിലെ പ്രസിദ്ധീകരണങ്ങളും തമ്മില്‍ എന്ത് ബന്ധമെന്ന് ചോദിക്കുന്നവരുണ്ടാകാം. ബന്ധമുണ്ട്. ഈ അവസ്ഥ മലയാളത്തിലെ പ്രസിദ്ധീകരണങ്ങള്‍ക്കും അതിവിദൂരമല്ലാത്ത ഭാവിയില്‍ വരാനിരിക്കുകയാണ്. അന്താരാഷ്‌ട്ര മാധ്യമ രംഗത്ത് എട്ട് പതിറ്റാണ്ട് കാലം ഒരു ഗജവീരനെപ്പോലെ തലയുയര്‍ത്തി നിന്ന പ്രസിദ്ധീകരണമാണ് ന്യൂസ് വീക്ക്‌. ഇംഗ്ലീഷില്‍ നാല് എഡിഷനുകള്‍. അതിനു പുറമേ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത ഭാഷകളിലായി പന്ത്രണ്ടു എഡിഷനുകള്‍ വേറെയും.

December 13, 2012

ജസിന്താ, നീ മരിച്ചാലെന്ത്? ഞങ്ങള്‍ക്ക് റേറ്റിംഗ് കൂടണം

റേറ്റിംഗ് കൂട്ടുന്നതിനു മാധ്യമങ്ങള്‍ക്ക് എന്തൊക്കെ ചെയ്യാന്‍ അവകാശമുണ്ട്‌?. ജസിന്ത സല്‍ദാനയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നു വരുന്ന ഒരു വലിയ ചോദ്യമിതാണ്. കര്‍ണാടക ഉഡുപ്പി  സ്വദേശിനിയായ ജസിന്തയുടെ മരണത്തെക്കുറിച്ച വ്യക്തമായ വിവരങ്ങള്‍ ഇതുവരെ പുറത്തു വന്നിട്ടില്ല. പക്ഷെ അവരുടെ മരണത്തിലേക്ക് നയിച്ച മാധ്യമ നാടകം സംശയാതീതമായി തെളിഞ്ഞിട്ടുണ്ട്. തങ്ങളുടെ രീതികള്‍ കൂടി ചോദ്യം ചെയ്യപ്പെടുമോ എന്ന് ഭയന്നാണോ എന്നറിയില്ല കേരളത്തിലെ മാധ്യമങ്ങള്‍ ആഘോഷിക്കാതെ പോയ ഒരു വാര്‍ത്തയാണിത്. എന്നാല്‍ വിദേശ മാധ്യമങ്ങളില്‍ ചൂട് പിടിച്ച വിവാദങ്ങള്‍ ഈ മരണവുമായി ബന്ധപ്പെട്ടു നടക്കുന്നുണ്ട്. റേറ്റിംഗ് കൂട്ടാന്‍ വേണ്ടി രണ്ടു റേഡിയോ ജോക്കികള്‍ (മാധ്യമ ജോക്കര്‍മാര്‍ എന്നും വിളിക്കാം) നടത്തിയ തമാശ നാടകമാണ് രണ്ടു കുട്ടികളുടെ അമ്മയായ ജസിന്തയുടെ മരണത്തിലേക്ക് നയിച്ചത്. വാര്‍ത്തകള്‍ ശേഖരിക്കുമ്പോഴും അത് പുറത്തു വിടുമ്പോഴും മാധ്യമങ്ങള്‍ പാലിക്കേണ്ട സാമാന്യ മര്യാദകളെക്കുറിച്ച ഗഹനമായ ഒരു വിചാരം ഈ മരണം ആവശ്യപ്പെടുന്നുണ്ട്.

December 4, 2012

മഅ്ദനിക്ക് മനുഷ്യാവകാശമുണ്ടോ? ഉണ്ടോ?

ഡിസംബര്‍ പത്ത് ലോക മനുഷ്യാവകാശ ദിനമാണ്. ഭൂമിയില്‍ പിറന്നു വീണ ഓരോ മനുഷ്യനും അവകാശപ്പെട്ട അടിസ്ഥാന നീതിയുടെ ഓര്‍മപ്പെടുത്തലായി അഞ്ചു പതിറ്റാണ്ടിലേറെക്കാലമായി ലോകം ഈ ദിനം ആചരിച്ചുവരുന്നു. ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് ഇങ്ങനെയൊരു ദിനാചരണം. ലോകത്തിന്റെ വിവിധ കോണുകളില്‍ ദുരന്ത പൂര്‍ണമായ ജീവിതാവസ്ഥകളിലൂടെ മനുഷ്യാവകാശങ്ങള്‍ ഹനിക്കപ്പെട്ടു യാതന അനുഭവിക്കുന്ന ഒരാളെയും അബദ്ധത്തില്‍ പോലും ഓര്‍ത്തുപോകാതിരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഈ ദിനം ഒരശുഭ ദിനമാണ്. ചില കാര്യങ്ങള്‍ തുടരെത്തുടരെ ഓര്‍ക്കാനും മറ്റു ചിലവ മറവിയുടെ മരവിച്ച കോണിലേക്ക് തള്ളിയിടാനും പൊതുസമൂഹം ശ്രമിക്കാറുണ്ട്. അങ്ങനെ തള്ളിയിടപ്പെട്ട മറവിയുടെ ഓരോരത്ത് ഒരു മനുഷ്യനുണ്ട്. അബ്ദുല്‍ നാസര്‍ മഅ്ദനി. ലോക മനുഷ്യാവകാശ ദിനത്തില്‍ ഇന്ത്യയില്‍ നിന്നും ഉയരുന്ന അതിദീനമായ കരച്ചില്‍ മഅ്ദനിയുടെതായിരിക്കും. വര്‍ഷങ്ങളായി തടവറയില്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന നീതിനിഷേധത്തിന്റെ ഹൃദയഭേദകമായ കരച്ചില്‍.