July 31, 2013

കനകയുടെ മരണം കൂടുതൽ രേഖകൾ ലഭിച്ചു.. ശവസംസ്കാരം ദാ ഇപ്പോ ശരിയാക്കിത്തരാം!!

കൃത്യസമയത്ത് പത്രസമ്മേളനം നടത്താൻ നടി കനകയ്ക്ക് തോന്നിയത് അവരുടെ ഭാഗ്യം. ഒരഞ്ച് മിനുട്ട് താമസിച്ചിരുന്നുവെങ്കിൽ ശവസംസ്കാരം കഴിഞ്ഞേനെ. പിന്നെ പത്രസമ്മേളനമല്ല സംസ്ഥാന സമ്മേളനം തന്നെ നടത്തിയിട്ട് വല്ല കാര്യവുമുണ്ടോ?. വാർത്തകൾ അവതരിപ്പിക്കുന്ന കാര്യത്തിൽ നമ്മുടെ മാധ്യമങ്ങൾ കാണിക്കുന്ന സൂക്ഷ്മത എത്രത്തോളമുണ്ടെന്ന് വെളിപ്പെടുത്തുന്ന അവസാനത്തെ ഉദാഹരണമായിരുന്നു കനകയുടെ അകാല മൃത്യു. യാതൊരു കുഴപ്പവുമില്ലാതെ ചെന്നൈയിൽ സുഖമായി കഴിയുന്ന താരത്തെ കൊന്നു എന്ന് മാത്രമല്ല നിറം പിടിപ്പിച്ച കഥകളിലൂടെ സെൻസേഷൻ സൃഷ്ടിക്കാനും ശ്രമങ്ങളുണ്ടായി. വാർത്തകൾ ആരാണ് ആദ്യം ബ്രേക്ക് ചെയ്യുന്നത് എന്ന് നോക്കിയുള്ള മത്സരത്തിൽ കിട്ടുന്ന വാർത്തകളുടെ ഉറവിടമോ ആധികാരികതയോ നോക്കാതെ സത്യത്തോടും സമൂഹത്തോടും ഒട്ടും പ്രതിബദ്ധതയില്ലാത്ത ഒരു തരം കോമാളി സർക്കസ്സായി മാധ്യമ പ്രവർത്തനം മാറുന്നുണ്ടോ എന്ന ചോദ്യമാണ് കനകയുടെ 'മരണം' ഉയർത്തുന്നത്.

July 15, 2013

ഇന്ത്യാവിഷൻ: പത്ത് വയസ്സിന്റെ ചെറുപ്പം

കല്യാണവീട്ടിലും മരണ വീട്ടിലും രാഷ്ട്രീയമോ മതമോ നോക്കാതെ എല്ലാവരും പങ്കെടുക്കുകയും വിജയിപ്പിച്ചു കൊടുക്കുകയും ചെയ്യാറുണ്ട്. എത്ര പരമ ദുഷ്ടനാണ്‌ മരിച്ചതെങ്കിലും 'ഹോ.. അങ്ങേര് എന്തൊരു നല്ല മനുഷ്യനായിരുന്നു' എന്ന് ശവമടക്കിന് മുന്നേ പറയാത്തവൻ ഒരർത്ഥത്തിൽ ശവമാണ്‌. കല്യാണ ദിവസമാണെങ്കിൽ പറയുകയും വേണ്ട. ഏത് കൊടിയ ശത്രുവും വരനെയും വധുവിനെയും ആശിർവദിക്കുകയും ഒത്താലൊന്നു കെട്ടിപ്പിടിക്കുകയും ചെയ്യും. ഇതൊക്കെ നാട്ടുനടപ്പും സോ കാൾഡ് ഫോർമാലിറ്റീസുമാണ്‌. കല്യാണവും മരണവും പോലെ തന്നെയാണ് വാർഷികാഘോഷങ്ങളും. ഇത്തരം വേളകളിൽ പഴയ കാര്യങ്ങൾ പറഞ്ഞു കൊണ്ട് ചൊറിയുന്നതും വിമർശിക്കുന്നതും ആണുങ്ങൾക്ക് ചേർന്ന പരിപാടിയല്ല. നല്ലത് പറയാനുണ്ടെങ്കിൽ പറയുക, അല്ലെങ്കിൽ മിണ്ടാതിരിക്കുക. ഈയൊരു പോളിസി മുന്നിൽ വെച്ച് കൊണ്ടായിരിക്കണം ഇന്ത്യാവിഷന്റെ പത്താം വാർഷികം ആഘോഷിക്കുന്ന വേളയിൽ കുഞ്ഞാലിക്കുട്ടിയും പിണറായി സഖാവും അവരെ ആശിർവദിച്ചത്. അത് പോലുള്ള ഒരു പരിപാടി തന്നെയാണ് എന്റെ ഈ പോസ്റ്റും.

July 6, 2013

സരിതയുടെ എസ് എം എസ്സും നികേഷിന്റെ കരച്ചിലും

സരിത നായർ നികേഷിനു അർദ്ധ രാത്രിയിൽ ഒരു ഓണസന്ദേശം അയച്ചു. നികേഷ് താങ്ക്യൂ പറഞ്ഞ് തിരിച്ച് ഒരു സന്ദേശവും അയച്ചു. ഇതിൽ അസ്വാഭാവികമായി ഒന്നുമില്ല. ഒരു പ്രമുഖ ചാനലിന്റെ സുമുഖനായ മാനേജിംഗ് ഡയറക്ടർ എന്ന നിലക്ക് നികേഷിനു ഓണ സന്ദേശം അയച്ചതിൽ സരിതയെ കുറ്റം പറയാൻ പറ്റില്ല. അയച്ചത് അർദ്ധ രാത്രിയിൽ ആയിപ്പോയി എന്നത് ഒരു തെറ്റല്ല. ഓണ സന്ദേശം ആർക്കും ഏത് സമയത്തും അയക്കാം. അതിന് പ്രത്യേക സമയമോ നേരമോ ചരിത്രത്തിലോ ഐതിഹ്യങ്ങളിലോ നിശ്ചയിച്ചിട്ടില്ല. ആരു സന്ദേശം അയച്ചാലും തിരിച്ചൊരു താങ്ക്യൂ പറയുന്നത് സാമാന്യ മര്യാദയാണ്. അത് സരിതയായാലും ബണ്ടി ചോറായാലും ചെയ്തേ പറ്റൂ. ഇവിടെ വിഷയം അതല്ല, താൻ സരിതയ്ക്ക് അയച്ച എസ് എം എസ് വാർത്തയായപ്പോൾ നികേഷിനു മാനസിക വിഷമം ഉണ്ടായി എന്നതാണ്. വിഷമം മനസ്സിൽ വിങ്ങിപ്പൊട്ടിയപ്പോൾ അപ്പുക്കുട്ടൻ കരഞ്ഞത് പോലെ അല്പം ഓവറായി കരഞ്ഞോ എന്നറിയില്ല, പക്ഷേ മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി നികേഷ് പൊട്ടിത്തെറിച്ചിരിക്കുന്നു.