January 29, 2013

താക്കോല്‍ ദ്വാരത്തിലെ നായന്മാര്‍

കേരളത്തിന്റെ താക്കോല്‍ ദ്വാരത്തില്‍ ഒരു നായര്‍ വേണമെന്നതാണ് സുകുമാരന്‍ നായരുടെ ഏറ്റവും പുതിയ ഡിമാന്‍ഡ്. ആ ദ്വാരത്തില്‍ തിരുകിക്കയറ്റാന്‍ അദ്ദേഹം ഒരു വെളുത്ത നായരെ കണ്ടു വെച്ചിട്ടുണ്ട്. ചെന്നിത്തല രമേശന്‍ നായര്‍. ആ നായര്‍ കേരളത്തിന്റെ താക്കോല്‍ ദ്വാരത്തില്‍ കയറിക്കഴിഞ്ഞാല്‍ സുകുമാരന്‍ നായര്‍ അടുത്ത ദ്വാരത്തിലേക്കുള്ള നായരെ  പ്രഖ്യാപിക്കും. അദ്ദേഹം പ്രഖ്യാപിക്കുന്ന മുറയ്ക്ക് കോണ്‍ഗ്രസ്‌ നേതാക്കള്‍ മന്ത്രിസഭ അഴിച്ചു പണിയണം. അതിനു തയ്യാറായിട്ടില്ലെങ്കില്‍ പിടിച്ചു വലിച്ചു താഴെയിടും. തെറ്റിദ്ധരിക്കരുത്. സുകുമാരന്‍ നായരുടെ വീട്ടിന്റെ അട്ടത്ത് കയറ്റി വെച്ചിട്ടുള്ള കൊട്ടത്തേങ്ങയെക്കുറിച്ചല്ല അദ്ദേഹം പറയുന്നത്. മറിച്ച് കേരളത്തിലെ മൂന്നേകാല്‍ കോടി ജനങ്ങള്‍ തിരഞ്ഞെടുത്തു അധികാരത്തില്‍ കയറ്റിയ സര്‍ക്കാരിനെ പിടിച്ചു വലിച്ചു താഴെയിടുമെന്നാണ്. അങ്കമാലിയിലെ പ്രധാനമന്ത്രിയുടെ കാര്യം പറഞ്ഞപ്പോള്‍ രേവതിയോട് മോഹന്‍ലാല്‍ ചോദിച്ച പോലെ "വട്ടാണല്ലേ" എന്ന് ചോദിച്ചു പോകുന്ന ഒരു ചരിത്ര മുഹൂര്‍ത്തമാണിത്.

January 26, 2013

ഷക്കീല മതി, വിശ്വരൂപം വേണ്ട!!

കമലഹാസന്‍റെ 'വിശ്വരൂപ'വുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെ പരാമര്‍ശിച്ച് ഫേസ്ബുക്കില്‍ ഞാന്‍ ഇങ്ങനെയൊരു സ്റ്റാറ്റസ് ഇട്ടിരുന്നു. "സിനിമക്കെതിരെ പ്രതികരിക്കാന്‍ അവകാശമുണ്ട്‌. പക്ഷെ ആ പ്രതികരണം ജനാധിപത്യപരമായിരിക്കണം. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫൈ ചെയ്ത സിനിമ പ്രദര്‍ശിപ്പിക്കുവാന്‍ ഞങ്ങള്‍ സമ്മതിക്കില്ലെന്നും തിയേറ്റര്‍ അടിച്ചു പൊളിക്കുമെന്നും പറയുന്നത് ഫാസിസമാണ്‌. പോപ്പുലര്‍ ഫ്രന്റ്‌ ചെയ്താലും ശിവസേന ചെയ്താലും അത് ഫാസിസം തന്നെയാണ്. ഇത്തരം ഫാസിസ്റ്റ് വികാരജീവികളെ ശക്തമായി നേരിടാന്‍ പോലീസിനു കഴിയണം. ഇവര്‍ വികാരജീവികള്‍ മാത്രമല്ല, വിവരം കെട്ടവരുമാണ്. ഇത്തരം പ്രതിഷേധങ്ങള്‍ വഴി കമലഹാസന്റെ സിനിമയുടെ മാര്‍ക്കറ്റിംഗ് ഏറ്റെടുക്കുകയാണ് ഇവന്മാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഈ പൊട്ടന്മാരെക്കൊണ്ട് കമലഹാസന്‍ രക്ഷപ്പെട്ടു എന്നും പറയാം!!." ഈ സ്റ്റാറ്റസിന് താഴേ ഒരു സുഹൃത്ത് എഴുതിയ പ്രതികരണമാണ് ഈ പോസ്റ്റിന്‍റെ തലക്കെട്ടാക്കിയിരിക്കുന്നത്.

January 24, 2013

വേണു, വീണ, നികേഷ്, വിനു. ആരെയാണ് കാണേണ്ടത്?

രാത്രി ഒമ്പത് മണിക്ക് വീട്ടിലുണ്ടെങ്കില്‍ ഒരു ചെറിയ കണ്ഫ്യൂഷന്‍ ഉണ്ടാവാറുണ്ട്. ഇന്ന് ആരുടെ കസര്‍ത്ത് കാണണം?.  വിനു? വീണ? നികേഷ്?. ഇന്നലെ മുതല്‍ അതിലേക്കു നമ്മുടെ വേണു കൂടി വന്നു. മാതൃഭൂമി ന്യൂസുമായി. കറക്കിക്കുത്തി ഒരു ചാനലങ്ങ് തുറക്കുകയാണ് സാധാരണ ഞാന്‍ ചെയ്യാറ്. ചര്‍ച്ചയുടെ വിഷയം കൊള്ളാമെങ്കില്‍ അവിടെ നങ്കൂരമിടും. ഇല്ലേല്‍ അടുത്തതിലേക്ക് ചാടും. ഏഷ്യാനെറ്റ്, ഇന്ത്യാവിഷന്‍, റിപ്പോര്‍ട്ടര്‍ ഈ മൂന്നു ചാനലുകള്‍ എന്റെ റസീവറില്‍ അടുത്തടുത്താണ്. ഡിഷ്‌ സെറ്റ് ചെയ്ത പയ്യന്‍ മനോരമ ന്യൂസും അതിനോട് ചേര്‍ത്തു വെച്ചിരുന്നു. പാസ്സ് മാര്‍ക്ക് കൊടുക്കാന്‍ പറ്റാത്തതിനാല്‍ മനോരമയെ ഞാന്‍ അല്പം പിറകോട്ടു തട്ടി വെച്ചിരിക്കുകയാണ്. പീപ്പിള്‍ ചാനലിന്റെ തൊട്ടടുത്താണ് അച്ചായന്റെ ഇപ്പോഴത്തെ കിടപ്പ്. മാതൃഭൂമിയെ മനോരമയുടെ പഴയ സ്ഥാനത്തേക്ക് ഇപ്പോള്‍ കയറ്റി വെച്ചു. രണ്ടു ദിവസം കൊണ്ട് മാതൃഭൂമിയുടെ കാര്യത്തില്‍ ഒരു തീരുമാനമാക്കണം. എന്നിട്ട് വേണം മുകളിലേക്ക് മാറ്റണോ അതോ പിറകിലേക്ക് തട്ടണോ എന്ന് തീരുമാനിക്കാന്‍.

January 21, 2013

നീ.. കൊ.. ഞ.. ഭ. (നീയും കൊറച്ച് ഞങ്ങളെ ഭരിച്ചോ)

കോണ്‍ഗ്രസ്‌ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിയോട് ന്യൂ ജനറേഷന്‍ സിനിമാ സ്റ്റൈലില്‍  ഇനി പറയാനുള്ളത് ഇത് മാത്രം. നീ.. കൊ.. ഞ.. ഭ. (നീയും കൊറച്ച് ഞങ്ങളെ ഭരിച്ചോ). അച്ഛനപ്പൂപ്പന്മാരായിട്ട് തുടങ്ങി വെച്ച ഒരു കലാപരിപാടിയാണിത്. നീയായിട്ടത് മുടക്കേണ്ട. ഇത് ഇങ്ങനെയൊക്കെ പര്യവസാനിക്കുമെന്ന്  ഞങ്ങള്‍ ഇന്ത്യക്കാര്‍ക്ക് നിന്റെ ഡേറ്റ് ഓഫ് ബര്‍ത്ത് മുതലേ അറിയാവുന്ന കാര്യമാണ്. പ്രിയങ്കയാണോ നീയാണോ എന്ന കാര്യത്തില്‍ മാത്രമേ ഇത്തിരി കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നുള്ളൂ.. അതിപ്പോള്‍ മാറിക്കിട്ടി. ഇനി എത്രയും പെട്ടെന്ന് ഒരു കല്യാണം കഴിച്ച് ഒന്നോ രണ്ടോ കിരീടാവശികളെ ഞങ്ങള്‍ ഇന്ത്യക്കാര്‍ക്ക് തരണം. അടുത്ത തലമുറയ്ക്ക് വേണ്ടിയാണത്. അവരെ കാക്കയ്ക്കും പരുന്തിനും ഇട്ടു കൊടുക്കാന്‍ പറ്റില്ലല്ലോ. ബുദ്ധിമുട്ടാണേല്‍ വേണ്ട.. പ്രിയങ്കയുടെ കുട്ടികളുണ്ടല്ലോ.. അവര്‍ക്ക് ഹോര്‍ലിക്സും ഹാപ്പി ജ്യൂസുമൊക്കെ കൊടുത്ത് പെട്ടെന്ന് വളര്‍ത്തിയെടുക്കണം. അടുത്ത തലമുറ അവരെക്കൊണ്ട് അഡ്ജസ്റ്റ് ചെയ്തോളും. അത് കൊണ്ട് ഇനി ഒട്ടും അമാന്തിച്ചു നിക്കേണ്ട.. നീ. കൊ.. ഞ.. ഭ.

January 14, 2013

തോറ്റോടേണ്ടി വന്ന സമരക്കാരോട്

ഇടതു പക്ഷ സര്‍ക്കാര്‍ ജീവനക്കാര്‍ ഒരാഴ്ചയായി നടത്തി വന്നിരുന്ന സമരം ഇന്നലെ അര്‍ദ്ധ രാത്രി പിന്‍വലിച്ചു. ബലേ ഭേഷ്.. മാണി കൊടുത്ത 'ഉറപ്പു'കളല്ല, പൊതു ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുന്നു എന്ന തിരിച്ചറിവാണ് സമരം പിന്‍വലിക്കാന്‍ ഇടതുപക്ഷ സംഘടനകളെ പ്രേരിപ്പിച്ചത്. തലച്ചോറിനുള്ളില്‍ ഒരു തീപ്പെട്ടിക്കൊള്ളിയുടെ വലിപ്പത്തിലെങ്കിലും ബുദ്ധിയുണ്ടായിരുന്നെകില്‍ ഇത്തരമൊരു സമരവുമായി അവര്‍ ഇറങ്ങിപ്പുറപ്പെടുമായിരുന്നില്ല. കേരളത്തിലെ പത്തു ലക്ഷം വരുന്ന സര്‍ക്കാര്‍ ജീവനക്കാരില്‍ ഒരു വിഭാഗത്തിന്റെ തെമ്മാടിത്തരത്തിനു കൂട്ട് നിന്ന് മൂന്നരക്കോടി ജനങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിക്കാന്‍ ഒരുങ്ങിയ ഇടതു നേതാക്കള്‍ക്ക് അര്‍ദ്ധ രാത്രിയിലെങ്കിലും വിവേകം ഉദിച്ചതിനു നന്ദി. ഇത്തരം ആഭാസ സമരങ്ങളെ എങ്ങിനെ നേരിടണമെന്ന് പഠിപ്പിച്ച ഉമ്മന്‍ ചാണ്ടിക്കും മാണിക്കും പ്രത്യേക അഭിനന്ദനങ്ങള്‍.

January 9, 2013

ബോംബേയ്..ബോംബ്‌!!

ഇതൊരു ന്യൂ ജനറേഷന്‍ കാലമാണ്. എന്ന് വെച്ചാല്‍ മരുമോനിയ്ക്കായി അപ്പങ്ങളെമ്പാടും ചുട്ടുകൂട്ടുന്ന പൊന്നമ്മായിമാരുടെ കാലം. വളിച്ചതും പുളിച്ചതുമായ അപ്പങ്ങള്‍ പല അമ്മായിമാരും ലാവിഷായി ചുട്ടെടുക്കുന്നുണ്ട്. ഏത് വളിച്ചത് തിന്നാലും അടിപൊളി എന്ന് പറയണം. അല്ലേല്‍ ന്യൂ ജനറേഷനില്‍ നിന്ന് ഔട്ടാകും. വളിച്ചത് തിന്നാനും വയ്യ ന്യൂ ജനറേഷനില്‍ നിന്ന് ഔട്ടാകാനും വയ്യ, അതിനെന്ത് വഴിയുണ്ട് എന്ന് ചിന്തിക്കുന്ന പതിനായിരങ്ങളുടെ ഇടയിലേക്കാണ് 'നേറ്റീവ് ബാപ്പ' കടന്നു വരുന്നത്. 'കൊട് കൈ' എന്ന് പറയാന്‍ തോന്നുന്ന ഒരു ന്യൂ ജനറേഷന്‍ ഐറ്റം!!  ബോംബേയ്...ബോംബ്‌!!. നമ്മുടെ ചുറ്റുപാടുകളിലെ ചില കറുത്ത സത്യങ്ങള്‍ക്ക് നേരെ ഏതാനും ചെറുപ്പക്കാര്‍ കലഹിച്ചു വലിച്ചെറിയുന്ന ബോംബ്. "പൂരത്തിന് ബലൂണ്‍ വാങ്ങാനാന്നും പറഞ്ഞു കൂട്ടിക്കൊണ്ടോയിട്ട് വെടി കേട്ട് പേടിച്ച് മണ്ടി, മുണ്ടിന്റെ മുന്നും പിന്നും എരപ്പാക്കിയോനാ, എന്നിട്ടിപ്പം ബോംബേയ്.. ഏത്..? ബോംബ്‌!!".

January 2, 2013

എന്നെയൊന്ന് റേപ്പ് ചെയ്യൂ - രണ്ടാം ഭാഗം!!

ദബാങ്ങ് 1 ഹിറ്റായപ്പോള്‍ സല്‍മാന്‍ ഖാന്‍ ദബാങ്ങ് 2 ഇറക്കി. റിലീസായ ഒരാഴ്ചക്കുള്ളില്‍ തന്നെ നൂറു കോടി ക്ലബ്ബില്‍ കയറി അത് കുതിച്ചു മുന്നോട്ട് പോവുകയാണ്. മിക്കവാറും ദബാങ്ങ് 3 യും അടുത്തിറങ്ങിയേക്കും. സൊനാക്ഷിയോ അതോ കരീനയോ എന്നതില്‍ മാത്രമാണ് ഇത്തിരി കണ്‍ഫ്യൂഷന്‍ നിലനില്‍ക്കുന്നത്. സല്‍മാന്‍ ഖാന്‍ ചെയ്യുന്ന പോലെ ഹിറ്റ് നോക്കിയുള്ള ഒരു പരിപാടിയാണ് ഈ രണ്ടാം ഭാഗം എന്ന് കരുതരുത്.  വേറെ ഒരു നിവൃത്തിയും ഇല്ലാത്തത് കൊണ്ട് എഴുതുകയാണ്. ഞാന്‍ നേരത്തെ എഴുതിയ പോസ്റ്റ്‌ അതിന്റെ കോണ്‍ടെക്സ്റ്റില്‍ നിന്ന് ബഹുദൂരം വിട്ടുപോയ ചര്‍ച്ചകളിലേക്കാണ് എത്തിപ്പെട്ടത്. സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന അക്രമങ്ങള്‍ക്ക് സര്‍ക്കാറുകളെ  മാത്രം പഴിപറയാതെ സാമൂഹ്യ സാംസ്കാരിക തലങ്ങളില്‍ ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാനാവുമോയെന്ന ചോദ്യമുയര്‍ത്തുകയായിരുന്നു പോസ്റ്റ്‌ കൊണ്ട് ഉദ്ദേശിച്ചിരുന്നത്. പക്ഷെ ചര്‍ച്ച എത്തിപ്പെട്ടത് പര്‍ദ്ദയിലാണ്. പിന്നെ അത് പാക്കിസ്ഥാനിലേക്കും താലിബാനിലേക്കും വരെ പോയി!!!