ഇത്
പോലൊരു അടി കെ സുരേന്ദ്രന് തന്റെ ജീവിതത്തിൽ മറ്റാരിൽ നിന്നും
കിട്ടിയിരിക്കാൻ ഇടയില്ല. മാസ്സ് അടി. സൽമാൻ ഖാന്റെ ദബാങ്ങ് ചിത്രങ്ങളിൽ
പോലും ഇത്ര പഞ്ചുള്ള ഒരടി കണ്ടിട്ടില്ല. സോഷ്യൽ മീഡിയയിൽ വളരെ സെൻസിബിളായി
കാര്യങ്ങൾ അവതരിപ്പിക്കുന്ന ഒരാളാണ് വി ടി ബൽറാം. സാധാരണ രാഷ്ട്രീയ
നേതാക്കളിൽ കണ്ടു പരിചയമില്ലാത്ത എഴുത്തും ഭാഷാ ചാതുരിയും കൊണ്ട് നവ
മാധ്യമങ്ങളിൽ പലപ്പോഴും തരംഗമുയർത്താറുണ്ട് ബൽറാം. എന്ത് കൊണ്ടും ഒരു ന്യൂ
ജനറേഷൻ പൊളിറ്റീഷ്യൻ എന്ന് വിളിക്കാവുന്ന നേതാവ്. സുരേന്ദ്രനും
മോശക്കാരനല്ല. ബി ജെ പി നിരയിലെ ഏറ്റവും സമർത്ഥനായ യുവ നേതാവാണ്.
കാര്യങ്ങൾ കുറിക്ക് കൊള്ളുന്ന രൂപത്തിൽ പറഞ്ഞവതരിപ്പിക്കാൻ സുരേന്ദ്രന്
അനിതര സാധാരണമായ കഴിവുണ്ട്. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം. അതൊന്നും
ബൽറാമിന്റെ അടുത്ത് വിലപ്പോയില്ല. 'കളിക്കേണ്ടവരോട് കളിക്കണം. അതല്ലെങ്കിൽ
ചെകിടടക്കി കിട്ടും എന്ന് പണ്ടുള്ളവർ പറഞ്ഞ പോലായി കാര്യങ്ങൾ.
എല്ലാത്തിന്റെയും തുടക്കം ബി ജെ പി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ
(ബൽറാമിന്റെ ഭാഷയിൽ അമിട്ട് ഷാജി) ഒരു പ്രസ്താവനയിൽ നിന്നാണ്.
ഇരുപത്തിയഞ്ച് കൊല്ലം കാത്തിരുന്നാലേ ഞങ്ങൾ പറഞ്ഞ 'അച്ഛാ ദിൻ' കടന്നു വരൂ
എന്ന് പുള്ളി പ്രസ്താവിച്ചു. 'അച്ഛാ ദിൻ' എന്ന് കേൾക്കുന്നിടത്തൊക്കെ ബി ജെ
പിക്കാരും സംഘികളും തലയിൽ മുണ്ടിട്ട് നടക്കുന്നതിനിടയിലാണ് അമിത് ഷായുടെ ഈ
അമിട്ട് പൊട്ടിയത്. മോദിജിയുടെ ഒരു വർഷത്തെ ഭരണം കൊണ്ട് തന്നെ ജനങ്ങൾ
പൊറുതിയില്ലാതെ ചെയ്തു പോയ വോട്ടിനെ ശപിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ്
ഒരു ഇരുപത്തിയഞ്ച് കൊല്ലം കൂടി ക്ഷമിക്കുവാൻ ബി ജെ പി പ്രസിഡന്റ്
ആജ്ഞാപിക്കുന്നത്. പോരേ പൂരം.