October 29, 2012

തരൂര്‍ മന്ത്രിയായി, സുനന്ദ പണി തുടങ്ങി!!.

തരൂര്‍ജിക്ക് ചൊവ്വാദോഷമുണ്ടോ എന്നെനിക്കൊരു സംശയം. മന്ത്രിയായ ഒന്നാം ദിവസം തന്നെ വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നു. അതും ചില്ലറ വിവാദമൊന്നുമല്ല, ഒരു യുവാവിന്റെ കരണത്തടിച്ച വിവാദമാണ്. മന്ത്രിയാണ് അടിച്ചതെങ്കില്‍ മാധ്യമങ്ങള്‍ ക്ഷമിക്കുമായിരുന്നു. (മന്ത്രിമാര്‍ ജനങ്ങളെ അടിക്കുന്നതും തൊഴിക്കുന്നതുമൊക്കെ ദിവസവും നടക്കുന്നതാണ്. പല രൂപത്തിലും ഭാവത്തിലും). പക്ഷെ ഇവിടെ അടിച്ചിരിക്കുന്നത്‌ മന്ത്രിയല്ല, മന്ത്രിയുടെ പ്രിയപത്നിയാണ്. അതും ക്യാമറക്കണ്ണുകളുടെ സുവര്‍ണ ശോഭയില്‍ . മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം തിരുവനന്തപുരത്തേക്കുള്ള രാജകീയ വരവിനിടയിലാണ് സംഭവം. 

October 22, 2012

മലാല തിരിച്ചു വരുമ്പോള്‍

Comment Box Closed
മലാല ജീവിതത്തിലേക്ക് തിരിച്ചു വരുകയാണ്. അവളുടെ തലയിലേക്ക് തുളച്ചു കയറ്റിയ  വെടിയുണ്ടക്ക് താലിബാന്‍ ഏല്പിച്ചു വിട്ട ദൗത്യം ഏറെക്കുറെ പരാജയപ്പെട്ടിരിക്കുന്നു. ആ കൗമാരക്കാരിയുടെ ജീവന്‍ പൂര്‍ണമായി തിരിച്ചു കിട്ടാനും അവള്‍ ചുറുചുറുക്കോടെ സ്വാത് താഴ്വരയിലേക്ക്  തിരിച്ചെത്തുവാനും   പതിനായിരങ്ങള്‍ ഹൃദയപൂര്‍വം പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നു. ലോകത്ത് ലഭ്യമായ ഏറ്റവും വിദഗ്ദ ചികിത്സയാണ് മലാലയെ സുബോധത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാന്‍ വേണ്ടി വൈദ്യലോകം നല്‍കുന്നത്. ഹോളിവുഡ് താരങ്ങളെ വെല്ലുന്ന രൂപത്തില്‍ ഒരു ഇന്റര്‍നാഷണല്‍ സെലിബ്രിറ്റിയുടെ താരപദവിയിലേക്ക് മലാല ഉയര്‍ന്നു കഴിഞ്ഞു. ഈ പതിനഞ്ചുകാരിയുടെ വാര്‍ത്തകളും ചിത്രങ്ങളും ഗൂഗിളിന്റെ ടോപ്പ് സേര്‍ച്ചുകളിലേക്ക് കയറിക്കൊണ്ടിരിക്കുന്നു. സന്ദര്‍ഭത്തിനൊത്തുയര്‍ന്ന വിക്കിപീഡിയ അവളുടെ മുഴുനീള ജീവചരിത്രം തന്നെ ലോകത്തിനു മുന്നില്‍ തുറന്നു വെച്ചിരിക്കുന്നു. മലാല ഒരു തരംഗമാവുകയാണ്!.

October 3, 2012

ഓടരുതാര്യാടാ ആളറിയും !!

ചില ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ചോദിച്ചവന്റെ കരണക്കുറ്റി അടിച്ചു പൊട്ടിക്കാന്‍ തോന്നുമെന്നത് ശരിയാണ്. പക്ഷെ പൊട്ടിക്കാന്‍ പാടില്ല എന്നതാണ് പൊതു നിയമം. പ്രത്യേകിച്ചും ടെലിവിഷനില്‍ ലൈവ് ആയി ചോദ്യങ്ങള്‍ വരുമ്പോള്‍. ഏത് അലമ്പ് ചോദ്യം വന്നാലും കലാഭവന്‍ മണിയുടെ ങ്ങ്യാ ഹ ഹ ശൈലിയില്‍ ഒരു ചിരി ചിരിക്കുക. എന്നിട്ട് വായീല്‍ വന്ന മറുപടി പറയുക. പറഞ്ഞു കഴിഞ്ഞ ശേഷവും ങ്ങ്യാ ഹ ഹ എന്ന് ചിരിച്ചിട്ട് ചുണ്ടൊന്നു തുടക്കുക. അതോടെ നിങ്ങളുടെ റോള്‍ ക്ലിയറായി. അഭിമുഖക്കാരന്‍ ഫ്ലാറ്റായി. ഉത്തരത്തിലല്ല ആ ചിരിയിലാണ് കാര്യം കിടക്കുന്നത്. 'മോനെ ഇതാള് വേറെയാണ്' എന്നൊരു മെസ്സേജ് അഭിമുഖക്കാരന് ആ ചിരിയില്‍ നിന്ന് കിട്ടുകയും ചെയ്യും. എല്ലാ രാഷ്ട്രീയക്കാര്‍ക്കും വളരെ സിമ്പിളായി ഫോളോ ചെയ്യാവുന്ന ഒരു സമീപനമാണ് ഇത്. നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ കാലം മുതല്‍ ഒരുമാതിരി നേതാക്കളെല്ലാം പരീക്ഷിച്ചു വിജയിച്ച രീതി. പക്ഷെ ആ രീതി ഫോളോ ചെയ്യുന്നതിന് പകരം മൈക്ക് തട്ടിത്തെറിപ്പിച്ചിട്ടു ഓടാന്‍ നിന്നാല്‍ അഭിമുഖക്കാരന്‍ വിജയിച്ചു. ചാനലിനു ഹിറ്റും റേറ്റിങ്ങും കൂടി. അഭിമുഖത്തിനു ഇരുന്നു കൊടുത്ത നേതാവ് കൂതറയായി.