തരൂര്‍ മന്ത്രിയായി, സുനന്ദ പണി തുടങ്ങി!!.

തരൂര്‍ജിക്ക് ചൊവ്വാദോഷമുണ്ടോ എന്നെനിക്കൊരു സംശയം. മന്ത്രിയായ ഒന്നാം ദിവസം തന്നെ വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നു. അതും ചില്ലറ വിവാദമൊന്നുമല്ല, ഒരു യുവാവിന്റെ കരണത്തടിച്ച വിവാദമാണ്. മന്ത്രിയാണ് അടിച്ചതെങ്കില്‍ മാധ്യമങ്ങള്‍ ക്ഷമിക്കുമായിരുന്നു. (മന്ത്രിമാര്‍ ജനങ്ങളെ അടിക്കുന്നതും തൊഴിക്കുന്നതുമൊക്കെ ദിവസവും നടക്കുന്നതാണ്. പല രൂപത്തിലും ഭാവത്തിലും). പക്ഷെ ഇവിടെ അടിച്ചിരിക്കുന്നത്‌ മന്ത്രിയല്ല, മന്ത്രിയുടെ പ്രിയപത്നിയാണ്. അതും ക്യാമറക്കണ്ണുകളുടെ സുവര്‍ണ ശോഭയില്‍ . മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം തിരുവനന്തപുരത്തേക്കുള്ള രാജകീയ വരവിനിടയിലാണ് സംഭവം. 

ഒന്നൊഴിയാതെ വിവാദങ്ങള്‍ ഉണ്ടാക്കിയതിനെത്തുടര്‍ന്നാണ് കഴിഞ്ഞ തവണ തരൂര്‍ജിക്ക് രാജി വെച്ചു പോകേണ്ടി വന്നത്. ട്വിട്ടറില്‍ തുടങ്ങി ട്വിട്ടറില്‍ അവസാനിച്ച ഒരു ഭരണകാലമായിരുന്നു അത്. ദിവസവും ഓരോ വിവാദം എന്നതായിരുന്നു അന്നത്തെ തരൂര്‍ജിയുടെ സ്റ്റൈല്‍ . അതങ്ങനെ നോണ്‍ സ്റ്റോപ്പായി  തുടര്‍ന്നപ്പോള്‍ സോണിയാജി തന്നെയാണ് പറഞ്ഞത് അല്പം റസ്റ്റ്‌ എടുക്കാന്‍ !!. വേണ്ടത്ര റസ്റ്റ്‌ എടുത്തു തിരിച്ചു വന്നു സത്യപ്രതിജ്ഞ ചെയ്ത ഒന്നാം ദിവസം തന്നെയാണ് പുതിയ വിവാദവും ഉണ്ടായിരിക്കുന്നത്. ഏതായാലും അടിയുടെ ദൃശ്യം കണ്ടശേഷം നമുക്ക് ബാക്കി കാര്യങ്ങള്‍ പറയാം.ഇത്ര വലിയൊരു ജനക്കൂട്ടത്തിനിടക്ക് പോലീസുപടയും മാധ്യമപ്പടയും നോക്കിനില്‍ക്കെ എത്ര വലിയ ഞരമ്പ്‌ രോഗിയാണെങ്കിലും അല്പം സുബോധം കാണിക്കും. ഇവിടെ ഈ ചെറുപ്പക്കാരന്‍ പുഷ്കര്‍ ചേച്ചിയെ എന്താണ് ചെയ്തത് എന്നത് വ്യക്തമല്ല. സുനന്ദ ചെറുപ്പക്കാരന്റെ ചെകിടത്തു കയര്‍ത്തു കൊണ്ട് തുടരെത്തുടരെ അടിക്കുന്നത് മാത്രമാണ് വീഡിയോയില്‍ കാണുന്നത്. ചെകിടത്തു അടികിട്ടുന്നതിനു മുമ്പുള്ള ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടാല്‍ മാത്രമേ ഞരമ്പന്‍ എന്ത് ചെയ്തു എന്നത് വ്യക്തമാവൂ. ഒരു കാര്യം ഉറപ്പാണ്. ശശി തരൂരിന് സിന്ദാബാദ് വിളിക്കുന്ന കോണ്‍ഗ്രസ്സുകാരുടെ കൂട്ടത്തിലാണ് തല്ലു കിട്ടിയ ഞരമ്പ്‌ രോഗിയും ഉള്ളത്!! അവന്‍ പുഷ്കര്‍ ചേച്ചിയെ  ഒന്ന് 'പുഷ്' ചെയ്തിരിക്കാനുള്ള സാധ്യത ഒട്ടും തള്ളിക്കളയാന്‍ ആവില്ല. ഒരു പ്രകോപനവുമില്ലാതെ സുനന്ദ ചേച്ചി ആള്‍കൂട്ടത്തിനിടയില്‍ നിന്ന് ഒരു ചെറുപ്പക്കാരന്റെ മുഖത്തടിക്കില്ല. അതുകൊണ്ട് തന്നെ  സുനന്ദയുടെ അടിക്കു മിനിമം നാം തൊണ്ണൂറു മാര്‍ക്ക്‌ കൊടുത്തേ തീരൂ.. ചെരുപ്പ് എടുത്തു അടിച്ചിരുന്നെങ്കില്‍ നൂറുക്കു നൂറും കൊടുക്കാമായിരുന്നു.

ഏതായാലും പൂവാലന്മാര്‍ക്ക് ഇത് കഷ്ടകാലമാണ്. വളയിട്ട കൈകള്‍ കൊണ്ട് അടി കിട്ടുന്ന പ്രതിഭാസം ശക്തി പ്രാപിക്കുകയാണ്. നമ്മുടെ രഞ്ജിനി ഹരിദാസ് കുറച്ചു ചെറുപ്പക്കാരെ കണ്ണൂരില്‍ ഒറ്റയ്ക്ക് നേരിട്ട വാര്‍ത്തയുടെ ചൂടാറിയിട്ടില്ല. മറഡോണയെ കിസ്സ്‌ ചെയ്തു രഞ്ജിനി പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. രഞ്ജിനി എല്ലാവര്‍ക്കും ഫ്രീയായി കിസ്സ്‌ നല്‍കും എന്നായിരിക്കണം പൂവാലന്മാര്‍ പ്രതീക്ഷിച്ചിരിക്കുക. പക്ഷെ കിട്ടിയത് ചെകിടത്തടിയായിപ്പോയി!. ഇതൊരു നല്ല തുടക്കമാണ്. സ്പോട്ടില്‍ വെച്ചു തന്നെ പ്രതികരിക്കുക. രഞ്ജിനിയും സുനന്ദയും കാണിച്ചിരിക്കുന്നത് (ഈ വിഷയത്തിലെങ്കിലും) നല്ല മാതൃകയാണ്.   

ഇരുവരുടെയും മാതൃക പിന്തുടര്‍ന്ന് കേരളത്തിലെ പെണ്‍കുട്ടികള്‍ പൂവാലന്മാരെ കൈകാര്യം ചെയ്യാന്‍ മുന്നോട്ടു വരും എന്ന് നമുക്ക് പ്രതീക്ഷിക്കാം. കൂടെ തരൂര്‍ജിയോടു ഒരഭ്യര്‍ത്ഥന. ചൊവ്വച്ചേട്ടന്‍ പണി തുടങ്ങിയിട്ടുണ്ട്. ജാഗ്രതൈ !!

മ്യാവൂ :- ഞാന്‍ അപ്ലോഡ് ചെയ്ത ഈ വീഡിയോക്ക് യൂടൂബില്‍ മുടിഞ്ഞ ഹിറ്റാണ്. ദിവസങ്ങൾക്കുള്ളിൽ മൂന്ന് ലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു.  റിപ്പോര്‍ട്ടര്‍ ടി വി ക്ക് പ്രചാരം കൊടുത്ത വകയില്‍ നികേഷിനോട് വല്ലതും ചോദിച്ചാല്‍ കിട്ടുമോ? :)   

Related Posts
ദാസേട്ടാ, രഞ്ജിനി വിളിക്കുന്നു
തരൂര്‍ജിക്ക് ആദരാഞ്ജലി, സുനന്ദജിക്കും.

Recent Posts
മലാല തിരിച്ചു വരുമ്പോള്‍
ഫേസ്ബുക്കിനെ ആര്‍ക്കാണ് പേടി?
ചാടിച്ചാടി ഈ വേണു എവിടെയെത്തും?
പ്രവാചകനോ അതോ സിനിമയോ വലുത്?