October 6, 2008

മിസ് ഫോട്ടോജെനിക്ക്

കടലുണ്ടിക്കടവിലെ (വള്ളിക്കുന്ന് കടവെന്നും പറയാം കെട്ടോ.. ) പുതിയ പാലം.. അറബിക്കടലും കടലുണ്ടി പുഴയും ഇഴുകി ചേരുന്നിടത്തെ ഈ പാലത്തിന്റെ ചന്തം.. അതൊന്നു വേറെ തന്നെയാണ്.. ഒരു വശത്ത് ദേശാടനക്കിളികളുടെ കലപിലയും മീന്‍ വലകളുടെ ചലപിലയും .. മറുവശത്താകട്ടെ തിരമാലകളുടെ തകധിമി.. പാലത്തിനു നടുവിലോ കാഴ്ചക്കാരുടെ ജഗപൊഗ.. പാലങ്ങളുടെ ഒരു സൌന്ദര്യ മത്സരം വന്നാല്‍ മിസ് ഫോട്ടോജെനിക്ക് പട്ടം ഇവള്‍ക്ക് ഉറപ്പ്..

August 6, 2008

തവളയും നീര്‍കോലിയും വിയെറ്റ്നാമിലേക്ക്...


നീര്‍കോലി തവളയോട് ചോദിച്ചു
നീ വാര്‍ത്ത‍ കേട്ടോ ?

എന്തോന്ന് വാര്‍ത്ത ? ഇടുക്കിയില്‍ മഴയില്ലെന്നല്ലേ .. വൃഷ്ടി പ്രദേശത്ത് ?

അല്ലെന്നേ. വയല്‍ നികത്തുന്നവരെ ജയിലില്‍ ഇടുമെന്ന്. ഇന്ത്യാവിഷനില്‍ ഫ്ലാഷ് ന്യൂസ് ഉണ്ട്.. നമുക്കു നല്ല കാലം വരുന്നെന്നു തോന്നുന്നു.

ഇതൊക്കെ ഒരു തരം നമ്പര്‍ ആണെടെ.. നമ്മളെയിട്ടു കൊതിപ്പിക്കാന്‍.. ഒരു കിലോ അരിക്ക് നുറു രൂപയെങ്കിലുമാകട്ടെ , ഇവന്മാര്‍ പാറപ്പുറത്തും നെല്ലുണ്ടാക്കും..

പക്ഷേ അത് വരെ നമ്മള്‍ എങ്ങനെ കഴിഞ്ഞു കൂടുമെന്നാ?

നീ ഒരു വേള്‍ഡ് മാപ് സംഘടിപ്പിക്ക്‌.. വിയെറ്റ്നാം, കംബോഡിയ, ഇന്തോനേഷ്യ, .. എളുപ്പം എവിടെക്കാണോ അങ്ങോട്ട് വെച്ചു പിടിക്കാം..

April 6, 2008

ആത്മവിശ്വാസത്തിന്‍റെ കുട

വരള്‍ച്ചയുടെ കാലത്ത് മഴക്ക് വേണ്ടി പ്രാര്ത്ഥിക്കുവാന്‍ ഗ്രാമവാസികള്‍ തീരുമാനിച്ചു. പ്രാര്‍ത്ഥന ദിവസം എല്ലാവരും ഒരുമിച്ചു കൂടി.

ഒരു കൊച്ചു കുട്ടി മാത്രം കുടയുമായി എത്തി.


പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ ആത്മവിശ്വാസത്തിന്‍റെ കുട ചൂടി അവന്‍ പുഞ്ചിരിച്ചു. അപ്പോള്‍‍ കുളിര്‍ കാറ്റ് അവന്‍റെ കവിളുകളെ തലോടി. ഭൂമിയുടെ ഏതോ അതിരുകളില്‍ നിന്നെത്തിയ ചുടുകാറ്റ് മറ്റുള്ളവരുടെ മുഖത്ത് തീ തുപ്പിക്കൊണ്ടിരുന്നു.

April 3, 2008

റിയാലിറ്റി ഷോ - Reality Show

തിരക്കേറിയ നഗര വീഥിയുടെ ഓരത്ത്‌ ആള്‍ക്കൂട്ടം. ഒരു മിനി സര്‍കസ് അരങ്ങേറുകയാണവിടെ. ചെണ്ട കൊട്ടുന്ന വൃദ്ധന്‍. ചാടിക്കളിക്കുന്ന കുരങ്ങ്. ചെണ്ടയുടെ താളത്തിനും കുരങ്ങിന്‍റെ ഡാന്‍സിനും ഒപ്പം ഒരു കൊച്ചു പെണ്‍കുട്ടി തല കുത്തി മറിയുന്നു.

തോളിലേക്ക്‌ കാലുകള്‍ മടക്കി തലയുടെ പിറകിലൂടെ ഒടിച്ചെടുത്ത്‌ ഒരു റബ്ബര്‍ പന്ത് പോലെ.. ആ മറിയലിനിടയിലും തകര പാത്രത്തിലേക്ക് തെറിച്ചു വീഴുന്ന നാണയ തുട്ടുകളിലേക്ക് അവളുടെ നോട്ടം.

തൊട്ടപ്പുറത്തെ വീഡിയോ ഷോപ്പിനു ചുറ്റും മറ്റൊരു ആള്‍കൂട്ടം. എല്ലാ കണ്ണുകളും ടീവീ സ്ക്രീനിലേക്ക്. സ്റ്റാര്‍ സിങ്ങറിന്‍റെ മറ്റൊരു എപിസോഡ് തുടങ്ങാറായി.