February 27, 2010

അഴീക്കോടും ഇന്നസെന്റിന്റെ ചക്കക്കൂട്ടാനും

“പേറെടുക്കാന്‍ പോയവള്‍ ഇരട്ടപെറ്റു” എന്നൊരു ചൊല്ലുണ്ട്. തിലകന്‍ പ്രശ്നം പരിഹരിക്കുവാന്‍ രംഗത്ത് വന്ന അഴീക്കോട് മാഷ്‌ കാട്ടിക്കൂട്ടിയ പരാക്രമങ്ങള്‍ കണ്ടപ്പോള്‍ ഈ പഴഞ്ചൊല്ലാണ് എനിക്ക് ഓര്മ വന്നത്. തിലകനും മമ്മൂട്ടിയും തമ്മിലുണ്ടായിരുന്ന പ്രശ്നം വെറുമൊരു സിനിമ പ്രശ്നം ആയിരുന്നു തുടക്കത്തില്‍. അതൊരു സാംസ്കാരിക പ്രശ്നമായി മാറിയത് അഴീക്കോട് മാഷ്‌ രംഗത്ത് വന്നതോട് കൂടിയാണ്. ഈ വിവാദങ്ങള്‍ക്കിടയില്‍ എനിക്കേറെ ഇഷ്ടപ്പെട്ടത് ഇന്നസെന്റിന്റെ ആ ഒരു വാചകം ആണ്. പുള്ളി ഇത്രയും വലിയ തമാശക്കാരനാണെന്ന് എനിക്കറിയില്ലായിരുന്നു. “പട്ടിണികിടന്നവന് ചക്കക്കൂട്ടാന്‍ കിട്ടിയ പോലാണ് അഴീക്കോട് മാഷ്‌ക്ക് ഈ വിവാദം കിട്ടിയത്, അയാള്‍ അടുത്തൊന്നും ഇതീന്ന് പിടി വിടില്ല” എന്നാണ് ഇന്നസെന്റ് പത്ര സമ്മേളനം വിളിച്ച് പറഞ്ഞത്.

February 25, 2010

മനോരമയെ എന്തിനാണ് ബഹിഷ്കരിക്കുന്നത്?

മലയാള മനോരമയും മാതൃഭൂമിയും ബഹിഷ്കരിക്കുവാന്‍ ആഹ്വാനം ചെയ്തു കൊണ്ടുള്ള ഒരു ഇമെയില്‍ എനിക്ക് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കിട്ടി. പൊതുവേ ഇത്തരം ഇമെയിലുകളൊന്നും ഞാന്‍ തുറക്കാറേ ഇല്ല. സബ്ജക്റ്റ്‌ ലൈന്‍ നോക്കി ഡിലീറ്റ് ചെയ്യുകയാണ് പതിവ്. അമേരിക്കന്‍ ഉല്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് സ്ഥിരമായി വരാറുള്ള വഴിപാടു മെയിലുകളുടെ കൂട്ടത്തിലാണ് ഞാന്‍ ഇത്തരം മെയിലുകളെ കാണാറുള്ളത്. ഒരു അന്താരാഷ്‌ട്ര ‘ഇടതു’ വായനക്കാരനും ബുദ്ധിജീവിയുമായ സുഹൃത്ത് ഉദയന്‍ ('ഉദയോവിസ്കി' എന്ന് ഞാന്‍വിളിക്കുന്ന ) അയച്ചതായത് കൊണ്ട് മാത്രമാണ് ഞാന്‍ ഈ മെയില്‍ തുറന്നത്. ചെക്കോവ്, കസാന്ത്‌ സാക്കീസ്‌, സാര്‍ത്ര് തുടങ്ങി എന്‍റെ ചെറിയ ബുദ്ധിക്ക് ഉള്‍കൊള്ളാനാകാത്ത ഉരുപ്പടികള്‍ മാത്രം അയക്കുന്ന ഈ പഹയന് മനോരമയിലും മാതൃഭൂമിയിലും എന്ത് കാര്യം എന്ന ആകാംക്ഷയോടെ ഞാന്‍ ഓപ്പണ്‍ ക്ലിക്കി.

February 20, 2010

ഞാന്‍ എന്നെ അഭിനന്ദിക്കുന്നു.

ആദ്യമായി ഞാന്‍ എന്നെ അഭിനന്ദിക്കുന്നു. കാരണം എനിക്ക് ഒരു അവാര്‍ഡ്‌ കിട്ടിയിട്ടുണ്ട്. ബൂലോകം ഓണ്‍ലൈന്‍ കഴിഞ്ഞ വര്‍ഷത്തെ മലയാളത്തിലെ ഏറ്റവും നല്ല ആനുകാലിക ബ്ലോഗായി ഡോട്ട് കോം @ വള്ളിക്കുന്ന്  തിരഞ്ഞെടുത്തതായി അവരുടെ ഫലപ്രഖ്യാപനത്തില്‍ കണ്ടു. സി എന്‍ എന്നും ബി ബി സിയുമൊന്നും വിവരം അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു. ഇന്റര്‍വ്യൂ എടുക്കാന്‍ അവര്‍ ക്യാമറയുമായി ഇന്നെത്തും നാളെയെത്തും എന്ന് കരുതി രണ്ടാഴ്ചയോളമായി ഞാന്‍ കാത്തിരിക്കുന്നു. ഒരു ലുക്ക് കിട്ടാന്‍ വേണ്ടി ഫെയര്‍ ആന്‍ഡ്‌ ലവ്‌ലി, ഫിയാമ ഡിവില്‍സ് തുടങ്ങിയവക്ക് കുറെ കാശും കളഞ്ഞു.

February 15, 2010

My Name Is NOT Khan

എന്റെ പേര് ഖാന്‍ എന്നല്ല. പക്ഷെ ഖാന്‍ എന്ന് പേരുള്ള ഒരു സഹപ്രവര്‍ത്തകന്‍ എനിക്കുണ്ടായിരുന്നു. പാക്കിസ്ഥാനിലെ ഏതോ ഒരു കുഗ്രാമത്തില്‍ ആണ് വീടെന്നും അദ്ദേഹം അയച്ചു കൊടുക്കുന്ന പണം കൊണ്ട് കഞ്ഞി കുടിക്കുന്ന ഒരു വലിയ കുടുംബം അവിടെയുണ്ടെന്നും ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. പേരില്‍ ഖാന്‍ ഉണ്ട് എന്നത് ഒഴിച്ച് നിര്‍ത്തിയാല്‍ തീവ്രവാദവുമായി മറ്റ് ബന്ധങ്ങളൊന്നും അയാള്‍ക്ക്‌ ഉണ്ടായിരുന്നില്ല. കുടുംബത്തെ പട്ടിണിക്കിടരുത് എന്ന തീവ്രമായ ഒരു വാദം അയാള്‍ക്കുള്ളതായി എനിക്കറിയാം. അത് തീവ്രവാദം ആകാന്‍ ഇടയില്ല. ഉവ്വോ?. വര്‍ഷങ്ങള്‍ക്കു മുമ്പ് പാക്കിസ്ഥാനില്‍ ഒരു ഭൂകമ്പം ഉണ്ടായപ്പോള്‍ അയാളുടെ കൊച്ചു കൂര പൂര്‍ണമായും തകര്‍ന്നു. വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഏക മകന്‍ മരിച്ചു. ബാക്കിയുള്ളവര്‍ കൃഷിയിടത്തില്‍ ആയിരുന്നതിനാല്‍ രക്ഷപ്പെട്ടു. ഉടനെ നാട്ടില്‍ പോകാന്‍ വേണ്ടത് ചെയ്തു തരണം എന്ന അഭ്യര്‍ഥനയുമായി എന്റെ ഓഫീസിലെത്തി അയാള്‍ പൊട്ടിക്കരഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു.

February 9, 2010

വാലന്റൈന്‍ വരുന്നു, ഓടിക്കോ...

വാലന്റൈന്‍ എന്നാല്‍ എന്താണെന്ന് ഈ അടുത്ത കാലം വരെ എനിക്കൊരു ഐഡിയയും ഇല്ലായിരുന്നു. വാലിന് ഇംഗ്ലീഷില്‍ ടെയില്‍ എന്ന് പറയും. വാലും ടെയിലും കൂട്ടിച്ചേര്‍ത്തുള്ള ഈ പരിപാടി വാലിന് തീ പിടിച്ച് ഓടുന്ന ആളുകളുടെത് ആയിരിക്കും എന്നായിരുന്നു ഞാന്‍ ധരിച്ചിരുന്നത്. എന്‍റെയൊരു കാര്യം.. ഈ പദത്തിന് പിന്നില്‍ ‘മഹത്തായൊരു’ കഥയുണ്ടെന്ന് പിന്നീടറിഞ്ഞു.  പെണ്ണ് – കുടുംബം - പിടക്കോഴി എന്നിങ്ങനെ നാട്ടിലെ ആണുങ്ങളൊക്കെ ബിസിയായപ്പോള്‍ റോമിലെ ക്ലോഡിയസ് രണ്ടാമന്‍ ചക്രവര്‍ത്തിക്ക് യുദ്ധം ചെയ്യാന്‍ ആളെകിട്ടിയില്ലത്രേ. ഹീ ഗോട്ട് വെരി ആന്ഗ്രി യു നോ,.. വിവാഹം എന്ന ഏര്‍പ്പാട് തന്നെ പുള്ളി നിരോധിച്ചു. നിരോധിച്ചിട്ടും വിവാഹങ്ങള്‍ നടത്തിക്കൊടുത്ത വാലന്റൈന്‍ അച്ഛനെ ജയിലിലും അടച്ചു. അച്ഛനുണ്ടോ വിടുന്നു?.. പുള്ളി കേറി ജയില്‍ വാര്‍ഡന്റെ മകളെ ലൈനടിച്ച് ശരിയാക്കി.

February 7, 2010

രാഹുല്‍ ജീ, താങ്കളും കോണ്ഗ്രസ്സാണോ?

അച്ഛനും അമ്മയും മുത്തശ്ശിയും മുതുമുത്തച്ഛനും മുമ്മുത് മുത്തച്ഛനും എല്ലാം കോണ്ഗ്രസ്സായ സ്ഥിതിക്ക് താങ്കളും കോണ്ഗ്രസ്സാവുന്നതില്‍ പുതുമയൊന്നുമില്ല. മോഹന്‍ദാസ്‌ കരംചന്ദ്‌ ഗാന്ധിയുടെ ഗാന്ധിയല്ലെങ്കിലും പേരിലൊരു ഗാന്ധി താങ്കള്‍ക്കുള്ളത് കൊണ്ട് കോണ്ഗ്രസ്സ് ആവുന്നത് തന്നെയാണ് നല്ലത്. എന്നാലും ഒരു സംശയം. അങ്ങ് കോണ്ഗ്രസ്സാണോ?. എന്ന് വെച്ചാല്‍ യഥാര്‍ത്ഥ കോണ്ഗ്രസ്സ്??. ചോദിക്കുന്നതില്‍ വെറുപ്പ്‌ കരുതരുത്. ഉണ്ണിത്താന്‍ ജിയും തിവാരീജിയും പോലെ കറകളഞ്ഞ കോണ്ഗ്രസ്സാണോ താങ്കളും എന്നാണു ചോദിക്കാന്‍ നാവു തരിക്കുന്നത്. പക്ഷേ പച്ചയായി ചോദിക്കാന്‍ അല്പം പേടിയുള്ളത് കൊണ്ടാണ് വളഞ്ഞു തിരിഞ്ഞു ചോദിക്കുന്നത്. 

February 2, 2010

നസര്‍ സുരക്ഷാ കവചവും മിസ്റ്റര്‍ ആന്‍ഡ്‌ മിസ്സിസ് ദേശായിയും.

മിസ്റ്റര്‍ ആന്‍ഡ്‌ മിസ്സിസ് ദേശായിയുടെ കഥ വളരെ അത്ഭുതകരമാണ്. ഒരു കാലത്ത് പട്ടിണി കിടന്നു ജീവിച്ചവര്‍. മുണ്ട് മുറുക്കിയുടുത്തും ഉടുക്കാതെയും സ്വരൂപിച്ചുണ്ടാക്കിയ പണം കൊണ്ട് അവര്‍ ഒരു ഫാക്ടറി തുടങ്ങി. പാത്രം ഉണ്ടാക്കുന്ന ഒരു കൊച്ചു ഫാക്ടറി. കച്ചവടം പൊടിപൊടിച്ചു. നാട്ടുകാരെല്ലാം അവരുടെ പാത്രത്തില്‍ ഉണ്ടുണ്ട് അവരെ ധനികരാക്കി. മിസ്റ്റര്‍ ആന്‍ഡ്‌ മിസ്സിസ് ദേശായി രണ്ടാമത്തെ ഫാക്ടറിയും തുടങ്ങി. സായി സിദ്ദി പ്രൈവറ്റ് ലിമിറ്റഡ്‌. ഉദ്ഘാടന ദിവസം കൊച്ചിയിലെ ഇളയമ്മയും വന്നു. ഉദ്ഘാടനം നടന്നു കൊണ്ടിരിക്കെ ഇളയമ്മ എന്തോ പിറുപിറുത്തു. ഫാക്റ്ററി ആളിക്കത്തി. അതോടെ മിസ്റ്റര്‍ ആന്‍ഡ്‌ മിസ്സിസ് ദേശായി ഫ്ലാറ്റായി. എല്ലാം തകര്‍ന്നു. കൊച്ചിയിലെ ഇളയമ്മ കൊച്ചിയിലേക്ക് പോയി. മിസ്റ്റര്‍ ആന്‍ഡ്‌ മിസ്സിസ് ദേശായി പാപ്പരായി... ഇത്രയും പറഞ്ഞത് ഫ്ലാഷ്ബാക്ക് ആണ്. ഇനി അല്പം എഫ് എഫ് അടിച്ചു മുന്നോട്ട് പോയി നോക്കൂ. ഇപ്പോള്‍ മിസ്റ്റര്‍ ആന്‍ഡ്‌ മിസ്സിസ് ദേശായിക്ക് മൂന്ന് ഫാക്ടറിയുണ്ട്.!!!! എല്ലാം ഒന്നിനൊന്ന് മിച്ചം!!!!!.