August 27, 2009

മേരിക്കുഞ്ഞിന്റെ ബ്ലോഗ്‌ കോടതിയില്‍, ജാഗ്രതൈ!

ഊരും പേരും പരസ്യപ്പെടുത്താത്ത ബ്ലോഗ്ഗര്‍മാരുടെ വാണിയംകുളം ചന്തയാണല്ലോ ഇന്റര്‍നെറ്റ്‌. ബ്ലോഗിലെ ലക്ഷക്കണക്കിന് അനോണികുഞ്ഞുങ്ങളില്‍ ഒരുവളായിരുന്നു ഏതാനും ദിവസം മുമ്പ് വരെ റോസ്മേരി പോര്‍ട്ട്‌. 'വായില്‍ വരുന്നത് ബ്ലോഗ്ഗര്‍ക്ക് പാട്ട്' എന്ന ബൂലോക നിയമം അനുസരിച്ച് മേല്‍ പറഞ്ഞ മേരിക്കുഞ്ഞ് തന്റെ ബ്ലോഗിലൂടെ ന്യൂയോര്കിലെ മോഡല്‍ ഗേളായ ലിസ്കുള കോഹനെതിരെ കുറെ അമിട്ടുകള്‍ പൊട്ടിച്ചു. നാലാളുടെ മുന്നില്‍ പറയാന്‍ കൊള്ളാത്ത ഉരുപ്പടികളാണ് ഈ ബ്ലോഗി വെച്ച് കാച്ചിയത് എന്ന് പ്രത്യേകം പറയേണ്ടല്ലോ. ബ്ലോഗല്ലേ, ഞാന്‍ അനോണിയല്ലേ, പിന്നെ എന്തോന്ന് പേടിക്കണം എന്ന ലൈന്‍.

മേരിക്കുഞ്ഞിന്റെ ബ്ലോഗിലെ തെറി കേട്ട് മടുത്ത ലിസ്കുള ഒടുവില്‍ ഡ്രാകുളയായി. ഈ അനോണി ബ്ലോഗറെ കണ്ടെത്തിയിട്ട് തന്നെ കാര്യം. അവള്‍ കോടതി കയറി. മന്ഹാട്ടന്‍ ജഡ്ജ് ഗൂഗിള്‍ അമ്മാവന് നോട്ടീസയച്ചു,അനോണിയെ ചെവിക്കു പിടിച്ചു കോടതിയില്‍ എത്തിക്കാന്‍.. ഇന്റര്‍നെറ്റ് നമ്മുടെ മൂന്നാര്‍ പോലെ അല്ലാത്തതിനാല്‍ അമ്മാവന്റെ കൈവശം എല്ലാ അനോണികളുടെയും ആധാരവും പട്ടയവും പോക്ക് വരവും കാണുമല്ലോ. ഏത് കമ്പ്യൂട്ടറില്‍ ഇരുന്നാണ് അനോണി പോസ്റ്റുന്നത് എന്ന് വരെ അമ്മാവനറിയാം. കോടതി പറഞ്ഞാല്‍ പിന്നെ പ്രൈവസിയും പോളിസിയുമൊക്കെ ഡിഷും ഡിഷും. . പേര് റോസ്മേരി പോര്‍ട്ട്‌, വയസ്സ് 29, സ്വദേശം ഫ്ലോറിഡ, ഇപ്പോള്‍ താമസം ന്യൂ യോര്‍ക്കില്‍.. ഗൂഗിള്‍ അമ്മാവന്‍ സകല വിവരങ്ങളും മണിമണിയായി കോടതിയില്‍ കൊടുത്തു. അനോണിക്കുഞ്ഞ് റോസ്മേരി ഇപ്പോള്‍ കോടതി കയറിയിറങ്ങുന്നു.

ഊരും പേരും വെച്ച് ബ്ലോഗ്‌ എഴുതുന്നവര്‍ മലയാളത്തിലും വളരെ കുറവാണ്. വിചിത്രമായ പേരുകളില്‍ സ്വന്തം മുഖം മറച്ചു വെച്ച് വായില്‍ വരുന്നതൊക്കെ വിളിച്ചു പറയാനുള്ള ഒരു മാധ്യമമായി ബ്ലോഗിങ്ങിനെ കാണുന്നവരാണ് കൂടുതലും. മാക്രി, മരമാക്രി, പോക്കിരി, ഈനാംപേച്ചി, മരപ്പട്ടി തുടങ്ങി വിചിത്രമായ പേരുകളിലാണ് പല ബ്ലോഗ്ഗര്മാരും അറിയപ്പെടുന്നത്. ഈ കോളത്തില്‍ എഴുതാന്‍ പറ്റാത്ത പേരുകളും ധാരാളമുണ്ട്. ഇങ്ങനെ ഒരു പേരിനുള്ളില്‍ ഊളിയിട്ടു കഴിഞ്ഞാല്‍ ഇന്റര്‍പോളല്ല കേരള പോലീസ് വിചാരിച്ചാലും പിടിക്കാന്‍ പറ്റില്ല എന്നാണു പലരുടെയും മനസ്സിരുപ്പ് . അത്തരക്കാരുടെ ഇത്തിരി അറ്റെന്‍ഷന് വേണ്ടിയാണ് റോസ്മേരിയുടെ അനുഭവം വിളമ്പിയത്. അനോണിയാവുന്നതൊക്കെ കൊള്ളാം. പക്ഷെ ആരാന്റെ തലയില്‍ കാഷ്ഠിക്കുമ്പോള്‍ അല്പസ്വല്പം ശ്രദ്ധ വേണം. ഇല്ലെങ്കില്‍ മേരിക്കുഞ്ഞിനെപ്പോലെ കോടതി കയറേണ്ടി വരും.

ഈ സുവിശേഷം കേള്‍ക്കുകയും ഗുണപാഠം ഉള്‍കൊള്ളുകയും ചെയ്തെങ്കില്‍ ഇനി കഥയുടെ ഒരു ഫ്ലാഷ്‌ ബാക്ക്. ന്യൂയോര്‍ക്കിലെ നൈറ്റ്‌ ക്ലബ്ബുകളില്‍ റോസ് മേരിയും ലിസ്കുള കോഹനും കണ്ടു മുട്ടുന്നു. പെണ്‍ വര്‍ഗ്ഗത്തിന്റെ ഒരു സാമാന്യസ്വഭാവം അനുസരിച്ച് ലിസ്കുള റോസ് മേരിയുടെ കാമുകനോട് അവളെ ക്കുറിച്ച് ചില കുശുമ്പ് കുന്നായ്മകള്‍ പറയുന്നു. ഇതറിഞ്ഞ റോസ് മേരിക്ക് വട്ടിളകുന്നു. പ്രതികാരം ചെയ്യാനായി അനോണിയായി ബ്ലോഗു തുടങ്ങുന്നു. പിന്നെ എന്ത് നടന്നു എന്ന് നമ്മള്‍ തുടക്കത്തില്‍ പറഞ്ഞു.

ഇനി കടുവയെ കിടുവ പിടിക്കുന്ന കഥയുടെ ക്ലൈമാക്സിലേക്ക്. തന്റെ 'അനോണിത്വം ' കവര്‍ന്നെടുത്തത്തിനെതിരെ മേരിക്കുഞ്ഞ് ഗൂഗിള്‍ അമ്മാവനെതിരെ കോടതി കയറുന്നു. നഷ്ട പരിഹാരമായി 3 മില്യണ്‍ ഡോളര്‍ ആവശ്യപ്പെടാനാണ് ഈ ബ്ലോഗിയുടെ പരിപാടി. യൂ എസ് സുപ്രിം കോടതി വരെ പോയാലും വിട്ടു കൊടുക്കില്ല എന്ന് തന്നെ. മേരിക്കുഞ്ഞിനെ സപ്പോര്‍ട്ട് ചെയാന്‍ ബൂലോകത്തെ സകല അനോണികളും ഒറ്റക്കെട്ട്. ക്ലൈമാക്സിന്റെ അവസാന സീനുകളില്‍ എന്ത് സംഭവിക്കും എന്നറിയാന്‍ ന്യൂയോര്‍ക്ക്‌ ടൈംസിന്റെ ഗോസ്സിപ്പ് കോളത്തില്‍ പതിവായി കയറിയിറങ്ങുക. 'ഗുഡ്ബായ്‌'..

August 22, 2009

ഇന്ത്യാവിഷൻ ഏഷ്യാനെറ്റിന്റെ മണ്ടക്കടിക്കുന്നു

നികേഷ്‌ കുമാറിന്റെ വാര്‍ത്ത വായന എനിക്ക് വളരെ ഇഷ്ടമാണ്. വളരെ ചടുലവും ആവേശകരവുമാണ് നികേഷിന്റെ വായനാ രീതി. മലയാള വാര്‍ത്ത വായനക്കാര്‍ക്കിടയില്‍ നികേഷ്‌ ഒരു തരംഗം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. കുഞ്ഞുകുട്ടി പരാധീനതകള്‍ ഏറെയുള്ള ഇന്ത്യാവിഷനെ അതിന്റെ തലപ്പത്തിരുന്നു ഒറ്റയാള്‍ പട്ടാളം കണക്കെ നയിക്കുന്നത് നികേഷ്‌ തന്നെ. മനോരമ, ഏഷ്യാനെറ്റ്‌ പോലുള്ള വന്‍ കുത്തകള്‍കിടയിലും ഈ കൊച്ചു ചാനല്‍ റേറ്റിംഗ് ഇടിയാതെ മുന്നോട്ടു പോവുന്നുണ്ട്. നികേഷ്‌ ചാടിയാല്‍ ഇന്ത്യവിഷന്റെ അപ്പീസ് പൂട്ടും എന്നായിരുന്നു എന്റെയൊരു കണക്കു കൂട്ടല്‍. എന്നാല്‍ ആ തോന്നല്‍ പൂര്‍ണമായും ശരിയല്ല എന്ന് ഇപ്പോള്‍ മനസ്സിലായി. വേറെയും ചില ആണ്‍ കുട്ടികള്‍ ഇന്ത്യാവിഷനിലുണ്ട്. ഇത് പറയാന്‍ കാരണമുണ്ട്. ഇന്നലെ മുതല്‍ ഏഷ്യാനെറ്റിന്റെ തലമണ്ടക്ക് ഇന്ത്യാവിഷന്‍ അടി തുടങ്ങിയിരിക്കുന്നു. വീ കെ സി സ്ട്രീറ്റ് ലൈറ്റ് ഒരൊന്നാന്തരം ചുറ്റികയാണ്. ഇത് കൊണ്ടുള്ള ഒന്ന് രണ്ടു അടി കിട്ടിയാല്‍ പെട്ടെന്നൊന്നും ബോധം തെളിയില്ല.

കൈപ്പളി വരുന്നു, രക്ഷിക്കണേ ..

ബെര്‍ളിക്ക് ശേഷം ഇതാ കൈപ്പള്ളിയും എനിക്കെതിരെ തിരിഞ്ഞിരിക്കുന്നു. എന്റെ കഷ്ടകാലം തുടങ്ങി എന്നല്ലാതെ മറ്റെന്തു പറയാന്‍?. കൊത്തുന്നത് രാജവെമ്പാല അല്ലെങ്കില്‍ മൂര്‍ഖന്‍. കൊത്ത് കൊള്ളുന്നതോ നീര്‍ക്കോലി കടിച്ചാല്‍ പോലും ഐ സീ യു വില്‍ ആവുന്ന ഞാനും!!!. പന്നിപ്പനിയെ H1N1 എന്ന് വിളിച്ചു കഷ്ടപ്പെടാതെ പിഗ്ഫ്ലു എന്ന് വിളിച്ചൂടെ സായിപ്പേ എന്ന് ചോദിച്ചു ഞാനൊരു പോസ്റ്റിട്ടു . അതാ വരുന്നു, കൈപ്പള്ളി വാളുമായി .. "വള്ളിക്കുന്നിന്റെ Anti-American Pig Flu" .. ബഷീര്‍ അമേരിക്കന്‍ വിരോധിയാണ്‌. പന്നിയും പന്നിപ്പനിയുമായി യാതൊരു ബന്ധവുമില്ല, മലപ്പുറം കോഴിക്കോട് ഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് പാശ്ചാത്യ വിരോധം കൂടുതലാണ് .. തുടങ്ങി ഇംഗ്ലീഷിലും മലയാളത്തിലുമായി ചിന്നം വിളിച്ചു നില്‍ക്കുകയാണ്‌ കൈപ്പള്ളി.

ആ പോസ്റ്റങ്ങ് പിന്‍വലിച്ച് കാശിക്കു പോയാലോ എന്നാലോചിച്ചു ആദ്യം. പിന്നെ തോന്നി, വേണ്ട. കൈപ്പള്ളിയുമായി ലോഗ്യം കൂടിയാല്‍ പല ഉപകാരങ്ങളുമുണ്ട്. അല്‍പ സ്വല്പം ഇംഗ്ലീഷ് പഠിക്കാം, പന്നിപ്പനിയെക്കുറിച്ച് ഡോക്ടരെറ്റ് നേടാം, സായിപ്പിനെ പിണക്കാതെ ജീവിച്ചു പോവുകയും ചെയ്യാം.


കൈപ്പള്ളീ, വിവരമില്ലാത്തത് കൊണ്ട് ചോദിക്കുകയാണ്. H1N1ന് പന്നിയുമായി യാതൊരു ബന്ധവുമില്ലെന്കില്‍ ഇതിനു പന്നിപ്പനി (താങ്കളുടെ ക്വീന്‍സ്‌ ഇംഗ്ലീഷില്‍ Swine Flu) എന്ന് എങ്ങിനെ പേര് വന്നു?. പന്നികളാണെന്നു കരുതി ആര്‍ക്കും അവറ്റകളുടെ മെക്കട്ട് കയറാമെന്നാണോ? വൈറസ്‌ H1N1 ആയതു കൊണ്ടാണ് ഈ പേര് വന്നത് എന്ന് മനസ്സിലായി. എല്ലാ രോഗങ്ങള്‍ക്ക് പിന്നിലും ഏതെങ്കിലും ഒരു വൈറസ്‌ അളിയന്‍ കാണുമല്ലോ. മിക്കവാറും അവറ്റകളുടെ ശാസ്ത്ര നാമം നമ്മുടെ നാക്കിനു വഴങ്ങുകയുമില്ല. വൈറസിന് സായിപ്പിന്റെ പക്കല്‍ പല പേരുകളുണ്ട് എന്ന് കരുതി ആ രോഗങ്ങളെയൊന്നും ശാസ്ത്ര നാമങ്ങളില്‍ വിളിക്കാറ് കുറവാണ്.

നോട്ട് ദി പോയിന്റ്‌ യുവര്‍ ഹോണര്‍ ..

മൂക്കൊലിപ്പുമായി ആശുപത്രിയില്‍ എത്തിയ രോഗി, " ഡോക്റ്റര്‍, എനിക്ക് ഇന്നലെ രാവിലെ മുതല്‍ KH32, NH164 (മൂക്കൊലിപ്പ് വൈറസിന്റെ ശാസ്ത്ര നാമം ഇതല്ലെന്ന് ആര് കണ്ടു?) എന്തേലും മരുന്ന് ഉടനെ വേണം" എന്ന് പറഞ്ഞാല്‍ അയാളെ ഊളമ്പാറയിലേക്ക് റെഫര്‍ ചെയ്യും ഡോക്റ്റര്‍.

എനിക്കുറപ്പാണ്, കുരുമുളക് പൊടിയിടാതെ പന്നിയിറച്ചി പുഴുങ്ങി തിന്ന ഏതോ സായിപ്പില്‍ നിന്നാണ് ഈ വൈറസ്‌ ഉണ്ടായിരിക്കുന്നത്. പനി നാളെ പോകും പന്നി പിന്നേം വേണ്ടി വരും (പ്രയോഗം എന്റെയല്ല, എന്റെ പോസ്റ്റിനു കമ്മന്റിട്ട അക്ബറിന്റെത് ) എന്നുള്ളതിനാല്‍ പേര് തല്‍ക്കാലം H1N1എന്നാക്കാന്‍ സായിപ്പുമാര്‍ തീരുമാനിച്ചു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. വിവരവും വിദ്യാഭ്യാസവും ഉള്ള കൈപ്പള്ളിക്ക് അത് പറ്റുന്നില്ലെങ്കില്‍ വേണ്ട, ഞാനായിട്ട് നിര്‍ബന്ധിക്കുന്നില്ല. ..,

ഇത് വരെ പറഞ്ഞത് കളി, ഇനി കാര്യത്തിലേക്ക്. മലബാറുകാര്‍ക്ക് പാശ്ചാത്യ വിരോധം അല്പം കൂടുതലാണ്. അതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുണ്ട്. ഇന്ത്യ കട്ട് മുടിക്കാന്‍ വന്ന സായിപ്പിനെ ചങ്കുറപ്പോടെ നേരിട്ട് രക്തസാക്ഷിത്വം വരിച്ച വാരിയന്‍ കുന്നത്തിന്റെ പിന്മുറക്കാരാണ് ഇവിടെയുള്ളത്. ഇരുനൂറു കൊല്ലം നമ്മുടെ പൂര്‍വ പിതാക്കന്മാരെ അടിമകളാക്കി ചവിട്ടിയരച്ച വെള്ളക്കാരനെ പൂവിട്ടു പൂജിക്കാന്‍ ഒരു ഇന്ത്യക്കാരനും ആവില്ല. അവന്റെ സായിപ്പ് വിരോധം അന്ധമല്ല, അതിനു ചരിത്രപരമായ കാരണങ്ങള്‍ ഉണ്ട്. ഒന്നാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സു വരെ പള്ളിക്കൂടത്തിലിരുന്ന ആര്‍ക്കും അത് പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. സായിപ്പിനോട്‌ സഹികെട്ട് 'ക്വിറ്റ് ഇന്ത്യ' എന്ന് ഗാന്ധിജി പറഞ്ഞതിന്റെ പച്ച മലയാളം 'ഇറങ്ങിപ്പോടാ പുല്ലേ' എന്ന് തന്നെയാണ്. ആ ഭാഷയുടെ ചൂടും ചൂരും ഇപ്പോഴും കാത്തു സൂക്ഷിക്കുന്നതില്‍ പൊറുക്കുക.


കൈപ്പള്ളീ, അങ്ങയോട് എനിക്ക് ഏറെ ബഹുമാനവും സ്നേഹവും ഉണ്ട്. അന്തസ്സുള്ള പോസ്റ്റുകള്‍ ഇടുന്ന, ഏറെ വായനക്കാരുള്ള മലയാളത്തിലെ ചുരുക്കം ബ്ലോഗ്ഗര്‍മാരില്‍ ഒരാളാണ് താങ്കള്‍. ഞങ്ങള്‍ക്കൊക്കെ ബ്ലോഗ്‌ എന്താണെന്ന് പോലും അറിയാത്ത കാലത്ത് ബ്ലോഗ്‌ എഴുതിത്തുടങ്ങിയ അപൂര്‍വ്വം വ്യക്തികളില്‍ ഒരാള്‍. ബ്ലോഗെഴുത്തില്‍ മാത്രമല്ല ഫോട്ടോഗ്രഫിയിലും തനതു വ്യക്തിത്വം ഉറപ്പിച്ചയാള്‍.. പക്ഷെ സായിപ്പിന്റെ ഈ വക്കാലത്ത് പണി മാത്രം അങ്ങേക്ക് ചേരില്ല, അതൊന്നു വിട്ടു പിടി..

August 19, 2009

ഷാരൂഖാരാ മോന്‍

അമേരിക്കക്കാര്‍ ഒന്നടങ്കം പൊട്ടന്‍മാരാണ് എന്ന് പറയുന്നതിനോട് എനിക്ക് തീരെ യോജിപ്പില്ല. ഭൂരിപക്ഷം പേരും പൊട്ടന്‍മാരാണ് എന്നാണെങ്കില്‍, ഓക്കേ, അതിലൊരു ന്യായമുണ്ട്. ഒന്നോ രണ്ടോ വെവരമുള്ളവരും അവിടെ കാണാതിരിക്കില്ല. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ പൊട്ടന്മാര്‍ ഉള്ളത് വിമാനത്താവളങ്ങളിലെ സുരക്ഷ വകുപ്പിലാണെന്നാണ് ഷാരൂഖ്‌ ഖാന്റെ വാക്കുകളില്‍ നിന്ന് മനസ്സിലാവുന്നത്. ന്യൂ ജെര്സി നെവാര്‍ക്ക് എയര്‍പോര്‍ട്ടിലെ മാനഭംഗവും പീഡിപ്പിക്കലും കഴിഞ്ഞു ഇന്നലെ വൈകിട്ടാണ് കിംഗ്‌ ഖാന്‍ മുംബൈയില്‍ എത്തിയത്. പേരിലെ ഖാന്‍ ആണ് വില്ലനായത് എന്നാണു പുള്ളി പത്രക്കാരോട് പറഞ്ഞത്.

അമേരിക്കക്കാരന്റെ കമ്പ്യൂട്ടര്‍ ആളുകളുടെ പേര് നോക്കിയാണ് സുരക്ഷ പരിശോധന നടത്തുന്നതും ക്ലിയറന്‍സ് കൊടുക്കുന്നതും. ജോണി, ടോണി, മുരുകന്‍, കാര്‍ത്യായനി, പുളിമൂട്ടില്‍ ഔസേപ്പ്, കുഞ്ഞാലി, വീരപ്പന്‍, ‍ ബിന്‍ ലാദിന്‍ .. അങ്ങനെയുള്ള ഏത് പേര് വന്നാലും കമ്പ്യൂട്ടര്‍ ഇളിച്ചോണ്ടിരിക്കും. എന്ന് വെച്ചാല്‍ ഗ്രീന്‍ ചാനലിലൂടെ പോകാമെന്ന്. ഷാരൂഖ്‌ ഖാന്‍, ആമിര്‍ ഖാന്‍, സൈഫ്‌ അലി ഖാന്‍, ഫര്‍ദീന്‍ ഖാന്‍, ജിയ ഖാന്‍ , ഫിറോസ്‌ ഖാന്‍ ഇതില്‍ ഏത് ഖാന്‍ ആയാലും കമ്പ്യൂട്ടര്‍ ഏറു കൊണ്ട പട്ടിയെ പോലെ ഒരു പ്രത്യേക ശബ്ദമുണ്ടാക്കും. (സല്‍മാന്‍ ഖാന്‍ ഒഴികെ. അയാള്‍ നായകനാണേലും വില്ലന്റെ കയ്യിലിരുപ്പാ.. അത് കൊണ്ട് ഗ്രീന്‍ ചാനല്‍. ) കമ്പ്യൂട്ടര്‍ കുരച്ചാല്‍ പിന്നെ ഒരടി മുന്നോട്ട് വെക്കാന്‍ സമ്മതിക്കില്ല. ബനിയന്‍, സോക്സ്‌, അണ്ടര്‍ വെയര്‍, എന്ന് വേണ്ട ഓവര്‍കോട്ട് വരെ അഴിപ്പിക്കും... പേരില്‍ ഖാന്‍ ഇല്ലെങ്കില്‍ അവന്റെ കയ്യില്‍ ആറ്റം ബോംബുണ്ടയാലും കുഴപ്പമില്ല. സെപ്ടംബര്‍ 11ന് ന്യൂയോര്‍ക്കില്‍ എത്തിയ സകലരെയും ഇതേ പോലെ പരിശോധിച്ചതാണ്. പക്ഷെ പേരില്‍ ഖാന്‍ ഇല്ലാത്തത് കൊണ്ട് വെറുതെ വിട്ടു.

ഖാന്‍ പോലെ അപകടകാരികളാണ് അബ്ദുല്‍ എന്ന് തുടങ്ങുന്ന പേരുകളും. അവന്റെ കയ്യിലും ബോംബ് കാണും. നമ്മുടെ മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാം കുടുങ്ങിയത് ഇതുപോലൊരു കമ്പ്യൂട്ടറിന്റെ മുന്നിലാണ്‌. അതിര്‍ത്തി ഗാന്ധി ഖാന്‍ അബ്ദുല്‍ ഗാഫര്‍ ഖാന്‍‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ലാത്തത് നന്നായി. അങ്ങേരെങ്ങാനും അമേരിക്കയില്‍ എത്തിയിരുന്നെങ്കില്‍ സായിപ്പിന്റെ സകല കമ്പ്യൂട്ടറും ഒറ്റയടിക്ക് ഷട്ട് ഡൌണ്‍ ആയേനെ. അമേരിക്കക്കാര്‍ ഒന്നടങ്കം പൊട്ടന്‍മാരാണ് എന്ന് പറയുന്നത് ശരിയല്ല എന്ന് ഇപ്പോള്‍ മനസ്സിലായില്ലേ. ഈ കമ്പ്യൂട്ടറൊക്കെ ഇങ്ങനെ ശരിയാക്കി വെക്കാന്‍ ചില്ലറ സാമര്‍ത്ഥ്യം പോരല്ലോ.. അമ്പമ്പോ.. എന്തൊരു കിഡ്നി.

ഇനി മര്യാദക്ക് ജീവിച്ചു പോകണമെങ്കില്‍ ഷാരൂഖ്‌ ഖാന്‍ രണ്ടാലൊന്ന് തീരുമാനിക്കണം. മേലാല്‍ അമേരിക്കയില്‍ പോകാതിരിക്കുക, അല്ലേല്‍ പേര് മാറ്റുക. ഷാരൂഖ്‌ ഷെട്ടി, ഷാരൂഖ്‌ കപൂര്‍, ഷാരൂഖ്‌ കപാഡിയ, ഷാരൂഖ്‌ ദേവഗണ്‍, ഷാരൂഖ്‌ കെ നായര്‍,
ഷാരൂഖ്‌ തോട്ടുങ്കല്‍ .. ഇതില്‍ ഏത് തിരഞ്ഞെടുത്താലും കുഴപ്പമില്ല. അങ്ങനെയാണ് എന്റെ ചിന്ത പോയത്. പക്ഷെ പുള്ളി നേരെ തല തിരിച്ചാണ് കാര്യങ്ങള്‍ കാണുന്നത്. പേര് മാറ്റുന്നില്ലെന്ന് മാത്രമല്ല , അതൊന്നു കൂടി സിമന്റിട്ട്‌ ഉറപ്പിക്കാന്‍ പോവുകയുമാണത്രേ. അടുത്ത പടത്തിന് പേരിട്ടു കഴിഞ്ഞു My name is Khan !!!.. ഷൂട്ടിംഗ് അങ്ങ് അമേരിക്കയിലും..!!! ഷാരൂഖാരാ മോന്‍ ?..

August 18, 2009

യു പി എ സര്‍ക്കാരിനോട് പ്രവാസികള്‍ക്ക് പറയാനുള്ളത്.

ഈ ലക്കം സൗദി ടൈംസില്‍ പ്രസിദ്ധീകരിച്ചത് (August 2009). ഒരു പ്രവാസി ആയതിനാല്‍ എനിക്ക് പറയാനുള്ളത് ഞാന്‍ പറഞ്ഞു എന്ന് മാത്രം. സോണിയാജിയുടെയും വയലാര്‍ രവി ചേട്ടന്റെയും സുഹൃത്തുക്കള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഒരു കാരണവശാലും ഇത് അവരുടെ കയ്യില്‍ എത്തിക്കരുത്!!.. (പിന്നെ എന്തിനെഴുതുന്നു ഇതൊക്കെ എന്ന് ചോദിച്ചാല്‍ പഴമൊഴിയില്‍ പറയുന്ന പോലെ ... കരഞ്ഞു തീര്‍ക്കാന്‍...)


August 16, 2009

പന്നിപ്പനി അഥവാ ഗുഡ് ഫ്രൈഡേ

കുട്ടികളെ ഇങ്ങനെയൊക്കെ പഠിപ്പിച്ചാല്‍ പന്നിപ്പനിയല്ല അതിലപ്പുറവും വരും.

പേരിലെ ഗുലുമാല്..

പന്നിപ്പനി എന്ന് മലയാളത്തില്‍ പറയുമ്പോള്‍ കേള്‍ക്കാനും പറയാനും ഒരു സുഖമുണ്ട്. H1N1 എന്ന് പറയാന്‍ നാവു വടിക്കുന്നവരും വടിക്കാത്തവരും ഒരുപോലെ കുഴയും.. ആരാണാവോ ഈ പേരിട്ടത്?. ഇംഗ്ലീഷില്‍ Pig Flu എന്ന് പറഞ്ഞാല്‍ എത്ര സിമ്പിള്‍ ആയിരുന്നു. പക്ഷെ കൊന്നാലും സായിപ്പ് Swine Flu എന്നെ പറയൂ. Swine എന്നാല്‍ പന്നി എന്ന് ഡിക്ഷ്ണറിയില്‍ അര്ത്ഥം കാണുമായിരിക്കും. എന്നാലും Pig എന്ന് പറയുന്നതിന്റെ ഒരു സുഖമുണ്ടോ..

പന്നിയെ തിന്നുന്ന സായിപ്പില്‍ നിന്നാണ് ഈ രോഗം വന്നതെന്നത് മറച്ചു വെക്കാനുള്ള ഒരു കളിയാണോ H1N1 എന്ന ഈ പേര് ?.. ഒരു സി ബി ഐ അന്വേഷണത്തിനു വകുപ്പുണ്ട്‌. അഭയയും ലാവ്ളിനുമൊന്നും ഈ മണ്ടന്മാര്‍ക്കു കണ്ടെത്താന്‍ കഴിയില്ല. ഡിക്ഷ്ണറി നോക്കി കളിക്കുന്ന ചെറുകിട പരിപാടികള്‍ അവരെക്കൊണ്ടു പറ്റും. ദുഃഖ വെള്ളിയെ ഗുഡ് ഫ്രൈഡേ എന്നാക്കിയത് പോലെ പലപ്പോഴും വിവരമില്ലാത്ത കളികള്‍ കളിക്കും സായിപ്പ്. ഭാഷ സായിപ്പിന്റെ സ്വന്തം ആണെങ്കിലും അത് ഉപയോഗിക്കുന്ന നമുക്കുമില്ലേ ചില അവകാശങ്ങള്‍ ? H1N1 എന്നതിന് പകരം Pig Flu എന്ന് പറഞ്ഞാല്‍ ആകാശം ഇടിഞ്ഞു വീഴുമോ ?.

August 15, 2009

ഫേസ്ബുക്കില്‍ ബിന്‍ ലാദിനും !!!

ഇനി അതിന്റെ ഒരു കുറവേ ഉള്ളൂ..!!.. ബാക്കി എന്താണ്ട് എല്ലാവരും ഫേസ്ബുക്കില്‍ എത്തിക്കഴിഞ്ഞു. അവസാനമായി എത്തിയത് ഹിസ്ബുള്ള നേതാവ് ഷെയ്ഖ്‌ ഹസ്സന്‍ നസ്റുള്ളയാണ്. നസ്റുള്ള ചില്ലരക്കാരനല്ല. അറബ് അധിനിവേശ ഭൂമികളില്‍ നിന്ന് ഇസ്രായീലിനെ തുരത്തിയോടിക്കാന്‍ രൂപം കൊണ്ട ലബനീസ് സായുധ വിപ്ലവ ഗ്രൂപ്പിന്റെ തലവനാണ് ഈ 49 കാരന്‍. 33 ദിവസം നീണ്ടു നിന്ന സായുധ പോരാട്ടത്തിലൂടെ ഹിസ്ബുള്ള ഇസ്രായേലിനെ വെള്ളം കുടിപ്പിച്ചത്‌ ഈയിടെയാണ്. ചിലര്‍ അദ്ദേഹത്തെ തീവ്രവാദി എന്ന് വിളിക്കുന്നു. മറ്റു ചിലര്‍ അധിനിവേശത്തിനെതിരായ ചെറുത്തുനില്പിന്റെ നായകനായി കാണുന്നു.

ഫേസ്ബുക്കില്‍ നിന്ന് അദ്ദേഹത്തെ ആട്ടിയോടിക്കണമെന്നാണ് ചിലരുടെ ആവശ്യം. ആവശ്യപ്പെടുന്നത് ആണ്ടിയോ ചാണ്ടിയോ അല്ല. ഇസ്രായേലിന്റെ മുന്‍ ആഭ്യന്തര സുരക്ഷ മന്ത്രി എവി ഡിക്ച്ചര്‍ ആണ്. ഡിക്ച്ചര്‍ ആയാലും ബുച്ചര്‍ ആയാലും ഈ ആവശ്യം അന്യായമാണ് എന്നാണു എന്റെ അഭിപ്രായം. എനിക്കും നിങ്ങള്‍ക്കും ഫേസ്ബുക്കില്‍ അംഗം ആകാമെങ്കില്‍ നസ്റുള്ളക്കും ആകാം. എന്തിനധികം ബിന്‍ ലാദനു വേണമെങ്കില്‍ അയാള്‍ക്കും ആവാം. (പുള്ളി ജീവിചിരുപ്പുണ്ടോ എന്തോ.. ? ഇല്ലേല്‍ അത്രയും നല്ലത്..) അവരെയൊക്കെ ഫ്രണ്ട്സ് ആക്കി കൂടെ കൂട്ടണമോ എന്ന് തീരുമാനിക്കാന്‍ എനിക്കും നിങ്ങള്‍ക്കും അവകാശമുണ്ട്‌.

നസ്റുള്ള ഫേസ്ബുക്കില്‍ കയറിയിട്ട് കുറച്ചു നാളുകളെ ആയിട്ടുള്ളൂ. ഇസ്രായെലുകാരുടെ പ്രതിഷേധം കാരണം പുള്ളിക്ക് നല്ല ഹിറ്റ് കിട്ടി. നസ്റുള്ളയുടെ മുഖപ്പുസ്തകം നീക്കം ചെയ്യണം എന്ന് ആവശ്യപ്പെട്ടു ബുച്ചറുടെ കാഡിമ പാര്‍ടി ഒരു ലക്ഷം ട്വിട്ടര്‍ സന്ദേശങ്ങളാണ് ഇതിനകം അയച്ചത്. ആ പേജ് പൂട്ടി എന്ന് പറഞ്ഞു അവര്‍ വാര്‍ത്ത സന്ദേശങ്ങളും പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇത് എഴുതുന്ന വരെയും സംഗതി നെറ്റിലുണ്ട്. ഹമാസ് നേതാവ് ഇസ്മായീല്‍ ഹനിയ്യാക്ക് ഡെഡിക്കേറ്റ് ചെയ്ത ഒരു പേജ് ഫേസ് ബുക്കുകാര്‍ നീക്കം ചെയ്തിരുന്നു. നസ്റുള്ളയുടെ പേജിന്റെ ഗതി എന്താകുമോ ആവോ?.. നസ്റുള്ളയുടെ മുഖത്ത് ഉമ്മ കൊടുക്കാന്‍ ലെബാനോനിലെ പുള്ളാരും കാര്‍ക്കിച്ചു തുപ്പാന്‍ ജൂതന്മാരും മത്സരിക്കുകയാണ്. "God Bless You, our leader" എന്ന് ചിലര്‍.. "Burn in hell, you killer" എന്ന് മറ്റു ചിലര്‍ !! നിങ്ങള്‍ എന്ത് പറയുന്നു ?

August 13, 2009

അഴീക്കോടിനെ തൊട്ടാല്‍ തൊട്ടവനെ തട്ടും

അഴീക്കോട് മാഷിന്റെ കഷ്ടകാലം തുടങ്ങിയെന്നു തോന്നുന്നു. മാഷിന്റെ മൊത്തം സംരക്ഷണം പിണറായി സഖാവ് ഏറ്റെടുത്ത് കഴിഞ്ഞു. !! അഴീക്കോടിനെ തൊട്ടാല്‍ തൊട്ടവനെ തട്ടും എന്ന മട്ടിലാണ് ഇന്നലെ അങ്ങ് ദുഫായിയില്‍ ലാവ്ലിന്‍ സഖാവ് പ്രസംഗിച്ചത്. "അഴീക്കോടിനെതിരെ സിണ്ടിക്കെറ്റുകാര്‍ വലയെറിഞ്ഞിട്ടുണ്ട്. അവര്‍ക്ക് വിദേശ ഫണ്ടുണ്ട്.. (സീ ഐ എ,മോസ്സാദ്‌,കെ ജി ബി തുടങ്ങി സീ ആര്‍ നീലകണ്ഠന്‍ വരെയുള്ളവരുടെ ഫണ്ട്!. ) സത്യം ചങ്കുറപ്പോടെ വിളിച്ചു പറയാന്‍ (ചിലത് വിളിച്ചു പറയാതിരിക്കാനും, ഏത് !!) അഴീക്കോടിനെപ്പോലൊരു ചുണക്കുട്ടി കേരളത്തില്‍ ജനിച്ചിട്ടില്ല, ഇനി ജനിക്കുകയുമില്ല, അങ്ങേരുടെ ദേഹത്ത് ഒരു തരി മണ്ണ് വീഴാതെ നോക്കാന്‍ കേരളത്തില്‍ ആണ്‍കുട്ടികളുണ്ട്" എന്നിങ്ങനെ ലാവ്ലിന്‍ സഖാവിന്റെ പ്രസംഗം കത്തിക്കയറി അങ്ങ് അറ്റ്ലാന്റിക്കിന്റെ അടിത്തട്ട് വരെയെത്തി.

സമീപ കാലത്ത് ലാവ്ലിന്‍ സഖാവിന്റെ സംരക്ഷണം കിട്ടുന്ന മൂന്നാമത്തെയാളാണ് അഴീക്കൊടണ്ണന്‍‍. ആദ്യത്തെയാള്‍ കെ മുരളീധരനാണ്. കെ പീ സീ സി പ്രസിഡന്റ്‌ സ്ഥാനത്തിരുന്ന കക്ഷിയെ ചോരചെങ്കൊടി പാറിച്ച ജീപ്പില്‍ ആദ്യമായി കയറ്റിയിരുത്തി സംരക്ഷണം കൊടുത്തത് ലാവ്ലിന്‍ ഏട്ടനാണ്. സഖാവിന്റെ സംരക്ഷണം കിട്ടിയ രണ്ടാമത്തെ ഭാഗ്യവാന്‍ നമ്മുടെ മഅദനി ഉസ്താദ് ആണ്. തീവ്രവാദി എന്ന ലേബലില്‍ സുഖമായി കഴിഞ്ഞു കൂടുകയായിരുന്ന ഉസ്താദിനെ മതേതരവാദിയുടെ കുപ്പായം തുന്നിച്ചു അതിനുള്ളില്‍ ഇറക്കിയിരുതിയതും ലാവ്ലിന്‍ സഖാവ് ഒരാളുടെ മനസ്സലിവുകൊണ്ടാണ്.

സഖാവിന്റെ സംരക്ഷണം ലഭിക്കുന്ന ഇസെഡ്‌ കേറ്റഗരിയിലെ മൂന്നാമനായാണ് അഴീക്കൊടണ്ണന്‍ എത്തുന്നത്‌. തലതല്ലി ചിരിക്കാന്‍ വരട്ടെ, നാടകം തുടങ്ങുന്നതെയുള്ളൂ.

അല്ലേലും അഴീക്കൊടണ്ണന് ഈ വയസ്സ് കാലത്ത് ആരുടെയെങ്കിലും സംരക്ഷണം കൂടാതെ കഴിയില്ല. പെണ്ണോ പിടക്കൊഴിയോ ഏതായാലും ഇല്ല. വടക്ക് ടീ പദ്മനാഭന്‍ മുതല്‍ അനന്തപുരിയില്‍ സാക്ഷാല്‍ പദ്മനാഭസ്വാമി വരെ ശത്രുക്കളുടെ ഒരു നീണ്ട നിരയാണുള്ളത്. കേട്ടിടത്തോളം ലാവ്ലിന്‍ അണ്ണന്‍ മാത്രമാണ് മിത്രങ്ങളുടെ പട്ടികയില്‍ ഇപ്പോള്‍ ഉള്ളത്.

വെള്ളാപ്പള്ളി നടേശന്റെ ഭീഷണിയുള്ളതിനാല്‍ പൊതുപരിപാടിക്ക് ഇപ്പോള്‍ ആരും വിളിക്കുന്നില്ല. ഇനി വിളിച്ചാല്‍ തന്നെ പണ്ടത്തെ പോലെ ടാക്സിക്കൂലിയും കവറും കൊടുക്കുന്നുമില്ല. ഇതിനൊക്കെപ്പുറമേ ഈയടുത്ത കാലത്തായി നാക്കില്‍ നിന്ന് വരുന്നതെല്ലാം 'അഴിക്കൂട്ടില്‍' കിടത്താന്‍ പറ്റിയ ഉരുപ്പടികളാണ്. മുഖ്യമന്ത്രി കൂട്ടില്‍ കാഷ്ഠിക്കുന്നു എന്ന് ആദ്യം.. ഫോണില്‍ വിളിച്ചു മാപ്പ് പറഞ്ഞു എന്ന് പിന്നീട്. അവസാനം കുതിര കയറിയത് മരിച്ചുപോയ കമല സുരയ്യയുടെ കബറിന് നേരെ. അത് പാളയത്തല്ല കോഴിക്കോടാണ് വേണ്ടിയിരുന്നത് എന്ന്. മാത്രമല്ല തന്നോടു ചോദിക്കാതെ ഇസ്ലാം വിശ്വസിച്ചത് ഒട്ടും ശരിയായില്ല എന്നും..

വേണം.. വേണം.. മാഷ്‌ക്കൊരു സംരക്ഷകന്റെ അത്യാവശ്യം ഉണ്ട്. അത് നല്‍കാന്‍ ഏറ്റവും പറ്റിയ കക്ഷി ലാവ്ലിന്‍ സഖാവ് തന്നെയാണ്.. അര്‍ഥം ചോദിക്കില്ല എന്ന് ഉറപ്പു തരുകയാണെങ്കില്‍ ഒരു ശ്ലോകം ചൊല്ലി അവസാനിപ്പിക്കാം

ഒരുത്തരെക്കൊണ്ടു പകാരമില്ലെ -
ന്നൊരിക്കലും തോഴി നിനയ്ക്കൊലാ കാണ്‍ -
ഉരുട്ടി വെയ്ക്കും പിതൃ പിണ്ഡംമുണ്മാ -
നൊരിക്കലക്കാകനെ വേണമല്ലോ..

August 12, 2009

ഇന്‍ശാ അല്ലാഹ്, ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്‌ അസറിന് ശേഷം നാലാമത്തെ പ്ലാറ്റ്ഫോമില്‍ എത്തും

കാസര്‍ക്കോട് മുതല്‍ തിരുവനന്തപുരം വരെ ട്രെയിനില്‍ സഞ്ചരിച്ച് കേന്ദ്ര മന്ത്രി ഇ അഹമ്മദ്‌ ചരിത്രം രചിക്കുകയാണ്. കേരളത്തിന്റെ റെയില്‍വേ പ്രശ്നങ്ങള്‍ പഠിക്കുകയാണ് ഉദ്ദേശം. വളരെ നല്ല കാര്യം. ഒരാഴ്ച കൊണ്ട് മന്ത്രി അതെല്ലാം പഠിച്ചു കഴിയും. അത് കഴിഞ്ഞാല്‍ അഹമ്മദ്‌ സാഹിബ്‌ എന്ത് ചെയ്യുന്നുവെന്നു ജനങ്ങള്‍ പഠനം തുടങ്ങും. വിദേശ കാര്യ സഹ മന്ത്രിയായുള്ള ഇ അഹമ്മദിന്റെ ട്രാക്ക്‌ റെക്കോര്ഡ് വളരെ മെച്ചപ്പെട്ടതാണ്. റെയില്‍വേ ഇ അഹമ്മദിന്റെ വാട്ടര്‍ ലൂ ആകുമോ അതോ പച്ചക്കൊടി പാറുന്ന വിജയ ഭൂമി ആകുമോ എന്ന് കാത്തിരുന്നു കാണാം.

ഇന്നത്തെ വര്‍ത്തമാനം പത്രത്തില്‍ കെ എം റഹ്മാന്‍ എഴുതിയ ലേഖനമാണ് ഇതോടോപ്പമുള്ളത്. "
ഇന്‍ശാ അല്ലാഹ്, ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്‌ അസറിന് ശേഷം നാലാമത്തെ പ്ലാറ്റ്ഫോമില്‍ എത്തും"

August 11, 2009

വയലാര്‍ജി പറഞ്ഞാല്‍ പറഞ്ഞതാ..
വയലാര്‍ രവിയെ പോലെ നല്ലൊരു മന്ത്രിയില്ല. വാക്ക് പറഞ്ഞാല്‍ വാക്കാണ്‌. അത് മാറ്റി പറയില്ല. 2006 ജനുവരിയില്‍ സര്‍ദാര്‍ജിയുടെ ആദ്യ മന്ത്രി സഭയില്‍ പ്രവാസി കാര്യ മന്ത്രിയായി ചുമതലേയേറ്റ ഉടനെ നടത്തിയ പത്രസമ്മേളനത്തില്‍ മന്ത്രി ഒരു കാച്ചങ്ങു കാച്ചി.. പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കും.

ഒന്നും മറക്കുന്ന കൂട്ടത്തിലല്ല വയലാര്‍ജി. ഏതാണ്ട് മൂന്നര വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നലെയും അദ്ദേഹം അത് തന്നെ പറഞ്ഞു. ദൈവകൃപയുണ്ടായാല്‍ 2014 ല്‍ വരുന്ന രാഹുല്‍ ഗാന്ധി മന്ത്രിസഭയിലും രവിയേട്ടന്‍ പ്രവാസി മന്ത്രിയാവും (ഈ വകുപ്പ് നോക്കാന്‍ ഇത് പോലൊരു യോഗ്യന്‍ വേറെയാരുണ്ട്?) അന്നും നമ്മുടെ രവിജി ഇത് തന്നെ പറയും, ബിക്കോസ്.. യു നോ.., പുള്ളിക്ക് നല്ല ഓര്‍മശക്തിയാ.. മന്ത്രിമാരായാല്‍ ഇങ്ങനെ വേണം. കൊന്നാലും വാക്ക് മാറ്റി പറയരുത്.

August 10, 2009

നൈജീരിയന്‍ ഈമെയിലും മലയാളിപൊട്ടനും

നൈജീരിയക്കാരന്റെ ഇമെയില്‍ കണ്ടു ബര്‍കിനോഫാസയിലേക്ക് നാല്പതു ലക്ഷം അയച്ചു കൊടുത്തു ഒരു മലയാളി പൊട്ടന്‍. മലയാളികളില്‍ ഇത്തരം പോഴത്തക്കാര്‍ ഉണ്ടാവില്ല എന്നായിരുന്നു എന്റെ ധാരണ. പീ കെ ഷെരീഫ്‌ അത് തെറ്റാണെന്ന് തെളിയിച്ചു. ആള്‍ പൊട്ടനാണെങ്കിലും പോലീസില്‍ പരാതി പറയാനുള്ള ധൈര്യം കാണിച്ചു. പ്രതിയെ പിടിക്കാനുള്ള മിടുക്ക് നമ്മുടെ പോലീസും കാട്ടി. ആഫ്രിക്കയില്‍ നിന്നും ചുളുവിനു കാശടിച്ചു കോടീശ്വരന്‍ ആയിക്കളയാമെന്ന് മോഹിച്ചാണ് ഈ 'എന്‍ ആര്‍ ഐ മലയാലി' കാശ് കൊടുത്തത്. ഇത്തരക്കാരുടെ കാശ് പോകുന്നതില്‍ എനിക്ക് പെരുത്ത്‌ സന്തോഷമാണ്. പോയാലേ ഇവറ്റകള്‍ പഠിക്കൂ..

August 9, 2009

ബ്ലോഗ്‌ അടിച്ചു മാറ്റല്‍, മലബാരി സ്റ്റൈല്‍.

ബ്ലോഗ്‌ അടിച്ചു മാറ്റുന്നതില്‍ വിദഗ്ധരായവര്‍ ഏറെയാണ്‌. സ്വന്തമായി ഒരക്ഷരം എഴുതാന്‍ കഴിയാത്ത വഷളന്മാര്‍ അന്യന്റെ ബ്ലോഗില്‍ കയറി മോഷ്ടിച്ച് അവ സ്വന്തം പേരില്‍ കാച്ചും. അതില്‍ ഒരുവനാണ് മലബാരി.ഇന്‍ എന്ന മാന്യ ദേഹവും. ഈ മാന്യന്റെ സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ചില പേജുകളാണ് മുകളില്‍. ലവന്‍ ചില്ലറ മോഷ്ടാവല്ല, എന്റെ ബ്ലോഗിലെ മൂന്നു പോസ്റ്റുകളാണ് ഒറ്റയടിക്ക് അടിച്ചു മാറ്റി സ്വന്തം പേരില്‍ കാച്ചിയിരിക്കുന്നത്. (മെസ്സെഞ്ചര്‍ !!! എന്നാണു സ്വയം വിളിക്കുന്നത്‌.. നല്ല ഒന്നാന്തരം ‍'മേഷന്ച്ചര്‍' തന്നെ)

അടിച്ചു മാറ്റിയ പോസ്റ്റുകള്‍ ഇവയാണ്.
ഇവനല്ലേ പുലി
കോംപ്ലാന്‍ കൊടുക്കാന്‍ മറക്കല്ലേ
ദേശാടനപ്പക്ഷികളുടെ ഇഷ്ട ഗ്രാമം

ഇവനെയൊക്കെ മലബാരി എന്ന് വിളിക്കണമോ അതോ
മ......രി എന്ന് വിളിക്കണമോ എന്ന് എനിക്കറിയില്ല. എന്താണ് വേണ്ടതെന്ന് വെച്ചാല്‍ ഉചിതം പോലെ വിളിക്കാം ..

August 8, 2009

ഒബാമക്ക് മുരളീധരന്റെ കത്ത്.

ഒബാമച്ചേട്ടന്, സുഖം തന്നെയല്ലേ... ചേട്ടാ എന്ന് വിളിക്കുന്നത്‌ സ്നേഹക്കൂടുതല്‍ കൊണ്ടാണ്. ഈ കത്ത് കിട്ടിയാല്‍ എന്റെ കാര്യത്തില്‍ ചേട്ടന്‍ എന്തെകിലും ഒരു തീരുമാനം ഉണ്ടാക്കി തരണം. ഇല്ലത്ത് നിന്ന് പുറപ്പെട്ടു അമ്മാത്തെത്തിയതുമില്ല എന്ന് അര്‍ഥം ഉള്ള പഴഞ്ചൊല്ല് അമേരിക്കയില്‍ ഉണ്ടോ ആവോ.. ഇല്ലെങ്കില്‍ ഒന്ന് ഉടനെ ഉണ്ടാക്കണം. ഹാര്‍വാര്‍ഡുകാരോട് പറഞ്ഞാല്‍ മതിയല്ലോ. പേറ്റന്റ് ഞാന്‍ കൊടുക്കാം.

ഇന്നലത്തെ കോ പീ ടീ സീയുടെ തീരുമാനം അറിഞ്ഞു കാണുമല്ലോ. ഇന്ത്യവിഷന്‍ ആണ് താങ്കള്‍ സ്ഥിരമായി കാണുന്ന ചാനല്‍ എന്ന് നികേഷ്‌ പറഞ്ഞിരുന്നു. അപ്പോള്‍ അറിയാതിരിക്കാന്‍ വഴിയില്ല. പീഞ്ഞരായികെതിരെ പോസ്റ്റര്‍ ഒട്ടിക്കാനും ലോക്കല്‍ കമ്മറ്റികളില്‍ പീയെസ്സിന് ആളെ കൂട്ടാനും സീഅയ്യേക്കാരെ താങ്കള്‍ പറഞ്ഞു വിട്ടുരുന്നുവല്ലോ.. അവരാ പണിയൊക്കെ ഭംഗിയായി ചെയ്തു ഇപ്പോള്‍ ഇവിടെ വെറുതെ ഇരിക്കുകയാണ്. അവരുടെ സഹായം എനിക്കിപ്പോള്‍ അത്യാവശ്യമാണ്. മൂന്നു പേരെ അത്യാവശ്യമായി ഇരുട്ടടി അടിക്കണം. എന്‍ എന്‍ കൊസ്സന്‍ , കൂര്യാടന്‍ ഹൈട്രൂസ്, മൂന്നാമത്തെവളുടെ പേര് ഞാന്‍ എസ്സെമ്മെസ് വിടാം. ഇവിടെ എഴുതിയാല്‍ കുടുംബ വഴക്കാവും.

ഇരുട്ടടി അടിക്കേണ്ട വേറെയും കുറച്ചു പേരുണ്ട്. അവരുടെ ലിസ്റ്റ് ഞാന്‍ ഉണ്ടാക്കികൊണ്ടിരിക്കുകയാണ്. തീരുന്ന മുറയ്ക്ക് അതും അയച്ചു തരാം. നുക്ലിയര്‍ വിഷയത്തില്‍ ഞങ്ങളുടെ സര്‍ദാര്‍ജിയോടും മേഡത്തോടും ചേട്ടന് വളരെ അടുപ്പമാണല്ലോ ‍. എന്റെ കാര്യത്തില്‍ ഒരു തീരുമാനമെടുക്കാന്‍ ഉടന്‍ വിളിച്ചു പറയണം. നിങ്ങള്‍ വിളിച്ചു പറഞ്ഞാല്‍ പിന്നെ ഒരു കോ പീ ടീ സീയും കമാന്ന് മിണ്ടില്ല. ലോകമ്മാണ്ടില്‍ എനിക്ക് ഒട്ടും വിശ്വാസം ഇല്ല. അലൂമിനിയം ഫോയിലില്‍ കോണകം ഉണ്ടാക്കിയ പരട്ട നാറികളാണ് അവിടെയുള്ളത്. എങ്ങിനെയെങ്കിലും ഒന്ന് ഉള്ളില്‍ കടന്നു കിട്ടിയിട്ട് വേണം അവന്മാരെയൊക്കെ കുളിപ്പിച്ച് കിടത്താന്‍‍. ചേട്ടന്‍ എന്നെ സഹായിച്ചേ പറ്റൂ..

അവസാനമായി ഒരു വാക്ക് .. എന്റെ നാവിനു ഗുളികന്റെ അസുഖമുണ്ട്. അതുകൊണ്ട് സംഗതികള്‍ എല്ലാം പെട്ടെന്ന് ചെയ്യണം. എന്തേലും ഉടന്‍ ചെയ്തില്ലെങ്കില്‍ എന്റെ തനി സ്വഭാവം ചേട്ടനും കാണേണ്ടി വരും. ഞാന്‍ ആളല്പം പിശകാ.. പറഞ്ഞില്ലാന്നു വേണ്ട.

എന്ന് സ്വന്തം
പീ ടീ മുരളീധരന്‍

അനോണികളെ,, ആത്മഹത്യ ചെയ്യുവിന്‍..

അനോണിക്കുഞ്ഞുങ്ങള്‍ കമന്റ്‌ കോളത്തില്‍ ഒന്നും രണ്ടും നടത്തി വൃത്തി കേടാക്കുന്നത് കൊണ്ട് ഇന്ന് മുതല്‍ ആ ഓപ്ഷന്‍ എടുത്തു കളയുകയാണ്. (ഇവിടെ നോക്കിയാല്‍ അതൊക്കെ കാണാം. ) 'സംസ്കൃതം' വല്ലാതെ കടന്നു വന്ന ചിലത് ഞാന്‍ തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. ഗൂഗിള്‍ അപ്പൂപ്പന്‍ ഡിലീറ്റ് ഓപ്ഷന്‍ വെച്ചില്ലെങ്കില്‍ തെണ്ടിപ്പോയേനെ.

വല്ലതും പറയാനുണ്ടെങ്കില്‍ സ്വന്തം പേരും തറവാടും (ഇമെയില്‍) എഴുതി ആണുങ്ങളെപ്പോലെ (ഇനി പെണ്ണാണെങ്കില്‍ പെണ്ണുങ്ങളെപ്പോലെ) അങ്ങ് കാച്ച്.. ഒരു കൈ നോക്കാന്‍ ഞാനും റെഡി.

ബെര്‍ളിയെ ചീത്ത വിളിക്കണമെങ്കില്‍ അതെന്റെ ബ്ലോഗിന്റെ ചിലവില്‍ വേണ്ട.. അത് അങ്ങേരുടെ ബ്ലോഗില്‍ തന്നെ പോയി നടത്തണം. ബെര്‍ളിക്കുള്ളത് വഴിയെ വരുന്നുണ്ട്.!!!..(അത് ഇതുപോലുള്ള അലമ്പ് കേസാവില്ല., മാന്യമായ ചില കൊടുക്കല്‍ വാങ്ങലുകള്‍ മാത്രം.. )

August 6, 2009

ഛെ! ബെര്‍ളി തിരിച്ചു വന്നു

ബെര്‍ളിയുടെ ആപ്പീസ് പൂട്ടി എന്ന് കരുതി ഒരു ഉത്സവ കമ്മറ്റിയുണ്ടാക്കി ആഘോഷിക്കാനുള്ള പുറപ്പാടിലായിരുന്നു ഞങ്ങള്‍. എല്ലാ സെറ്റപ്പും ചെയ്തു പടക്കത്തിനും ഓര്‍ഡര്‍ കൊടുത്തു.. ഇത് ഒരു മാതിരി കൊലച്ചതി ആയിപ്പോയി ബെര്‍ളീ.. കൊതിപ്പിച്ചു നിര്‍ത്തിയിട്ട്‌, ഛെ.. ഒരാഴ്ചെയ്ന്കിലും സമയം തരണമായിരുന്നു.

ബ്ലോഗില്‍ നായകളെ കണ്ട ഉടനെ അത് മാലോകരെ അറിയിക്കാന്‍ ഞാന്‍ നേരത്തെ ഒരു പോസ്റ്റ്‌ കാച്ചിയിരുന്നല്ലോ. ബെര്‍ളിയുടെ ബ്ലോഗില്‍ കള്ളന്‍ കയറി ഹമ്മോ.. എന്തൊരു പുകിലായിരുന്നു പിന്നീട്. എന്റെ ബ്ലോഗ്‌ കിടന്നങ്ങ് കത്തിപ്പോയി.

പലരും ചതിയന്‍ ചന്തുവായി കൊലവിളി നടത്തി. ചിലര്‍ പടവെട്ടി ചത്തു.. മറ്റു ചിലര്‍ പന്നിപ്പനിയുടെ ഗുളിക കഴിച്ച് ആത്മഹത്യ ചെയ്തു. അത് കൊണ്ടും അരിശം തീരാഞ്ഞ ചില ലവന്മാര്‍ എന്റെ ബ്ലോഗിന്റെയും പരിപ്പെടുക്കുമെന്നു പറഞ്ഞു. അതിനു മാത്രം ഞാനെന്തോ ചെയ്തെന്നാ..

ഞാന്‍ കരുതിയത്‌ ഭൂമിയില്‍ ഏറ്റവും കൂടുതല്‍ സുഹൃത്തുക്കള്‍ ഉള്ളത് ജോര്‍ജ് ബുഷിനും കെ മുരളീധരനും ആണെന്നാണ്‌. ഇപ്പൊ മനസ്സിലായി ബെര്‍ളിയെക്കഴിഞ്ഞിട്ടെ ഉള്ളൂ അവരൊക്കെ..

August 5, 2009

ബെര്‍ളിയുടെ ബ്ലോഗില്‍ കള്ളന്‍ കയറി

ബെര്‍ളിയുടെ ബ്ലോഗില്‍ കള്ളന്‍ കയറി.
www.berlytharangal.com

ഇപ്പോള്‍ വരുന്നത് ഏതോ നായകളുടെ സൈറ്റാണ്.
ഇത് ഒരു മാതിരി തൂറി തോല്‍പ്പിക്കുന്ന പരിപാടിയായി പോയി.
കാര്യം ബെര്‍ളിയോട് അസൂയയും കുശുമ്പും ഉള്ളവര്‍ ഏറെയുണ്ടാവാം.
ഞാനും ചില പ്രതികരണങ്ങള്‍ നടത്തിയിട്ടുണ്ട്. അതിവിടെയുണ്ട്
ഇനിയും നടത്തും.
അതാണ്‌ ആണുങ്ങള്‍ക്ക് ചേര്‍ന്ന പണി.

ഈ പണി ചെയ്തത് ആരായാലും തികഞ്ഞ ചെറ്റത്തരം ആണ്.

മ്യാവൂ:- ബെര്‍ളിയുമായി ഈമെയിലില്‍ ബന്ധപ്പെട്ടിരുന്നു. ബ്ലോഗിന്റെ മരണം ബെര്‍ളി സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ വിവരങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ജാഗ്രതൈ..

updates from berly.
3) # berlythomas ഇതു ഹാക്ക് ചെയ്തതാണെന്ന അവകാശവാദം പലരും ഉന്നയിക്കുന്നുണ്ട്. എന്തോ ഡിഎന്‍എസ് തകരാറാണ്. രണ്ടു മൂന്നു ദിവസം വെയ്‍റ്റ് ചെയ്യേണ്ടി വരും.4 minutes ago from web

2) Berly Thomas
berlythomas ഇനി ട്വിറ്ററും ആരെങ്കിലും ഹാക്ക് ചെയ്യുമോ ആവോ ? എന്‍റെയൊരു കാര്യം. ഞാന്‍ ശരിക്കും ഇപ്പേഴാണല്ലേ ഒരു സംഭവമായത് ? എനിക്കു ഗുളിരു ഗോരുന്നു..12 minutes ago from web

1) Berly Thomas
berlythomas ബ്ലോഗ് ഹാക്കര്‍മാര്‍ കൊണ്ടുപോയി. ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു.ഏതു മാര്‍ഗണം വേണമെന്നാ ആലോചിക്കുന്നത്. നിങ്ങള്‍ പറയൂ..14 minutes ago from web

August 3, 2009

ഡൌണ്‍ലോഡ് ചെയ്തോളൂ, ഡൌണ്‍ ആകാതെ നോക്കണം

വാഴത്തോട്ടത്തില്‍ മദയാന കയറിയ പോലെയാണ് നെറ്റില്‍ കയറിയാല്‍ പലരും. കാണുന്നിടത്തെല്ലാം ഞെക്കും. വേണ്ടതും വേണ്ടാത്തതും ഡൌണ്‍ലോഡ് ചെയ്യും. കോപ്പിറൈറ്റ് എന്നാല്‍ മാങ്ങാതൊലി അല്ലെങ്കില്‍ തേങ്ങാക്കുല എന്ന മട്ട് . ഫോട്ടോയില്‍ കാണുന്ന ഈ കോമള കുമാരന്‍ (ജോള്‍ ടെനന്‍ബോം - ബോസ്ടന്‍ യൂനിവേര്സിടിയിലെ ഡിഗ്രി വിദ്യാര്‍ഥി) ചിരിക്കുന്ന ചിരി കണ്ടില്ലേ.. അണ്ടി പോയ അണ്ണാന്റെ ചിരിയാണിത്. ഇന്നലെ ബോസ്ടനിലെ കോടതി ഈ പയ്യന് പിഴയായി വിധിച്ചത് ആറേ മുക്കാല്‍ ലക്ഷം ഡോളര്‍ (വെറും മൂന്നേ കാല്‍ കോടി രൂപ).

ചെയ്ത കുറ്റം ഇത്ര മാത്രം, ഒരു സൈറ്റില്‍ കയറി ക്ലിക്കി ക്ലിക്കി അല്‍പ നേരം കളിച്ചു. ചില സൂത്ര വിദ്യകള്‍ നടത്തി മുപ്പതു പാട്ടുകള്‍ ഡൌണ്‍ ലോഡ് ചെയ്തു. കാശൊന്നും മുടക്കിയില്ല എന്ന് പ്രത്യേകം പറയേണ്ടല്ലോ. കോപ്പിറൈറ്റ് നേരത്തെ പറഞ്ഞ മാങ്ങാതൊലി അല്ലെങ്കില്‍ തേങ്ങാക്കുല. പിന്നെ ചെയ്തത് നമ്മളെല്ലാവരും പതിവായി ചെയ്യുന്ന കാര്യം. സുഹൃത്തുക്കള്‍ക്കൊക്കെ ഫോര്‍വേര്‍ഡ്. ധിം തരികിട തോം.. അതാ വരുന്നു കേസ് കെട്ട്. പിന്നെ ശ്രീനിവാസന്‍ പറഞ്ഞ പോലെ നോട്ടീസ്-കോടതി-വക്കീല്‍.... വക്കീല്‍-കോടതി-നോട്ടീസ്.. ഇന്നലെ വിധിയും വന്നു. അത് കേട്ട ഉടനെ ചിരിച്ച ചിരിയാണ് ഈ ചിരി. മൂന്നേ കാല്‍ കോടിയുടെ ചിരി. അപ്പോള്‍ നമ്മള്‍ പറഞ്ഞു വന്നത് ഡൌണ്‍ ലോഡ് ചെയ്യുമ്പോള്‍.. ... ആ .. അത് തന്നെ..

August 2, 2009

ഇനിയീ മുഖം ഓര്‍മയില്‍ സൂക്ഷിക്കാം

സയ്യിദ്‌ മുഹമ്മദലി
ശിഹാബ്‌ തങ്ങള്‍
(04-05-1936) - (01-08-2009)

ചരിത്രത്തോടൊപ്പം നടന്ന്,
ചരിത്രത്തെ തിരുത്തി,
ഒടുവില്‍ ചരിത്രത്തിലേക്ക് വഴി മാറി..


എല്ലാ തീരുമാനങ്ങളും തങ്ങള്‍ എടുത്തു.
ഇത് അവസാനത്തെ തീരുമാനം.
അത് ദൈവത്തിന്റെത്.

പ്രാര്‍ഥനകളോടെ..

August 1, 2009

ഇവനല്ലേ പുലി ..

അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളെയും നാസയേയും വിറപ്പിച്ചു നിര്‍ത്തി ചരിത്രത്തിലെ ഏറ്റവും വലിയ കമ്പൂട്ടര്‍ ഹാക്കിംഗ് നടത്തിയ വിദ്വാനാണ് ഇത്. ഗാരി മക്‍കിനോണ്‍ എന്ന ഈ ബ്രിട്ടീഷ്‌ സായിപ്പിനെ അമേരിക്കക്ക് വിട്ടു കൊടുക്കരുത്‌ എന്ന് ആവശ്യപ്പെട്ടു ലണ്ടന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി ഇന്നലെ കോടതി തള്ളി. 56K ഡയല്‍ അപ്പ്‌ മോഡം ഉള്ള ഒരു ലൊട്ട് ലൊടുക്ക് കമ്പ്യൂട്ടര്‍ ഉപയോഗിച്ചാണ് 2002 ല്‍ യൂ എസ് ആര്‍മി ഹെഡ്ക്വാട്ടേഴ്സ് പെന്റഗണിലെ 2000 കമ്പ്യൂട്ടറുകളെയും അത് പോരാഞ്ഞു നാസയിലെ മുഴുവന്‍ കമ്പ്യൂട്ടറുകളെയും 24 മണിക്കൂര്‍ ഈ പുള്ളി ഷട്ട് ഡൌണ്‍ ആക്കിയത്.

ലോകം മുഴുവന്‍ വിറപ്പിച്ചു നിര്‍ത്തുന്ന ഇവന്മാരുടെ സാങ്കേതിക സംവിധാനങ്ങളൊക്കെ ഇത്രയേ ഉള്ളോ എന്നായിരിക്കും നിങ്ങളുടെ ചോദ്യം. ഞാന്‍ ആലോചിക്കുന്നത്‌ മറ്റൊന്നാണ്. കാളവണ്ടിയുടെ സ്പീഡ് പോലുമില്ലാത്ത ഒരു കമ്പ്യൂട്ടര്‍ ഉപയോഗിച്ചാണ് ഇയാള്‍ 2002 ല്‍ സകല പാസ്‌വേഡ്കളും പൊട്ടിച്ച് യൂ എസ് ആര്‍മിയുടെ സൈനിക രഹസ്യങ്ങളിലേക്ക് ഊളിയിട്ടു ഇറങ്ങിയത്‌. എങ്കില്‍ ബാങ്ക് അക്കൌണ്ടും ക്രെഡിറ്റ്കാര്‍ഡും ടെല്ലറും എന്ന് വേണ്ട സകല ഹൈട്ടെക്കും പോക്കറ്റിലിട്ടു നടക്കുന്ന നമ്മുടെ പാസ്‌വേഡിന്റെയൊക്കെ ഗതിയെന്താവും..? ഈശ്വരോ രക്ഷതി..


തമാശയതല്ല, അമേരിക്കന്‍ സൈനിക കേന്ദ്രങ്ങലുടെയും നാസയുടെയും കമ്പ്യൂട്ടറുകളില്‍ കക്ഷി പരതിയത് സൈനിക രഹസ്യങ്ങളോ കോഡ് ഭാഷയോ ഒന്നുമല്ല. പ്രപഞ്ചത്തില്‍ എവിടെയെല്ലാമോ ഉണ്ടെന്നു പറയുന്ന വിചിത്ര ജീവികളെക്കുറിച്ചുള്ള (ET) വല്ല വിവരവും ഇവന്മാര്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ടോ എന്നതാണത്രെ.. എപ്പടി കിഡ്നി.?..

അമേരിക്കന്‍ നിയമപ്രകാരം 70 വര്‍ഷം വരെ തടവുലഭിക്കാവുന്ന കുറ്റമാണത്രേ ഇയാള്‍ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ 43 വയസ്സുള്ള ഇയാളെ അമേരിക്കക്ക് കിട്ടിയാല്‍ 113 വയസ്സ് വരെ ജയിലില്‍ ഇടുമെന്നര്‍ത്ഥം. സംഗതിയുടെ പോക്ക് പന്തിയല്ലെന്ന് കണ്ട കക്ഷിയുടെ അമ്മ സാക്ഷാല്‍ പുളിക്കൊമ്പില്‍ തന്നെ കയറി പിടിച്ചിരിക്കുകയാണ് ഇപ്പോള്‍. ഇന്നലെ വിധി വന്ന ഉടനെ തന്നെ അമേരിക്കന്‍ പ്രസിടന്റിനു കമ്പിയടിച്ചു കാത്തിരിക്കുകയാണ് മദാമ്മ. എട്ടും പൊട്ടും തിരിയാത്ത തന്റെ പോന്നു മോനെ (എട്ടു നിലയില്‍ പൊട്ടുന്ന കരിമരുന്നാണെന്നത് വേറെ കാര്യം) ഇംഗ്ലണ്ടില്‍ നിന്ന് കൊണ്ട് പോകല്ലേ എന്നാണു അമ്മയുടെ ആവശ്യം. ഇനി കാര്യങ്ങള്‍ ഒബാമ തീരുമാനിക്കും.

ഉള്ളത് പറയാമെങ്കില്‍ ഇവനൊന്നും ജയിലില്‍ കിടക്കെണ്ടവനല്ല.. ആണോ?.. ഏറ്റവും ചുരുങ്ങിയത് ഒരു നോബല്‍ സമ്മാനമെങ്കിലും കൊടുത്ത് ലോകം ആദരിച്ചിരുത്തെണ്ട മുത്താണ്. എന്ത് പറയുന്നു?..