August 22, 2009

കൈപ്പളി വരുന്നു, രക്ഷിക്കണേ ..

ബെര്‍ളിക്ക് ശേഷം ഇതാ കൈപ്പള്ളിയും എനിക്കെതിരെ തിരിഞ്ഞിരിക്കുന്നു. എന്റെ കഷ്ടകാലം തുടങ്ങി എന്നല്ലാതെ മറ്റെന്തു പറയാന്‍?. കൊത്തുന്നത് രാജവെമ്പാല അല്ലെങ്കില്‍ മൂര്‍ഖന്‍. കൊത്ത് കൊള്ളുന്നതോ നീര്‍ക്കോലി കടിച്ചാല്‍ പോലും ഐ സീ യു വില്‍ ആവുന്ന ഞാനും!!!. പന്നിപ്പനിയെ H1N1 എന്ന് വിളിച്ചു കഷ്ടപ്പെടാതെ പിഗ്ഫ്ലു എന്ന് വിളിച്ചൂടെ സായിപ്പേ എന്ന് ചോദിച്ചു ഞാനൊരു പോസ്റ്റിട്ടു . അതാ വരുന്നു, കൈപ്പള്ളി വാളുമായി .. "വള്ളിക്കുന്നിന്റെ Anti-American Pig Flu" .. ബഷീര്‍ അമേരിക്കന്‍ വിരോധിയാണ്‌. പന്നിയും പന്നിപ്പനിയുമായി യാതൊരു ബന്ധവുമില്ല, മലപ്പുറം കോഴിക്കോട് ഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് പാശ്ചാത്യ വിരോധം കൂടുതലാണ് .. തുടങ്ങി ഇംഗ്ലീഷിലും മലയാളത്തിലുമായി ചിന്നം വിളിച്ചു നില്‍ക്കുകയാണ്‌ കൈപ്പള്ളി.

ആ പോസ്റ്റങ്ങ് പിന്‍വലിച്ച് കാശിക്കു പോയാലോ എന്നാലോചിച്ചു ആദ്യം. പിന്നെ തോന്നി, വേണ്ട. കൈപ്പള്ളിയുമായി ലോഗ്യം കൂടിയാല്‍ പല ഉപകാരങ്ങളുമുണ്ട്. അല്‍പ സ്വല്പം ഇംഗ്ലീഷ് പഠിക്കാം, പന്നിപ്പനിയെക്കുറിച്ച് ഡോക്ടരെറ്റ് നേടാം, സായിപ്പിനെ പിണക്കാതെ ജീവിച്ചു പോവുകയും ചെയ്യാം.


കൈപ്പള്ളീ, വിവരമില്ലാത്തത് കൊണ്ട് ചോദിക്കുകയാണ്. H1N1ന് പന്നിയുമായി യാതൊരു ബന്ധവുമില്ലെന്കില്‍ ഇതിനു പന്നിപ്പനി (താങ്കളുടെ ക്വീന്‍സ്‌ ഇംഗ്ലീഷില്‍ Swine Flu) എന്ന് എങ്ങിനെ പേര് വന്നു?. പന്നികളാണെന്നു കരുതി ആര്‍ക്കും അവറ്റകളുടെ മെക്കട്ട് കയറാമെന്നാണോ? വൈറസ്‌ H1N1 ആയതു കൊണ്ടാണ് ഈ പേര് വന്നത് എന്ന് മനസ്സിലായി. എല്ലാ രോഗങ്ങള്‍ക്ക് പിന്നിലും ഏതെങ്കിലും ഒരു വൈറസ്‌ അളിയന്‍ കാണുമല്ലോ. മിക്കവാറും അവറ്റകളുടെ ശാസ്ത്ര നാമം നമ്മുടെ നാക്കിനു വഴങ്ങുകയുമില്ല. വൈറസിന് സായിപ്പിന്റെ പക്കല്‍ പല പേരുകളുണ്ട് എന്ന് കരുതി ആ രോഗങ്ങളെയൊന്നും ശാസ്ത്ര നാമങ്ങളില്‍ വിളിക്കാറ് കുറവാണ്.

നോട്ട് ദി പോയിന്റ്‌ യുവര്‍ ഹോണര്‍ ..

മൂക്കൊലിപ്പുമായി ആശുപത്രിയില്‍ എത്തിയ രോഗി, " ഡോക്റ്റര്‍, എനിക്ക് ഇന്നലെ രാവിലെ മുതല്‍ KH32, NH164 (മൂക്കൊലിപ്പ് വൈറസിന്റെ ശാസ്ത്ര നാമം ഇതല്ലെന്ന് ആര് കണ്ടു?) എന്തേലും മരുന്ന് ഉടനെ വേണം" എന്ന് പറഞ്ഞാല്‍ അയാളെ ഊളമ്പാറയിലേക്ക് റെഫര്‍ ചെയ്യും ഡോക്റ്റര്‍.

എനിക്കുറപ്പാണ്, കുരുമുളക് പൊടിയിടാതെ പന്നിയിറച്ചി പുഴുങ്ങി തിന്ന ഏതോ സായിപ്പില്‍ നിന്നാണ് ഈ വൈറസ്‌ ഉണ്ടായിരിക്കുന്നത്. പനി നാളെ പോകും പന്നി പിന്നേം വേണ്ടി വരും (പ്രയോഗം എന്റെയല്ല, എന്റെ പോസ്റ്റിനു കമ്മന്റിട്ട അക്ബറിന്റെത് ) എന്നുള്ളതിനാല്‍ പേര് തല്‍ക്കാലം H1N1എന്നാക്കാന്‍ സായിപ്പുമാര്‍ തീരുമാനിച്ചു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. വിവരവും വിദ്യാഭ്യാസവും ഉള്ള കൈപ്പള്ളിക്ക് അത് പറ്റുന്നില്ലെങ്കില്‍ വേണ്ട, ഞാനായിട്ട് നിര്‍ബന്ധിക്കുന്നില്ല. ..,

ഇത് വരെ പറഞ്ഞത് കളി, ഇനി കാര്യത്തിലേക്ക്. മലബാറുകാര്‍ക്ക് പാശ്ചാത്യ വിരോധം അല്പം കൂടുതലാണ്. അതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുണ്ട്. ഇന്ത്യ കട്ട് മുടിക്കാന്‍ വന്ന സായിപ്പിനെ ചങ്കുറപ്പോടെ നേരിട്ട് രക്തസാക്ഷിത്വം വരിച്ച വാരിയന്‍ കുന്നത്തിന്റെ പിന്മുറക്കാരാണ് ഇവിടെയുള്ളത്. ഇരുനൂറു കൊല്ലം നമ്മുടെ പൂര്‍വ പിതാക്കന്മാരെ അടിമകളാക്കി ചവിട്ടിയരച്ച വെള്ളക്കാരനെ പൂവിട്ടു പൂജിക്കാന്‍ ഒരു ഇന്ത്യക്കാരനും ആവില്ല. അവന്റെ സായിപ്പ് വിരോധം അന്ധമല്ല, അതിനു ചരിത്രപരമായ കാരണങ്ങള്‍ ഉണ്ട്. ഒന്നാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സു വരെ പള്ളിക്കൂടത്തിലിരുന്ന ആര്‍ക്കും അത് പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. സായിപ്പിനോട്‌ സഹികെട്ട് 'ക്വിറ്റ് ഇന്ത്യ' എന്ന് ഗാന്ധിജി പറഞ്ഞതിന്റെ പച്ച മലയാളം 'ഇറങ്ങിപ്പോടാ പുല്ലേ' എന്ന് തന്നെയാണ്. ആ ഭാഷയുടെ ചൂടും ചൂരും ഇപ്പോഴും കാത്തു സൂക്ഷിക്കുന്നതില്‍ പൊറുക്കുക.


കൈപ്പള്ളീ, അങ്ങയോട് എനിക്ക് ഏറെ ബഹുമാനവും സ്നേഹവും ഉണ്ട്. അന്തസ്സുള്ള പോസ്റ്റുകള്‍ ഇടുന്ന, ഏറെ വായനക്കാരുള്ള മലയാളത്തിലെ ചുരുക്കം ബ്ലോഗ്ഗര്‍മാരില്‍ ഒരാളാണ് താങ്കള്‍. ഞങ്ങള്‍ക്കൊക്കെ ബ്ലോഗ്‌ എന്താണെന്ന് പോലും അറിയാത്ത കാലത്ത് ബ്ലോഗ്‌ എഴുതിത്തുടങ്ങിയ അപൂര്‍വ്വം വ്യക്തികളില്‍ ഒരാള്‍. ബ്ലോഗെഴുത്തില്‍ മാത്രമല്ല ഫോട്ടോഗ്രഫിയിലും തനതു വ്യക്തിത്വം ഉറപ്പിച്ചയാള്‍.. പക്ഷെ സായിപ്പിന്റെ ഈ വക്കാലത്ത് പണി മാത്രം അങ്ങേക്ക് ചേരില്ല, അതൊന്നു വിട്ടു പിടി..

15 comments:

 1. This comment has been removed by the author.

  ReplyDelete
 2. കൈപ്പള്ളീ, താങ്കളുടെ ഫോട്ടോ മാറ്റിയിട്ടുണ്ട്. ടാഗില്‍ കൈപ്പള്ളി എന്ന് കരെക്റ്റ്‌ ചെയ്തിട്ടുണ്ട്. ബാക്കി പിന്നെ പറയാം.

  ReplyDelete
 3. "സാധാരണ മലപ്പുറം, കോഴിക്കോടു്, ഗൾഫ് രാജ്യങ്ങളിൽ പ്രസിദ്ധീകരിക്കുന്ന മാദ്ധ്യമങ്ങളിലാണു് ഇതുപോലുള്ള anti-western ലേഖനങ്ങൾ അധികവും പ്രത്യക്ഷപ്പെടാറുള്ളതു് പക്ഷെ ബഷീർ സാഹിബിന്റെ ഈ ബ്ലോഗും ആ നിലവാരത്തിലേക്ക് പോകുന്നതു് കഷ്ടമാണു്"
  എന്ന താങ്കളുടെ പരാമര്‍ശത്തിന് മറുപടിയായാണ് ഞാന്‍ ബ്രിട്ടീഷ്‌ സായിപ്പിനെ പരാമര്‍ശിച്ചത്.

  തൊലി വെളുത്തവരെയൊന്നും സായിപ്പ് എന്ന് ഞങ്ങള്‍ വിളിക്കാറില്ല. അങ്ങനെയെങ്കില്‍ സായിപ്പ് എന്ന് വിളിക്കാന്‍ പറ്റിയ ഒരു പാടാളുകള്‍ എന്റെ ഗ്രാമമായ വള്ളിക്കുന്ന് തന്നെയുണ്ട്‌. സായിപ്പ് എന്ന പ്രയോഗം അധിനിവേശ ശക്തികള്‍ക്കെതിരിലുള്ള ഒരു ജനകീയ തിരിച്ചറിവിന്റെ കൂടെ ഭാഗമാണ്. അതുകൊണ്ട് തന്നെ ആ പരിധിയില്‍ ബ്രിടീഷുകാരനും അമേരിക്കക്കാരനും എല്ലാം ഉള്‍പ്പെടും.

  അമേരിക്ക ഇന്ത്യക്ക് ഒരു ഉപദ്രവവും ചെയ്തിട്ടില്ല എന്ന താങ്കളുടെ പ്രയോഗം വായിച്ചു ഞാന്‍ ഒരുപാട് ചിരിച്ചു. ഇപ്പോഴും ചിരിക്കുന്നു. എന്റെ അമേരിക്കന്‍ വിരോധത്ത്തെകുറിച്ച് പറഞ്ഞാണല്ലോ താങ്കളുടെ പോസ്റ്റ്‌ ആരംഭിക്കുന്നത് തന്നെ. മൂന്നാം ലോക രാജ്യങ്ങളെ വെട്ടിപ്പിടിച്ചും അധിനിവേശം ചെയ്തും അവര്‍ നടത്തുന്ന സമീപനങ്ങള്‍ക്കെതിരിലാണ് പ്രതിഷേധങ്ങള്‍. അവ ഒരിക്കലും അന്ധമല്ല. ഈ വിഷയകമായി കുറച്ചു ലേഖനങ്ങള്‍ എന്റെതായി പ്രസിദ്ധീകരിച്ച് വന്നിട്ടുണ്ട്.അവയില്‍ ചിലത് ഈ ബ്ലോഗിലുമുണ്ട്. വായിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ സമയം കിട്ടിയാല്‍ നോക്കണം.

  ReplyDelete
 4. ഒരു പന്നിക്ക് വേണ്ടി ഇത്രയൊക്കെ ഒച്ച്ച്ചപാടുണ്ടാക്കണോ . പന്നി തന്റെ പേര് ഒരു രോഗത്തിന്റെ പേരിനോട് ചേര്‍ത്ത് എന്ന് പറഞ്ഞു മാനനഷ്ടത്തിന് കേസ് കൊടുത്ത്തിറ്റൊന്നും ഇല്ലല്ലോ സഖാക്കളേ

  ReplyDelete
 5. മലയാളം സ്കൂളില്‍ പഠിക്കാത്തത് വലിയ സംഭവമായി നെറ്റിയില്‍ ഒട്ടിച്ചു വെച്ച് അര്‍ദ്ധരാത്രിയില്‍ കുടയും പിടിച്ചു നടക്കുന്ന ആളാണ്‌ മിസ്റ്റര്‍ കൈപ്പള്ളി. ഒരു മലയാളം സ്കൂളിന് ചുറ്റും മൂന്നു ഇംഗ്ലീഷ് മീഡിയം സ്കൂളുകളാണ് ഇന്ന് കേരളത്തില്‍. അതുകൊണ്ട് തന്നെ ആ കൊട മോനങ്ങു മടക്കി വെച്ചേക്ക്.
  തിരുവനന്തപുരവും മലബാരുമൊക്കെ ഗ്രൂപ്പുകളായി തിരിച്ചു കൈപ്പള്ളി ഉദ്തെഷിക്കുന്നതെന്താണ്. ?താങ്കളുടെ പഴയ സുഹൃത്തുക്കള്‍ ചെയ്തത് തന്നെയാണോ. ? ചിലവാകില്ല കേട്ടോ. ? പ്രഭുധരായ ഒരു ജനതയാണ് ഭാരതത്തിന്റെ ആത്മാവ്. വിവിദ ജാതി മതങ്ങളും മതമില്ലാത്തവരുമൊക്കെ ഇന്ത്യാ മഹാരജ്യമെന്ന പൂന്തോട്ടതിലെ പുഷ്പങ്ങലാണ്. പ്രാദേശികതയും ജാതിമതമൊക്കെ പറഞ്ഞു എന്ടോസള്‍ഫാന്‍
  തളിക്കല്ലേ കൈപ്പള്ളി.. നടക്കില്ല. കാരണം അവരൊക്കെ കൈപ്പള്ളി യേക്കാള്‍ വളരെ ഉയരത്തില്‍ ചിന്തിയ്ക്കാന്‍ ശേഷിയുല്ലവരാന്. എങ്കിലും നന്ഞെന്തിനു നാനാഴി. ഞങ്ങള്‍ തിരുവനന്തപുരത്തിനും കാസര്ഗോടിനുംമിടയില്‍ കേരളീയരായി ജീവിച്ചോളാം -ഇത് വിട്ടുകള.

  ReplyDelete
 6. This comment has been removed by the author.

  ReplyDelete
 7. hmmmmmm ha ha ha
  oru bhasha snehi.

  ReplyDelete
 8. അബ്ദുല്‍ കലാം അപമാനിക്കപെട്ടതില്‍ (ഇദ്ധേഹം ഇന്ത്യ യുടെ മുന്‍ പ്രസിഡന്റ് ആയിരുന്നു സായിപ്പിന് അറിയുമോ ആവൊ.)ഇന്ത്യ മുഴുവന്‍ പ്രതിഷേധിച്ചപ്പോഴും മാറി നിന്ന് അമേരിക്കന്‍ സെക്യൂരിറ്റി സംവിധാനത്തില്‍ അഭിമാനിച്ച കുട്ടി സായിപ്പിന്‍റെ ഭാഷ ദേശ സ്നേഹം അപാരമാണ്.my saluite

  The profile
  മലയാള ഭാഷ സ്കൂളിൽ പഠിക്കാൻ അവസരം ലഭിക്കാത്ത ഒരു "തിരോന്തരം" പ്രവാസി ഇപ്പഴ് Sharjahയിലു് താമസം.

  ReplyDelete
 9. കൈപ്പള്ളീ....
  ഇനി ആവഴി വരില്ല
  ഇതു സത്യം! സത്യം!! സത്യം!!!

  ReplyDelete
 10. ഷാജിയോട് ഞാന്‍ യോജിക്കുന്നു. ഐക്യ കേരളത്തില്‍ ഇത്തിരി "എന്ടോസള്‍ഫാന്‍" തളിച്ച് “divide and rule” കളിക്കാന്‍ വന്നാല്‍ നമ്മുടെ രാഷ്ട്ര പിതാവ് പറഞ്ഞത് തെന്നെ എനിക്കും പറയാനുള്ളൂ. Quit India

  ReplyDelete
 11. സഹോദരാ,
  ഡോക്ടര്‍ പറഞ്ഞു എനിക്ക് H2O ആണെന്ന് ........ഇതൊരു പന്നി പനി ആണോ ?
  ദയവായി ഒരു മറുപടി തരുമോ ?????????????
  ഒരു പന്നി പനി ബാധിതന്‍ .....................

  ReplyDelete
 12. ബഷീര്‍ പോസ്റ്റും കൈപ്പള്ളീ കമന്‍സും വായിച്ചപ്പോള്‍ എനിക്ക് പന്നിപ്പനി പിടിച്ചുപോയോന്ന് ഒരു സന്ദേഹം ഇല്ലാതില്ല.

  പാവം പന്നികള്‍, എലികള്‍, കൊതുകുകള്‍.. അവരുണ്ടോ അറിയുന്നു അവരുടെ പേരിലൊക്കെ പനികള്‍ പലവിധം ഉള്ള കഥ?

  മൂട്ടകള്‍ പ്രതിഷേധത്തിന്‌ തയ്യാറെടുപ്പ് ആയെന്ന് തോന്നുന്നു. മൂട്ടകള്‍ ഹാലിളകി കടിക്കാന്‍ ഇനി ഒരിടവും ബാക്കിയില്ല. അവരുടെ പേരിലും പനി വേണം എന്നത്രേ!!

  ReplyDelete
 13. ഒരു വംശത്തിനെതിരെ താങ്കൾക്കു് തോന്നുന്ന അമർഷം (അതെന്തു് കാരണം കൊണ്ടാണെങ്കിലും) പ്രകടിപ്പിക്കുമ്പോൾ അൽപ്പം ചങ്കൂറ്റത്തോടെ നിവർന്നു നിന്നു വളച്ചൊടിക്കാതെ വിളിച്ചു പറയുക.

  കൈപള്ളി ..അണ്ണോ.. എന്താ മലബാര്‍ , കോഴിക്കോട് , മലപ്പുറം കണ്ണൂര്‍.. എന്നൊക്കെ കേട്ടാല്‍.. ഒരു പുളിപ്പ്.. തിരോന്തരം ഒരു സംഭവമാണല്ലേ..അണ്ണാ ? .. അണ്ണന്‍ വലിയ എഴുത്തുകാരന്‍ ഒക്കെ തന്നെ.. അല്ലെങ്കില്‍ അണ്ണന്‍ ആണ് മലയാളം ബ്ലോഗിന്റെ വല്യാപ്പ .. അതുംവെച്ചു പുളുവടിക്കാന്‍ വന്നാലുണ്ടല്ലോ .. ? പിന്നെ അമേരിക്ക .. വലിയ ഒരു സംഭവമാനെന്കില്‍ പോയി വല്ല സായിപ്പിന്റെ കോണം പിഴിഞ്ഞ് അവിടെ വല്ലേടത്തും കഴിഞ്ഞാല്‍ പോരെ ? ഒരു മലയാളം പഠിക്കാത്തവന്‍ വന്നിരിക്കുന്നു.. മലബാറും തിരുവിതാംകൂറും വേര്‍തിരിക്കാന്‍.. ത് ഫ് ഫൂ .. ഇത് തന്നെ കൂടുതലാണ്

  ReplyDelete
 14. തള്ളെ കൈപള്ളി ആള് പൊളപ്പന്‍ തന്നെ .പുലിയല്ല പുപ്പുലിയാണ് കേട്ട..

  എന്തിര് ......... ചായകളും വെള്ളങ്ങലുമൊക്കെ കുടിചെടെയ്‌

  ReplyDelete
 15. മലബാറുകാര്‍ക്ക് പാശ്ചാത്യ വിരോധം അല്പം കൂടുതലാണ്. അതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുണ്ട്. ഇന്ത്യ കട്ട് മുടിക്കാന്‍ വന്ന സായിപ്പിനെ ചങ്കുറപ്പോടെ നേരിട്ട് രക്തസാക്ഷിത്വം വരിച്ച വാരിയന്‍ കുന്നത്തിന്റെ പിന്മുറക്കാരാണ് ഇവിടെയുള്ളത്. ഇരുനൂറു കൊല്ലം നമ്മുടെ പൂര്‍വ പിതാക്കന്മാരെ അടിമകളാക്കി ചവിട്ടിയരച്ച വെള്ളക്കാരനെ പൂവിട്ടു പൂജിക്കാന്‍ ഒരു ഇന്ത്യക്കാരനും ആവില്ല.

  ADi Polli........

  ReplyDelete