ഫേസ്ബുക്കില്‍ ബിന്‍ ലാദിനും !!!

ഇനി അതിന്റെ ഒരു കുറവേ ഉള്ളൂ..!!.. ബാക്കി എന്താണ്ട് എല്ലാവരും ഫേസ്ബുക്കില്‍ എത്തിക്കഴിഞ്ഞു. അവസാനമായി എത്തിയത് ഹിസ്ബുള്ള നേതാവ് ഷെയ്ഖ്‌ ഹസ്സന്‍ നസ്റുള്ളയാണ്. നസ്റുള്ള ചില്ലരക്കാരനല്ല. അറബ് അധിനിവേശ ഭൂമികളില്‍ നിന്ന് ഇസ്രായീലിനെ തുരത്തിയോടിക്കാന്‍ രൂപം കൊണ്ട ലബനീസ് സായുധ വിപ്ലവ ഗ്രൂപ്പിന്റെ തലവനാണ് ഈ 49 കാരന്‍. 33 ദിവസം നീണ്ടു നിന്ന സായുധ പോരാട്ടത്തിലൂടെ ഹിസ്ബുള്ള ഇസ്രായേലിനെ വെള്ളം കുടിപ്പിച്ചത്‌ ഈയിടെയാണ്. ചിലര്‍ അദ്ദേഹത്തെ തീവ്രവാദി എന്ന് വിളിക്കുന്നു. മറ്റു ചിലര്‍ അധിനിവേശത്തിനെതിരായ ചെറുത്തുനില്പിന്റെ നായകനായി കാണുന്നു.

ഫേസ്ബുക്കില്‍ നിന്ന് അദ്ദേഹത്തെ ആട്ടിയോടിക്കണമെന്നാണ് ചിലരുടെ ആവശ്യം. ആവശ്യപ്പെടുന്നത് ആണ്ടിയോ ചാണ്ടിയോ അല്ല. ഇസ്രായേലിന്റെ മുന്‍ ആഭ്യന്തര സുരക്ഷ മന്ത്രി എവി ഡിക്ച്ചര്‍ ആണ്. ഡിക്ച്ചര്‍ ആയാലും ബുച്ചര്‍ ആയാലും ഈ ആവശ്യം അന്യായമാണ് എന്നാണു എന്റെ അഭിപ്രായം. എനിക്കും നിങ്ങള്‍ക്കും ഫേസ്ബുക്കില്‍ അംഗം ആകാമെങ്കില്‍ നസ്റുള്ളക്കും ആകാം. എന്തിനധികം ബിന്‍ ലാദനു വേണമെങ്കില്‍ അയാള്‍ക്കും ആവാം. (പുള്ളി ജീവിചിരുപ്പുണ്ടോ എന്തോ.. ? ഇല്ലേല്‍ അത്രയും നല്ലത്..) അവരെയൊക്കെ ഫ്രണ്ട്സ് ആക്കി കൂടെ കൂട്ടണമോ എന്ന് തീരുമാനിക്കാന്‍ എനിക്കും നിങ്ങള്‍ക്കും അവകാശമുണ്ട്‌.

നസ്റുള്ള ഫേസ്ബുക്കില്‍ കയറിയിട്ട് കുറച്ചു നാളുകളെ ആയിട്ടുള്ളൂ. ഇസ്രായെലുകാരുടെ പ്രതിഷേധം കാരണം പുള്ളിക്ക് നല്ല ഹിറ്റ് കിട്ടി. നസ്റുള്ളയുടെ മുഖപ്പുസ്തകം നീക്കം ചെയ്യണം എന്ന് ആവശ്യപ്പെട്ടു ബുച്ചറുടെ കാഡിമ പാര്‍ടി ഒരു ലക്ഷം ട്വിട്ടര്‍ സന്ദേശങ്ങളാണ് ഇതിനകം അയച്ചത്. ആ പേജ് പൂട്ടി എന്ന് പറഞ്ഞു അവര്‍ വാര്‍ത്ത സന്ദേശങ്ങളും പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇത് എഴുതുന്ന വരെയും സംഗതി നെറ്റിലുണ്ട്. ഹമാസ് നേതാവ് ഇസ്മായീല്‍ ഹനിയ്യാക്ക് ഡെഡിക്കേറ്റ് ചെയ്ത ഒരു പേജ് ഫേസ് ബുക്കുകാര്‍ നീക്കം ചെയ്തിരുന്നു. നസ്റുള്ളയുടെ പേജിന്റെ ഗതി എന്താകുമോ ആവോ?.. നസ്റുള്ളയുടെ മുഖത്ത് ഉമ്മ കൊടുക്കാന്‍ ലെബാനോനിലെ പുള്ളാരും കാര്‍ക്കിച്ചു തുപ്പാന്‍ ജൂതന്മാരും മത്സരിക്കുകയാണ്. "God Bless You, our leader" എന്ന് ചിലര്‍.. "Burn in hell, you killer" എന്ന് മറ്റു ചിലര്‍ !! നിങ്ങള്‍ എന്ത് പറയുന്നു ?