അഴീക്കോടിനെ തൊട്ടാല്‍ തൊട്ടവനെ തട്ടും

അഴീക്കോട് മാഷിന്റെ കഷ്ടകാലം തുടങ്ങിയെന്നു തോന്നുന്നു. മാഷിന്റെ മൊത്തം സംരക്ഷണം പിണറായി സഖാവ് ഏറ്റെടുത്ത് കഴിഞ്ഞു. !! അഴീക്കോടിനെ തൊട്ടാല്‍ തൊട്ടവനെ തട്ടും എന്ന മട്ടിലാണ് ഇന്നലെ അങ്ങ് ദുഫായിയില്‍ ലാവ്ലിന്‍ സഖാവ് പ്രസംഗിച്ചത്. "അഴീക്കോടിനെതിരെ സിണ്ടിക്കെറ്റുകാര്‍ വലയെറിഞ്ഞിട്ടുണ്ട്. അവര്‍ക്ക് വിദേശ ഫണ്ടുണ്ട്.. (സീ ഐ എ,മോസ്സാദ്‌,കെ ജി ബി തുടങ്ങി സീ ആര്‍ നീലകണ്ഠന്‍ വരെയുള്ളവരുടെ ഫണ്ട്!. ) സത്യം ചങ്കുറപ്പോടെ വിളിച്ചു പറയാന്‍ (ചിലത് വിളിച്ചു പറയാതിരിക്കാനും, ഏത് !!) അഴീക്കോടിനെപ്പോലൊരു ചുണക്കുട്ടി കേരളത്തില്‍ ജനിച്ചിട്ടില്ല, ഇനി ജനിക്കുകയുമില്ല, അങ്ങേരുടെ ദേഹത്ത് ഒരു തരി മണ്ണ് വീഴാതെ നോക്കാന്‍ കേരളത്തില്‍ ആണ്‍കുട്ടികളുണ്ട്" എന്നിങ്ങനെ ലാവ്ലിന്‍ സഖാവിന്റെ പ്രസംഗം കത്തിക്കയറി അങ്ങ് അറ്റ്ലാന്റിക്കിന്റെ അടിത്തട്ട് വരെയെത്തി.

സമീപ കാലത്ത് ലാവ്ലിന്‍ സഖാവിന്റെ സംരക്ഷണം കിട്ടുന്ന മൂന്നാമത്തെയാളാണ് അഴീക്കൊടണ്ണന്‍‍. ആദ്യത്തെയാള്‍ കെ മുരളീധരനാണ്. കെ പീ സീ സി പ്രസിഡന്റ്‌ സ്ഥാനത്തിരുന്ന കക്ഷിയെ ചോരചെങ്കൊടി പാറിച്ച ജീപ്പില്‍ ആദ്യമായി കയറ്റിയിരുത്തി സംരക്ഷണം കൊടുത്തത് ലാവ്ലിന്‍ ഏട്ടനാണ്. സഖാവിന്റെ സംരക്ഷണം കിട്ടിയ രണ്ടാമത്തെ ഭാഗ്യവാന്‍ നമ്മുടെ മഅദനി ഉസ്താദ് ആണ്. തീവ്രവാദി എന്ന ലേബലില്‍ സുഖമായി കഴിഞ്ഞു കൂടുകയായിരുന്ന ഉസ്താദിനെ മതേതരവാദിയുടെ കുപ്പായം തുന്നിച്ചു അതിനുള്ളില്‍ ഇറക്കിയിരുതിയതും ലാവ്ലിന്‍ സഖാവ് ഒരാളുടെ മനസ്സലിവുകൊണ്ടാണ്.

സഖാവിന്റെ സംരക്ഷണം ലഭിക്കുന്ന ഇസെഡ്‌ കേറ്റഗരിയിലെ മൂന്നാമനായാണ് അഴീക്കൊടണ്ണന്‍ എത്തുന്നത്‌. തലതല്ലി ചിരിക്കാന്‍ വരട്ടെ, നാടകം തുടങ്ങുന്നതെയുള്ളൂ.

അല്ലേലും അഴീക്കൊടണ്ണന് ഈ വയസ്സ് കാലത്ത് ആരുടെയെങ്കിലും സംരക്ഷണം കൂടാതെ കഴിയില്ല. പെണ്ണോ പിടക്കൊഴിയോ ഏതായാലും ഇല്ല. വടക്ക് ടീ പദ്മനാഭന്‍ മുതല്‍ അനന്തപുരിയില്‍ സാക്ഷാല്‍ പദ്മനാഭസ്വാമി വരെ ശത്രുക്കളുടെ ഒരു നീണ്ട നിരയാണുള്ളത്. കേട്ടിടത്തോളം ലാവ്ലിന്‍ അണ്ണന്‍ മാത്രമാണ് മിത്രങ്ങളുടെ പട്ടികയില്‍ ഇപ്പോള്‍ ഉള്ളത്.

വെള്ളാപ്പള്ളി നടേശന്റെ ഭീഷണിയുള്ളതിനാല്‍ പൊതുപരിപാടിക്ക് ഇപ്പോള്‍ ആരും വിളിക്കുന്നില്ല. ഇനി വിളിച്ചാല്‍ തന്നെ പണ്ടത്തെ പോലെ ടാക്സിക്കൂലിയും കവറും കൊടുക്കുന്നുമില്ല. ഇതിനൊക്കെപ്പുറമേ ഈയടുത്ത കാലത്തായി നാക്കില്‍ നിന്ന് വരുന്നതെല്ലാം 'അഴിക്കൂട്ടില്‍' കിടത്താന്‍ പറ്റിയ ഉരുപ്പടികളാണ്. മുഖ്യമന്ത്രി കൂട്ടില്‍ കാഷ്ഠിക്കുന്നു എന്ന് ആദ്യം.. ഫോണില്‍ വിളിച്ചു മാപ്പ് പറഞ്ഞു എന്ന് പിന്നീട്. അവസാനം കുതിര കയറിയത് മരിച്ചുപോയ കമല സുരയ്യയുടെ കബറിന് നേരെ. അത് പാളയത്തല്ല കോഴിക്കോടാണ് വേണ്ടിയിരുന്നത് എന്ന്. മാത്രമല്ല തന്നോടു ചോദിക്കാതെ ഇസ്ലാം വിശ്വസിച്ചത് ഒട്ടും ശരിയായില്ല എന്നും..

വേണം.. വേണം.. മാഷ്‌ക്കൊരു സംരക്ഷകന്റെ അത്യാവശ്യം ഉണ്ട്. അത് നല്‍കാന്‍ ഏറ്റവും പറ്റിയ കക്ഷി ലാവ്ലിന്‍ സഖാവ് തന്നെയാണ്.. അര്‍ഥം ചോദിക്കില്ല എന്ന് ഉറപ്പു തരുകയാണെങ്കില്‍ ഒരു ശ്ലോകം ചൊല്ലി അവസാനിപ്പിക്കാം

ഒരുത്തരെക്കൊണ്ടു പകാരമില്ലെ -
ന്നൊരിക്കലും തോഴി നിനയ്ക്കൊലാ കാണ്‍ -
ഉരുട്ടി വെയ്ക്കും പിതൃ പിണ്ഡംമുണ്മാ -
നൊരിക്കലക്കാകനെ വേണമല്ലോ..