വയലാര്‍ജി പറഞ്ഞാല്‍ പറഞ്ഞതാ..
വയലാര്‍ രവിയെ പോലെ നല്ലൊരു മന്ത്രിയില്ല. വാക്ക് പറഞ്ഞാല്‍ വാക്കാണ്‌. അത് മാറ്റി പറയില്ല. 2006 ജനുവരിയില്‍ സര്‍ദാര്‍ജിയുടെ ആദ്യ മന്ത്രി സഭയില്‍ പ്രവാസി കാര്യ മന്ത്രിയായി ചുമതലേയേറ്റ ഉടനെ നടത്തിയ പത്രസമ്മേളനത്തില്‍ മന്ത്രി ഒരു കാച്ചങ്ങു കാച്ചി.. പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കും.

ഒന്നും മറക്കുന്ന കൂട്ടത്തിലല്ല വയലാര്‍ജി. ഏതാണ്ട് മൂന്നര വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നലെയും അദ്ദേഹം അത് തന്നെ പറഞ്ഞു. ദൈവകൃപയുണ്ടായാല്‍ 2014 ല്‍ വരുന്ന രാഹുല്‍ ഗാന്ധി മന്ത്രിസഭയിലും രവിയേട്ടന്‍ പ്രവാസി മന്ത്രിയാവും (ഈ വകുപ്പ് നോക്കാന്‍ ഇത് പോലൊരു യോഗ്യന്‍ വേറെയാരുണ്ട്?) അന്നും നമ്മുടെ രവിജി ഇത് തന്നെ പറയും, ബിക്കോസ്.. യു നോ.., പുള്ളിക്ക് നല്ല ഓര്‍മശക്തിയാ.. മന്ത്രിമാരായാല്‍ ഇങ്ങനെ വേണം. കൊന്നാലും വാക്ക് മാറ്റി പറയരുത്.