മേരിക്കുഞ്ഞിന്റെ ബ്ലോഗ്‌ കോടതിയില്‍, ജാഗ്രതൈ!

ഊരും പേരും പരസ്യപ്പെടുത്താത്ത ബ്ലോഗ്ഗര്‍മാരുടെ വാണിയംകുളം ചന്തയാണല്ലോ ഇന്റര്‍നെറ്റ്‌. ബ്ലോഗിലെ ലക്ഷക്കണക്കിന് അനോണികുഞ്ഞുങ്ങളില്‍ ഒരുവളായിരുന്നു ഏതാനും ദിവസം മുമ്പ് വരെ റോസ്മേരി പോര്‍ട്ട്‌. 'വായില്‍ വരുന്നത് ബ്ലോഗ്ഗര്‍ക്ക് പാട്ട്' എന്ന ബൂലോക നിയമം അനുസരിച്ച് മേല്‍ പറഞ്ഞ മേരിക്കുഞ്ഞ് തന്റെ ബ്ലോഗിലൂടെ ന്യൂയോര്കിലെ മോഡല്‍ ഗേളായ ലിസ്കുള കോഹനെതിരെ കുറെ അമിട്ടുകള്‍ പൊട്ടിച്ചു. നാലാളുടെ മുന്നില്‍ പറയാന്‍ കൊള്ളാത്ത ഉരുപ്പടികളാണ് ഈ ബ്ലോഗി വെച്ച് കാച്ചിയത് എന്ന് പ്രത്യേകം പറയേണ്ടല്ലോ. ബ്ലോഗല്ലേ, ഞാന്‍ അനോണിയല്ലേ, പിന്നെ എന്തോന്ന് പേടിക്കണം എന്ന ലൈന്‍.

മേരിക്കുഞ്ഞിന്റെ ബ്ലോഗിലെ തെറി കേട്ട് മടുത്ത ലിസ്കുള ഒടുവില്‍ ഡ്രാകുളയായി. ഈ അനോണി ബ്ലോഗറെ കണ്ടെത്തിയിട്ട് തന്നെ കാര്യം. അവള്‍ കോടതി കയറി. മന്ഹാട്ടന്‍ ജഡ്ജ് ഗൂഗിള്‍ അമ്മാവന് നോട്ടീസയച്ചു,അനോണിയെ ചെവിക്കു പിടിച്ചു കോടതിയില്‍ എത്തിക്കാന്‍.. ഇന്റര്‍നെറ്റ് നമ്മുടെ മൂന്നാര്‍ പോലെ അല്ലാത്തതിനാല്‍ അമ്മാവന്റെ കൈവശം എല്ലാ അനോണികളുടെയും ആധാരവും പട്ടയവും പോക്ക് വരവും കാണുമല്ലോ. ഏത് കമ്പ്യൂട്ടറില്‍ ഇരുന്നാണ് അനോണി പോസ്റ്റുന്നത് എന്ന് വരെ അമ്മാവനറിയാം. കോടതി പറഞ്ഞാല്‍ പിന്നെ പ്രൈവസിയും പോളിസിയുമൊക്കെ ഡിഷും ഡിഷും. . പേര് റോസ്മേരി പോര്‍ട്ട്‌, വയസ്സ് 29, സ്വദേശം ഫ്ലോറിഡ, ഇപ്പോള്‍ താമസം ന്യൂ യോര്‍ക്കില്‍.. ഗൂഗിള്‍ അമ്മാവന്‍ സകല വിവരങ്ങളും മണിമണിയായി കോടതിയില്‍ കൊടുത്തു. അനോണിക്കുഞ്ഞ് റോസ്മേരി ഇപ്പോള്‍ കോടതി കയറിയിറങ്ങുന്നു.

ഊരും പേരും വെച്ച് ബ്ലോഗ്‌ എഴുതുന്നവര്‍ മലയാളത്തിലും വളരെ കുറവാണ്. വിചിത്രമായ പേരുകളില്‍ സ്വന്തം മുഖം മറച്ചു വെച്ച് വായില്‍ വരുന്നതൊക്കെ വിളിച്ചു പറയാനുള്ള ഒരു മാധ്യമമായി ബ്ലോഗിങ്ങിനെ കാണുന്നവരാണ് കൂടുതലും. മാക്രി, മരമാക്രി, പോക്കിരി, ഈനാംപേച്ചി, മരപ്പട്ടി തുടങ്ങി വിചിത്രമായ പേരുകളിലാണ് പല ബ്ലോഗ്ഗര്മാരും അറിയപ്പെടുന്നത്. ഈ കോളത്തില്‍ എഴുതാന്‍ പറ്റാത്ത പേരുകളും ധാരാളമുണ്ട്. ഇങ്ങനെ ഒരു പേരിനുള്ളില്‍ ഊളിയിട്ടു കഴിഞ്ഞാല്‍ ഇന്റര്‍പോളല്ല കേരള പോലീസ് വിചാരിച്ചാലും പിടിക്കാന്‍ പറ്റില്ല എന്നാണു പലരുടെയും മനസ്സിരുപ്പ് . അത്തരക്കാരുടെ ഇത്തിരി അറ്റെന്‍ഷന് വേണ്ടിയാണ് റോസ്മേരിയുടെ അനുഭവം വിളമ്പിയത്. അനോണിയാവുന്നതൊക്കെ കൊള്ളാം. പക്ഷെ ആരാന്റെ തലയില്‍ കാഷ്ഠിക്കുമ്പോള്‍ അല്പസ്വല്പം ശ്രദ്ധ വേണം. ഇല്ലെങ്കില്‍ മേരിക്കുഞ്ഞിനെപ്പോലെ കോടതി കയറേണ്ടി വരും.

ഈ സുവിശേഷം കേള്‍ക്കുകയും ഗുണപാഠം ഉള്‍കൊള്ളുകയും ചെയ്തെങ്കില്‍ ഇനി കഥയുടെ ഒരു ഫ്ലാഷ്‌ ബാക്ക്. ന്യൂയോര്‍ക്കിലെ നൈറ്റ്‌ ക്ലബ്ബുകളില്‍ റോസ് മേരിയും ലിസ്കുള കോഹനും കണ്ടു മുട്ടുന്നു. പെണ്‍ വര്‍ഗ്ഗത്തിന്റെ ഒരു സാമാന്യസ്വഭാവം അനുസരിച്ച് ലിസ്കുള റോസ് മേരിയുടെ കാമുകനോട് അവളെ ക്കുറിച്ച് ചില കുശുമ്പ് കുന്നായ്മകള്‍ പറയുന്നു. ഇതറിഞ്ഞ റോസ് മേരിക്ക് വട്ടിളകുന്നു. പ്രതികാരം ചെയ്യാനായി അനോണിയായി ബ്ലോഗു തുടങ്ങുന്നു. പിന്നെ എന്ത് നടന്നു എന്ന് നമ്മള്‍ തുടക്കത്തില്‍ പറഞ്ഞു.

ഇനി കടുവയെ കിടുവ പിടിക്കുന്ന കഥയുടെ ക്ലൈമാക്സിലേക്ക്. തന്റെ 'അനോണിത്വം ' കവര്‍ന്നെടുത്തത്തിനെതിരെ മേരിക്കുഞ്ഞ് ഗൂഗിള്‍ അമ്മാവനെതിരെ കോടതി കയറുന്നു. നഷ്ട പരിഹാരമായി 3 മില്യണ്‍ ഡോളര്‍ ആവശ്യപ്പെടാനാണ് ഈ ബ്ലോഗിയുടെ പരിപാടി. യൂ എസ് സുപ്രിം കോടതി വരെ പോയാലും വിട്ടു കൊടുക്കില്ല എന്ന് തന്നെ. മേരിക്കുഞ്ഞിനെ സപ്പോര്‍ട്ട് ചെയാന്‍ ബൂലോകത്തെ സകല അനോണികളും ഒറ്റക്കെട്ട്. ക്ലൈമാക്സിന്റെ അവസാന സീനുകളില്‍ എന്ത് സംഭവിക്കും എന്നറിയാന്‍ ന്യൂയോര്‍ക്ക്‌ ടൈംസിന്റെ ഗോസ്സിപ്പ് കോളത്തില്‍ പതിവായി കയറിയിറങ്ങുക. 'ഗുഡ്ബായ്‌'..