July 28, 2020

ഹാഗിയ സോഫിയ: എർദോഗാനെ പിന്തുണക്കുന്നവർ തോണ്ടുന്നത് സ്വന്തം കുഴിമാടം

ജമാഅത്തെ ഇസ്‌ലാമി, എസ് ഡി പി ഐ തുടങ്ങിയ സംഘടനകളുടെ അടിസ്ഥാന നിലപാടുകൾ നമുക്കറിയാം, ഒരു വിവാദ വിഷയത്തിൽ അവർ ഏത് പക്ഷത്ത് നിൽക്കും എന്നതും നമുക്ക് ഊഹിക്കാൻ പറ്റും. അതുകൊണ്ട് തന്നെ തുർക്കിയിലെ ഹാഗിയ സോഫിയ വിഷയത്തിൽ അവരുടെ നിലപാടുകളിൽ നമുക്ക് തെല്ലും അത്ഭുതമില്ല., പക്ഷേ, എന്നെ അത്ഭുതപ്പെടുത്തിയത് സാദിഖലി ശിഹാബ് തങ്ങളുടെ ചന്ദ്രികയിലെ ലേഖനമാണ്.
 
ഒട്ടും പ്രതീക്ഷിക്കാത്ത ഒരു പ്രതികരണമായിരുന്നു അത്. ഇത്തരം വിഷയങ്ങളിൽ ലീഗിന്റെ നാളിതുവരെയുള്ള പ്രഖ്യാപിത നിലപാടുകളിൽ നിന്നുള്ള ഒരു തിരിഞ്ഞു നടത്തമായിരുന്നു ആ ലേഖനം. എന്തായിരിക്കും അതിന് കാരണം.. ഒരു രാജ്യത്തെ ഭരണാധികാരി അവിടുത്തെ ഭൂരിപക്ഷ ജനതയുടെ മത വികാരങ്ങളെ ഉണർത്തി വിട്ട് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുമ്പോൾ, അവിടുത്തെ ന്യൂനപക്ഷ ജനതയുടെ വികാരങ്ങളെ വൃണപ്പെടുത്തുമ്പോൾ, തീർച്ചയായും ലീഗിനെപ്പോലൊരു ന്യൂനപക്ഷ രാഷ്ട്രീയ പ്രസ്ഥാനം നിൽക്കേണ്ടത് മത മൗലിക വാദികളുടെയും മതരാഷ്ട്ര വാദികളുടേയും കൂടെയല്ല, മത ന്യൂനപക്ഷങ്ങളുടെ കൂടെയാണ്. അതാണ് നാം പ്രതീക്ഷിച്ചിരുന്നത്, പക്ഷേ സംഭവിച്ചത് മറിച്ചാണ്, എന്തായിരിക്കാം അതിനു കാരണം?

July 2, 2020

ആ ബാന്ധവം ലീഗ് രാഷ്ട്രീയത്തെ ഹൈജാക്ക് ചെയ്യും

ജമാഅത്തെ ഇസ്‌ലാമിയുമായോ വെൽഫെയർ പാർട്ടിയുമായോ മുസ്‌ലിം ലീഗ് ചങ്ങാത്തം കൂടിയേക്കാനിടയുണ്ടെന്ന റിപ്പോർട്ടുകൾ വലിയ ചർച്ചകൾ ഉയർത്തുന്നുണ്ട്. അങ്ങനെയൊരു ചങ്ങാത്തം ഉണ്ടാകാനിടയില്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഇനി ഉണ്ടാവുകയാണെങ്കിൽ ഒറ്റവാക്കിൽ അതിനോട് പ്രതികരിക്കാനുണ്ടാവുക "ദുരന്തം" എന്ന് മാത്രമാണ്.

ജമാഅത്തെ ഇസ്‌ലാമി ആത്യന്തികമായി ഒരു മതരാഷ്ട്ര സങ്കല്പത്തിന്റെ പുറത്ത് ആശയാടിത്തറ പണിത ഒരു വിഭാഗമാണ്. ജനാധിപത്യ രീതിയോടും മതേതര വ്യവസ്ഥയോടും അവർക്ക് മൗലികമായ വിയോജിപ്പുകൾ ഉണ്ട്. ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയിൽ വോട്ട് ചെയ്യുന്നത് പോലും തെറ്റാണെന്ന് പറഞ്ഞു ആ പ്രക്രിയയിൽ നിന്ന് ഏറെക്കാലം വിട്ടു നിന്ന ഒരു ചരിത്രം അവർക്കുണ്ട്. ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ എന്ന് കേരളത്തിലെ തെരുവുകളിൽ പോലും എഴുതി വെച്ച് ഒരു ബഹുസ്വര സമൂഹത്തിൽ വലിയ പിളർപ്പുകൾ ഉണ്ടാക്കാൻ ശ്രമിച്ച സിമി പോലുള്ള രാഷ്ട്രീയ സംഘടനകളുടെ വേരുകളുമുള്ളത് ജമാഅത്തെ ഇസ്‌ലാമിയിലാണ്. തീവ്ര രാഷ്ട്രീയ ശൈലിയുമായി മഅദനി എൺപതുകളുടെ അവസാനത്തിൽ ഐ എസ് എസ് ഉണ്ടാക്കിയ കാലത്ത് അതിന് വലിയ പിന്തുണ കൊടുത്തത് മാധ്യമം പത്രമാണ്. അവരുടെയും തുടക്ക കാലമായിരുന്നു അത്.

June 25, 2020

ഏഷ്യാനെറ്റോ ട്വന്റി ഫോറോ? ചാനൽ മത്സരം മുറുകുന്നു

ഒരു ചെറിയ യുദ്ധം ഇന്ന് സോഷ്യൽ മീഡിയയിൽ നിങ്ങൾ ശ്രദ്ധിച്ചു കാണും. റേറ്റിങ്ങിൽ ഞങ്ങളാണ് മുന്നിലെന്ന് സ്ഥാപിക്കാനുള്ള യുദ്ധം. 24 പറയുന്നു, അവർ ഏഷ്യാനെറ്റിനെ അടിച്ചിരുത്തി മുന്നിലെത്തി എന്ന്.. ഒരു ചാർട്ടും അതിന് അവർ കൊടുക്കുന്നുണ്ട്. ഉടൻ മറ്റൊരു ചാർട്ടുമായി ഏഷ്യാനെറ്റും വന്നു. അവരാണ് മുന്നിലെന്ന്.. രണ്ട് കൂട്ടരും ഹാജരാക്കിയത് ബാർക്കിന്റെ ഡാറ്റയാണ്.

ഏഷ്യാനെറ്റ് പറയുന്നതാണ് ശരി എന്ന് ഒറ്റനോട്ടത്തിൽ പറയാം. യൂണിവേഴ്സൽ റേറ്റിങ്ങിൽ അവർ തന്നെയാണ് മുന്നിൽ. ബാക്കിയെല്ലാവരും പിറകിലാണ്. രണ്ടാം സ്ഥാനത്ത് 24 ഉണ്ട്, മൂന്നും നാലും സ്ഥാനങ്ങളിൽ മനോരമയും മാതൃഭൂമിയുമുണ്ട്, അഞ്ചാം സ്ഥാനത്ത് ന്യൂസ് 18 .

എന്നാൽ 24 നല്കിയ ചാർട്ടിനെ അങ്ങനെയങ് പരിഹസിച്ചു തള്ളാനും വയ്യ.. അവർ കൊടുത്തതും ശരിയായ ചാർട്ട് തന്നെയാണ്. വ്യത്യാസം അതൊരു പ്രത്യേക ഏജ് ഗ്രൂപ്പിന്റെതാണ് എന്നതാണ്. 22 വയസ്സിനും 30 വയസ്സിനും ഇടയിലുള്ള ന്യൂ ജനറേഷനിൽ അവരാണ് ഒന്നാം സ്ഥാനത്ത്.. കഴിഞ്ഞ നാല് ആഴ്ചകളിലും അവർ തന്നെയാണ് ആ ഏജ് ഗ്രൂപ്പിൽ ടോപ്പ്. അപ്പോൾ അതിനെ അങ്ങനെയങ് തള്ളിക്കളയാൻ പറ്റില്ല എന്ന് ചുരുക്കം.

June 15, 2020

ചാർട്ടേർഡ് ഫ്ലൈറ്റുകളിലെ കോവിഡ് ടെസ്റ്റ് : ഈ പിടിവാശി എന്തിന്?

ഗൾഫ് നാടുകളിൽ നിന്ന്  സന്നദ്ധ സംഘടനകൾ ഏർപ്പെടുത്തുന്ന ചാർട്ടേർഡ് ഫ്ലൈറ്റുകളിൽ കേരളത്തിലേക്ക്  എത്താൻ ശ്രമിക്കുന്ന പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള കേരള സർക്കാരിന്റെ സർക്കുലർ ഒരു വലിയ ഷോക്കാണ് പ്രവാസ ലോകത്ത് സൃഷ്ടിച്ചിട്ടുള്ളത്. 

ഇന്നത്തെ ഒരനുഭവം പറഞ്ഞു കൊണ്ട് തുടങ്ങാം. 

ഒരു വൻകിട ആശുപത്രിയുടെ രണ്ട് പ്രതിനിധികൾ ജിദ്ദയിലെ ഞങ്ങളുടെ കമ്പനിയിൽ വന്നു. ഡോക്ടർമാരാണ്. വലിയ കമ്പനികളുടെ തൊഴിലാളികളെ മൊത്തം കോവിഡ് പരിശോധനക്ക് വിധേയമാക്കാനുള്ള പാക്കേജുമായുള്ള മാർക്കറ്റിങ് സന്ദർശനമാണ്. അവരോട് ഞാനാണ് സംസാരിച്ചത്. ടെസ്റ്റുകൾക്ക് പ്രൈസ് എത്ര എന്നാണ് ആദ്യമായി ചോദിച്ചത്.. ഒരു വ്യക്തിക്ക് ആയിരത്തി എഴുന്നൂറ്റി അമ്പത് റിയാൽ.. കമ്പനിയിലുള്ള തൊഴിലാളികളെ മൊത്തത്തിൽ ടെസ്റ്റ് ചെയ്യുകയാണെങ്കിൽ പാക്കേജ് പ്രൈസായി ഒരാൾക്ക് ആയിരത്തി നാന്നൂറ്റി അമ്പത് റിയാൽ. അതായത് ഇന്നത്തെ റേറ്റ് പ്രകാരം ഇരുപത്തി ഒമ്പതിനായിരത്തി മുന്നൂറ്റി നാല്പത് രൂപ. വ്യക്തികൾ പോയി നേരിട്ട് ചെയ്യുകയാണെങ്കിൽ ഇന്ത്യൻ രൂപ മുപ്പത്തി അയ്യായിരത്തി നാന്നൂറ്..

June 14, 2020

നിധി രസ്ദാൻ : ഭരണകൂടത്തിന്റെ മുട്ടിലിഴയാത്ത മാധ്യമ പ്രവർത്തക


ഭരണകൂടത്തിന്റെ മുട്ടിലിഴഞ്ഞു ശീലമില്ലാത്ത ഒരു മാധ്യമ പ്രവർത്തക കൂടി രംഗം വിടുകയാണ്, നിധി രസ്ദാൻ, ഇരുപത്തിയൊന്ന് വർഷത്തെ എൻഡിടിവി യിലെ സേവനത്തിൽ നിന്നും.

കത്വ പെൺകുട്ടിയുടെ ദാരുണ അന്ത്യത്തിന്റെ വിശദ വിവരങ്ങൾ ഒരു അന്വേഷണാത്മക റിപ്പോർട്ടിലൂടെ പുറത്ത് കൊണ്ട് വന്നതിനു ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഐ പി ഐ അവാർഡ് സ്വീകരിച്ചു കൊണ്ട് നിധി നടത്തിയ പ്രഭാഷണത്തിൽ ഒരു കാര്യം പറഞ്ഞിരുന്നു, ടെലിവിഷൻ ജേർണലിസം എന്നത് സ്റ്റുഡിയോയിൽ ബഹളം കൂട്ടലാണെന്ന ധാരണ നിലനിൽക്കുന്ന ഈ കാലത്ത് ആക്ഷേപങ്ങൾക്കും പരിഹാസങ്ങൾക്കും നടുവിൽ നിന്ന് കൊണ്ട് മാധ്യമ പ്രവർത്തനം നടത്തുക എന്നത് വലിയ വെല്ലുവിളി തന്നെയാണെന്ന്.

നിധിയുടെ ഡിബേറ്റുകൾ കണ്ടിട്ടുള്ളവർക്ക് അറിയാം, വളരെ കൂളായ ഒരു അന്തരീക്ഷം സൃഷ്ടിച്ചു കൊണ്ടാണ് നിധി ഡിബേറ്റുകൾ നടത്താറുള്ളത്.. അർണബ് നടത്തുന്നത് പോലുള്ള അട്ടഹാസങ്ങളോ കൊലവിളികളോ നിധിയിൽ കാണാറില്ല. ഒരേ വിഷയത്തിലുള്ള അർണാബിന്റെയും നിധിയുടെയും രണ്ട് ഡിബേറ്റുകളെ താരതമ്യപ്പെടുത്തി വർഷങ്ങൾക്ക് മുമ്പൊരു പോസ്റ്റ് എന്റെ എഫ് ബി പേജിൽ എഴുതിയിരുന്നു. അത് ഈ ഈ പോസ്റ്റിന്റെ അനുബന്ധമായി വായിക്കാം. 

June 4, 2020

ജീവിതത്തിന്റെ അവസാന സ്റ്റോപ്പിലാണ് പ്രവാസികള്‍, അവര്‍ക്ക് വേണ്ടത് പ്രസ്താവനകളല്ല

കേരളത്തിലെ ജനങ്ങളിൽ കോവിഡ് സൃഷ്‌ടിച്ച ഭീതിയുടേയും ദുരിതത്തിന്റെയും പതിന്മടങ്ങാണ് ഈ മഹാമാരി  ഗൾഫ് മേഖലയിൽ ജോലിയെടുക്കുന്ന മലയാളികൾക്കിടയിൽ സൃഷ്ടിച്ചിട്ടുള്ളത്. അനുദിനം വർദ്ദിച്ചു വരുന്ന മരണങ്ങൾ, മതിയായ ചികിത്സ കിട്ടാതെ വിഷമിക്കുന്നവർ, ജോലിയില്ലാതെ താമസസ്ഥലങ്ങളിൽ പുറത്തിറങ്ങാതെ കഴിയുന്നവർ, മാസങ്ങളായി ശമ്പളം കിട്ടാത്തവർ, സന്നദ്ധ സംഘടനകളും വ്യക്തികളും നൽകുന്ന സഹായങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നവർ, സന്ദർശക വിസകളിലെത്തി തിരിച്ചു പോകാൻ കഴിയാതെ കുടുങ്ങിക്കിടക്കുന്ന രോഗികൾ, പ്രായമാവയവർ, ഗർഭിണികൾ. നാട്ടിൽ നിന്ന് എത്തേണ്ട അവശ്യ മരുന്നുകൾ കിട്ടാതെ വിഷമിക്കുന്നവർ.. ഗൾഫിൽ പ്രയാസപ്പെടുന്ന മലയാളികളുടെ പട്ടിക തയ്യാറാക്കിയാൽ അതിനിയും നീണ്ടു പോകും.

എല്ലാ നേതാക്കന്മാരും സമയം കിട്ടുമ്പോഴൊക്കെ പ്രവാസികളുടെ കാര്യം പറയുന്നുണ്ട്, അവരോടുള്ള സ്നേഹവും ഇഷ്ടവും പങ്ക് വെക്കുന്നുണ്ട്. അവരോടുള്ള കടപ്പാടുകൾ ഊന്നിയൂന്നി പറയുന്നുണ്ട്. പ്രവാസികൾ നാട്ടിലേക്കയക്കുന്ന വിദേശപണം കൊണ്ട് നാട് മെച്ചപ്പെട്ട കഥകൾ അയവിറക്കുന്നുണ്ട്, പ്രധാനമന്ത്രി മോദി മുതൽ മുഖ്യമന്ത്രി പിണറായി വിജയൻ വരെ അതിൽ ഏകാഭിപ്രായക്കാരാണ്. ഇടത് പക്ഷത്തും വലതു പക്ഷത്തും  അതിൽ എതിരഭിപ്രായക്കാരില്ല.. പ്രവാസികൾക്ക് വേണ്ടി കണ്ണീരൊഴുക്കുന്ന കാര്യത്തിൽ രാഷ്ട്രീയ കക്ഷികളുടെ നേതാക്കന്മാർക്കിടയിലെല്ലാം വാശിയേറിയ ഒരു മത്സരം തന്നെയുണ്ട്, പക്ഷെ പ്രവൃത്തി പഥത്തിൽ പ്രവാസികൾക്ക് മുന്നിൽ തെളിയുന്നത് ഒരേയൊരു കാൻവാസാണ്, അവഗണനയുടെ കാൻവാസ്‌.