July 28, 2020

ഹാഗിയ സോഫിയ: എർദോഗാനെ പിന്തുണക്കുന്നവർ തോണ്ടുന്നത് സ്വന്തം കുഴിമാടം

ജമാഅത്തെ ഇസ്‌ലാമി, എസ് ഡി പി ഐ തുടങ്ങിയ സംഘടനകളുടെ അടിസ്ഥാന നിലപാടുകൾ നമുക്കറിയാം, ഒരു വിവാദ വിഷയത്തിൽ അവർ ഏത് പക്ഷത്ത് നിൽക്കും എന്നതും നമുക്ക് ഊഹിക്കാൻ പറ്റും. അതുകൊണ്ട് തന്നെ തുർക്കിയിലെ ഹാഗിയ സോഫിയ വിഷയത്തിൽ അവരുടെ നിലപാടുകളിൽ നമുക്ക് തെല്ലും അത്ഭുതമില്ല., പക്ഷേ, എന്നെ അത്ഭുതപ്പെടുത്തിയത് സാദിഖലി ശിഹാബ് തങ്ങളുടെ ചന്ദ്രികയിലെ ലേഖനമാണ്.
 
ഒട്ടും പ്രതീക്ഷിക്കാത്ത ഒരു പ്രതികരണമായിരുന്നു അത്. ഇത്തരം വിഷയങ്ങളിൽ ലീഗിന്റെ നാളിതുവരെയുള്ള പ്രഖ്യാപിത നിലപാടുകളിൽ നിന്നുള്ള ഒരു തിരിഞ്ഞു നടത്തമായിരുന്നു ആ ലേഖനം. എന്തായിരിക്കും അതിന് കാരണം.. ഒരു രാജ്യത്തെ ഭരണാധികാരി അവിടുത്തെ ഭൂരിപക്ഷ ജനതയുടെ മത വികാരങ്ങളെ ഉണർത്തി വിട്ട് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുമ്പോൾ, അവിടുത്തെ ന്യൂനപക്ഷ ജനതയുടെ വികാരങ്ങളെ വൃണപ്പെടുത്തുമ്പോൾ, തീർച്ചയായും ലീഗിനെപ്പോലൊരു ന്യൂനപക്ഷ രാഷ്ട്രീയ പ്രസ്ഥാനം നിൽക്കേണ്ടത് മത മൗലിക വാദികളുടെയും മതരാഷ്ട്ര വാദികളുടേയും കൂടെയല്ല, മത ന്യൂനപക്ഷങ്ങളുടെ കൂടെയാണ്. അതാണ് നാം പ്രതീക്ഷിച്ചിരുന്നത്, പക്ഷേ സംഭവിച്ചത് മറിച്ചാണ്, എന്തായിരിക്കാം അതിനു കാരണം?

വെൽഫെയർ, എസ് ഡി പി ഐ കൂട്ടുകെട്ടിന് ലീഗ് ശ്രമിക്കുന്നു എന്ന വാർത്ത വന്നപ്പോൾ തന്നെ പലരും ആശങ്കപ്പെട്ടിരുന്ന ഒന്നാണ് ലീഗ് അതിന്റെ പ്രഖ്യാപിത മതേതര നിലപാടുകളിൽ നിന്ന് ഇനി പിറകോട്ട് പോകും എന്നുള്ളത്. ജമാഅത്ത് സാഹിത്യങ്ങളും അവരുടെ നിലപാടുകളും 'മാധ്യമം' പ്രൊപ്പഗണ്ടകളുമൊക്കെ ലീഗുകാർ അറിയാതെ തന്നെ അവരിലേക്ക് എത്തിപ്പെടും എന്നത്. അതാണ് ഇപ്പോൾ സംഭവിക്കുന്നത് എന്നാണ് എന്റെ ബലമായ സംശയം.

ഹാഗിയ സോഫിയ വിഷയത്തിൽ എർദോഗാന്റെ വോട്ട് ബാങ്ക് രാഷ്ട്രീയത്തെ സപ്പോർട്ട് ചെയ്യുന്ന സാദിഖലി തങ്ങൾ അടക്കമുള്ളവർ പറയുന്ന പ്രധാന കാര്യം അത് അഞ്ഞൂറ് വർഷം ഒരു മുസ്ലീം പള്ളിയായിരുന്നു എന്നതാണ്. എന്നാൽ തൊള്ളായിരം വർഷം അതൊരു കൃസ്തീയ ദേവാലയമായിരുന്നു എന്നത് അവർ സൗകര്യപൂർവ്വം മറക്കുന്നു. മുസ്ലിംകൾ കോൺസ്റ്റാന്റിനേപ്പിൾ കീഴടക്കിയ കാലത്ത് ക്രിസ്ത്യാനികളിൽ നിന്ന് അവരുടെ കത്രീഡൽ വിലക്ക് വാങ്ങി വഖഫ് ഭൂമിയാക്കി എന്നതാണ് മറ്റൊരു ന്യായം. യുദ്ധവും അധിനിവേശവും നടക്കുന്ന കാലങ്ങളിൽ വിജയികളായ ആളുകൾ എങ്ങിനെയാണ് കീഴടക്കലിന്റെ രസതന്ത്രം നടപ്പിലാക്കുക എന്നത് മനസ്സിലാക്കാൻ അധികം ബുദ്ധിയൊന്നും ആവശ്യമില്ല. തരില്ല എന്ന് പറയാൻ നാവ് പൊങ്ങാത്ത ഒരു സമയത്ത് നിങ്ങൾ എടുത്തോളൂ എന്ന ദൈന്യത മാത്രമാണത്. അത്തരമൊരു വിലകൊടുത്ത് വാങ്ങൽ തിയറി തന്നെ ചരിത്രപരമായി എത്രമാത്രം വസ്തുതാപരമാണെന്നതും പരിശോധിക്കപ്പെടേണ്ടതുണ്ട്.


ഒരു കാര്യം ഉറപ്പാണ്, ആ പള്ളിയുടെ മച്ചിൽ ഇപ്പോഴും ക്രിസ്തുവിന്റെ വിവിധ രൂപങ്ങളുണ്ട്, കന്യാമറിയവും ഉണ്ണിയേശുവുമുണ്ട്.. പിൻകാലത്ത് കൂട്ടിച്ചേർക്കപ്പെട്ട ഇസ്‌ലാമിക ചിഹ്നങ്ങളുണ്ട്. എട്ടര പതിറ്റാണ്ട് മുമ്പ് അതൊരു മ്യൂസിയമാക്കി മാറ്റിയപ്പോൾ ക്രൈസ്തവ ഇസ്‌ലാമിക സംസ്കാരങ്ങളുടെ ഒരു വലിയ പാരമ്പര്യമുള്ള ചരിത്ര സ്മാരകമായി അത് മാറിയിരുന്നു. യു എൻ പൈതൃക പട്ടികയിൽ ഇടം പിടിച്ചിരുന്നു. ഇരുസമുദായങ്ങളുടേയും സമ്യക്കായ നിലനില്പിന്റെ പ്രതീകമായി അത് നിലനിന്നു. വീണ്ടും ഒരു പള്ളിയായി അതിനെ മാറ്റിയതിലൂടെ ഇപ്പോൾ സംഭവിച്ചിരിക്കുന്നത്, ചരിത്രത്തിന്റെ തിരുത്തിയെഴുത്തല്ല, ഒരു തെറ്റിന്റെ പുനർ പ്രതിഷ്ഠയാണ്.

അവിടുത്തെ സുപ്രിം കോടതിയുടെ വിധിയുണ്ട് എന്നതാണ് മറ്റൊരു ന്യായം.. 'ബാബരി മസ്ജിദ് വിഷയത്തിൽ സുപ്രിം കോടതിയുടെ വിധിയില്ലേ ദാസാ' എന്ന് മറിച്ചൊരു ചോദ്യം ചോദിച്ചാൽ തീരുന്ന ന്യായമേ അതിനുള്ളൂ.. പൊതുബോധത്തിനും ആൾക്കൂട്ട ഹിസ്റ്റീരിയക്കും നീതിനിർവ്വഹണത്തിൽ വേണ്ടത്ര ഇടം കൊടുക്കുന്ന വർത്തമാന കാല രാഷ്ട്രീയ ദുരന്തത്തിന്റെ വക്കിലിരുന്നു കൊണ്ട് "സുപ്രിം കോടതി വിധിയുണ്ട്" എന്ന് പറയുന്നതിലെ തമാശ തലതല്ലി ചിരിക്കാൻ വകയുള്ളതാണ്. ആയിരം പള്ളികളുള്ള ഒരു രാജ്യത്ത് ആയിരത്തൊന്നാമതായി ഒരു പള്ളി കൂടി ഉണ്ടായാൽ മതം പൂർണമാകില്ല. അത് പൂർണമാകണമെങ്കിൽ മനുഷ്യ സാഹോദര്യത്തിന്റേയും സമഭാവനയുടേയും സമഞ്ജസമായ ചേർച്ച കൂടി വിശ്വാസത്തോടൊപ്പം ഉണ്ടാകണം. ഒരു ന്യൂനപക്ഷ സമുദായത്തിന്റെ ഹൃദയ മുറിവുകളിൽ നിന്നല്ല മതം പൂർത്തീകരിക്കപ്പെടുന്നത്.

മത-വർണ്ണ-വംശീയ വികാരങ്ങളെ പരമാവധി കത്തിജ്വലിപ്പിച്ച് അധികാരം നിലനിർത്തുക എന്ന ഒറ്റ അജണ്ടയാണ് ലോകത്ത് ഫാസിസ്റ്റ് സ്വഭാവമുള്ള നേതാക്കളൊക്കെ ഇപ്പോൾ നടത്തുന്നത്. മോദിയും എർദോഗാനുമൊക്കെ അതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്. ഹാഗിയ സോഫിയ പള്ളിയാക്കി മാറ്റി അതിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് എത്തുന്ന എർദോഗാൻ നടത്തുന്നത് ഒരു രാഷ്ട്രീയ നിക്ഷേപമാണ്. അതേ രാഷ്ട്രീയ നിക്ഷേപമാണ് മോദി അയോധ്യയിലും നടത്തുന്നത്. ജനങ്ങളുടെ ജീവത് പ്രശ്നങ്ങളിൽ നിന്ന് അവരുടെ ശ്രദ്ധ മതവൈകാരികതയിലേക്ക് കൊണ്ട് പോവുക.. ഭൂരിപക്ഷ ജനതയുടെ മതധ്രുവീകരണം കൊണ്ട് ജനാധിപത്യത്തിന്റെ എല്ലാ പരീക്ഷണ വഴികളേയും അതിജയിക്കുക. അതാണ് അതിന്റെ സിമ്പിൾ ലോജിക്ക്.


അഞ്ഞൂറ് വർഷം പള്ളിയായി നിന്ന ഒന്നല്ലേ, അത് പള്ളിയായി തന്നെ തിരിച്ചു പോയാൽ എന്താണ് എന്ന് ചോദിക്കുന്നവർക്ക് അഞ്ഞൂറ് വർഷം മുമ്പുള്ള അതിന്റെ നിർമ്മിതിയുടെ ചരിത്രത്തെക്കുറിച്ച് ഒട്ടും ആലോചിക്കേണ്ടി വരുന്നില്ല. ചരിത്രത്തെ അതിന്റെ പഴമയിലേക്ക് തിരിച്ചു കൊണ്ട് പോകാൻ ശ്രമിക്കുന്നവർ ഏത് ചരിത്രത്തിലേക്ക് എന്ന ചോദ്യം വരുമ്പോൾ അവരുടെ വൈകാരികതകൾക്ക് സൗകര്യമുള്ള ഒരു ചരിത്ര പോയിന്റിലേക്ക് എന്ന് മറുപടി പറയും. തകർക്കലുകളും പിടിച്ചടക്കലുകളും നടത്തുന്നവർക്ക് അവരുടേതായ ന്യായവും 'ചരിത്രബോധ'വുമാണ് തുണ. തൊള്ളായിരം വർഷം ക്രിസ്ത്യൻ ദേവാലയം, അഞ്ഞൂറ് വർഷം മുസ്‌ലിം പള്ളി, എൺപത്തഞ്ച് വർഷം ഇതൊന്നുമല്ലാത്ത മ്യൂസിയം. അതാണ് ഹാഗിയ സോഫിയ.. ഇതിൽ ഏത് പോയിന്റിലേക്കാണ് നിങ്ങൾക്ക് പോകേണ്ടത് എന്നാണ് ചോദ്യം.. 'ചരിത്രത്തിന്റെ തിരുത്തുകൾ' എന്നത് ഒരു പണ്ടോറയുടെ പെട്ടിയാണ്, അത് തുറന്ന് കഴിഞ്ഞാൽ ചരിത്രത്തോടൊപ്പം രക്തപങ്കിലമാകുക വർത്തമാന കാല മനുഷ്യന്റെ ജീവിതമാണ്. അത് ഓർമ്മയുണ്ടാകണം.

എട്ട് പതിറ്റാണ്ടിലധികമായി ഹാഗിയ സോഫിയ ഒരു മ്യൂസിയമാണ്. അത് ഒരു മ്യൂസിയമായി തന്നെ തുടർന്നിരുന്നുവെങ്കിൽ അവിടെയുള്ള ഒരു ന്യൂനപക്ഷ ജനതയുടെ മേൽ മുറിവുകൾ ഉണ്ടാകില്ലായിരുന്നു. അവിടെ മുറിവുകൾ ഉണ്ടാകുമ്പോഴാണ് ഒരു ഭൂരിപക്ഷ ജനതയുടെ വൈകാരികതകളെ ഉദ്ദീപിപ്പിക്കാൻ കഴിയുക. എർദോഗാൻ ആ തന്ത്രം പയറ്റുമ്പോൾ കയ്യടിക്കുന്ന ഓരോരുത്തരും ഓർക്കുക, നിങ്ങൾ ആത്യന്തികമായി പിന്തുണക്കുന്നത് ഫാസിസ്റ്റ് രാഷ്ട്രീയത്തെയാണ്, അതിന്റെ വഴികളെയാണ്. നിങ്ങൾ കുഴിച്ചു കൊണ്ടിരിക്കുന്നത് നിങ്ങളുടെ തന്നെ കുഴിമാടമാണ്. 


സാദിഖലി ശിഹാബ് തങ്ങളുടെ ലേഖനം ലീഗിന്റെ നിലപാടല്ല എന്നും അതൊരു വ്യക്തിപരമായ വീക്ഷണം മാത്രമാണ് എന്നും ലീഗ് പറയും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ലീഗ് അതിന്റെ പ്രഖ്യാപിത നിലപാടുകളിൽ നിന്ന് പിറകോട്ട് പോകരുത്. മലബാറിലെ മതസൗഹാർദ്ദ ചരിത്രത്തെ സമ്പന്നമാക്കിയ പാരമ്പര്യമാണ് പാണക്കാട്ടെ തങ്ങൾ കുടുംബത്തിനുള്ളത്.. അങ്ങാടിപ്പുറം തളി ക്ഷേത്രത്തിൽ തീവെപ്പ് നടന്നപ്പോൾ അവിടെ ആദ്യം ഓടിയെത്തിയ ഒരാൾ മുഹമ്മദലി ശിഹാബ് തങ്ങളാണ്. പല ക്ഷേത്രക്കമ്മറ്റിക്കാരും പുനർനിർമാണങ്ങൾക്ക് സഹായം തേടി പാണക്കാട് കുടുംബത്തിലെത്തുന്ന നിരവധി വാർത്തകൾ വായിച്ചിട്ടുണ്ട്, അത്തരമൊരു മത സൗഹാർദ്ദ പാരമ്പര്യത്തിന്റെ കണ്ണികളാണ് മുൻഗാമികളായി ലീഗിനുള്ളത്. അവരിലെ പിന്മുറക്കാർ മതം കൊണ്ട് ഫാസിസ്റ്റ് രാഷ്ട്രീയം കളിയ്ക്കാൻ ശ്രമിക്കുന്ന ഭരണാധികാരികൾക്ക് പിന്തുണ കൊടുക്കരുത്. മോഡി അയോദ്ധ്യ രാഷ്ട്രീയം കളിക്കുമ്പോൾ അതിനെ എതിർക്കാനുള്ള അവകാശം ലഭിക്കണമെങ്കിൽ അതേ രാഷ്ട്രീയം കളിക്കുന്ന ലോകനേതാക്കൾക്ക് സ്തുതി പാടരുത്.

അതുകൊണ്ട് വീണ്ടും വീണ്ടും ലീഗ് നേതൃത്വത്തോട് പറയാനുള്ളത് ഒരേ കാര്യമാണ്, എസ് ഡി പി ഐ, വെൽഫെയർ പാർട്ടികളുടെ നിലപാടുകളുമായി അവർ മുന്നോട്ട് പോകട്ടെ, അവരെ തിരുത്താനും ചെറുക്കാനും കെല്പുള്ള ഒരു മതേതര സമൂഹം കേരളത്തിലുണ്ട്, അവരെ മാത്രമല്ല, സംഘികളേയും ചെറുത്ത് തോൽപ്പിക്കാനുള്ള കരുത്ത് ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള ഈ കൊച്ചു തുരുത്തിനുണ്ട്. പക്ഷേ നിങ്ങൾ അവരുടെ കൂടെ കൂടരുത്, അത് ആപത്താണ്, വലിയ ദുരന്തങ്ങൾ ഈ മണ്ണിലേക്ക് കൊണ്ട് വന്നേക്കാവുന്ന ആപത്ത്.. നിങ്ങൾ നിങ്ങളുടെ പാരമ്പര്യവുമായി മുന്നോട്ട് പോവുക, അവർ അവരുടെ വഴിയിലും മുന്നോട്ട് പോകട്ടെ.. ചാണകം ചാരിയാൽ ചന്ദനം മണക്കില്ല, ചാണകം തന്നെയായിരിക്കും മണക്കുക എന്നതും ഓർക്കുക.

മതേതരത്വമെന്നത് നമുക്ക് സൗകര്യമുള്ളപ്പോൾ മാത്രം സ്വീകരിക്കാവുന്ന ഒരു നിലപാടല്ല, ഒരു ബഹുസ്വര സമൂഹത്തിൽ ഉയർന്നു വരുന്ന ഏത് വിഷയങ്ങളിലും നാം സ്ഥായിയായി സ്വീകരിക്കുന്ന നിലപാടുകളുടെ അടിത്തറ തന്നെ മതേതരത്വമൂല്യങ്ങളിൽ അധിഷ്ഠിതമായിരിക്കണം. നമുക്ക് സൗകര്യമുള്ളപ്പോൾ മതേതരത്വം, അതല്ലാത്തപ്പോൾ മത തീവ്രവാദം എന്നതാണ് ഇരട്ടത്താപ്പ്.. തുർക്കിയിലെ മതന്യൂനപക്ഷങ്ങളുടെ വികാരവും വിചാരവും മനസ്സിലാക്കാനുള്ള ഹൃദയം നമുക്കില്ലെങ്കിൽ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങളിൽ പ്രതികരിക്കാനുള്ള അവകാശവും നമുക്കില്ലാതാവും. നിലപാടുകൾക്ക് എപ്പോഴും കൃത്യമായ ഒരു അടിത്തറയുണ്ടാകണം.

തുർക്കിയിലെന്നല്ല, ലോകത്തെവിടേയും പാർശ്വവത്കരിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളോട്, അവരുടെ മതവിശ്വാസങ്ങൾക്കപ്പുറം ഐക്യപ്പെടാൻ കഴിയുന്നില്ലെങ്കിൽ അവസരങ്ങൾക്കൊപ്പിച്ച് ഉയർത്തുന്ന ഇരവാദങ്ങൾക്ക് പ്രസക്തി നഷ്ടപ്പെടും എന്ന് കൂടി മനസ്സിലാക്കണം. ഹാഗിയ സോഫിയ തുർക്കിയിലെ ഒരു പള്ളിയുടെ മാത്രം വിഷയമല്ല, അത് ഒരു നിലപാടിന്റെ കൂടി പ്രതീകമാണ്. 

Related Posts

Recent Posts

2 comments:

 1. Basheer fart kunn, haya sofiya constantinople podichadakiyapol cash koduth muhammed fathah vangiyathareele. Shesham ayalude privet property ayirunnu ath, ayaal athoru masjithaki. Pinne europeansinte valayyi atha turk athoru misium aki, mattulavare preethipeduthan athikaram vende ayinaan.

  Pinne thanilku ezhuthan valland muttunundenkil Spainine kurichum onnezhuthanam ketto.

  ReplyDelete
  Replies
  1. Spain kurich enth arinjittane.
   Christian rajyam ayirunna spain muslim aakramichu avidthu church oke mosque aaki maati...aviduth janagale matham mattan nokki..apol aavr avrude swathanthryathin vendu yudham chyth muslim tholpichu..avrude pallikal thirich pidichu....ivid agne allalo..church ayirunna sthlm ningal aakramichu kayyadi mosque aak...nallla ruler vannapol ath museum aaki..veendum ningale pope vargeeya vaadhi vannapol ath mosque aakunnu...Enth nyayam aado...athint thott aduth ningalk mosque und..ennitum ith kayyeriayathin nyayikarikkan uluppille..

   Delete