നിധി രസ്ദാൻ : ഭരണകൂടത്തിന്റെ മുട്ടിലിഴയാത്ത മാധ്യമ പ്രവർത്തക


ഭരണകൂടത്തിന്റെ മുട്ടിലിഴഞ്ഞു ശീലമില്ലാത്ത ഒരു മാധ്യമ പ്രവർത്തക കൂടി രംഗം വിടുകയാണ്, നിധി രസ്ദാൻ, ഇരുപത്തിയൊന്ന് വർഷത്തെ എൻഡിടിവി യിലെ സേവനത്തിൽ നിന്നും.

കത്വ പെൺകുട്ടിയുടെ ദാരുണ അന്ത്യത്തിന്റെ വിശദ വിവരങ്ങൾ ഒരു അന്വേഷണാത്മക റിപ്പോർട്ടിലൂടെ പുറത്ത് കൊണ്ട് വന്നതിനു ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഐ പി ഐ അവാർഡ് സ്വീകരിച്ചു കൊണ്ട് നിധി നടത്തിയ പ്രഭാഷണത്തിൽ ഒരു കാര്യം പറഞ്ഞിരുന്നു, ടെലിവിഷൻ ജേർണലിസം എന്നത് സ്റ്റുഡിയോയിൽ ബഹളം കൂട്ടലാണെന്ന ധാരണ നിലനിൽക്കുന്ന ഈ കാലത്ത് ആക്ഷേപങ്ങൾക്കും പരിഹാസങ്ങൾക്കും നടുവിൽ നിന്ന് കൊണ്ട് മാധ്യമ പ്രവർത്തനം നടത്തുക എന്നത് വലിയ വെല്ലുവിളി തന്നെയാണെന്ന്.

നിധിയുടെ ഡിബേറ്റുകൾ കണ്ടിട്ടുള്ളവർക്ക് അറിയാം, വളരെ കൂളായ ഒരു അന്തരീക്ഷം സൃഷ്ടിച്ചു കൊണ്ടാണ് നിധി ഡിബേറ്റുകൾ നടത്താറുള്ളത്.. അർണബ് നടത്തുന്നത് പോലുള്ള അട്ടഹാസങ്ങളോ കൊലവിളികളോ നിധിയിൽ കാണാറില്ല. ഒരേ വിഷയത്തിലുള്ള അർണാബിന്റെയും നിധിയുടെയും രണ്ട് ഡിബേറ്റുകളെ താരതമ്യപ്പെടുത്തി വർഷങ്ങൾക്ക് മുമ്പൊരു പോസ്റ്റ് എന്റെ എഫ് ബി പേജിൽ എഴുതിയിരുന്നു. അത് ഈ ഈ പോസ്റ്റിന്റെ അനുബന്ധമായി വായിക്കാം. 

'അൾട്രാ മസ്കുലിൻ നാഷണലിസം' ഇന്ത്യയെ വരിഞ്ഞു മുറുക്കുന്നതിനെക്കുറിച്ച് നിധി പലപ്പോഴും പറഞ്ഞിട്ടുണ്ട്, ഒരു മുസ്‌ലിം ന്യൂനപക്ഷം അതിന്റെ ഇരകളായിത്തീരുന്നതിനെക്കുറിച്ചും സംസാരിച്ചിട്ടുണ്ട്. ഡിബേറ്റുകളിൽ അവ നിരന്തരം വിഷയമാക്കിയിട്ടുണ്ട്. കത്വവയിലെ പെൺകുട്ടിയുടെ സ്റ്റോറി പുറത്ത് കൊണ്ട് വന്നതിന് നിധി നേരിട്ട സൈബർ ബുള്ളിയിങ് വളരെ വലുതായിരുന്നു.



'ആസിഫയുടെ കേസിൽ മാത്രമെന്താണ് നിങ്ങൾക്കിത്ര താത്‌പര്യം. രാജ്യത്ത് എത്ര റേപ്പ് കേസുകൾ നടക്കുന്നു' എന്ന മട്ടിലായിരുന്നു ചോദ്യങ്ങൾ. അവരോടു നിധി പറഞ്ഞത് "എല്ലാ റേപ്പ് കേസുകളും തെറ്റ് തന്നെയാണ്, അവക്കെതിരെ ശബ്ദിക്കണം, പക്ഷേ മന്ത്രിമാരും ഭരണകൂടവും പ്രതികൾക്ക് വേണ്ടി പരസ്യമായി രംഗത്ത് വന്ന ഈ കേസിൽ കൂടുതൽ ശബ്ദമുയർത്തണം' എന്നാണ്. കത്വ വിഷയത്തിൽ മാത്രമല്ല, പല വിഷയങ്ങളിലും അവർ സൈബർ ബുള്ളിയിങ് നേരിട്ടിട്ടുണ്ട്, അതിനെയെല്ലാം അതിജീവിച്ച് മുന്നോട്ട് പോയിട്ടുണ്ട്. കൊറോണ പകർച്ചയുടെ കാര്യത്തിൽ പോലും ഒരു സമുദായത്തെ പ്രതിസ്ഥാനത്ത് നിർത്തുവാൻ ശ്രമിക്കുന്നവരെക്കുറിച്ച് ഉച്ചത്തിൽ സംസാരിച്ചവരിൽ ഒരാൾ നിധിയായിരുന്നു.

സംഘപരിവാരം സമ്പൂർണ്ണമായി പിടി മുറുക്കുന്ന ദേശീയ മാധ്യമ രംഗത്ത് നിന്ന് ഇത്തരം ചെറിയ ശബ്ദങ്ങൾ കൂടി ഇല്ലാതാകുമ്പോൾ വലിയ വിഷമമുണ്ട്, പകരം പുതിയ ശബ്ദങ്ങൾ വരുമെന്ന് പ്രതീക്ഷിക്കാം.. പക്ഷെ പലപ്പോഴും കാണുന്നത് പകരം പുതിയ പ്രതിഭകളെ കാണുന്നില്ല എന്നതാണ്. മിറർ നൗവിൽ നിന്ന് ഫയേ ഡിസൂസ പോയ ശേഷം അതൊരു വാക്വമായി അവിടെ കിടക്കുന്നത് നാം കാണുന്നുണ്ട്. എന്നിരിക്കിലും അടിച്ചമർത്തപ്പെടുന്നവർക്കും പാർശ്വവത്കരിക്കപ്പെടുന്നവർക്കും വേണ്ടി ശബ്ദിക്കാൻ പുതിയ ശബ്ദങ്ങളും പുതിയ മുഖങ്ങളും വരിക തന്നെ ചെയ്യുമെന്ന് പ്രതീക്ഷിക്കാനാണ് എനിക്കിഷ്ടം.

ഹാർവാഡിൽ മാധ്യമപ്രവർത്തനം പഠിപ്പിക്കാനാണ് നിധി പോകുന്നത്.. അവർക്ക് ആശംസകൾ നേരുന്നു.

+ + + 

അനുബന്ധം: (അഞ്ച് വർഷം മുമ്പെഴുതിയ 09 March 2015 എഫ് ബി കുറിപ്പ്


വാർത്താ അവതാരകരുടെ രീതികൾ..

ഒരേ ദിവസം നടന്ന ഒരേ വിഷയത്തിലുള്ള രണ്ട് ടി വി ഡിബേറ്റുകൾ നോക്കാം. ഒന്ന് നിധി രസ്ദാൻ നയിച്ച എൻ ഡി ടി വി ചർച്ച.. മറ്റൊന്ന് അർണബ് ഗോസ്വാമി നയിച്ച ടൈംസ്‌ നൗ ഡിബേറ്റ്.. വിഷയം ബി ബി സിയുടെ 'ഇന്ത്യയുടെ മകൾ' ഡോക്യുമെന്ററി

ഈ രണ്ട് ടി വി ചാനലുകളുടെയും ഈ വിഷയത്തിലെ നിലപാടുകൾ നമുക്കറിയാം. ഡോക്യുമെന്ററി ഇന്ത്യൻ സർക്കാർ സംപ്രേഷണം നിരോധിച്ചത് ശരിയായില്ല എന്ന് എൻ ഡി ടി വി, ശരിയാണെന്ന് ടൈംസ്‌ നൗ. അതിന്റെ ശരി തെറ്റുകളിലേക്ക് കടക്കുന്നില്ല. അത് മറ്റൊരു വിഷയമാണ്. ചർച്ചയുടെ രീതിയാണ് ഇവിടെ സൂചിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. രണ്ട് ടി വി സ്റ്റേഷനുകളും അവരുടെ വാദമുഖങ്ങൾക്ക് പ്രാമുഖ്യം കിട്ടും വിധമാണ് പാനലിനെ തിരഞ്ഞെടുത്തത്. ടൈംസ്‌ നൗവിൽ ആറ് പ്രമുഖ പാനലിസ്റ്റുകളിൽ നടി ഖുഷ്ബു ഒഴികെ ബാക്കി അഞ്ചു പേരും ഏതാണ്ട് ഒരേ വാദഗതിക്കാരാണ്. എൻ ഡി ടി വി യിലെ ആറ് പേരിൽ നാല് പേർ ഒരു പക്ഷത്ത് ഉള്ളവരാണ്.


Arnab vs Nidhi Razdan

അർണബ് നയിക്കുന്ന ചർച്ചകളുടെ സ്വഭാവം നമുക്കറിയാം. രണ്ടോ മൂന്നോ പേർ ഒരേ സമയം സംസാരിച്ചു കൊണ്ടിരിക്കും. അതിനിടയിൽ കാലിച്ചന്തയിൽ ലേലം വിളി നടത്തുന്ന പോലെ അർണബ് ബഹളം വെക്കും. ചർച്ചകളിൽ അർണബ് സംസാരിക്കുമ്പോൾ മാത്രമാണ് സമ്പൂർണ നിശ്ശബ്ദത ഉണ്ടാവുക. അതല്ലെങ്കിൽ അർണബിന്റെ വാദമുഖങ്ങളെ സപ്പോർട്ട് ചെയ്യുന്നവർ സംസാരിക്കുമ്പോൾ.. ഈ ഡിബേറ്റിൽ ഉടനീളം ഖുഷ്ബുവിനെ മര്യാദയ്ക്ക് ഒരു വാചകം പറയുവാൻ അർണബ് അനുവദിക്കുന്നില്ല. അവർ സംസാരിക്കുമ്പോഴെക്കെ അർണബും സംസാരിക്കുന്നു. മറ്റാളുകളും സംസാരിക്കുന്നു. അവർക്കെതിരെ സംസാരിക്കുന്നവർക്ക് മാത്രം അർണബ് നിശ്ശബ്ദത സൃഷ്ടിച്ച് അവസരം നല്കുന്നു. ഇതിനെ നമുക്കൊരു ഡിബേറ്റ് എന്ന് പറയാൻ പറ്റുമോ?. (അർണബിന്റെ എല്ലാ ചർച്ചകളും ഈ വിധമാണെന്ന് എനിക്ക് അഭിപ്രായമില്ല.. നല്ല രീതിയിൽ ചർച്ച നടത്താനും അദ്ദേഹത്തിനറിയാം. ഒരു പൊതുസ്വഭാവം ഇതാണെന്ന് മാത്രം. ചർച്ചകളുടെ അവസാനത്തിൽ അർണബും അർണബിന്റെ അഭിപ്രായങ്ങളും മാത്രം വിജയ പീഠത്തിൽ ഏറുന്ന അവസ്ഥ)

അതേ സമയം എൻ ഡി ടി വി ഡിബേറ്റ് ശ്രദ്ധിക്കൂ.. എത്ര മനോഹരമായാണ് നിധി ചർച്ച നയിച്ചത്. എല്ലാവർക്കും അവരുടെ വാദഗതികൾ അവതരിപ്പിക്കാൻ അവസരം കൊടുത്തു. അനവസരത്തിലുള്ള ഒരിടപെടലും നിധി നടത്തിയില്ല. നടത്തിയ ഇടപെടലുകളാകട്ടെ ചർച്ചയെ ട്രാക്കിൽ കൊണ്ട് വരാനുള്ള നയപരമായ നീക്കങ്ങളായിരുന്നു. ചർച്ച അവസാനിപ്പിക്കുമ്പോൾ പ്രേക്ഷകന് വിഷയത്തിന്റെ എല്ലാ തലങ്ങളും മനസ്സിലാക്കാനുള്ള അവസരം ലഭിച്ചതിന്റെ സംതൃപ്തി.

നമ്മുടെ അവതാരകർ ഇവരിൽ ആരുടെ ശൈലിയായിരിക്കും അനുകരിക്കാൻ ശ്രമിക്കുക?. എന്റെ നിരീക്ഷണത്തിൽ കേരളത്തിലെ അവതാരകരിൽ കൂടുതലും അർണബിന്റെ ആരാധകരായി മാറുന്നതാണ് നാം കാണുന്നത്. Aggressive Anchoring. അർണബിന് പ്രേക്ഷകരെ കിട്ടും. കാരണം എത്ര Aggressive ആയാലും പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള ചല അസാമാന്യ കഴിവുകൾ അദ്ദേഹത്തിനുണ്ട്. എന്നാൽ അത്രത്തോളം എത്താൻ കഴിയാത്ത നമ്മുടെ അവതാരകരും അർണബിനെ അനുകരിച്ച് Aggressive Anchoring ന് ശ്രമിക്കുന്നത് ആത്മഹത്യാപരമായിരിക്കില്ലേ.. സമയവും നിരീക്ഷണ താത്പര്യവുമുള്ളവർക്ക് ഈ രണ്ട് ഡിബേറ്റുകളും കണ്ട് നോക്കാവുന്നതാണ്. 


Nidhi Debate

Arnab Debate


രണ്ടും കണ്ടവർ ഉണ്ടെങ്കിൽ അവരുടെ അഭിപ്രായങ്ങൾ അറിയാൻ താത്പര്യമുണ്ട്. നമ്മുടെ അവതാരകരിൽ നിങ്ങൾക്ക് ആരുടെ രീതികളാണ് ഇഷ്ടപ്പെടുന്നത് എന്നും പറയാം. ക്രിയാത്മകമായ അഭിപ്രായങ്ങൾ നമ്മുടെ മാധ്യമ സുഹൃത്തുക്കൾക്കും ഉപകാരപ്പെട്ടേക്കും.