മാറേണ്ടത് നമ്മളാണ്, ബി ബി സി യല്ല

കൊടിയ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ട, 'ഡൽഹി പെണ്‍കുട്ടി' എന്ന് നാം വിളിച്ച ജ്യോതി സിംഗ് ഒരിക്കൽ തെരുവിലൂടെ നടന്ന് പോവുകയായിരുന്നു. പെട്ടെന്നാണ് പത്തോ പന്ത്രണ്ടോ വയസ്സ് പ്രായമുള്ള ഒരു പയ്യൻ അവളുടെ ബാഗും തട്ടിപ്പറിച്ച് ഓടിയത്.  ഒരു പോലീസുകാരൻ ആ പയ്യനെ ഓടിച്ചിട്ട്‌ പിടിച്ചു. പിടിച്ച ഉടനെ അയാൾ ആ കുട്ടിയെ അതിക്രൂരമായി അടിക്കാൻ തുടങ്ങി. ജ്യോതി ഓടിച്ചെന്ന് ആ പോലീസുകാരനെ തടഞ്ഞു. നിങ്ങൾ ഇങ്ങനെ ഇവനെ മർദ്ദിക്കുന്നത് വഴി അവനെന്ത് പാഠമാണ് പഠിക്കാൻ പോകുന്നത് എന്ന് ചോദിച്ചു. പോലീസുകാരനെ മാറ്റി നിർത്തി അവൾ ആ പയ്യനോട് ചോദിച്ചു. എന്തിനാണ് കുട്ടീ നീ ഇത് ചെയ്തത്?.. അവൻ പറഞ്ഞു. "എനിക്കും നിങ്ങൾ ധരിച്ച പോലുള്ള നല്ല വസ്ത്രം ധരിക്കണം. ചെരുപ്പ് വേണം. എനിക്കും ബർഗർ കഴിക്കണം". ജ്യോതി അവനെ കൂട്ടിക്കൊണ്ടു പോയി അവൻ ആവശ്യപ്പെട്ടതെല്ലാം വാങ്ങിച്ചു കൊടുത്തു. ഇനിയിത് പോലെ ജീവിതത്തിലൊരിക്കലും ഞാൻ ചെയ്യില്ല എന്ന് അവൻ ജ്യോതിയോട് പറഞ്ഞു. 'ഡൽഹി പെണ്‍കുട്ടി' എന്ന് മാത്രം വിളിച്ച് നമ്മുടെ മാധ്യമങ്ങൾ കുഴിച്ചുമൂടിയ ജ്യോതി സിംഗിനെ അടുത്തറിയാൻ, അവളുടെ അച്ഛനുമമ്മയും നെയ്തുകൂട്ടിയിരുന്ന സ്വപ്നങ്ങളെ തിരിച്ചറിയാൻ, പഠന വഴികളിൽ അവൾ സഹിച്ച ത്യാഗങ്ങളെത്രയെന്ന് മനസ്സിലാക്കാൻ, അവൾ കടന്ന് പോയ ദുരന്തങ്ങളുടെ ആഴമറിയാൻ, എല്ലാറ്റിലുമുപരി കുറ്റം ചെയ്തവരുടെ വിഷലിപ്തമായ  മനസ്സ് വായിക്കുവാൻ BBC യുടെ 'ഇന്ത്യയുടെ മകൾ' എന്ന ഡോക്യുമെന്ററിക്ക് കഴിഞ്ഞിട്ടുണ്ട്.

നടിയും സംവിധായികയുമായ ലെസ്ലീ ഉഡ്വിൻ തയ്യാർ ചെയ്ത ഒരു മണിക്കൂർ ദൈർഘ്യമുള്ള ആ ഡോക്യുമെന്ററി (India's daughter) ഇന്ത്യൻ സർക്കാർ നിരോധിച്ചിരിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും നിലകൊള്ളുന്ന ഇന്ത്യയെപ്പോലൊരു ജനാധിപത്യ രാജ്യം എന്ത് കൊണ്ടാണ് ഇത്തരം നിരോധനങ്ങളുടെ വഴിയിലേക്ക് നീങ്ങുന്നത്‌. ജ്യോതി സിംഗ് കടന്ന് പോയ ദുരിതങ്ങളുടെ ചിത്രം, ജീവിത സാഹചര്യങ്ങളോട് മല്ലിട്ട് ഒരു ഡോക്ടറാവൻ ആ പെണ്‍കുട്ടി നടത്തിയ പ്രയത്നങ്ങൾ, അതിന് പിന്തുണ നല്കാൻ മാതാപിതാക്കൾ സഹിച്ച ത്യാഗങ്ങൾ, ആ കരാള രാത്രിയിൽ അരങ്ങേറിയ പീഡനങ്ങളുടെ വിശദ വിവരങ്ങൾ, ആ പീഡനങ്ങൾക്കെതിരെ ഇന്ത്യൻ ജനത ഉയർത്തിയ പ്രതിഷേധം, കുറ്റവാളികളുടെ മനസ്സ്, സ്ത്രീയോടുള്ള അവരുടെ സമീപനം, ചെയ്ത തെറ്റിൽ ഒരിറ്റ് പാശ്ചാത്താപം പോലുമില്ലാതെ കുറ്റവാളികൾ നടത്തുന്ന ന്യായീകരണങ്ങൾ, ഇരുപക്ഷ വക്കീലുമാരുടെയും വാദഗതികൾ, സാംസ്കാരിക പ്രവർത്തകരുടെ മൊഴികൾ.. എല്ലാം ഈ ഡോക്യുമെന്ററിയിലുണ്ട്. ഇതുപോലൊരു ബൃഹത്തായ റിപ്പോർട്ട്‌ ഈ വിഷയത്തിൽ മുമ്പ് ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുമെന്നും തോന്നുന്നില്ല. കണ്ടു കഴിഞ്ഞാൽ നമ്മുടെ മനസ്സൊന്ന് പിടയ്ക്കും. അതുറപ്പ്‌.. നിരോധിക്കുന്നതിന് പകരം കൂടുതൽ ആളുകളിലേക്ക്‌ ഇതിന്റെ സന്ദേശം എത്തിച്ച് ഒരു സാംസ്കാരിക ബോധവത്കരണത്തിന് ശ്രമിക്കുകയായിരുന്നില്ലേ നാം ചെയ്യേണ്ടിയിരുന്നത്.

പ്രതി മുകേഷ് സിംഗ്

ഒരു പ്രശ്നത്തിന്റെയും അസ്തിത്വത്തെ നിഷേധിച്ചു കൊണ്ട് ആ പ്രശ്നത്തെ നമുക്ക് പരിഹരിക്കാനാവില്ല.  രോഗമുണ്ടെന്ന് സ്വയം അംഗീകരിക്കലാണ് രോഗചികിത്സയുടെ ആദ്യഘട്ടം. രോഗമില്ല എന്ന് സ്വയം പ്രഖ്യാപിക്കുന്നതോടെ ആശുപത്രിയിൽ പോകുന്നതും ഡോക്ടറെ കാണുന്നതും ചികിത്സിക്കുന്നതും ഇല്ലാതാകുന്നു. ഈ ഡോക്യുമെന്ററിക്കെതിരെ ശബ്ദിക്കുന്നത്‌ വഴി നമ്മുടെ സമൂഹം പെർഫക്റ്റ് ആണെന്ന് പ്രഖ്യാപിക്കുകയാണ് നാം ചെയ്യുന്നത്. ഇന്ത്യയെക്കുറിച്ച് മോശമായ ഒരു ധാരണ വിദേശരാജ്യങ്ങളിൽ ഉണ്ടാവാൻ ഇത് കാരണമായേക്കും എന്നാണ് ഈ ഡോകുമെന്ററി നിരോധിക്കണമെന്ന് പറയുന്നവരുടെ പ്രധാന ന്യായം. എന്തൊരു അസംബന്ധമാണെന്ന് നോക്കൂ.  പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികളെക്കുറിച്ചോ അവർ കടന്നു പോകുന്ന ദുരിത കാലത്തെക്കുറിച്ചോ ഒട്ടും അസ്വസ്ഥതയില്ല, മദ്യവും മയക്കുമരുന്നുകളും ഒരു തലമുറയെ എങ്ങിനെ നശിപ്പിക്കുന്നു എന്നതിനെക്കുറിച്ച വേവലാതികളില്ല, വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച ആകുലതകളില്ല, ആകെയുള്ളത് പുറംലോകം ഇതൊക്കെ അറിയുന്നതിലുള്ള മാനസിക വിഷമം മാത്രം.

ഏതാനും മനുഷ്യ മൃഗങ്ങളുടെ പീഡനങ്ങളുടെ കൊടുമുടിയിൽ മരണം വരിച്ച ആ  പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ മാനസികാവസ്ഥയെക്കുറിച്ചെങ്കിലും ഈ ഡോക്യുമെന്ററി പ്രദർശിപ്പിക്കണമെന്ന് വാദിക്കുന്നവർ ഓർക്കേണ്ടതില്ലേ എന്നാണ് ചിലരുടെ ചോദ്യം. വലിയൊരു തമാശ ചോദ്യമാണിത്. ഈ ഡോക്യുമെന്ററിയിൽ ഏറ്റവും കൂടുതൽ സംസാരിക്കുന്നതും ആകുലതകൾ പങ്ക് വെക്കുന്നതും ആ മാതാപിതാക്കളാണ്. എന്റെ മകളുടെ പേര് വെളിപ്പെടുത്തുന്നതിൽ സന്തോഷമേയുള്ളൂ എന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കൾ അഭിമുഖത്തിൽ പറയുന്നുണ്ട്. ഡോക്യുമെന്ററിയെക്കുറിച്ച് വിവാദമുണ്ടായപ്പോൾ അവ പ്രദർശിപ്പിക്കുന്നതിന് അനുകൂലമായാണ് അവർ പ്രതികരിച്ചതെന്നും ഓർക്കുക. വധ ശിക്ഷ കാത്ത് കഴിയുന്ന ഒരു പ്രതിയുടെ അഭിമുഖം പരസ്യപ്പെടുത്താൻ പാടുണ്ടോ എന്നതാണ് മറ്റൊരു ചോദ്യം. അത്തരമൊരു അഭിമുഖത്തിന് അവസരം കൊടുത്ത കേന്ദ്ര മന്ത്രാലയവും ജയിൽ അധികൃതരുമാണ് അതിൽ ആദ്യം മറുപടി പറയേണ്ടത്.സംപ്രേഷണം ചെയ്യാനല്ല, കുറ്റവാളികളുടെ മനശ്ശാസ്ത്രം പഠിക്കാനാണ് ബി ബി സി ടീമിന് അനുമതി നൽകിയതെന്ന് പറയുന്നവർക്ക് മാധ്യമങ്ങളുടെ വാർത്താ ശേഖരണ രീതിയെക്കുറിച്ച് പ്രാഥമിക ധാരണകൾ പോലും ഇല്ല എന്നർത്ഥം.  ജീവിതത്തിലൊരിക്കൽ റേപ്പിന് ഇരയായ ഒരു സ്ത്രീയാണ് ഈ ഡോക്യുമെന്ററി നിർമിച്ച ലെസ്ലീ ഉഡ്വിൻ.അതുകൊണ്ട് തന്നെ പീഡിപ്പിക്കപ്പെടുന്ന പാവം പെണ്‍കുട്ടികളുടെ ദുരിതാവസ്ഥകളിലേക്ക് ലോകത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയാണ് 'ഇന്ത്യയുടെ മകളിലൂടെ' അവർ ചെയ്തത്.

പ്രതിഭാഗം വക്കീൽ കത്തിക്കയറുകയാണ്

പ്രതി മുകേഷ് സിംഗ് പറയുന്നത് മൂക്കറ്റം കുടിച്ച ശേഷമാണ് അവരുടെ രാത്രി യാത്ര തുടങ്ങിയതെന്നാണ്. ബസ്സിലേക്ക് ഈ പെണ്‍കുട്ടിയേയും യുവാവിനെയും പിടിച്ചു കയറ്റിയത് മുതൽ പിന്നീട് നടന്ന സംഭവങ്ങൾ ഓരോന്നും അയാൾ വിവരിക്കുന്നുണ്ട്. മാറി മാറി ബലാത്സംഗം ചെയ്തതിൽ തുടങ്ങി മൃതപ്രായമായ ആ ശരീരത്തിന്റെ ഗുഹ്യഭാഗങ്ങളിലൂടെ കുടൽ മാലകൾ വലിച്ച് പുറത്തിട്ടത് വരെ അയാൾ വ്യക്തമാക്കുന്നുണ്ട്.  അതിന് അയാൾക്കുള്ള ന്യായീകരങ്ങളും ഞെട്ടലോടെ, അതിലേറെ മരവിപ്പോടെ ഡോക്യുമെന്ററിയിൽ നിന്ന് നമുക്ക് കേൾക്കാൻ സാധിക്കും. അയാൾക്ക്‌ മാത്രമല്ല, അയാളുടെ വക്കീലിനും പറയാനുള്ളത് അതേ ന്യായീകരണങ്ങളുടെ തനിയാവർത്തനങ്ങളാണ്.. ഇവക്കിടയിലും  ഡൽഹി ജനത നടത്തിയ ധീരമായ പ്രതിഷേധ സമരങ്ങളുടെ നേർചിത്രവും ഡോക്യുമെന്ററിയിൽ അതീവ പ്രാധാന്യത്തോടെ  കാണിക്കപ്പെടുന്നുണ്ട്. കേരളത്തിൽ നടന്ന ഒരു പ്രതിഷേധ മാർച്ചിന്റെ ക്ലിപ്പിംഗ് കാണിച്ചു കൊണ്ടാണ് ബഹുജന സമരങ്ങളെ ബി ബി സി അവതരിപ്പിക്കുന്നത്‌. ഇന്ത്യൻ യുവത്വം ഇത്തരം തിന്മകളോട് രാജിയാവാതെ പൊരുതാൻ പ്രാപ്തമാണെന്ന സന്ദേശം വ്യക്തമായി ആ വിഷ്വലുകൾ പറയുന്നുണ്ട്. പ്രതികളിൽ ഓരോരുത്തരുടേയും വീട്ടിലെ അവസ്ഥകളും അവർ ജീവിച്ചിരുന്ന ചുറ്റുപാടുകളും ഡോക്യുമെന്ററിയിൽ കാണിക്കുന്നുണ്ട്. അവരുടെ മാതാപിതാക്കളെയും ഭാര്യമാരെയും അഭിമുഖം നടത്തുന്നുണ്ട്. ഇതിലേതാണ് ഇന്ത്യയുടെ വികാരത്തെ വൃണപ്പെടുത്തുന്നത്?. മുഖത്ത് ചളി പുരണ്ടതിന് കണ്ണാടി തല്ലിയുടക്കുന്നത് വഴി നാം നേടുന്നത് എന്താണ്?ഇന്ത്യയിലെ ചേരികളിൽ ബി ബി സി യുടെ ക്യാമറ ഫോക്കസ് ചെയ്യപ്പെടുന്നു എന്നാണ് പലരും പരിതപിക്കുന്നത്‌. ചേരികളെ നാം ഭയപ്പെടുന്നത് എന്തിനാണ്. അവയൊക്കെ ഇന്ത്യൻ യാഥാർത്ഥ്യങ്ങളുടെ ഭാഗം തന്നെയാണ്. ഒരു പ്രതിയും ഒറ്റ ദിവസം കൊണ്ട് ജനിക്കപ്പെടുന്നില്ല. ജീവിത സാഹചര്യങ്ങൾക്ക് അതിൽ വലിയ പങ്കുണ്ട്. ഡൽഹിയിലെ ചേരികളിലാണ് അഞ്ച് പ്രതികളും ജീവിച്ചു വളർന്നത്‌. വിദ്യാഭ്യാസവും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്ത അവരുടെ ജീവിത സാഹചര്യങ്ങളും ചുറ്റുപാടുകളും ബി ബി സി ഡോക്യുമെന്ററിയിൽ കാണിക്കുന്നുണ്ട്. അവരുടെ മാതാപിതാക്കളുടെ അഭിമുഖങ്ങളും അവയിലുണ്ട്. അഡാനിയുടെയോ അമ്പാനിയുടെയോ വീട്ടിൽ പോയി ഈ അഭിമുഖങ്ങൾ നടത്താൻ കഴിയില്ല. പ്രതികളെ അത്തരം കൊട്ടാരങ്ങളിൽ കൊണ്ട് പോയി  അഭിമുഖം നടത്തിയാൽ ഇന്ത്യയുടെ ഇമേജ് അല്പം വികസിക്കുമായിരിക്കാം. അതല്ലെങ്കിൽ ആ കുടിലുകൾ ഫോട്ടോഷോപ്പിലിട്ട് മിനുക്കിയെടുത്താൽ ഇത്തിരി ഗ്ലാമർ കിട്ടുമായിരിക്കാം. പക്ഷേ ചേരികൾ ചേരികളായി അവിടെയുണ്ടാകും. അതിനെ മായ്ച്ചു കളയണമെങ്കിൽ അവിടെ ജീവിക്കുന്ന പതിനായിരങ്ങളുടെ ദുരിതാവസ്ഥകളിലേക്ക് രാജ്യം ഭരിക്കുന്നവരുടെ മുൻഗണനാ ക്രമങ്ങളുടെ ക്യാമറയെത്തണം . ബി ബി സിയുടെ ഡോക്യുമെന്ററി നിരോധിച്ചത് കൊണ്ട് മാത്രം ആ ലക്ഷ്യം സാക്ഷാത്‌കരിക്കപ്പെടില്ല.


Recent Posts
ഈ ഭ്രാന്തിനെ മനുഷ്യവംശം എങ്ങിനെ നേരിടും? 
ഡൽഹിയാണ് ഞങ്ങളുടെ തലസ്ഥാനം
ബറാക്കേ, ഈ ചതി ഞങ്ങളോട് വേണ്ടായിരുന്നു
ചുട്ടു കൊല്ലുന്നവർക്ക് ചൂട്ട് പിടിക്കുന്നവരോട് 

Note: 07.03.2015

ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു ടെലിവിഷൻ ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് ഇന്നലെ പറയാൻ ശ്രമിച്ചത്.

'ഡൽഹി പെണ്‍കുട്ടി'യുടെ പിതാവ് കഴിഞ്ഞ ദിവസം പറഞ്ഞ ഒരു കാര്യം നാം പ്രത്യേകം ശ്രദ്ധിക്കണം. ഈ കേസ് സുപ്രിം കോടതിയിൽ എത്തിയിട്ട് ഒരു വർഷത്തിലധികമായി. ഇന്ത്യയിൽ ഇത്രയും വിവാദമുയർത്തിയ ഈ കേസിന്റെ ഹിയറിംഗ് ഒരു തവണ പോലും ഇതുവരെ നടന്നിട്ടില്ല. ഇത്രയേറെ പൊതുജന ശ്രദ്ധയുണ്ടായിട്ടും കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏതെങ്കിലും ഒരു റേപ്പ് കേസിൽ ഇന്ത്യയിൽ ആരെങ്കിലും ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ എന്ന പെണ്‍കുട്ടിയുടെ അമ്മയുടെ ചോദ്യവും നമ്മുടെ കാതുകളിൽ അലയടിക്കണം. ലോക ശ്രദ്ധ പിടിച്ചു പറ്റിയ ഒരു ഫാസ്റ്റ് ട്രാക്ക് കേസിന്റെ അവസ്ഥയാണിത്‌. അപ്പോൾ ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന മറ്റു കേസുകളുടെ അവസ്ഥയെന്താണ്. ഓരോ ഇരുപത് മിനുട്ടിലും ഒരു സ്ത്രീ വീതം റേപ്പ് ചെയ്യപ്പടുന്ന നമ്മുടെ നാട്ടിൽ നിയമങ്ങൾ ഇരയോടാണോ അതോ പ്രതിയോടാണോ ഐക്യപ്പെടുന്നത്?.

ഒരു പ്രതിയും ഒറ്റ ദിവസം കൊണ്ട് ജനിക്കപ്പെടുന്നില്ല. ജീവിത സാഹചര്യങ്ങൾക്ക് അതിൽ വലിയ പങ്കുണ്ട്. ഡൽഹിയിലെ ചേരികളിലാണ് അഞ്ച് പ്രതികളും ജീവിച്ചു വളർന്നത്‌. വിദ്യാഭ്യാസവും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്ത അവരുടെ ജീവിത സാഹചര്യങ്ങളും ചുറ്റുപാടുകളും ബി ബി സി ഡോക്യുമെന്ററിയിൽ കാണിക്കുന്നുണ്ട് എന്നത് നേരാണ്. അവരുടെ മാതാപിതാക്കളുടെ അഭിമുഖങ്ങളും അവയിലുണ്ട്. അഡാനിയുടെയോ അമ്പാനിയുടെയോ വീട്ടിൽ പോയി ഈ അഭിമുഖങ്ങൾ നടത്താൻ കഴിയില്ല.

ഈ ഡോക്യുമെന്ററിയെക്കുറിച്ചുള്ള ചില അടിസ്ഥാന വിവരങ്ങൾ.. 1) വിമർശിക്കുന്നവരിൽ ബഹുഭൂരിപക്ഷവും ഇത് കാണാത്തവരാണ്. 2) ജീവിതത്തിലൊരിക്കൽ റേപ്പിന് ഇരയായ ഒരു സ്ത്രീയാണ് ഈ ഡോക്യുമെന്ററി നിർമിച്ച ലെസ്ലീ ഉഡ്വിൻ. 3) ഡൽഹി പീഡനത്തെത്തുടർന്ന് ഇന്ത്യൻ യുവത നടത്തിയ ഐതിഹാസികമായ സമരത്തിൽ ആവേശം കൊണ്ടാണ് അവർ ഇന്ത്യയിൽ എത്തിയത്. 4) രണ്ട് വർഷം നീണ്ടു നിന്ന പ്രയത്ന ഫലമാണ് 'ഇന്ത്യയുടെ മകൾ' എന്ന ഈ ചിത്രം. 5) തിഹാർ ജയിലിന്റെ ഓട് പൊളിച്ച് വന്ന് അഭിമുഖം നടത്തിയതല്ല അവർ, ഇന്ത്യൻ സർക്കാരിന്റെ അനുമതിയോടെ നടത്തിയതാണ്.

അബദ്ധത്തിൽ ചെയ്തു പോയ തെറ്റിനെ ഓർത്ത്‌ ജയിലിൽ പാശ്ചാത്തപിച്ചു കഴിയുകയാകും പ്രതികൾ എന്നാണ് നാമെല്ലാം ധരിച്ചിരുന്നത്. എന്നാൽ രാത്രിയിൽ പുറത്തിറങ്ങുന്ന പെണ്‍കുട്ടികളെ റേപ്പ് ചെയ്ത് കൊല്ലുന്നതിൽ ഒരു കുഴപ്പവുമില്ല എന്നാണ് പ്രതികൾ ഇപ്പോഴും പറയുന്നത്. പ്രതികളുടെ ഈ മാനസികാവസ്ഥ നമ്മുടെ സമൂഹത്തിലെ കുറ്റവാളി മനസ്സിന്റെ ചിത്രമാണ് നല്കുന്നത്. ഈ നാല് പ്രതികളിൽ മാത്രം ഒതുങ്ങുന്നതല്ല ഈ ചിന്താഗതി. രോഗമുണ്ടെന്ന് സ്വയം അംഗീകരിക്കലാണ് രോഗചികിത്സയുടെ ആദ്യഘട്ടം. അതുകൊണ്ട് തന്നെ ഈ ഡോക്യുമെന്ററി കൂടുതൽ ചർച്ച ചെയ്യപ്പെടണം. നമ്മുടെ മാധ്യമങ്ങൾ ഈ വിഷയത്തിൽ കൂടുതൽ ഇടപെടലുകൾ നടത്തണം.