December 31, 2013

തല്ല് കൊള്ളാൻ നേരം മുത്തപ്പനും വന്നു

തല്ലു കൊള്ളാൻ സാധ്യതയുള്ള നേരത്ത് ആ വഴി പോകാതിരിക്കുകയാണ് സാമാന്യ ബുദ്ധിയുള്ളവർ ചെയ്യേണ്ടത്. പക്ഷേ ഞാനിതാ തല്ല് കൊള്ളാൻ റെഡി എന്ന മട്ടിൽ മുത്തപ്പൻ ആ സമയത്ത് കടന്നു വന്നാൽ അയാൾക്കും കിട്ടും തല്ല്. അത് കയ്യിലിരുപ്പ് കൊണ്ടുള്ള തല്ലല്ല. അസമയത്ത് വേണ്ടാത്തിടത്ത് കയറിച്ചെല്ലുന്നത്‌ കൊണ്ടുള്ള തല്ലാണ്. ഇപ്പോഴത്തെ പോക്ക് കണ്ടിട്ട് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് നേരിടാൻ പോകുന്നത്. അതിന്റെ പാപഭാരം പ്രധാനമായും പേറേണ്ടിയിരുന്നത് സർക്കാരിനെ നയിക്കുന്ന ഉമ്മൻ ചാണ്ടി തന്നെയായിരുന്നു. ആ പാപഭാരം എന്റെ തലയിലേക്ക് ഇറക്കി വെച്ചോളൂ എന്ന മട്ടിൽ കഴുത്തു നീട്ടിക്കൊടുക്കുകയാണോ ആഭ്യന്തരമന്ത്രിയായിക്കൊണ്ടുള്ള ഈ വരവിലൂടെ ചെന്നിത്തല ചെയ്യുന്നത് എന്ന് സംശയമുള്ളത് കൊണ്ടാണ് 'തല്ലു കൊള്ളാൻ നേരം മുത്തപ്പനും വന്നു' എന്ന പഴമൊഴി ഓർത്തു പോയത്.

December 14, 2013

സന്ധ്യയേയും കൊച്ചൌസേപ്പിനേയും ചൊറിയുന്നവരോട്

ചൊറിയന്മാർ പല വിധമുണ്ട്.. ചിലർ എന്ത് കണ്ടാലും ചൊറിഞ്ഞു കൊണ്ടിരിക്കും. ചൊറിയൽ അവരുടെ ജന്മാവകാശമാണ്. ഒരു ദിവസം ആരെയെങ്കിലും ചൊറിഞ്ഞില്ലെങ്കിൽ അവർക്ക് ഉറക്കം വരില്ല.  മറ്റു ചിലർ ജാതിയും മതവും നോക്കി ചൊറിയുന്നവരാണ്. ചൊറിച്ചിലിന് വിശുദ്ധ ഗ്രന്ഥങ്ങളെയും വേദങ്ങളെയുമാണ്‌ അവർ ഉപയോഗപ്പെടുത്തുക. ഇനി വേറെ ചിലരുണ്ട്. അവർ പാർട്ടി നോക്കി ചൊറിയുന്നവരാണ്. സ്വന്തം പാർട്ടിക്കാർ എന്ത് ചെറ്റത്തരം ചെയ്താലും ഈ ചൊറിയന്മാർ അതിനെ ന്യായീകരിക്കും. മറുവിഭാഗം എന്ത് ചെയ്താലും ശരിയോ തെറ്റോ നോക്കാതെ അതിനെതിരെ ചൊറിഞ്ഞു കൊണ്ടിരിക്കും. ഈ മൂന്നാം വിഭാഗത്തിൽ പെട്ട ഒരു ചൊറിയെക്കുറിച്ചാണ് ഈ പോസ്റ്റ്. തിരുവനന്തപുരത്തെ സന്ധ്യ എന്ന വീട്ടമ്മ LDF ന്റെ അനാവശ്യ വഴി തടയൽ സമരത്തിനെതിരെ ധീരമായി പ്രതികരിച്ചപ്പോഴാണ് ചൊറിച്ചിൽ ആദ്യം ആരംഭിച്ചത്. വഴി തടഞ്ഞ രാഷ്ട്രീയ നേതാക്കളുടെയും എം എൽ എ മാരുടെയും ഇടയിലേക്ക് ഒറ്റയ്ക്ക് വന്ന് ആരും എഴുന്നേറ്റു നിന്ന് വിസിലടിച്ചു പോകുന്ന രൂപത്തിൽ പ്രതികരിച്ച ആ വീട്ടമ്മയെ പ്രമുഖ വ്യവസായിയായ കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി പാരിതോഷികം നല്കി അഭിനന്ദിക്കുമെന്നു പ്രഖ്യാപിച്ചപ്പോഴാണ് ചൊറി അതിന്റെ പൂർണ രൂപം പ്രാപിച്ചത്.

December 3, 2013

കൊടിസുനിയുടെ ഫേസ്ബുക്ക്‌, തിരുവഞ്ചൂരിന്റെ ബാർബർ ഷോപ്പ്

കൊടി സുനിയുടെയും സഹ കൊലയാളികളുടെയും ഫേസ്ബുക്ക്‌ വിവാദത്തിൽ അഡ്വ. ജയശങ്കർ നടത്തിയ ഒരു ഡയലോഗിൽ നിന്നാണ് ഈ പോസ്റ്റിന്റെ തലക്കെട്ട് ഉണ്ടാക്കിയിരിക്കുന്നത്. മൃഗീയമായ ഒരു കൊലക്കേസിലെ പ്രതികളെ ജയിലിൽ അഴിഞ്ഞാടാൻ അവസരം കൊടുത്ത തിരുവഞ്ചൂരിനു സെക്രട്ടേറിയറ്റിലെ തന്റെ മുറിയിൽ ഒരു ബാർബർ ഷോപ്പ് തുടങ്ങി വരുന്നവരുടെയൊക്കെ താടിയും കക്ഷവും വടിച്ചു കൊടുക്കുകയാണ് ഇനി നല്ലത് എന്നാണ് ജയശങ്കർ ഒരു ചാനൽ ചർച്ചയിൽ പറഞ്ഞത്. എമ്പാടും വിഡ്ഢിത്തങ്ങൾ പരസ്യമായി പറയാറുള്ള ആളാണ്‌ ജയശങ്കറെങ്കിലും ഇപ്പറഞ്ഞത്‌ ഒരൊന്നൊന്നര അഭിപ്രായം തന്നെയാണ്. അതിൽ ആർക്കും ഒബ്ജക്ഷൻ ഉണ്ടാകേണ്ട ആവശ്യമില്ല. തിരുവഞ്ചൂരിനു ഇനി നല്ലത് ജയശങ്കർ പറഞ്ഞ പണി തന്നെയാണ്. അതല്ലെങ്കിൽ ജയിലുകളിൽ ഗുണ്ടകൾക്കും കൊലയാളികൾക്കും വിടുപണി ചെയ്യുന്ന ഉദ്യോഗസ്ഥന്മാരെ ബർബർ പണിക്ക് അയക്കാൻ സാധിക്കണം. അതീ ജന്മത്തിൽ അദ്ദേഹത്തിനു സാധിക്കുമെന്ന് തോന്നുന്നില്ല.