കൊടിസുനിയുടെ ഫേസ്ബുക്ക്‌, തിരുവഞ്ചൂരിന്റെ ബാർബർ ഷോപ്പ്

കൊടി സുനിയുടെയും സഹ കൊലയാളികളുടെയും ഫേസ്ബുക്ക്‌ വിവാദത്തിൽ അഡ്വ. ജയശങ്കർ നടത്തിയ ഒരു ഡയലോഗിൽ നിന്നാണ് ഈ പോസ്റ്റിന്റെ തലക്കെട്ട് ഉണ്ടാക്കിയിരിക്കുന്നത്. മൃഗീയമായ ഒരു കൊലക്കേസിലെ പ്രതികളെ ജയിലിൽ അഴിഞ്ഞാടാൻ അവസരം കൊടുത്ത തിരുവഞ്ചൂരിനു സെക്രട്ടേറിയറ്റിലെ തന്റെ മുറിയിൽ ഒരു ബാർബർ ഷോപ്പ് തുടങ്ങി വരുന്നവരുടെയൊക്കെ താടിയും കക്ഷവും വടിച്ചു കൊടുക്കുകയാണ് ഇനി നല്ലത് എന്നാണ് ജയശങ്കർ ഒരു ചാനൽ ചർച്ചയിൽ പറഞ്ഞത്. എമ്പാടും വിഡ്ഢിത്തങ്ങൾ പരസ്യമായി പറയാറുള്ള ആളാണ്‌ ജയശങ്കറെങ്കിലും ഇപ്പറഞ്ഞത്‌ ഒരൊന്നൊന്നര അഭിപ്രായം തന്നെയാണ്. അതിൽ ആർക്കും ഒബ്ജക്ഷൻ ഉണ്ടാകേണ്ട ആവശ്യമില്ല. തിരുവഞ്ചൂരിനു ഇനി നല്ലത് ജയശങ്കർ പറഞ്ഞ പണി തന്നെയാണ്. അതല്ലെങ്കിൽ ജയിലുകളിൽ ഗുണ്ടകൾക്കും കൊലയാളികൾക്കും വിടുപണി ചെയ്യുന്ന ഉദ്യോഗസ്ഥന്മാരെ ബർബർ പണിക്ക് അയക്കാൻ സാധിക്കണം. അതീ ജന്മത്തിൽ അദ്ദേഹത്തിനു സാധിക്കുമെന്ന് തോന്നുന്നില്ല.

ടി പി വധക്കേസിലെ സാക്ഷികളിൽ ഭൂരിഭാഗവും മൊഴിമാറ്റിപ്പറഞ്ഞത്‌ അവർക്ക് ജീവനിൽ കൊതിയുള്ളത് കൊണ്ടാണെന്ന് കേരളത്തിലെ അതീവ മന്ദബുദ്ധികൾക്കൊഴിച്ച് മറ്റെല്ലാവർക്കും ബോധ്യമുള്ളതാണ്. ജയിലിലുള്ള ഈ കൊലപ്പുള്ളികൾ തന്നെയാണ് ഈ സാക്ഷികളെ വിളിച്ച് ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത് എന്നതാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ.. ഫേസ്ബുക്കിലെ ഫോട്ടോകളും അപ്ഡേറ്റുകളും മാത്രമല്ല, കഴിഞ്ഞ ഒന്നരമാസത്തിനിടക്ക് ഏതാണ്ട് ആയിരത്തോളം കോളുകളാണ് കൊടി സുനിയുടെ മൊബൈലിൽ നിന്ന് പുറത്തേക്ക് പോയിട്ടുള്ളതത്രേ. ഇവിടെ ഒരു ആഭ്യന്തര വകുപ്പുണ്ടോ?. നിയമപാലകരുണ്ടോ?.  ചുകന്ന ബനിയനും സണ്‍ഗ്ലാസ്സുകളും വെച്ച് ചാൾസ് രാജകുമാരൻ കുമരകത്ത് വന്നത് പോലെയാണ് കൊലക്കേസ് പ്രതികൾ ജയിലിനകത്ത് ഫോട്ടോക്ക് പോസ് ചെയ്തിരിക്കുന്നത്. രാജകുരമാരന് ലഭിച്ചതിനേക്കാൾ ശ്രദ്ധയും പരിഗണനയുമാണ്‌ ഈ കൊലക്കത്തി വീരന്മാർക്ക് ജയിലിൽ ലഭിക്കുന്നതെന്ന് ചുരുക്കം.

ജയകൃഷ്ണൻ മാഷെ കുട്ടികളുടെ മുന്നിൽ വെച്ച് മൃഗീയമായി വെട്ടിക്കൊന്നതിനെ ആഘോഷിക്കുന്ന ഒരു പോസ്റ്റ്‌ ആ നടുക്കുന്ന ഓർമയുടെ വാർഷിക ദിനത്തിൽ സ്വന്തം ടൈം ലൈനിൽ ഷെയർ ചെയ്യാൻ വരെ ജയിലിൽ കിടക്കുന്ന കൊലക്കേസ് പ്രതിയ്ക്ക് ധൈര്യം വരുമെങ്കിൽ ആ ധൈര്യത്തെ നാം എന്ത് പേരിട്ടാണ്‌ വിളിക്കേണ്ടത്. ഒരു കുറ്റവാളിയെ ജയിലിലിടുന്നത് ചെയ്തു പോയ തെറ്റിനെ സ്വയം ബോധ്യപ്പെടുവാനും അതുവഴി മാനസിക പരിവർത്തനം ഉണ്ടാകാനും വേണ്ടിയാണ്. കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട് ശിക്ഷയെന്ന് തോന്നിക്കുന്ന ഒരു ജീവിതം അതിന് അനിവാര്യമാണെന്ന് നിയമവ്യവസ്ഥകൾ ചിട്ടപ്പെടുത്തിയിട്ടുള്ളതും അതിനു വേണ്ടിയാണ്. കൊടും കുറ്റവാളികൾക്ക് അവരർഹിക്കുന്ന ശിക്ഷാ സാഹചര്യങ്ങൾ ഉണ്ടാവണം. അവരുടെ താത്പര്യങ്ങൾക്കും കല്പനകൾക്കും അനുഗുണമായി ജയിലൊരു ഉല്ലാസ കേന്ദ്രമാക്കി മാറ്റിക്കൊടുക്കുന്നതോടെ പരിഹസിക്കപ്പെടുന്നത് നിയമ വ്യവസ്ഥ മാത്രമല്ല, ആ നിയമ വ്യവസ്ഥയിൽ വിശ്വാസമർപ്പിക്കുന്ന ഒരു ജനതയുടെ സാമൂഹ്യബോധ്യം കൂടിയാണ്. ജയിലിൽ കിടക്കുന്ന ഒരു കൊലപ്പുള്ളി മറ്റൊരു കൊലപാതകത്തെ പരസ്യമായി മഹത്വവത്കരിക്കുമ്പോഴും അതുവഴി ചോരയുടെ സ്വാദ് നുണച്ചിറക്കുമ്പോഴും ഇളകിയാടുന്നത്‌ അഭ്യന്തര മന്ത്രിയുടെ കസേരയല്ല, നിയമവ്യവസ്ഥയുടെ അടിസ്ഥാന ശിലകൾ തന്നെയാണ്. 


തിരുവഞ്ചൂർ ജയിൽ സന്ദർശിക്കുന്നുവത്രേ!.. വലിയ കാര്യം തന്നെ!!. ആഭ്യന്തര മന്ത്രി ജയിലിൽ എത്തുമ്പോൾ ഐ ഫോണും പിടിച്ച് കൊലയാളികൾ പാർട്ടി സെക്രട്ടറിയുമായി സംസാരിക്കും. ബാക്കിയുള്ള വീരന്മാർ അപ്പോൾ അതിനു ചുറ്റും കൂടി നിന്ന് ലുങ്കി ഡാൻസ് കളിക്കും. ജയിൽ സൂപ്രണ്ട് കോഴി പൊരിച്ചതും ചപ്പാത്തിയും കൊണ്ട് വന്ന് കൊടി സുനിയുടെ വായിൽ വെച്ച് കൊടുക്കും.. ഇതൊക്കെ നേരിട്ട് കാണുന്ന ആഭ്യന്തരമന്ത്രി ഒട്ടും വൈകാതെ അവരെ അറസ്റ്റ് ചെയ്യും. എന്നിട്ട് ആ ജയിൽ റൂമിൽ തന്നെ ഇടും. ഹോ!!.. ഫയങ്കരൻ തന്നെ.. മിന്നൽ സന്ദർശനം നടത്തിയല്ലേ കാര്യങ്ങൾ നേരെയാക്കുന്നത്. അല്ല, അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുകയാണ്. കോഴിക്കോട് ജയിലിൽ എന്താണ് നടക്കുന്നത് എന്നറിയാൻ സംഭവം വാർത്തയായി ഇരുപത്തിനാല് മണിക്കൂർ കഴിഞ്ഞ ശേഷം അവിടെ പോയി ഇങ്ങനെയൊരു പ്രഹസന നാടകം നടത്തേണ്ടതുണ്ടോ. അഭ്യന്തര മന്ത്രി പദത്തിലിരിക്കുന്ന തിരുവഞ്ചൂരിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ നേരിട്ടുള്ള ശ്രദ്ധ പതിയുന്ന സുപ്രധാന കേസാണിത്. ആ കേസിലെ പുരോഗതി എന്താണെന്നും പ്രതികൾ ഏത് ജയിലിലാണെന്നും അവർക്കവിടെ എന്തൊക്കെ സൗകര്യങ്ങൾ ലഭിക്കുന്നു എന്നും ദിവസവും അപ്ഡേറ്റ് ചെയ്തു കൊടുക്കുന്ന ഒരു ഇന്റലിജൻസ്‌ സംവിധാനത്തിനകത്താണ് അദ്ദേഹം ജീവിക്കുന്നത്. വാർത്തകൾ പുറത്ത് വരുമ്പോൾ ഒന്നുമറിഞ്ഞില്ലെന്ന മട്ടിൽ കാണിക്കുന്ന ഈ നാടകങ്ങൾ ഒരു തിരക്കഥയുടെ മാത്രം ഭാഗമാണ്. സി പി എം ജില്ലാ നേതാവടക്കം ഇരുപതു പ്രതികളെ വെറുതെ വിട്ട കോടതി വിധിക്കെതിരെ അപ്പീൽ പോകുവാൻ പോലും സർക്കാർ തയ്യാറായിട്ടില്ല. ഈ കേസിന്റെ പരിണിതിയെന്താവുമെന്ന് ചിന്തിച്ച് തല പുണ്ണാക്കേണ്ട ആവശ്യമില്ല. അതെല്ലാവർക്കും ഇപ്പോൾ വ്യക്തമായിട്ടുണ്ട്. 'സാഹചര്യ'ത്തെളിവുകളില്ലാതെ, ഒരു സാക്ഷി പോലുമില്ലാതെ കേരള മനസ്സാക്ഷിയെ പിടിച്ചു കുലുക്കിയ ഈ കൊലപാതകം മണ്ണടിയാൻ പോവുകയാണ്.

കൃത്യം ഒരു വർഷം മുമ്പ് ഒരു പ്രമുഖ ചാനൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ ബെസ്റ്റ് മിനിസ്റ്റർ ആരെന്നു കണ്ടെത്താൻ ഒരു അഭിപ്രായ സർവേ നടത്തിയിരുന്നു. അന്ന് തിരുവഞ്ചൂരാണ് ആ അവാർഡിന് അർഹനായത്. മന്ത്രിയായ ശേഷം അതുവരെയുള്ള അദ്ദേഹത്തിന്റെ പെർഫോമൻസ് വിലയിരുത്തിയാണ് അത്തരമൊരു അംഗീകാരം നല്കപ്പെട്ടത്. ഇന്നിപ്പോൾ ഒരു വേസ്റ്റ് മിനിസ്റ്റർ വോട്ടെടുപ്പ് നടത്തിയാലും അദ്ദേഹം തന്നെ ആ അവാർഡിനും അർഹനാവും. കാരണം കഴിഞ്ഞ ഒരു വർഷക്കാലത്തിനിടക്ക് അത്രമാത്രം നിർഗുണ പരബ്രഹ്മമായി അദ്ദേഹം മാറിക്കഴിഞ്ഞു. കഴിഞ്ഞ ഒരു വർഷക്കാലമായി അഭ്യന്തര മന്ത്രിയുടെ ബോസ്സ് ഉമ്മൻ ചാണ്ടിയല്ല, സഖാവ് പിണറായി വിജയനാണ്. ചീഞ്ഞു നാറുന്ന എന്തൊക്കെയോ നീക്കുപോക്കുകൾ അദ്ദേഹം ചവച്ചിറക്കുന്നുണ്ടെന്ന് ആ മുഖവും ശരീരഭാഷയും വിളിച്ചു പറയുന്നുണ്ട്.  

ലോകം മാറുകയാണ്. ജയിലുകൾക്കുള്ളിലും മാനുഷികമായ മാറ്റങ്ങൾ വരുന്നുണ്ട്. ആ മാറ്റങ്ങൾ നമ്മുടെ നാട്ടിലും വരണം. വരേണ്ടതുണ്ട്. പക്ഷേ അത്തരം മാറ്റങ്ങൾ ഏതാനും ഗുണ്ടകളുടെയും റൌഡികളുടെയും  ഭീഷണികൾക്ക് വഴങ്ങി ആളറിയാതെ ചെയ്തുകൊടുക്കേണ്ട ഒന്നല്ല. സർക്കാർ തലത്തിൽ നിയമമുണ്ടാക്കി നടപ്പിൽ വരുത്തേണ്ടതാണ്. നിത്യവൃത്തിക്ക് വഴിയില്ലാതെ തേങ്ങ മോഷ്ടിച്ചവനെ സെല്ലിൽ നിന്ന് പുറത്തിറങ്ങാൻ സമ്മതിക്കാതെ 'നിയമം' നടപ്പിലാക്കുമ്പോൾ പച്ചയ്ക്ക് ഒരു മനുഷ്യനെ അമ്പത്തൊന്നു വെട്ട് വെട്ടി നുറുക്കിയ മൃഗങ്ങൾക്ക് സെൽഫോണും ഇന്റർനെറ്റും കോഴിക്കാലും ഏർപ്പാടാക്കിക്കൊടുക്കുന്നതിനെ മനുഷ്യാവകാശം എന്നല്ല കൂട്ടിക്കൊടുപ്പ് എന്നാണ് വിളിക്കേണ്ടത്. അത് അഭ്യന്തര മന്ത്രി ചെയ്താലും മുഖ്യമന്ത്രി ചെയ്താലും.

Recent Posts
ലാലേട്ടന്റെ ബ്യൂട്ടി ഹിറമോസയുടെ ക്വാളിറ്റി, Beauty Meets Quality 
രമ്യ നമ്പീശന്‍ കുളിക്കുന്നു. എല്ലാവരും ഓടി വരൂ!!

Related Posts
ഫേസ്ബുക്കിനെ ആര്‍ക്കാണ് പേടി?
ടി പി വിധിയുടെ സാമ്പിള്‍ വെടിക്കെട്ട്
ക്രിമിനല്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ (ഫാസിസ്റ്റ്) 
പോളിറ്റ് ബ്യൂറോ, P.O. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍
ക്വട്ടേഷന്‍ മണി സ്പീക്കിംഗ്