ക്രിമിനല്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ (ഫാസിസ്റ്റ്)

റവല്യൂഷനറി മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി നേതാവ് ടി പി ചന്ദ്രശേഖരന്‍ ക്രൂരമായി കൊലചെയ്യപ്പെട്ടു എന്ന വസ്തുത ഒരു രാഷ്ട്രീയപാര്‍ട്ടിയും നിഷേധിച്ചിട്ടില്ല!!. അത്രയും ഭാഗ്യം!. അദ്ദേഹം ഒരു കോടാലിയെടുത്ത് സ്വയം തല വെട്ടിപ്പൊളിച്ച് ആത്മഹത്യ ചെയ്തതാണ് എന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ എന്നെപ്പോലുള്ള ശുദ്ധന്‍മാര്‍ ആകെ കണ്ഫ്യൂഷനില്‍ ആകുമായിരുന്നു. ഏതായാലും അതുണ്ടായില്ല. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടു എന്ന വിഷയത്തില്‍ അഭിപ്രായ ഐക്യമുണ്ട്‌. ആരു കൊന്നു എന്ന ചോദ്യത്തിനാണ് ഇനി ഉത്തരം കിട്ടേണ്ടത്. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ തന്നെ പോലീസ് പ്രാഥമികമായ ഒരുത്തരം മുന്നോട്ട് വെച്ച് കഴിഞ്ഞു. ക്വട്ടേഷന്‍ സംഘം. ഇനി അവരെ ആര് കാശ് കൊടുത്തയച്ചു എന്നേ അറിയേണ്ടതുള്ളൂ. അത് സി പി എം ആണോ അതോ കോണ്‍ഗ്രസ്സാണോ?.

ഒരു സേതുരാമയ്യര്‍ തിരക്കഥയിലെ ട്വിസ്റ്റുകള്‍ ഈ കൊലപാതകത്തിന് പിന്നില്‍ ഉണ്ടാകുമോ എന്ന് പറയാനായിട്ടില്ല. പക്ഷേ ഇതുവരെയുള്ള രംഗങ്ങളും ഒഞ്ചിയത്തെ രാഷ്ട്രീയ സാഹചര്യങ്ങളെയും നിഷ്പക്ഷമായി വിലയിരുത്തുന്നവര്‍ കൊന്നത് ഭീമന്‍ തന്നെ എന്ന നിഗമനത്തിലെത്തുക തികച്ചും സ്വാഭാവികമാണ്. കാരണം കേരളത്തിലെ ചെങ്കൊടി ഭീമന്റെ ട്രാക്ക് റെക്കോര്‍ഡ്‌ വളരെ മോശമാണ്. എണ്ണമറ്റ രാഷ്ട്രീയക്കൊലപാതകങ്ങള്‍ക്ക് ആ പാര്‍ട്ടി നേതൃത്വം നല്‍കിയിട്ടുണ്ട്. എതിര്‍ത്തു തോല്‍പ്പിക്കാന്‍ കഴിയാത്തവരെ 'അരിവാളും ചുറ്റികയും' കൊണ്ട് വെട്ടിയും തലക്കടിച്ചു വീഴ്ത്തിയും മുന്നേറിയ ഒരു ഭൂതകാലവും അവര്‍ക്കുണ്ട്. അധ്യാപകനെ കുട്ടികളുടെ കണ്മുന്നില്‍ വെച്ചു വെട്ടിക്കൊന്നതടക്കം മഹത്തായ വിപ്ലവ പാരമ്പര്യവും സ്വന്തമായുണ്ട്. കണ്ണൂരിലെ സി പി എം വിചാരണക്കോടതി അബ്ദുല്‍ ശുകൂര്‍ എന്ന ചെറുപ്പക്കാരനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു വധശിക്ഷ നടപ്പിലാക്കിയിട്ടു മൂന്ന് മാസം തികഞ്ഞിട്ടില്ല. ഇത്തരം സാഹചര്യത്തെളിവുകളുടെ പാശ്ചാത്തലത്തില്‍ 'മാപ്പര്‍ഹികാത്ത വര്‍ഗ്ഗവഞ്ചകരെ' ഉന്മൂലനം ചെയ്യാനുള്ള പാര്‍ട്ടി അജണ്ടയുടെ ഭാഗമാണ് ഈ കൊലപാതകവുമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാനാവില്ല.

കൊല്ലാം, പക്ഷെ തോല്‍പ്പിക്കാനാവില്ല. - സഖാവ് ടി പി യുടെ ഭാര്യ പ്രതികരിക്കുന്നു.

പാര്‍ട്ടിയില്‍ നിന്ന് വിട്ടനാള്‍ മുതല്‍ ചന്ദ്രശേഖരന്‍ സി പി എം ഭീമന്റെ വധഭീഷണികളുടെ നിഴലിലാണ്  ജീവിച്ചു പോന്നത്. പലരോടും അദ്ദേഹം ആശങ്കകള്‍ പങ്കു വെച്ചിട്ടുണ്ട്. സഖാവ് പിണറായി 'കുലംകുത്തി'യെന്നും സഖാവ് വി എസ് ധീരനായ കമ്യൂണിസ്റ്റെന്നും വിളിച്ച ടി പി ചന്ദ്രശേഖരന്‍ പൊരുതിയിരുന്നത് പാര്‍ട്ടിക്കെതിരെ ആയിരുന്നില്ല, പാര്‍ട്ടിയുടെ വഴിപിഴച്ച പോക്കിനെതിരെയായിരുന്നു. അതുകൊണ്ട് തന്നെയാണ് ആ പോരാട്ടത്തെ അദ്ദേഹത്തിന്റെ കര്‍മഭൂമിയിലെ 'കുലംകുത്തികള്‍ ' ഒന്നടങ്കം പിന്തുണച്ചത്‌. ചരിത്രത്തിലാദ്യമായാണ് ഒഞ്ചിയം രക്തസാക്ഷികളുടെ വിപ്ലവ ഭൂമിയില്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി പഞ്ചായത്ത് ഇലക്ഷനില്‍ തോല്‍ക്കുന്നത്. നാലഞ്ചു പഞ്ചായത്തുകളില്‍ സി പി എമ്മിനെ മറികടന്നു സഖാവ് ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള റവല്യൂഷനറി മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി വേരോട്ടമുണ്ടാക്കി.  ഈ കൊലപാതകത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ ഇത്തരമൊരു പാശ്ചാത്തലത്തില്‍ വേണം വായിച്ചെടുക്കാന്‍. കണ്ണും മൂക്കും കവിളും വെട്ടി നുറുക്കി മുഖമില്ലാതാക്കിയ പ്രിയ സഖാവിന്റെ മൃതദേഹത്തിനു പിറകില്‍ നടന്നു നീങ്ങിയ പതിനായിരങ്ങളുയര്‍ത്തിയ മുദ്രാവാക്യം ശ്രദ്ധേയമായിരുന്നു.

 കമ്യൂണിസ്റ്റായി ജീവിക്കാന്‍
കമ്യൂണിസ്റ്റായി കണ്ടു മരിക്കാന്‍
ധീരത കാട്ടിയ വീര സഖാവ്
ഒഞ്ചിയത്തിന്‍ ഓമന പുത്രന്‍
സഖാവ് ടി പി മരിക്കുന്നില്ല

രാഷ്ട്രീയ കാപാലികര്‍ വെട്ടി നുറുക്കിയ സഖാവിന്റെ മുഖമല്ല, അദ്ദേഹം ഉയര്‍ത്തിയ ആശയ സമരത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും ധീര മുഖമാണ് 'കമ്യൂണിസ്റ്റായി കണ്ടു മരിക്കുന്നുവെന്നു' അനുയായികള്‍ വിളിച്ച മുഖം. പാര്‍ട്ടിക്കെതിരെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായപ്പോള്‍ സെല്‍വരാജിനെപ്പോലെ യു ഡി എഫ് പാളയത്തിലെ എച്ചില്‍ തിന്നാന്‍ പോകാതെ ഒറ്റയ്ക്ക് നിന്ന് പൊരുതി എന്നിടത്താണ് സഖാവ് ടി പി വ്യത്യസ്തനാകുന്നത്. അക്കാരണം കൊണ്ട് തന്നെയായിരിക്കണം അദ്ദേഹത്തിനു ഇങ്ങനെയൊരു മരണം വരിക്കേണ്ടി വന്നിരിക്കുകയും ചെയ്യുക. 

ഒരു ഉപതെരെഞ്ഞെടുപ്പിന്റെ വക്കില്‍ ഇത്തരമൊരു രാഷ്ട്രീയ കൊലപാതകം നടത്താന്‍ ആരെങ്കിലും തയ്യാറാകുമോ എന്ന ചോദ്യം പലരും ഉയര്‍ത്തുന്നുണ്ട്. കൊല്ലാന്‍ ഗുണ്ടകളെ ചുമതലപ്പെടുത്തിക്കഴിഞ്ഞാല്‍ പിന്നെ അതെപ്പോള്‍ ചെയ്യണമെന്നു അവര്‍ തീരുമാനിക്കുന്നത് ഹൈക്കമാന്ടിനോടോ പോളിറ്റ് ബ്യൂറോയോടോ ചോദിച്ചിട്ടല്ല. കൊല നടത്താന്‍ രാഹുവും കേതുവും നോക്കുന്ന പരിപാടിയും ഗുണ്ടകള്‍ക്കുണ്ടാകില്ല. സമയവും സന്ദര്‍ഭവും ഒത്തുവന്നാല്‍ കാര്യം നടത്തി തിരിച്ചു പോവുക മാത്രമാണ് അവര്‍ ചെയ്യുക. സഖാവ് ടി പി യുടെ കേസില്‍ പ്രാഥമിക അറസ്റ്റുകള്‍ നടന്നു കഴിഞ്ഞു. ഗുണ്ടകള്‍ ആണെങ്കിലും അവര്‍ക്കും ജീവനില്‍ കൊതിയുണ്ടാകും. അത്ര പെട്ടെന്നൊന്നും കാശ് കൊടുത്തവന്റെ പേര് അവര്‍ പറഞ്ഞു കൊള്ളണമെന്നില്ല. അന്വേഷണത്തിന്റെ ഗതി വരും നാളുകളില്‍ നമുക്കറിയാന്‍ പറ്റും. ഈ കൊലപാതകത്തിന് പിന്നില്‍ സി പി എം ആണെങ്കിലും അല്ലെങ്കിലും ഒരു കാര്യം ആ പാര്‍ട്ടി ശ്രദ്ധിച്ചേ തീരൂ. പാര്‍ട്ടിയെ തിരുത്താനും ജനപക്ഷത്തു നിറുത്താനും ശ്രമിക്കുന്ന സഖാവ് ടി പി യെപ്പോലുള്ള ചെറുപ്പക്കാരെയാണ് ഈ കാലഘട്ടം ആവശ്യപ്പെടുന്നത്. അവരോടൊപ്പം നില്‍ക്കണമോ അതോ അവരെ കൊന്നൊടുക്കി ഫാസിസ്റ്റുകളുടെയും ക്രിമിനലുകളുടെയും പാര്‍ട്ടിയായി രൂപാന്തരം പ്രാപിക്കണമോ എന്ന് ആ പാര്‍ട്ടിയുടെ നേതൃത്വമാണ് തീരുമാനിക്കേണ്ടത്.

മ്യാവൂ: "കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍.. " ഉവ്വുവ്വ്.. തിളക്കുന്നുണ്ട്.. ഞരമ്പുകളിളല്ല, തെരുവുകളില്‍..   Latest update ബല്‍റാം 'vs' താരാദാസ്

Related Posts
കൈപ്പത്തിയുണ്ടോ സാറേ ഒന്നാത്മഹത്യ ചെയ്യാന്‍?
പിള്ളയെ തട്ടാന്‍ ജയരാജന്റെ ക്വട്ടേഷന്‍
നിര്‍മല്‍ മാധവിനെ അമേരിക്കയിലയച്ചു പഠിപ്പിക്കണം.
ഷാജഹാനേ, ഇത് കണ്ണൂരാ..
പരിയാരത്തെ ശുംഭന്മാരും പാവം NRI കളും