പിള്ളയെ തട്ടാന്‍ ജയരാജന്റെ ക്വട്ടേഷന്‍

അസിസ്റ്റന്റ്‌ പോലീസ് കമ്മീഷണര്‍ രാധാകൃഷ്ണപ്പിള്ളയെ കാണുന്നിടത്ത് വെച്ച് തല്ലാനാണ് ജയരാജന്‍ വക്കീല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. സാധാരണ ഗതിയില്‍ സഖാക്കള്‍ ഇത്തരം ആഹ്വാനങ്ങളൊക്കെ കൊടുക്കാറുള്ളത് ഏരിയ കമ്മറ്റി മീറ്റിങ്ങുകളില്‍ ആണ്. പക്ഷെ ഇന്ന് കൊടുത്തത് പരസ്യമായാണ്. അതും മാധ്യമങ്ങളുടെ ക്യാമറക്ക്‌ മുന്നില്‍ . കോഴിയെ കണ്ടാല്‍ പിടിക്കാന്‍ കുറുക്കനോട് പ്രത്യേകം പറയേണ്ടതില്ല. അത് കുറുക്കന്റെ ജന്മ നിയോഗങ്ങളില്‍ ഒന്നാണ്. ഒറ്റയ്ക്ക് തരപ്പെട്ടു കിട്ടിയാല്‍ രാധാകൃഷ്ണപ്പിള്ളയെ എസ് എഫ് ഐ കുട്ടികള്‍ കൈകാര്യം ചെയ്തു എന്ന് വരാം. പക്ഷെ ഒരു പാര്‍ട്ടിയുടെ സംസ്ഥാന നേതാവ് ഇങ്ങനെയൊരു ക്വട്ടേഷന്‍ പരസ്യമായി കൊടുക്കുന്നത് കണ്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. നമ്മുടെ രാഷ്ട്രീയ നേതൃത്വം എത്തിപ്പെട്ടിരിക്കുന്ന ഗുണ്ടാ രാഷ്ട്രീയത്തിന്റെ ഏറ്റവും പ്രകടമായ തെളിവ്.

രാധാകൃഷ്ണപിള്ള തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അയാളെ ശിക്ഷിക്കുവാന്‍ ഇവിടെ നിയമവും കോടതിയുമുണ്ട്. എസ് എഫ് ഐ യുടെ കണ്ണൂര്‍ ജില്ല കമ്മറ്റിയെ ഇന്ത്യന്‍ ഭരണഘടന ആ പണി എല്പിച്ചിട്ടില്ല. എസ് എഫ് ഐ കുട്ടികളുടെ സമരം അക്രമാസക്തമായപ്പോള്‍ രാധാകൃഷ്ണപിള്ള റിവോള്‍വര്‍ ഉപയോഗിച്ച് വെടി വെക്കുന്നതിന്റെ ഫൂട്ടേജ് മാധ്യമങ്ങള്‍ പുറത്തു വിട്ടിരുന്നു. അതിന്റെ അന്വേഷണം നടന്നു കൊണ്ടിരിക്കുന്നു. പിള്ള വെടിവെക്കുന്ന ദൃശ്യം കണ്ടപ്പോള്‍ ഇയാള്‍ക്കെന്താ വട്ടു പിടിച്ചോ എന്ന് ഞാനടക്കം പലര്‍ക്കും തോന്നി എന്നത് നേരാണ്.  പക്ഷെ അത്തരം തോന്നലുകളല്ല, അന്വേഷണക്കമ്മീഷനുകളുടെ റിപ്പോര്‍ട്ടുകളാണ് നിയമ സംവിധാനത്തിന് മുന്നില്‍ പ്രത്യക്ഷപ്പെടുക. 

മനുഷ്യാവകാശ കമ്മീഷന്‍, ഡി ജി പി ജേക്കബ് പുന്നൂസ്, അഡീഷനല്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ എന്നിവരാണ് വെടിവെപ്പിനെക്കുറിച്ച് അന്വേഷിച്ചു പ്രാഥമിക റിപ്പോര്‍ട്ട്‌ നല്‍കിയിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ ഔദ്വോഗികമായി പുറത്തു വന്നിട്ടില്ല എങ്കിലും മാധ്യമങ്ങള്‍ പുറത്തു വിട്ട വാര്‍ത്തകള്‍ വിശ്വസിക്കാമെങ്കില്‍ ഈ മൂന്നു അന്വേഷണങ്ങളും പിള്ളക്കെതിരെ നടപടി സ്വീകരിക്കേണ്ട ആവശ്യമില്ല എന്ന് തന്നെയാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്. ഈയൊരു പാശ്ചാത്തലത്തില്‍ വേണം എം വി ജയരാജന്റെ  ക്വട്ടേഷനെ നാം വിലയിരുത്തേണ്ടത്. കണ്ണൂരിലേക്ക് വന്നാല്‍ അടിച്ചോതുക്കുമെന്നും അതാണ്‌ കണ്ണൂരിന്റെ ചരിത്രമെന്നും പറഞ്ഞ സഖാവ് തല്ലുന്നതില്‍ ഒട്ടും പേടിക്കേണ്ടതില്ലെന്ന് കുട്ടികള്‍ക്ക് ഉറപ്പു നല്‍കുകയും ചെയ്തു. ഒരു ക്വട്ടേഷന്റെ എല്ലാ ചിട്ടവട്ടങ്ങളും ഒത്തിണങ്ങിയ രാജകല്പന തന്നെ.  പിള്ള കുറ്റക്കാരനാണെന്ന് അന്വേഷണകമ്മീഷനുകള്‍ പറഞ്ഞിരുന്നുവെങ്കില്‍ ഇത്തരമൊരു പ്രസ്താവന നടത്താന്‍ ജയരാജന്‍ വക്കീല്‍ മുതിരുമായിരുന്നോ? ഇല്ല എന്നത് തീര്‍ച്ചയാണ്. അയാളെ സര്‍വീസില്‍ നിന്ന് എത്രയും വേഗം പിരിച്ചു വിടാന്‍ ആവശ്യപ്പെടും. വിധി അനുകൂലമായാല്‍ അംഗീകരിക്കുകയും അനുകൂലമല്ലാതെ വന്നാല്‍ തെരുവില്‍ കാണുമെന്നു പറയുകയും ചെയ്യുന്നത്  ഏത് മാനിഫെസ്റ്റോയുടെ പിന്‍ബലത്തില്‍ ആണ്, ഏത് വിപ്ലവരേഖയുടെ അടിസ്ഥാനത്തില്‍ ആണ്?. ഇത് ഫാസിസം അല്ലെങ്കില്‍ മറ്റെന്താണ് ഫാസിസം?


അന്വേഷണക്കമ്മീഷനുകള്‍ ഒരാളെ കുറ്റവിമുക്തനാക്കിയാല്‍ അയാളെ തൂക്കിക്കൊല്ലണമെന്നു പറയാന്‍ ഒരു ശുംഭനും ഇന്ത്യന്‍ ഭരണഘടന അവകാശം നല്‍കുന്നില്ല. അസിസ്റ്റന്റ്‌ പോലീസ് കമ്മീഷണനറെ കാണുന്നിടത്ത് വെച്ചു തല്ലാനാണ് സംസ്ഥാന നേതാവ് ആഹ്വാനം ചെയ്തത്. യൂണിഫോമില്‍ ആണെങ്കില്‍ തല്ലേണ്ട എന്നും പറഞ്ഞു. പോലീസിന്റെ യൂണിഫോമിനോടുള്ള പ്രത്യേക ബഹുമാനം കൊണ്ടാണ് ഇത്രയും ഇളവു നല്‍കിയത്!. എന്നാല്‍ സാധാരണക്കാരന്റെ വേഷത്തോട് അത്തരമൊരു ബഹുമാനം വേണ്ടതില്ല!!. യൂണിഫോം മാറ്റി മുണ്ടും കുപ്പായവും ഇട്ടാല്‍ ഉടനെ അടിച്ചു എല്ലൂരിക്കോ എന്നാണ് കല്പന. രാജ്യത്തെ നിയമ സംവിധാനത്തോടും കോടതികളോടും തരിമ്പു പോലും ആദരവില്ലാത്ത ഇത്തരം ഗുണ്ടകളാണ് നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ തലപ്പത്തുള്ളത് എന്നോര്‍ക്കുമ്പോള്‍ ലജ്ജിക്കുകയല്ല, ഒരു കുപ്പി എന്‍ഡോസള്‍ഫാന്‍ വാങ്ങി കുടിക്കുയാണ് വേണ്ടത്!!.

Related Posts
നിര്‍മല്‍ മാധവിനെ അമേരിക്കയിലയച്ചു പഠിപ്പിക്കണം.
ഷാജഹാനേ, ഇത് കണ്ണൂരാ..
പരിയാരത്തെ ശുംഭന്മാരും പാവം NRI കളും