ഷാജഹാനേ, ഇത് കണ്ണൂരാ..

അങ്ങനെ ഷാജഹാനും തല്ലു കിട്ടി. ഒരു എം എല്‍ എ യുടെ കൈ കൊണ്ട് തല്ല് കിട്ടാനും അല്പം ഭാഗ്യം വേണം.  പി ജയരാജനെപ്പോലൊരു മഹാ നേതാവിന്റെ വിശുദ്ധ കൈ കൊണ്ട് ഇത്തിരി തല്ലോ അല്പം കയ്യേറ്റമോ കിട്ടണമെങ്കില്‍ മലയോളം പുണ്യം ചെയ്യണം. കാര്യം ഏതായാലും ഈ തല്ല് എനിക്ക് ഇഷ്ടപ്പെട്ടു. ഇത് ഷാജഹാന് കിട്ടേണ്ടിയിരുന്നത്‌ തന്നെയാണ് എന്നാണ് എന്റെ അഭിപ്രായം. 'പോളണ്ടി'നെപ്പറ്റി ഒരക്ഷരം മിണ്ടരുത് എന്ന് എത്ര തവണ പറഞ്ഞതാ.. കേള്‍ക്കണ്ടേ?.

കണ്ണൂരില്‍ പോകുന്നതിനു മുമ്പ് കണ്ണൂര്‍ എന്താണെന്ന് പഠിക്കണം. അവിടെ ആരൊക്കെയാണ് ഉള്ളതെന്ന് മനസ്സിലാക്കണം. കാറ്ററിയാതെ തൂകിയാല്‍ ചെകിടറിയാതെ അടി കൊള്ളും. അത് എത്ര വലിയ പത്രപ്രവര്‍ത്തകന്‍ ആയാലും ശരി!!. ഏഷ്യാനെറ്റിന്റെ കോഴിക്കോട് ബ്യൂറോ ചീഫാണ് ഷാജഹാന്‍. നല്ല ചോരത്തിളപ്പുണ്ട്. കാണാനും കൊള്ളാം. പക്ഷെ പാളയത്തും വലിയങ്ങാടിയിലും കല്ലായി പാലത്തിന്മേലും നിന്ന് ലൈവ് കൊടുക്കുന്ന പോലെയല്ല കണ്ണൂരിലെ ലൈവ് എന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയുണ്ടായില്ല. 


മോനെ ഷാജഹാനേ, നിനക്ക് കണ്ണൂരിനെപ്പറ്റി എന്തറിയാം?. ഒരു ചുക്കും അറിയില്ല. നീ ധാരാവി ധാരാവീ എന്ന് കേട്ടിട്ടില്ലേ?.. അത് പോലെ ഒരു ധാരാവിയാണ് കണ്ണൂര്‍. അവിടെ ചില നിയമങ്ങള്‍ ഉണ്ട്. അത് നേരാം വണ്ണം പാലിച്ചാല്‍ മാധ്യമവും മാധ്യമ സ്വാതന്ത്ര്യവും ഉണ്ടാവും. നേരെ ചൊവ്വേ കഞ്ഞി കുടിച്ചു മുന്നോട്ടു പോകാം. കോഴിക്കോട്ടും മലപ്പുറത്തും കളിക്കുന്ന പോലെ കണ്ണൂരില്‍ കളിക്കാന്‍ പറ്റില്ല. ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയുന്ന പോലെ വിപ്ലവത്തിന്റെ സ്വന്തം മണ്ണാണത്  എല്ലാ ജയരാജന്മാരും അവിടെയാണ് ഉള്ളത്. ഏഷ്യാനെറ്റിന്റെ ഒ ബി വാന്‍ സ്റ്റാര്‍ട്ടാക്കി ക്യാമറയും തൂക്കി ഓടുന്നതിന് മുമ്പ് അല്പം ഭൂമിശാസ്ത്രം പഠിക്കണം. ഭൂമിശാസ്ത്രം...പോര്‍ക്കളമായാലും അടര്‍ക്കളമായാലും കൊള്ളാം ജയരാജന്‍ ഏമാന്മാര്‍ പറയുന്ന കളത്തില്‍ നിന്ന് വേണം ലൈവ് കൊടുക്കാന്‍. അവര്‍ക്ക് ദഹിക്കാത്തതൊന്നും അവിടെ വിളമ്പരുത്. ഐസ് ക്രീം കേസ് പോലെയല്ല പി ശശിയുടെ കേസ്.. സഖാക്കള്‍ പ്രതിയായാല്‍ അല്പം സൂക്ഷിച്ചു വേണം റിപ്പോര്‍ട്ട് ചെയ്യാന്‍. അല്ലേല്‍ വിവരം അറിയും. കേട്ടോടാ ഷാജഹാനേ..

പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു എം എല്‍ എ ഒരു മാധ്യമ പ്രവര്‍ത്തകന്റെ മൊബൈലില്‍ വിളിച്ചു ഭീഷണിപ്പെടുത്തുന്ന വാക്കുകള്‍ നമ്മെ പേടിപ്പെടുത്തേണ്ടതാണ്. "നീ ഇത് റിക്കോര്ഡ് ചെയ്തു ലോകം മുഴുക്കെ കേള്‍പ്പിക്കെടാ" എന്നാണ് നേതാവ് ആക്രോശിച്ചത്!. കണ്ണൂര്‍ എന്താണെന്നു നീ പഠിക്കുമെന്നും പറഞ്ഞു. നാം എവിടെയെത്തി എന്നൊന്ന് ആലോചിച്ചു നോക്കൂ..  ചര്‍ക്ക തിരിച്ചും നൂല്‍ നൂറ്റും നിരാഹാരം കിടന്നും രാഷ്ട്രീയം എന്തെന്ന് ഇന്ത്യക്കാരനെ പഠിപ്പിച്ച അര്‍ദ്ധ നഗ്നായ ആ ഫക്കീറിന്റെ ചിത്രം എവിടെയെങ്കിലും ഇനിയും തൂങ്ങിക്കിടപ്പുണ്ടെങ്കില്‍ അത് ഉടനെയെടുത്തു മാറ്റണം. ഒന്ന് മാത്രം പറയാം. സി പി എം പോലൊരു ജനപക്ഷ പ്രസ്ഥാനത്തെ മൂലക്കിരുത്താന്‍ കോണ്‍ഗ്രസ്സോ ബി ജെ പി യോ ആവശ്യമില്ല. നേതൃ നിരയില്‍ ഇതുപോലത്തെ നാലെണ്ണം ഉണ്ടായാല്‍ മാത്രം മതി. ലാല്‍ സലാം സഖാക്കളെ, നീട്ടി വിളിച്ചോളൂ.. ഇങ്ക്വിലാബ് സിന്ദാബാദ്. പി ജയരാജന്‍ സിന്ദാബാദ് ..   

മ്യാവൂ :- ഷാജഹാന് അടി കൊണ്ടപ്പോള്‍ ഏഷ്യാനെറ്റിനു നൊന്തു. ചര്‍ച്ചയായി ന്യൂസ്‌ ഹവറായി സംവാദമായി, ആകെ ബഹളം. ഇത്തരം ബഹളങ്ങളൊന്നും ഷാഹിന എന്ന മുന്‍ വാര്‍ത്താ വായനക്കാരിക്കെതിരെ പോലീസ് അതിക്രമം ഉണ്ടായപ്പോള്‍ കണ്ടില്ല. ഈ അഭിപ്രായ സ്വാതന്ത്ര്യം എന്നത് ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ പാതാളത്തിലേക്ക് താണു പോവുമോ സാര്‍ ?  മറ്റു ചിലപ്പോള്‍ അത് ഹിമാലയത്തോളം ഉയര്‍ന്നു പൊങ്ങുമോ സാര്‍ ? ഒരു ചിന്ന ഡൌട്ടാണ് സാര്‍ .. മറുപടി പറയൂ സാര്‍ . ഓടരുത് സാര്‍ .., സര്‍ സര്‍ ..

Related Posts
വാര്‍ത്തയെ കൊല്ലുന്ന വിധം.
ഷാഹിന തീവ്രവാദി തന്നെ!!!
.