ഷാഹിന: വാര്‍ത്തയെ കൊല്ലുന്ന വിധം.

Follow up to the earlier post - ഷാഹിന തീവ്രവാദി തന്നെ!!!
ഒരാളെ കൊല്ലാന്‍ എളുപ്പമുണ്ട്. കൊന്നു കഴിഞ്ഞിട്ട് ശവം എന്ത് ചെയ്യണം എന്നിടത്താണ് പ്രശ്നം ഉള്ളത്. ഒരു മാതിരി കൊലപാതകികളൊക്കെ അവരുടെ ബ്രെയിന്‍ വര്‍ക്ക് ചെയ്യിപ്പിക്കുന്നത് ശവത്തെ എന്ത് ചെയ്യണം എന്ന ആലോചനക്കാണ്. അതിന്റെ സങ്കീര്‍ണതകള്‍ ആലോചിച്ചാണ് പലപ്പോഴും കൊല നടത്താതെ തിരിച്ചു പോകുന്നതും. എന്നാല്‍ വാര്‍ത്തയെ കൊല്ലുമ്പോള്‍ ആ പേടി വേണ്ട. വാര്‍ത്തയെ കൊന്നാല്‍ അതിന്റെ ആത്മാവും ശരീരവും ആവിയായി അന്തരീക്ഷത്തില്‍ ലയിച്ചു പോകും.  'പൊടി പോലുമില്ല കണ്ടു പിടിക്കാന്‍' എന്ന് പറഞ്ഞത് പോലെ. ഷാഹിന എന്ന പത്രപ്രവര്‍ത്തകക്ക് എതിരെയുള്ള കര്‍ണാടക പോലീസിന്റെ നീക്കം മുഖ്യ ധാരാ മാധ്യമങ്ങള്‍ക്ക് ഒരു വാര്‍ത്തയാവാതെ ആവിയായി അന്തരീക്ഷത്തില്‍ ലയിച്ചു കഴിഞ്ഞു.

ഒരാളെ കൊന്നു കഴിഞ്ഞാല്‍ ആത്മാവിനോടൊപ്പം ശരീരവും അപ്രത്യക്ഷമാകുന്ന സംവിധാനമാണ് പടച്ചോന്‍ ഉണ്ടാക്കിയിരുന്നതെങ്കില്‍ എന്നാലോചിച്ചു നോക്കൂ.. കൊലപാതകികകളുടെ പറുദീസയായി മാറും  ഭൂമി. ഒരു എ കെ ഫോര്‍ട്ടി സെവന്‍ കയ്യില്‍ ഉണ്ടായാല്‍ ക്ലീന്‍ ക്ലീനായി കാര്യം നടത്തി കയ്യും വീശി തിരിച്ചു പോരാം. (ഈ പാവം ഞാന്‍ പോലും ഒരു മൂന്നാലെണ്ണത്തിനെ ഇതിനകം തട്ടിയിട്ടുണ്ടാവും!!!). ഒരു വാര്‍ത്തയെ കുഴിച്ചു മൂടാന്‍ മാധ്യമങ്ങള്‍ക്ക് ധൈര്യം നല്‍കുന്നത്  അതിന്റെ ആത്മാവും ശരീരവും ആവിയായിപ്പൊയ്ക്കൊള്ളും എന്ന വിശ്വാസം കൊണ്ട് മാത്രമാണ്. തെഹല്‍ക്കയെപ്പോലുള്ള ചില സമാന്തര മീഡിയകളും ഇന്റര്‍നെറ്റും ഉള്ളത് കൊണ്ട് ഷാഹിനയുടെ കാര്യം നാലാള്‍ അറിഞ്ഞു. 

ചന്ദ്രിക (2 Dec 2010)  

എന്നെ അത്ഭുതപ്പെടുത്തുന്നത് കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍ ഈ വാര്‍ത്തയോട് സ്വീകരിച്ച നിലപാടാണ്. ഓരോ മിനുട്ടിലും ബ്രേക്കിംഗ് ന്യൂസുകള്‍ നല്‍കാന്‍ മത്സരിക്കാരുള്ള ഒരൊറ്റ ചാനലും തങ്ങളുടെ ഒരു സഹപ്രവര്‍ത്തകക്ക് നേരെയുള്ള പോലീസ് അതിക്രമത്തെ കണ്ടതായി നടിച്ചില്ല. വാര്‍ത്തയുടെ അപ്രധാനമായ ഒരു സ്ലോട്ടില്‍ പോലും രണ്ടു വരി പറഞ്ഞില്ല. മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി ന്യൂസ് അവറുകളില്‍ വായിട്ടലക്കാറുള്ള അവതാരകര്‍ അവരുടെ നാക്ക് വിഴുങ്ങിയത് എന്ത് കൊണ്ടാണ്?. തങ്ങളുടെ കൂട്ടത്തില്‍ പെട്ട ഒരാളെ പത്ര സ്വാതന്ത്ര്യത്തിന്‍റെ അടിസ്ഥാന അവകാശങ്ങളെ കാറ്റില്‍ പറത്തി നിയമക്കുരുക്കില്‍ പെടുത്തുമ്പോള്‍ ഉച്ചത്തില്‍ ശബ്ദിക്കുന്നതിനു പകരം കുറ്റകരമായ നിശ്ശബ്ദത എന്ത് കൊണ്ട്? ഞെട്ടിപ്പിക്കുന്നു ഈ മൗനം.

ഷാഹിന തെഹല്‍ക്കയുടെ റിപ്പോര്‍ട്ടര്‍ ആണ്. ഷാഹിനക്ക് പകരം ഏഷ്യാനെറ്റിന്റെ സിന്ധു സൂര്യകുമാറിന്റെ നേരെയായിരുന്നു പോലീസ്‌ കേസെങ്കിലും എന്റെ ഈ ബ്ലോഗ്‌ പോസ്റ്റ്‌ ഉണ്ടാകുമായിരുന്നു. പക്ഷേ മാധ്യമങ്ങളുടെ ഈ മൗനം ഉണ്ടാകുമായിരുന്നോ?. ഇല്ല എന്നെനിക്ക് ഉറപ്പിച്ചു പറയാന്‍ പറ്റും. തെഹല്‍ക്കയെന്ന ഒരു സമാന്തര മീഡിയത്തെ വ്യവസ്ഥാപിത മാധ്യമങ്ങള്‍ ഏറെ ഭയപ്പെടുന്നു എന്നതിന്റെ സൂചന കൂടി ഈ തമസ്കരണം ഓര്‍മപ്പെടുത്തുന്നുണ്ട്. മലയാള മനോരമയുടെ ഒരു റിപ്പോര്‍ട്ടര്‍ക്കായിരുന്നു  ഈ ഗതിയെങ്കില്‍ ആദ്യം മുഖപ്രസംഗം വരിക  മാതൃഭൂമിയില്‍ നിന്നായിരിക്കും!!. ഏഷ്യാനെറ്റും ഇന്ത്യാവിഷനും നമ്മുടെ ടീവി സെറ്റുകള്‍ 'ബ്രേക്ക്'‌ ചെയ്യും. ഒരാഴ്ചത്തേക്ക് വേറെ ഒരു ന്യൂസ്‌ നോക്കേണ്ടി വരില്ല... പക്ഷെ ഇവിടെ ഒന്നും സംഭവിച്ചില്ല. ഷാഹിന ഏറെക്കാലം പണിയെടുത്ത ഏഷ്യാനെറ്റ് പോലും കമാന്നൊരക്ഷരം മിണ്ടിയില്ല.

ഈ വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ കനിവ് കാണിച്ച മാതൃഭുമി നല്‍കിയ തലക്കെട്ട്‌ 'മഅദനിക്കെതിരായ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം: അഞ്ചു പേര്‍ക്കെതിരെ കേസ്' എന്നാണ്.  ഏറെ സംസാരിക്കുന്ന ഒരു തലക്കെട്ടാണിത്. റിപ്പോര്‍ട്ടില്‍ ഷാഹിനയുടെ കാര്യം പറയുന്നുണ്ടെങ്കിലും തലക്കെട്ടില്‍ ഷാഹിന അഞ്ചു പേരില്‍ ഒരാള്‍ മാത്രം!!.  "സ്ഫോടന പരമ്പരക്കേസിന്റെ വിചാരണ  ഒരു മാസത്തിനുള്ളില്‍ ബാംഗ്ലൂരിലെ പ്രത്യേക കോടതിയില്‍ തുടങ്ങാനിരിക്കെയാണ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം ഉയര്‍ന്നു വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്" എന്ന വാചകത്തോടെയാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്!!!. "മാധ്യമ പ്രവര്‍ത്തകക്ക് എതിരെ കേസ്" എന്ന് വരേണ്ടിയിരുന്ന തലക്കെട്ട്‌  "അഞ്ചു പേര്‍ക്കെതിരെ കേസ്'  എന്നായി മാറിയതിനു പിന്നില്‍ വാര്‍ത്തയുടെ രാഷ്ട്രീയം ഉണ്ട്. ആ രാഷ്ട്രീയമാണ് ഇപ്പോള്‍ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെപ്പോലും അസ്വസ്ഥപ്പെടുത്തേണ്ടത് എന്ന് മാത്രം പറഞ്ഞു കൊള്ളട്ടെ.


ഷാഹിനയുടെ വാര്‍ത്ത കൊടുക്കുന്നത് തീവ്രവാദികള്‍ക്ക് വളം നല്‍കുമെന്നാണ് ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്നോട് ന്യായീകരണം പറഞ്ഞത്!!. വല്ലാത്ത ഒരു കണ്ടുപിടുത്തം തന്നെയാണത്. പോലീസ്‌ ഭാഷ്യത്തിന്റെ നിജസ്ഥിതി അറിയാന്‍ പരിശ്രമിച്ച ഒരു പത്രപ്രവര്‍ത്തകക്ക് പിന്തുണ നല്‍കുന്നത് എങ്ങിനെയാണ് തീവ്രവാദികള്‍ക്കുള്ള വളമാകുക മാഷേ? അതിന്റെ ലോജിക്ക് പിടി കിട്ടുന്നില്ലല്ലോ . മഅദനിയെയോ അദ്ദേഹം ഉയര്‍ത്തിയ തീവ്രവാദ സമീപനങ്ങളെയോ ഒട്ടും പിന്തുണക്കുന്ന ആളല്ല ഞാന് ‍. അത്തരക്കാര്‍ക്ക് പിന്തുണ കൊടുക്കുന്നതിനേക്കാള്‍ നല്ലത് ഒരു കുപ്പി എന്‍ഡോസള്‍ഫാന്‍ വാങ്ങി കുടിക്കുന്നതാണ് എന്നും എനിക്ക് അഭിപ്രായമുണ്ട്. പക്ഷെ ഇവിടെ ഉയര്‍ത്തേണ്ട പ്രശ്നം മഅദനിയല്ല, മാധ്യമ പ്രവര്‍ത്തകയുടെ ജാതിയോ മതമോ അല്ല, പോലീസ്‌ പറയുന്നത് വിശ്വസിച്ചില്ലെങ്കില്‍ രാജ്യദ്രോഹി ആകുമോ ഇല്ലയോ എന്നതാണ്.  അവര്‍ക്കെതിരെ ഒരു വാര്‍ത്ത കൊടുത്താല്‍ ഐ പി സി 506 വരുമോ ഇല്ലയോ എന്നതാണ്.  
      
മ്യാവൂ: ദോഷം പറയരുതല്ലോ, കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ ഒരു പ്രതിഷേധക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. വളരെ നല്ല കാര്യം. കള്ളന്‍ കയറി മൂന്നാം ദിവസം പട്ടി കുരച്ചു എന്ന് പറയുന്ന പോലെ അല്പം വൈകിപ്പോയെങ്കിലും അവര്‍ അവരുടെ കടമ നിര്‍വഹിച്ചു!!. ഇനി ഷാഹിനയായി അവളുടെ പാടായി!!!