പരിയാരത്തെ ശുംഭന്മാരും പാവം NRI കളും

അമ്പതു ലക്ഷം എന്ന് കേട്ടാല്‍ ഒരുമാതിരിപ്പെട്ട എന്‍ ആര്‍ ഐ കളൊക്കെ ബോധം കെട്ട് വീഴും. ഉണങ്ങിയ കുബ്ബൂസും നാല് കൊല്ലം മുമ്പ് ബ്രസീലില്‍ ചത്ത കോഴിയുടെ കറിയും കൂട്ടി ജീവിതം തള്ളിനീക്കുന്ന ഗള്‍ഫ് മേഖലയിലെ എല്ലാ എന്‍ ആര്‍ ഐ ക്കാരോടും എനിക്കൊന്നേ പറയാനുള്ളൂ.. ഇവിടെ കയില് കുത്തി ജീവിതം തുലക്കരുത്!. ഇക്കാമ കഫീലിന് വലിച്ചെറിഞ്ഞു കൊടുത്ത് നാട്ടില്‍ പോയി വല്ല ലോക്കല്‍ കമ്മറ്റികളിലും മെമ്പര്‍ ആവുക. നാല് കാശുണ്ടാക്കുക !!. മെഡിക്കല്‍ എഞ്ചിനീയറിംഗ് കോളേജുകളില്‍ പ്രവാസികള്‍ക്ക് നീക്കി വെച്ച സീറ്റാണ് അമ്പതു ലക്ഷം കൊടുത്ത് നാട്ടിലെ ആണ്‍പിള്ളേര്‍ അടിച്ചെടുക്കുന്നത്.


മാസം ആയിരം റിയാലാണ് ഒരു ശരാശരി എന്‍ ആര്‍ ഐ യുടെ വരുമാനം. അല്പം കൂടുതല്‍ കിട്ടുന്നവരും കുറവ് കിട്ടുന്നവരും കണ്ടേക്കും. വീട്ടിലെയും നാട്ടിലെയും ചിലവും രാഷ്ട്രീയക്കാരുടെയും പള്ളിക്കമ്മറ്റിക്കാരുടെയും പിരിവും കഴിഞ്ഞാല്‍ അതില്‍ നിന്ന് എന്ത് ബാക്കിയാവും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. അമ്പതു ലക്ഷം പോയിട്ട് ഒരു ലക്ഷം ബാക്കിയാക്കാന്‍ അവന്‍ ചക്രശ്വാസം വലിക്കണം. സര്‍ക്കാരിനോട് എനിക്ക് പറയാനുള്ളത് എന്‍ ആര്‍ ഐ ക്കാരെ അപമാനിക്കുന്നതിനും ഒരു പരിധിയുണ്ട് എന്നാണ്. പണ്ടത്തെ പ്രവാസികളുടെ പകിട്ടൊന്നും ഗതിയില്ലാതെ രാജ്യം വിടുന്ന ഇപ്പോഴത്തെ പാവങ്ങള്‍ക്കില്ല. അവരുടെ മക്കള്‍ക്ക്‌ ഒരു സീറ്റ് കിട്ടാന്‍ സോമാലിയന്‍ കടല്‍ കൊള്ളക്കാര്‍ ചോദിക്കുന്നത് പോലുള്ള തുകയൊന്നും ചോദിക്കരുത്. പരിയാരം മെഡിക്കല്‍ കോളേജ് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ബസ്സില്‍ വികലാംഗകരുടെ സീറ്റ്‌ കയ്യൂക്കുള്ളവന്‍ അടിച്ചെടുക്കുന്ന പോലെയാണ് പ്രവാസികളുടെ സീറ്റ് പലരും അടിച്ചെടുക്കുന്നത്. ദയവു ചെയ്തു ഇത്തരം വന്‍തുകയുടെ റിസര്‍വേഷനുകള്‍ പാവം എന്‍ ആര്‍ ഐ ക്കാര്‍ക്ക് വേണ്ടി നീക്കി വെക്കരുത്.  അത് രാഷ്ട്രീയ പാര്‍ട്ടികളുടെ ലോക്കല്‍ കമ്മറ്റികള്‍ക്കും ഏരിയ കമ്മറ്റികള്‍ക്കും വേണ്ടി നീക്കി വെക്കണം. സ്വാശ്രയക്കാര്‍ക്ക് കാശാണല്ലോ വേണ്ടത്. അത് കാശുള്ളവരോട് തന്നെ ചോദിക്കുക. ഗതിയില്ലാത്ത എന്‍ ആര്‍ ഐ ക്കാരോട് ചോദിച്ചു അവരെ അപമാനിക്കരുത്!. 

കോടതിക്ക് 'പുല്ലുവില' നല്‍കുകയും അവിടെ ഇരിക്കുന്നവരെ ശുംഭന്മാര്‍ എന്ന് വിളിക്കുകയും ചെയ്ത എം വി ജയരാജന്‍ സഖാവാണ് പരിയാരം മെഡിക്കല്‍ കോളേജിന്റെ കേണല്‍ ഖദ്ദാഫി. കോടതി പുള്ളിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞു. ശുംഭനെന്ന് വടക്കുള്ളവര്‍ പ്രയോഗിക്കുന്നത് നല്ല അര്‍ത്ഥത്തിലാണെന്നും അതിന് പൊട്ടന്‍ എന്ന ധ്വനി ഇല്ലെന്നുമാണ് സഖാവ് കോടതിയില്‍ വാദിച്ചത്.  ശുംഭന്‍ എന്നാല്‍ അതിബുദ്ധിമാന്‍ എന്നാണത്രേ അര്‍ത്ഥം!!. ഗുണ്ടര്‍ട്ട് സായിപ്പ് കഴിഞ്ഞാല്‍ മലയാള ഭാഷയ്ക്ക്‌ ഇത്രയേറെ പദസമ്പത്ത് പകര്‍ന്നു നല്‍കിയ ഒരു നേതാവില്ല!. ഏതായാലും ബാലകൃഷ്ണപിള്ളക്ക് കൊച്ചുവര്‍ത്തമാനം പറഞ്ഞിരിക്കാന്‍ പൂജപ്പുരയിലേക്ക് ഒരു ശുംഭനെ (അതിബുദ്ധിമാന്‍ എന്ന അര്‍ത്ഥത്തില്‍ ) കിട്ടുമോ ആവോ?


പൊതുജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി മരണം വരിക്കാന്‍ പോവുകയാണെന്നാണ് കോടതിയില്‍ നിന്ന് പുറത്തിറങ്ങിയ ജയരാജന്‍ സഖാവ് പറഞ്ഞത്!!. പ്ലീസ്‌.. സഖാവ് അത് മാത്രം ചെയ്യരുത്. നിങ്ങള്‍ മരിച്ചു പോയാല്‍ പരിയാരം കോളേജ് നടത്താന്‍ ആളുണ്ടാവില്ല. ഉന്നത പഠനം ആഗ്രഹിക്കുന്ന കേരളത്തിലെ ലക്ഷക്കണക്കിന്‌ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ പട്ടിണിപ്പാവങ്ങളായ രക്ഷിതാക്കള്‍ക്കും പാവം എന്‍ ആര്‍ ഐകള്‍ക്കും താങ്കളാണ് കണ്‍കണ്ട ദൈവം.  നിങ്ങളെപ്പോലുള്ള നാല് നേതാക്കളിലും ഏതാനും സ്വാശ്രയ കോളേജുകളിലുമാണ് അവരുടെ പ്രതീക്ഷകള്‍ . ഗാന്ധിജിയോ മരിച്ചു പോയി. ഇനി നിങ്ങള് കൂടി പോയാല്‍ .. അത് ആലോചിക്കാന്‍ കൂടി വയ്യ.

പണം എറിഞ്ഞു മക്കള്‍ക്ക്‌ സീറ്റ് വാങ്ങിയ 'ബഹുമാനപ്പെട്ട' രണ്ടു മന്ത്രിമാരും (അടൂര്‍ പ്രകാശ്, പി കെ അബ്ദുറബ്ബ്) ഡി വൈ എഫ് ഐ നേതാവ് വി വി രമേശനും വിവാദം ഉണ്ടായപ്പോള്‍ മക്കളെ കയ്യൊഴിഞ്ഞു. മൂന്നു പേരും ചെയ്തത് ശരിയായില്ല എന്നാണ് എന്റെ പക്ഷം. ആ കുട്ടികള്‍ എന്ത് പിഴച്ചു?. അവരെ പഠിക്കാന്‍ വിട്ട്  അധികാരം ദുര്‍വിനിയോഗം ചെയ്ത സ്വന്തം സ്ഥാനങ്ങള്‍ രാജിവെച്ചു പുറത്തു പോവുകയായിരുന്നു മൂവരും ചെയ്യേണ്ടിയിരുന്നത്. തെറ്റ് ചെയ്തു എന്ന് സ്വയം ബോധ്യമുള്ളതു കൊണ്ടാണല്ലോ വാങ്ങിയ സീറ്റുകള്‍ തിരിച്ചു കൊടുത്തത്. കേരള സമൂഹത്തിനു ആ കുട്ടികള്‍ പഠിക്കാതിരിക്കുന്നത് കൊണ്ട് നേട്ടങ്ങള്‍ ഒന്നുമില്ല. മറിച്ച് ഇത്തരം നേതാക്കന്മാര്‍ അവരുടെ സ്ഥാനങ്ങളില്‍ തുടരുന്നതാണ് ആശങ്കയുണ്ടാക്കുന്നത്. 

മ്യാവൂ: തന്നെയും മകനെയും ഉമ്മന്‍ചാണ്ടി  പീഡിപ്പിക്കുന്നു എന്ന് വി എസ്സ്. (ഭൂമി ഉരുണ്ടതാണ് സഖാവേ. ഉരുണ്ടത്!!).

Updated Story : സ്വാശ്രയം ആശ്രയായ നമഹ...