പോളിറ്റ് ബ്യൂറോ, P.O. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍

ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിച്ചപ്പോള്‍ ആകെ കണ്‍ഫ്യൂഷന്‍ ആയത്രേ!. ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറിയ പോലെ അല്‍പ നേരത്തേക്ക് ആകെ സ്ഥലകാല വിഭ്രമം. എ കെ ഗോപാലന്‍, ഇ എം സ്, ഇ കെ നായനാര്‍ , സുര്‍ജിത് തുടങ്ങി മരിച്ചു പോയ എല്ലാ പോളിറ്റ് ബ്യൂറോ മെമ്പര്‍മാരുടെയും ഫോട്ടോ ചുമരില്‍ തൂങ്ങിക്കിടക്കുന്നു. അന്തം വിട്ട മന്ത്രി കൂടെയുള്ള ജയില്‍ സൂപ്രണ്ടിനെ സൂക്ഷിച്ചു നോക്കി. "ബാക്കിയുള്ള ഫോട്ടോകള്‍ അടുത്ത റൂമിലുണ്ട് സാര്‍ " വിപ്ലവ നേതാക്കളില്‍ ആരുടെയെങ്കിലും ഫോട്ടോ വിട്ടു പോയതുകൊണ്ടായിരിക്കും മന്ത്രിക്ക് അങ്കലാപ്പ് എന്ന് ധരിച്ച സൂപ്രണ്ട് ഉടനെ അടുത്ത റൂമിലേക്ക്‌ നടന്നു. അവിടെ ദാണ്ടേ കിടക്കുന്നു, വിപ്ലവ പ്രസ്ഥാനത്തിന്റെ തീപ്പന്തം. സാക്ഷാല്‍ പിണറായി സഖാവ്!

ഗാന്ധിജിയുടെ ഫോട്ടോ പല സര്‍ക്കാര്‍ ആപ്പീസുകളിലും തൂക്കിയിടാറുണ്ട്. രാഷ്ട്രപിതാവല്ലേ, ഒരു കളര്‍ ഫോട്ടോ കിടന്നോട്ടെ എന്ന് കരുതി മാത്രമല്ല ഇത് വെക്കുന്നത്. ഓഫീസില്‍ വരുമ്പോള്‍ ഗാന്ധിത്തലയുള്ള നോട്ടുകളുടെ കാര്യം ആരും മറന്നു പോകരുത് എന്ന് കൂടി ആ ഫോട്ടോക്ക് അര്‍ത്ഥമുണ്ട്. കൊലയും കൊള്ളിവെപ്പും നടത്തി സെന്‍ട്രല്‍ ജയിലില്‍ എത്തുന്ന ഗുണ്ടകളുടെ തലയ്ക്കു മുകളില്‍ പോളിറ്റ് ബ്യുറോ നേതാക്കളുടെ ചിത്രം കെട്ടിത്തൂക്കുന്നതിന്റെ ഗുട്ടന്‍സ് എന്താണ്? അതൊരു പ്രതീകാത്മക കെട്ടിത്തൂക്കലാണോ? പിടികിട്ടാ പുള്ളികളുടെ ഫോട്ടോകള്‍ പോലീസ് സ്റ്റേഷനില്‍ പ്രദര്‍ശിപ്പിക്കുന്ന പോലുള്ള വല്ല പരിപാടിയും? അതോ ജയില്‍ അധികാരികള്‍ക്ക് ഗാന്ധിജിയുടെ ഫോട്ടോ കിട്ടാത്തത് കൊണ്ട്  പിണറായി സഖാവിനെ വെച്ച്  അഡ്ജസ്റ്റ് ചെയ്തതാണോ? കള്ളന്മാരും ഗുണ്ടകളും മാത്രം ഉള്ളിടത്ത് ഗാന്ധിജിക്കെന്തു കാര്യം എന്ന് ചിന്തിച്ചിട്ടാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ഇയാളെ എവിടെയോ കണ്ടിട്ടുണ്ടല്ലോ? 

കഷ്ടകാലം വരുമ്പോള്‍ കൂട്ടത്തോടെ എന്ന് പറഞ്ഞത് പോലെ ഒന്നിന് പിറകെ ഒന്നായി സി പി എം വെട്ടിലാകുന്ന വാര്‍ത്തകളാണ് വന്നു കൊണ്ടിരിക്കുന്നത്.  ചെങ്കൊടിയല്ലാതെ മറ്റൊരു കൊടിയും പറപ്പിക്കാന്‍ അനുവാദമില്ലാത്ത പാര്‍ട്ടി ഗ്രാമങ്ങള്‍ കേരളത്തിലുണ്ട്. പക്ഷെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനകത്തും അത്തരം 'പാര്‍ട്ടി ഗ്രാമങ്ങള്‍'  ഉണ്ട് എന്നത് ഞെട്ടിപ്പിക്കുന്ന വിവരമാണ്.  ഒറ്റ വെട്ടിനും അമ്പത്തൊന്നു വെട്ടിനും ആളെക്കൊല്ലാന്‍ കഴിയുന്ന ക്വട്ടേഷന്‍ സംഘങ്ങളുടെ നായകന്മാരാണ് ജയിലിനുള്ളിലെ ഈ ഗ്രാമങ്ങളിലെ ഭരണ കര്‍ത്താക്കള്‍ . ജയില്‍ അധികാരികള്‍ അവരുടെ ആജ്ഞകള്‍ അനുസരിക്കുന്ന വെറും പാവകള്‍ മാത്രം. പറയുന്നത് മറ്റാരുമല്ല, മുന്‍ ജയില്‍ ഡി ജി പി തന്നെയാണ്.

പരോളും കാലാവധി തീരുന്നതിനു മുമ്പുള്ള ജയില്‍ മോചനവും നിയന്ത്രിക്കുന്നത്‌ സര്‍ക്കാര്‍ നിയമങ്ങളോ ജയില്‍ വകുപ്പുകളോ  അല്ല. മറിച്ച് രാഷ്ട്രീയ നേതാക്കള്‍ അടങ്ങുന്ന ഉപദേശക സമിതികളാണ്. ആരൊക്കെ പരോളില്‍ പോകണം, ആരെയൊക്കെ മോചിപ്പിക്കണം എന്ന് ശുപാര്‍ശ ചെയ്യാന്‍ അധികാരമുള്ള കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ അഡ് വൈസറി കമ്മറ്റിയില്‍ ഉള്ള ഒരാള്‍ പി ജയരാജന്‍ ആണ്!. സഖാവ് ടി പി യെ കൊല്ലാന്‍ ക്വട്ടേഷന്‍ സംഘത്തെ ചുമതലപ്പെടുത്തി എന്ന് പലരും സംശയിക്കുന്ന ഒരു രാഷ്ട്രീയ നേതാവ്. ഇതേ കമ്മറ്റിയില്‍ ഉള്ള മറ്റൊരാള്‍ സി പി എം മുന്‍ കണ്ണൂര്‍ ജില്ല സെക്രട്ടറി പി ശശിയാണ്!. പെണ്ണ് കേസില്‍ പാര്‍ട്ടി പുറത്താക്കിയ അതേ ശശി സഖാവ് തന്നെ. ഇവര്‍ രണ്ടു പേരും അടങ്ങുന്ന സമിതിയാണ് ടി പി വധക്കേസിലെ മുഖ്യ പ്രതിയായ കൊടി സുനിയെ ജയിലില്‍ നിന്ന് തുറന്നു വിടാന്‍ ശുപാര്‍ശ ചെയ്തത്!. ഇതേ കൊടി സുനിയെ പിടിക്കാനാണ് കേരള പോലീസ് മൂന്നാഴ്ചയായി തെക്ക് വടക്ക് ഓടുന്നത്!!. 

മലയാളം ന്യൂസ്‌ - 24 May 2012

ചന്ദ്രിക - 25 May 2012

ഇത്രയൊക്കെ സംഭവ വികാസങ്ങള്‍ കേരളത്തില്‍ നടന്നിട്ടും ഡി വൈ എഫ്  ഐ  യുടെയോ എസ് എഫ് ഐയുടെയോ ഒരു പൊടി പോലും കാണുന്നില്ല എന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. ബ്രാഞ്ച് കമ്മറ്റിയില്‍ നിന്ന് തുടങ്ങിയ അറസ്റ്റ് ഇപ്പോള്‍ ഏരിയ കമ്മറ്റി വരെ എത്തിനില്‍ക്കുന്നു. സി പി എം ഒഞ്ചിയം ഏരിയ സെക്രട്ടറി സി എച്ച് അശോകനാണ് അവസാനം അറസ്റ്റില്‍ ആയത്. ഒരു സഖാവിനെ പച്ചക്ക് വെട്ടിക്കൊന്ന കേസില്‍ ഇത്രയൊക്കെ കോലാഹലങ്ങള്‍ ഉണ്ടായിട്ടും യുവ തുര്‍ക്കികള്‍ നിദ്രയിലാണ്. ഒരു പാര്‍ട്ടി ഓഫീസിനു നേരെ കല്ലേറുണ്ടായാല്‍ പോലും തെരുവില്‍ യുദ്ധാന്തരീക്ഷം സൃഷ്ടിക്കാറുള്ള ഇവര്‍ ഇപ്പോള്‍ പാലിക്കുന്ന മൗനത്തെ നാം എന്ത് പേരിട്ടു വിളിക്കും.  കൊല നടന്ന ഉടനെ ജില്ലാസെക്രട്ടറി ചൈനയില്‍ പോയത് പോലെ ഇവന്മാരൊക്കെ കൂട്ടമായി പോളണ്ടിലേക്ക് പോയോ?.

കള്ളന്മാരും കൊലയാളികളും സുഖവാസത്തിനു പോകുന്ന കേന്ദ്രമായി കണ്ണൂര്‍ ജയിലിനെ മാറ്റിയെടുത്തവര്‍ ആരായാലും അവര്‍ ഈ രാജ്യത്തിന്റെ നിയമ വ്യവസ്ഥയുടെ ശത്രുക്കളാണ്. നിയമം അപ്പൂപ്പന്‍ താടി പോലെ കാറ്റില്‍ പറന്നു പോകുന്ന ഈ ജയിലിനുള്ളിലെ സ്ഥിതിഗതികള്‍ മെച്ചപ്പെടുത്താന്‍ മൊബൈല്‍ ജാമറുകളും ക്യാമറകളും സ്ഥാപിക്കുമെന്നാണ് അഭ്യന്തര മന്ത്രി പറയുന്നത്. അത് നല്ല കാര്യം തന്നെ. പക്ഷേ ഒരു മൊബൈല്‍ ജാമറും ക്യാമറയും കൊണ്ട് തീര്‍ക്കാവുന്ന പ്രശ്നങ്ങളാണോ ഈ ജയിലിനുള്ളിലുള്ളത്?. ഒരിക്കലുമല്ല.  സര്‍ക്കാര്‍ അടിയന്തിരമായി ചെയ്യേണ്ടത് സ്പെഷ്യല്‍ പോലീസിനെയോ അതല്ലെങ്കില്‍ പട്ടാളത്തേയോ കൊണ്ട് വന്നു ജയില്‍ ഭരണം നടത്തിക്കുകയാണ്. അതിനു സര്‍ക്കാരിന് ത്രാണിയില്ല എങ്കില്‍ പിന്നെ ചെയ്യാന്‍ കഴിയുന്ന ഏക കാര്യം സി പി എം കണ്ണൂര്‍ ജില്ലാ കമ്മറ്റിക്ക് സെന്‍ട്രല്‍ ജയില്‍ വാടകയ്ക്ക് കൊടുത്ത് താക്കോല്‍ ഏല്പിക്കുകയാണ്‌. Latest update ക്വട്ടേഷന്‍ മണി സ്പീക്കിംഗ്

Related Posts
ജയരാജനെന്താ കൊമ്പുണ്ടോ?
സി പി എം ജയിലിലേക്ക്
ബല്‍റാം 'vs' താരാദാസ്
ക്രിമിനല്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ (ഫാസിസ്റ്റ്)