ടി പി വിധിയുടെ സാമ്പിൾ വെടിക്കെട്ട്

തൃശൂർ പൂരത്തിന് ഒരു സാമ്പിൾ വെടിക്കെട്ട് ഉണ്ടാകാറുണ്ട്. ആ സാമ്പിൾ കണ്ടാലറിയാം ഒറിജിനൽ വെടിക്കട്ട് എങ്ങിനെയിരിക്കുമെന്ന്. സാമ്പിൾ തകർത്താൽ ഒറിജിനൽ തകർക്കും. സാമ്പിൾ തൂറ്റിയാൽ ഒറിജിനലും തൂറ്റും. അത് കട്ടായമാണ്. ടി പി വധക്കേസിന്റെ സാമ്പിൾ വിധിയാണ് വിചാരണക്കോടതിയിൽ നിന്നും ഇന്നലെ വന്നത്. ഒറിജിനൽ വിധി എങ്ങിനെയായിരിക്കുമെന്നതിന്റെ ഒരു സാമ്പിൾ. ടി പി വധക്കേസിലെ എല്ലാ പ്രതികളും മതിയായ തെളിവുകൾ ഇല്ലാത്തതിന്റെ പേരിൽ കൂൾ കൂളായി പുറത്ത് വരാൻ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. ഇരുപത് പ്രതികളെ കുറ്റവിമുക്തരാക്കി നിരുപാധികം വിട്ടയച്ച വിധിയിലൂടെ അരിഭക്ഷണം കഴിക്കുന്നവർ മനസ്സിലാക്കേണ്ടത് അതല്ലാതെ മറ്റൊന്നല്ല. കേരളത്തിന്റെ സമീപകാല ചരിത്രത്തിൽ ഇത്രയേറെ വിവാദം സൃഷ്‌ടിച്ച ഒരു കൊലപാതകം ഉണ്ടായിട്ടില്ല. വെട്ടുകത്തി രാഷ്ട്രീയത്തെ തരിമ്പും ഉൾകൊള്ളാൻ കഴിയാത്ത മുഴുവൻ കേരളീയരും കക്ഷി ഭേദമില്ലാതെ അപലപിക്കുകയും നമ്മുടെ മാധ്യമങ്ങൾ ഒന്നടങ്കം തികഞ്ഞ ജാഗ്രതയോടെ പൊതുമണ്ഡലത്തിൽ സജീവമായി നിലനിർത്തുകയും ചെയ്ത ഒരു കൊലപാതകം.

ഇതൊരു വെറും കൊലപാതകമായിരുന്നില്ല. കാട്ടു ചെന്നായ്ക്കൾ പോലും ഇരയോട്‌ കാണിക്കാത്ത ക്രൂരതയാണ് ഈ കൊലപാതകത്തിലൂടെ അതിന്റെ ആസൂത്രകർ നടപ്പിൽ വരുത്തിയത്. അല്പം വയറ് നിറഞ്ഞ് കഴിഞ്ഞാൽ എതു ചെന്നായയും കൊന്ന ഇരയുടെ ജഡം അതിന്റെ പാട്ടിന് വിട്ട് കടന്നു പോകും. എന്നാൽ ആ ചെന്നായ്ക്കളെപ്പോലും പിറകിലാക്കി ജീവൻ പോയ ശരീരത്തെ അമ്പത്തൊന്ന് വെട്ട് വെട്ടി നുറുക്കിയാണ് വർഗ്ഗസംഘട്ടന സിദ്ധാന്തത്തിന്റെ പുതിയ അദ്ധ്യായം ഇവിടെ രചിക്കപ്പെട്ടത്‌. 'കുലംകുത്തി'യെ കശാപ്പ് ചെയ്യാനുള്ള ഓർഡർ നല്കിയ രാഷ്ടീയ മേലാളന്മാരെ സന്തോഷിപ്പിക്കുക മാത്രമായിരുന്നില്ല, പാർട്ടിയെ ചോദ്യം ചെയ്യുന്ന ഒരു 'കുലംകുത്തി' ഇനിയീ മണ്ണിൽ ജനിച്ചു പോകരുതെന്ന മുന്നറിയിപ്പ് കൂടിയായിരുന്നു അത്.

ഇടതായാലും വലതായാലും രാഷ്ട്രീയക്കാർ രാഷ്ട്രീയക്കാരാണ്. പൊതുജനങ്ങളെ എങ്ങിനെ കളിപ്പിക്കുക എന്നതാണ് ആത്യന്തികമായി അവർ കളിച്ചു കൊണ്ടിരിക്കുന്ന കളി. ആ കളിയുടെ ഒരു എപ്പിസോഡാണ് ഇപ്പോൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ഇടതും വലതും ഒരുമിച്ചു ചേർന്ന് ഒരു കേസ് ഒതുക്കാൻ തീരുമാനിച്ചു കഴിഞ്ഞാൽ സുപ്രിം കോടതിയല്ല, ക്രൈം നന്ദകുമാർ വിചാരിച്ചാൽ പോലും അത് പൊക്കിക്കൊണ്ട് വരാൻ പറ്റില്ല. കോടതിക്ക് തെളിവ് കൊടുക്കേണ്ടതും സാക്ഷികളെ നേരാം വണ്ണം ഹാജറാക്കേണ്ടതും പ്രോസിക്ക്യൂഷനാണ്. ആ വിഷയത്തിൽ അവരൊന്ന് കണ്ണ് ചിമ്മിയാൽ ഒരു കോടതിയേയും ജഡ്ജിയേയും നമുക്ക് കുറ്റം പറയാൻ ഒക്കില്ല. കോടതിക്ക് മുന്നിലെത്തുന്ന തെളിവുകളാണ് ഒരു വിധിയുടെ സ്വഭാവം നിർണയിക്കുന്നത്. ജഡ്ജിയുടെ ചേമ്പറിൽ ഇരിക്കുന്നത് ആരാണ് എന്നത് അത്രത്തോളം പ്രസക്തമായ കാര്യമല്ല. തല വെട്ടുന്നത് കണ്ടവർ വാഴ വെട്ടുന്നതാണ് കണ്ടത് എന്ന് മൊഴിമാറ്റിപ്പറഞ്ഞാൽ കോടതിയ്ക്ക് മറ്റൊന്നും ചെയ്യാനില്ല. സർക്കാരിനെയും നിയമങ്ങളെയുമല്ല, പാർട്ടികളെയും അതിന്റെ ഗുണ്ടകളേയുമാണ്‌ പേടിക്കേണ്ടത് എന്ന് വരുമ്പോൾ ജീവനിൽ കൊതിയുള്ള ആരും മൊഴി മാറ്റിപ്പറയും. സത്യം തുറന്ന് പറയാനും അത് പറഞ്ഞാൽ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന ഒരു ഭരണവും നിയമവ്യവസ്ഥയും കൂട്ടിനുണ്ടാകുമെന്ന വിശ്വാസം ജനിപ്പിക്കാനും ഭരിക്കുന്നവർക്ക് കഴിയണം. അതിന് സാധിക്കാത്തപക്ഷം നിരവധി ടി പി മാർ ഇനിയും കഴുത്തറ്റ് വീഴും.  


പിണറായി വിജയനും തിരുവഞ്ചൂർ രാധാകൃഷ്ണനും ഒരുപോലെ പൊട്ടിച്ചിരിക്കാൻ അവസരമുള്ള ഒരു ഇടക്കാല വിധിയാണിത്. ഈ കേസിന്റെ തുടക്കത്തിൽ കാര്യക്ഷമമായ അന്വേഷണത്തിന്റെ വിശ്വാസ്യത ജനിപ്പിക്കാൻ തിരുവഞ്ചൂരിനു കഴിഞ്ഞിരുന്നു. പക്ഷേ കൊലപാതകത്തിന്റെ മാസ്റ്റർ പ്ലാൻ ജില്ലാ നേതാവായ പി മോഹനനേയും കടന്ന് വീണ്ടും മുകളിലേക്ക് പോകുന്നു എന്ന ഘട്ടം വന്നപ്പോഴാണ് തിരുവഞ്ചൂർ റിവേർസ് ഗിയറിലേക്ക് പോയത്. കൂട്ട മൊഴിമാറ്റത്തിന് പിന്നിൽ പ്രോസിക്യൂഷനും പ്രതിഭാഗവും ഒരുപോലെ പങ്ക് വഹിച്ചുവോ എന്നും സംശയിക്കേണ്ടി വരുന്നത് അതുകൊണ്ടാണ്. രാഷ്ട്രീയ അന്തപുരങ്ങളിലെ അവിശുദ്ധ ബാന്ധവങ്ങളുടെയും രഹസ്യാലിംഗനങ്ങളുടെയും ചിത്രങ്ങൾ ഇപ്പോൾ കുറേക്കൂടി തെളിഞ്ഞുവരുന്നുണ്ട്.
 
ഏറ്റവും കൂടുതൽ ആത്മാർത്ഥതയും വിശ്വസ്തതയും ആവശ്യമുള്ള ഒരു ജോലി മോഷണമാണ്. ഒരു ചെറിയ ധാരണപ്പിശക് മതി ഒരു മോഷണം പൊളിയാൻ. അതുകൊണ്ട് തന്നെ കള്ളന്മാർ തമ്മിൽ തമ്മിൽ മുടിഞ്ഞ 'കോർഡിനേഷനും കോഓപ്പറേഷനും' ആയിരിക്കും. മോഷണം പ്ലാൻ ചെയ്യുന്നത് മുതൽ തൊണ്ടി മുതൽ ഓഹരി വെക്കുന്നത് വരെ ഈ 'കോർഡിനേഷനും കോഓപ്പറേഷനും' ഉണ്ടാകും. ഏതാണ്ട് ഇതുപോലുള്ള ഒരു 'കോർഡിനേഷനും കോഓപ്പറേഷനും' തന്നെയാണ് ഇടത് വലത്-മുന്നണികളുടെ സൂത്രധാരന്മാർക്കിടയിൽ ഉള്ളത്. പെണ്‍വാണിഭക്കേസ് മുതൽ സെക്രട്ടേറിയറ്റ് ഉപരോധം വരെയുള്ള ഐതിഹാസിക സമരമുഖങ്ങളിൽ ഈയൊരു മാന്ത്രിക സഹകരണത്തിന്റെ നാൾവഴികൾ കൃത്യമായി അടയാളപ്പെടുത്താൻ സാധിക്കും.

തിരുവഞ്ചൂർ രാധാകൃഷ്ണനും പിണറായി വിജയനും തീരുമാനിപ്പിച്ചുറപ്പിച്ച ഒരു കേസിൽ വെറുതേ വായിട്ടല്ക്കുന്ന നമ്മളാണ് പൊട്ടന്മാർ. അതുകൊണ്ട് തന്നെ ഇന്നലെ ഫേസ്ബുക്കിൽ കുറിച്ചിട്ട അതേ വരികൾ ആവർത്തിച്ചു കൊണ്ട് അവസാനിപ്പിക്കാം. 'ടി പി യെ ആരും കൊന്നതല്ല. ഒരു കോടാലി കയ്യിൽ കിട്ടിയപ്പോൾ പുള്ളി വെറുതെ തമാശയ്ക്ക് സ്വന്തം തലയിലൊന്ന് വെട്ടിനോക്കിയതാണ്. രക്തം വരുന്നത് കണ്ടപ്പോൾ ആവേശം കയറി. പിന്നെ വെട്ടോട് വെട്ട്.. അമ്പത്തൊന്നായപ്പോൾ നിർത്തി ലാൽസലാം പറഞ്ഞ് മറിഞ്ഞു വീണു.'

Latest Post
പ്രദീപേ, ഏപ്രിൽ ഫൂളിലെത്ര ഫൂളുണ്ട്?

Related Posts
ക്രിമിനല്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ (ഫാസിസ്റ്റ്) 
പോളിറ്റ് ബ്യൂറോ, P.O. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ 
ക്വട്ടേഷന്‍ മണി സ്പീക്കിംഗ് 
സി പി എം ജയിലിലേക്ക് 
ജയരാജനെന്താ കൊമ്പുണ്ടോ?