സന്ധ്യയേയും കൊച്ചൌസേപ്പിനേയും ചൊറിയുന്നവരോട്

ചൊറിയന്മാർ പല വിധമുണ്ട്.. ചിലർ എന്ത് കണ്ടാലും ചൊറിഞ്ഞു കൊണ്ടിരിക്കും. ചൊറിയൽ അവരുടെ ജന്മാവകാശമാണ്. ഒരു ദിവസം ആരെയെങ്കിലും ചൊറിഞ്ഞില്ലെങ്കിൽ അവർക്ക് ഉറക്കം വരില്ല.  മറ്റു ചിലർ ജാതിയും മതവും നോക്കി ചൊറിയുന്നവരാണ്. ചൊറിച്ചിലിന് വിശുദ്ധ ഗ്രന്ഥങ്ങളെയും വേദങ്ങളെയുമാണ്‌ അവർ ഉപയോഗപ്പെടുത്തുക. ഇനി വേറെ ചിലരുണ്ട്. അവർ പാർട്ടി നോക്കി ചൊറിയുന്നവരാണ്. സ്വന്തം പാർട്ടിക്കാർ എന്ത് ചെറ്റത്തരം ചെയ്താലും ഈ ചൊറിയന്മാർ അതിനെ ന്യായീകരിക്കും. മറുവിഭാഗം എന്ത് ചെയ്താലും ശരിയോ തെറ്റോ നോക്കാതെ അതിനെതിരെ ചൊറിഞ്ഞു കൊണ്ടിരിക്കും. ഈ മൂന്നാം വിഭാഗത്തിൽ പെട്ട ഒരു ചൊറിയെക്കുറിച്ചാണ് ഈ പോസ്റ്റ്. തിരുവനന്തപുരത്തെ സന്ധ്യ എന്ന വീട്ടമ്മ LDF ന്റെ അനാവശ്യ വഴി തടയൽ സമരത്തിനെതിരെ ധീരമായി പ്രതികരിച്ചപ്പോഴാണ് ചൊറിച്ചിൽ ആദ്യം ആരംഭിച്ചത്. വഴി തടഞ്ഞ രാഷ്ട്രീയ നേതാക്കളുടെയും എം എൽ എ മാരുടെയും ഇടയിലേക്ക് ഒറ്റയ്ക്ക് വന്ന് ആരും എഴുന്നേറ്റു നിന്ന് വിസിലടിച്ചു പോകുന്ന രൂപത്തിൽ പ്രതികരിച്ച ആ വീട്ടമ്മയെ പ്രമുഖ വ്യവസായിയായ കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി പാരിതോഷികം നല്കി അഭിനന്ദിക്കുമെന്നു പ്രഖ്യാപിച്ചപ്പോഴാണ് ചൊറി അതിന്റെ പൂർണ രൂപം പ്രാപിച്ചത്.

കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ വികാരമാണ് സന്ധ്യയെന്ന വീട്ടമ്മ തിരുവനന്തപുരത്ത് പ്രകടിപ്പിച്ചത്.. നീയൊക്കെ 'യാത്‌' ജനത്തിന് വേണ്ടിയാണെടാ ഇങ്ങനെ വഴി തടഞ്ഞ് സമരം നടത്തുന്നത് എന്ന സന്ധ്യയുടെ ചോദ്യം ഓരോ സാധാരണക്കാരനും പല തവണ പലയിടങ്ങളിൽ നാവിൽ തുമ്പത്ത് ചോദിക്കാൻ വെമ്പിയ ചോദ്യമാണ്. പക്ഷേ ഭവിഷ്യത്തുകൾ ഓർത്തുള്ള ധൈര്യക്കുറവുകൊണ്ട് അവ പുറത്ത് വന്നില്ലെന്ന് മാത്രം. സന്ധ്യയെന്ന വീട്ടമ്മയുടെ നാവിൽ നിന്ന് ആ ചോദ്യങ്ങളുയർന്നപ്പോൾ ഒരൊറ്റ ദിവസം കൊണ്ട് അവർ അസംഘടിതരായ സാധാരണക്കാരന്റെ മുഴുവൻ ഹീറോയായി. അവരെ അഭിനന്ദിക്കാനും പിന്തുണ പ്രഖ്യാപിക്കാനും സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ മുന്നോട്ട് വന്നു. കൊച്ചൌസേപ്പ് ചെയ്തതും അതാണ്‌. സന്ധ്യക്ക്‌ പാരിതോഷികം പ്രഖ്യാപിക്കുക വഴി ഒരായിരം പേരുടെ മനസ്സിലെ വികാരമാണ് കൊച്ചൌസേപ്പ് പ്രകടിപ്പിച്ചത്, പ്രഖ്യാപിച്ചത്.. അതിലടങ്ങിയ തുകയുടെ വലുപ്പമോ ചെറുപ്പമോ അല്ല, സാമൂഹിക മാറ്റത്തിന് വേണ്ടി ചൂലെടുക്കാൻ തയ്യാറായ ഒരു ആം ആദ്മിയോടുള്ള ഐക്യദാർഢ്യ പ്രഖ്യാപനമായിരുന്നു അത്. ആസനത്തിൽ കൃമി കടി ബാധിച്ചിട്ടില്ലാത്തവരൊക്കെ ആ പ്രഖ്യാപനത്തെ അഭിനന്ദിക്കുകയും ചെയ്തു. 

പതിവ് പോലെ ചൊറിയൽ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട്‌ അഡ്വ. ജയചങ്കരൻ ആണ് ചാനലുകളിലൂടെ ചൊറിച്ചിലിനു തുടക്കം കുറിച്ചത്. സോഷ്യൽ മീഡിയയിലേയും ഫേസ്ബുക്കിലെയും ചൊറിച്ചിൽ വേതാളങ്ങൾ അതേറ്റെടുത്തു. കൊച്ചൌസേപ്പിനോടുള്ള ചൊറിയന്മാരുടെ പ്രധാന ചോദ്യങ്ങൾ ഇവയാണ്. സന്ധ്യയ്ക്ക് അഞ്ചു ലക്ഷം കൊടുക്കുന്നതിന് പകരം മണൽ മാഫിയക്കെതിരെ സമരം നടത്തുന്ന ജസീറക്ക് പണം കൊടുത്തുകൂടായിരുന്നോ, വീഗാലാന്റിൽ വീണ് പരുക്കേറ്റ വിജേഷ് വിജയന് പണം കൊടുത്തുകൂടായിരുന്നോ?.. ചോദ്യങ്ങൾ ന്യായമാണ്. പരിഗണിക്കേണ്ടതുണ്ട്. ന്യായമായ ചില ഉത്തരങ്ങൾ ഉണ്ടെങ്കിൽ അതും പരിഗണിക്കണം. ജസീറക്ക് പണം കൊടുക്കാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് മാത്രമല്ല കഴിയുക, കേരളത്തിലെ കാശുള്ള ആർക്കും കൊടുക്കാവുന്നതാണ്. പൂത്ത കാശ് കയ്യിലില്ലെങ്കിലും ഉള്ള കാശിൽ നിന്ന് അഞ്ചോ പത്തോ കൊടുക്കാൻ കേരളത്തിലെ സാമാന്യ ജനത്തിനും കഴിയും.ജസീറയുടെ സമരത്തിന് നാളിതു വരെ ഒരു നയാപൈസ സംഭാവന ചെയ്തിട്ടില്ലാത്തവരാണ് കൊച്ചൌസേപ്പിനെ ഉദാരത പഠിപ്പിക്കുന്നത്‌.


വിജേഷ് വിജയന്റെ കാര്യത്തിൽ കൊച്ചൌസേപ്പ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പേജിൽ കഴിഞ്ഞ ജൂലൈ മാസത്തിൽ വിശദീകരണം നല്കിയിട്ടുണ്ട്. കൂട്ടുകാരോടൊപ്പം വീഗാലാൻഡിൽ കള്ള് കുടിച്ചെത്തിയ വിജേഷ്  രണ്ടടി മാത്രം താഴ്ച്ചയുള്ള ഫാമിലി പൂളിലേക്ക് ഡൈവ് ചെയ്യുകയായിരുന്നുവത്രേ. കുട്ടികൾക്കും കുടുംബങ്ങൾക്കും ഉപയോഗിക്കാനുള്ള ഈ സ്ഥലത്ത് ചാടുകയോ ഡൈവ് ചെയ്യുകയോ അരുത് എന്ന നിർദേശം വകവെക്കാതെ മദ്യലഹരിയിലുള്ള ആ ചാട്ടത്തിൽ വിജേഷിനു പരിക്ക് പറ്റി എന്നാണ് കൊച്ചൌസേപ്പ് വിശദീകരിച്ചിട്ടുള്ളത്. പ്രാഥമിക ചികിത്സകൾ നല്കിയ ശേഷം അവർ സ്ഥലം വിടുകയും ചെയ്തത്രേ. പിന്നീട് വിജേഷിന്റെ പരിക്ക് സാരമുള്ളതാണെന്നും ചികിത്സക്ക് പണം വേണമെന്നും അദ്ദേഹത്തിന്റെ കുടുംബം ആവശ്യപ്പെട്ടപ്പോൾ അറുപതിനായിരം രൂപ സഹായം നല്കിയതായും കൊച്ചൌസേപ്പ് പറയുന്നു.  വിജേഷിന്റെ കുടുംബം പോലീസിൽ ക്രിമിനൽ കേസ് ഫയൽ ചെയ്തെങ്കിലും വിദഗ്ദ അന്വേഷണത്തിന് ശേഷം പോലീസ് കേസ് തള്ളുകയും ചെയ്തു. ഇതിൽ കൊച്ചൌസേപ്പിനെ തെറി വിളിക്കാനായി എന്താണുള്ളത് എന്ന് മനസ്സിലാകുന്നില്ല.  

കൊച്ചൌസേപ്പ് ആരാണെന്ന് കേരളത്തിലെ ജനങ്ങൾക്കറിയാം. കൊടിയും പിടിച്ചു തേരാപേരാ സമരം ചെയ്തു നടക്കുന്ന രാഷ്ട്രീയ നപുംസകങ്ങളിൽ നിന്ന് അത് മനസ്സിലാക്കേണ്ട ആവശ്യം കേരളീയനില്ല. ഒരു പഴയ ലംബ്രെറ്റ സ്കൂട്ടറില്‍ സ്വന്തം പ്രയത്നത്തിലൂടെ ഉണ്ടാക്കിയ വോള്‍ട്ടേജ് സ്റ്റബിലൈസറുമായി വീടുകള്‍ കയറിയിറങ്ങി വിറ്റു നടന്ന ഒരു സാധാരണ തൊഴിലാളിയിൽ നിന്ന് കൃത്യമായി നികുതി കൊടുക്കുകയും മാന്യമായ സേവന വേതന വ്യവസ്ഥകൾ സ്വയം നടപ്പിലാക്കുകയും ചെയ്ത ഒരു വൻ വ്യവസായിയിലേക്കുള്ള അദ്ദേഹത്തിന്റെ പരിണാമം ഏതെങ്കിലും ചങ്കരന്മാർ വക്കീൽ പണി നടത്തി ഉണ്ടാക്കിക്കൊടുത്തതല്ല. സ്വന്തം ബുദ്ധിയും പ്രയത്നവും കൈമുതലാക്കി അദ്ധ്വാനിച്ച് നേടിയെടുത്തതാണ്. എന്നാൽ ഇതിനൊക്കെയപ്പുറം മനുഷ്യസ്നേഹികൾക്കിടയിൽ കൊച്ചൌസേപ്പിനെ പ്രിയങ്കരനാക്കിയത് സ്വന്തം കിഡ്നി ഒരു പാവപ്പെട്ട ട്രക്ക് ഡ്രൈവർക്ക് മുറിച്ച് കൊടുത്ത് കൊണ്ട് മാതൃക കാണിച്ചപ്പോഴാണ്. വാക്കും പ്രവൃത്തിയും തമ്മിൽ പുലബന്ധമില്ലാത്ത എമ്പോക്കികളിൽ നിന്ന് അദ്ദേഹത്തെ വേറിട്ട്‌ നിർത്തിയതും അതാണ്‌. ഈ ബ്ലോഗിൽ തന്നെ പല തവണ അദ്ദേഹം വിഷയമായതും മറ്റൊന്നും കൊണ്ടല്ല.

താൻ അദ്ധ്വാനിച്ചുണ്ടാക്കിയ പണം ആർക്ക് കൊടുക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം കൊച്ചൗസേപ്പിനുണ്ട്. ഒരു ചില്ലിക്കാശ് മറ്റൊരുത്തന് കൊടുത്ത് പാരമ്പര്യമില്ലാത്ത ചാനൽ ചർച്ചയിൽ വായിട്ടലയ്ക്കുന്ന ചങ്കരന്മാരും ഫേസ്ബുക്കിൽ ചൊറിഞ്ഞു നടക്കുന്ന മന്ദശ്രീകളുമല്ല അത് തീരുമാനിക്കേണ്ടത്. ചങ്കരന്റെ കയ്യിൽ പൈസയുണ്ടെങ്കിൽ ചങ്കരനു കൊടുക്കാം. ഫേസ്ബുക്കിലെ മനുഷ്യാവകാശ മന്ദശ്രീകളുടെ കൈവശം പണമുണ്ടെങ്കിൽ അവർക്കും കൊടുക്കാം. മേൽ പറഞ്ഞ ജസീറക്കോ വിജേഷിനോ നൂറു രൂപയെങ്കിലും സഹായിച്ചതിന്റെ റെസീപ്റ്റ് ഉണ്ടെങ്കിൽ അത് കാണിച്ച ശേഷം ഡയലോഗ് അടിക്കുന്നതായിരിക്കും നല്ലത്.  ആരാന്റെ മെക്കിട്ട് കയറുന്നതിന് മുമ്പ് കൃമികടി കലശലായിടത്ത് അല്പം മുളക് തേക്കൂ പ്രതികരണ തൊഴിലാളികളേ എന്നാണ് വിനയ സ്വരത്തിൽ പറയാനുള്ളത്.

വീക്ഷണം - 15 Dec 2013

കൊച്ചൌസേപ്പിനോടും അതുപോലുള്ള മുഴുവൻ മനുഷ്യ സ്നേഹികളോടും അഭ്യർത്ഥിക്കാനുള്ളത് ഒരേയൊരു കാര്യമാണ്. ഇത്തരം പ്രചാരണങ്ങളിൽ നിരാശപ്പെടുകയോ പിന്മാറുകയോ ചെയ്യരുത്. ഇത് ചൊറിയൻമാരുടെ സ്വന്തം നാടാണ്. തിരിച്ച് കിട്ടുമെന്ന് പ്രതീക്ഷിച്ച് ഒരു ഗുണവും ആർക്കും ചെയ്ത് പോകരുത്. സ്വന്തം മനസ്സാക്ഷിയുടെ താത്പര്യത്തിനും ദൈവപ്രീതിക്കും വേണ്ടി മാത്രം പ്രവർത്തിക്കുക. ചൊറിന്മാരെ അവരുടെ പാട്ടിന് വിടുക.

സന്ധ്യയുടെ ഒറ്റപ്പെട്ട പ്രതികരണം വഴിതടയൽ സമരങ്ങൾക്കെതിരെയുള്ള ജനകീയ വികാരമായി പരിവർത്തനം ചെയ്യിപ്പിക്കുവാൻ ശ്രമങ്ങളുണ്ടാവേണ്ടതുണ്ട്. സന്ധ്യയുടെ പ്രതികരണത്തെ ഒരു ജനകീയ തരംഗമാക്കി മാറ്റാൻ പ്രധാന പങ്ക് വഹിച്ച ദൃശ്യമാധ്യമങ്ങളെ അഭിനന്ദിക്കുന്നു. വളരെ അപൂർവമായാണ് അവരെ അഭിനന്ദിക്കാൻ അവസരം കിട്ടാറുള്ളത്. അത് പാഴാക്കുന്നത് ശരിയല്ലല്ലോ. കൂടുതൽ ചർച്ചകളിലും സംവാദങ്ങളിലും ഈ വിഷയം ഉയർന്നു വരട്ടെ. ഒരു വീട്ടമ്മയുടെ ഒറ്റപ്പെട്ട പ്രതികരണത്തിൽ നിന്നും ജനങ്ങളെ മാനിക്കുന്ന ഒരു പുതിയ സമര സംസ്കാരം വളർന്നു വരട്ടെ.. സന്ധ്യക്കും സന്ധ്യയുടെ വികാരം പ്രതിഫലിപ്പിക്കുന്ന എല്ലാ കൊച്ചൌസേപ്പുമാർക്കും മനുഷ്യ സ്നേഹികൾക്കും ഭാവുകങ്ങൾ..

Recent Posts
കൊടിസുനിയുടെ ഫേസ്ബുക്ക്‌, തിരുവഞ്ചൂരിന്റെ ബാർബർ ഷോപ്പ് 
ലാലേട്ടന്റെ ബ്യൂട്ടി ഹിറമോസയുടെ ക്വാളിറ്റി
രമ്യ നമ്പീശൻ കുളിക്കുന്നു. എല്ലാവരും ഓടി വരൂ!!

You may missed it
ഗള്‍ഫ് മലയാളീ, നാറ്റിക്കരുത് !

Related Posts
വ്യത്യസ്തനാമൊരു കൊച്ചൌസേപ്പ്
കൊച്ചൌസേപ്പ് ജയിക്കില്ലേ ?