വ്യത്യസ്തനാമൊരു കൊച്ചൌസേപ്പ്

ഒരു ലക്ഷം രൂപ സംഭാവന കൊടുക്കുന്ന പോലെയല്ല ഒരു കിഡ്നി മുറിച്ചെടുത്തു കൊടുക്കുന്നത്. അഞ്ഞൂറ് കോടി വിറ്റുവരവുള്ള ഒരു വ്യവസായ ശൃംഖലയുടെ ഉടമയായിരിക്കെ കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി തന്റെ വൃക്ക ദാനം ചെയ്യാന്‍ തീരുമാനിച്ചത് ഈ പുതുവര്‍ഷം കൊണ്ടുവന്ന വാര്‍ത്തകളില്‍ ഏറ്റവും ഹൃദയാവര്‍ജകമായ ഒന്നാണ്. പണത്തിനു വേണ്ടി വൃക്ക വില്‍ക്കുന്നവര്‍ ഉണ്ടാകാം. ജീവിക്കുന്ന ചുറ്റുപാടുകള്‍ ആണ് പലരെയും അതിന്  പ്രേരിപ്പിക്കുന്നത്. ജീവിതം മുന്നോട്ടു നീക്കുവാന്‍ മറ്റൊരു വഴിയും ഇല്ലാതെയിരിക്കുമ്പോള്‍ ശരീരം മുറിച്ചു കൊടുക്കാന്‍ ഒരു മനുഷ്യര്‍ തയ്യാറാവുന്നുവെങ്കില്‍ അതയാളുടെ  നിസ്സഹായതയുടെ അവസാന വിളംബരമാണ്. എന്നാല്‍ അഞ്ഞൂറ് കോടി വിറ്റുവരവുള്ള ഒരു മനുഷ്യന്‍ അതിനു തയ്യാറാവുന്നുവെങ്കില്‍ അതിനെയാണ് നാം മനുഷ്യസ്നേഹം എന്ന് വിളിക്കേണ്ടത്.

Don't take your Organs to Heaven, Heaven knows we need them here! (നിങ്ങളുടെ അവയവങ്ങള്‍ സ്വര്‍ഗത്തിലേക്ക് കൊണ്ട് പോകരുത്. അതിന്റെ ആവശ്യം ഭൂമിയിലാണ് എന്ന് സ്വര്‍ഗത്തിനറിയാം) എന്ന വാചകത്തിന് ഇന്ന് ലോക വ്യാപകമായി ഏറെ പ്രചാരം കിട്ടിയിട്ടുണ്ട്. മരണത്തിന്റെ വക്കില്‍ നിന്നും ഒരു മനുഷ്യനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാന്‍ കഴിയുന്നു എന്നതാണ് അവയവ ദാനങ്ങള്‍ക്ക് പിന്നിലെ ഏറ്റവും വലിയ മാനുഷികത. ഭാര്യക്ക് വേണ്ടി ഭര്‍ത്താവ് തന്റെ വൃക്ക നല്‍കുമ്പോഴും മകന് വേണ്ടി അച്ഛന്‍ നല്‍കുമ്പോഴും അവയിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത് അതിരുകളില്ലാത്ത സ്നേഹമാണ്. ഞാനെന്നോ നീയെന്നോ വ്യത്യാസമില്ലാതെ ഇരു ശരീരങ്ങളും ഒന്നാവുമ്പോഴാണ് അത്തരം ദാനങ്ങള്‍ യാഥാര്‍ത്ഥ്യമാവുന്നത്. എന്നാല്‍ നേരിട്ട് പരിചയം പോലുമില്ലാത്ത ഒരു വ്യക്തിയുടെ ജീവന്‍ രക്ഷിക്കുന്നതിനു വേണ്ടി സ്വന്തം ശരീരത്തിലെ ഒരവയവം മുറിച്ചു നല്‍കുവാന്‍ കൊച്ചൌസേപ്പ് മനസ്സ് കാണിച്ചപ്പോള്‍ അതിലൂടെ യാഥാര്‍ത്ഥ്യമായിരിക്കുന്നത് അതിനുമപ്പുറത്തെ മനുഷ്യസ്നേഹമാണ്.   


കേരളത്തിന്റെ വ്യവസായ ചുറ്റുപാടില്‍ ഒരു വലിയ ചരിത്രം രചിച്ച വ്യക്തിയാണ് കൊച്ചൌസേപ്പ്. സ്വന്തമായി ഒരു വോള്‍ട്ടേജ് സ്റ്റബിലൈസര്‍ ഉണ്ടാക്കി ഒരു പഴയ ലംബ്രെറ്റ സ്കൂട്ടറില്‍ വീടുകള്‍ കയറിയിറങ്ങി വിറ്റിരുന്ന കൊച്ചൌസേപ്പ് വീ ഗാര്‍ഡ് എന്ന ഒരു വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനായ കഥ ആരെയും ആവേശം കൊള്ളിക്കുന്നതാണ്. വീഗാലാന്‍ഡില്‍ വെച്ച്  ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ട്.  അദ്ദേഹത്തിന്റെ അമ്യൂസ്മെന്റ് പാര്‍ക്കിലെ ആട്ടുതോണിയില്‍ കുടുംബത്തോടൊപ്പം ഇരിക്കുന്നതിനിടയില്‍ താഴെ ചാറ്റല്‍ മഴയില്‍ കുടചൂടി നടക്കുന്ന കൊച്ചൌസേപ്പിനെക്കണ്ടു. തോണി നിര്‍ത്തിയ ഉടനെ ഞാന്‍ അദ്ദേഹത്തിന്റെ അടുത്തെത്തി പരിചയപ്പെട്ടു. കുടയില്ലാതെ നിന്ന എന്നെ സ്വന്തം കുടക്കീഴിലേക്ക്‌ ചേര്‍ത്തു നിര്‍ത്തിയാണ് അദ്ദേഹം സംസാരിച്ചത്. വീ ഗാര്‍ഡ് എന്ന് കേള്‍ക്കുമ്പോഴെക്കെ പൂ പോലെ മൃദുലമായി സംസാരിച്ചിരുന്ന ആ മുഖം ഓര്‍മയില്‍ വരാറുണ്ട്. പൂപോലെ മൃദുലമായ ഒരു മനസ്സും അദ്ദേഹത്തിനുണ്ടെന്ന് ഈ വാര്‍ത്ത തെളിയിക്കുന്നു.

കിഡ്നി വ്യപാരത്തിലൂടെ ജീവന്‍ വിലക്ക് വാങ്ങിയും വിറ്റും കോടികളുടെ വരുമാനമുണ്ടാക്കുന്ന ഒരു മാഫിയ തന്നെ കേരളത്തിനകത്തും പുറത്തുമുണ്ട്. സര്‍ക്കാരുകള്‍ പോലും നോക്കുകുത്തിയായി നില്‍ക്കേണ്ടി വരുന്ന ഒരു മേഖലയാണിത്. ഈ കഴുകന്മാര്‍ക്കിടയില്‍ മനുഷ്യ സ്പര്‍ശത്തിന്റെ സാന്ത്വനവുമായി ഒരു കിഡ്നി ബാങ്കിന് തുടക്കമിടുകയാണ് ഈ അപൂര്‍വ ദാനത്തിലൂടെ കൊച്ചൌസേപ്പ് ചെയ്യുന്നത്. ട്രക്ക് ഡ്രൈവറായ ഈരാറ്റുപേട്ട സ്വദേശി ജോയിക്കാണ് വീ ഗാര്‍ഡ് ഉടമയുടെ കിഡ്നി ലഭിക്കുന്നത്. തന്റെ പ്രിയതമന് ജീവിതം തിരിച്ചു കിട്ടുന്നതിന്റെ സന്തോഷ സൂചകമായി ജോയിയുടെ ഭാര്യ ജോളി മറ്റൊരാള്‍ക്ക് തന്റെ വൃക്ക ദാനം ചെയ്യും!. തൃശ്ശൂര്‍ സ്വദേശി ശംസുദ്ധീന്‍ ആണ് ജോളിയുടെ വൃക്ക സ്വീകരിക്കുന്നത്. അവിശ്വസനീയം എന്ന് തോന്നുന്ന ഈ സ്നേഹകഥ അവിടെ അവസാനിക്കുന്നില്ല. ശംസുദ്ധീന്റെ ഭാര്യ സൈനബ തൃശൂര്‍ സ്വദേശിയായ ജോണിന് തന്റെ വൃക്ക ദാനം ചെയ്യും!!. ജോണിന്റെ അമ്മ തന്റെ വൃക്ക തൃശൂര്‍ സ്വദേശി ബിജുവിന് നല്‍കും!!!!.. അങ്ങിനെ ജീവന്‍ കൊണ്ട് ജീവന്‍ നല്‍കിയുള്ള ഒരു സ്നേഹശൃംഖലയായി കൊച്ചൌസേപ്പിന്റെ ദാനം ചരിത്രമായി മാറുകയാണ്. കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാദര്‍ ഡേവിഡ് ചിറമ്മല്‍ ആണ് ഈ ജീവദൗത്യത്തിന് പിറകില്‍ പ്രവര്‍ത്തിക്കുന്നത്.

കിഡ്നി ദാനം വഴി സ്വന്തം ശരീരത്തിന് കുഴപ്പമൊന്നും വരില്ല എന്ന് ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്ത് കുടുംബത്തെ ബോധ്യപ്പെടുത്തിയ ശേഷമാണ് തന്റെ തീരുമാനം കൊച്ചൌസേപ്പ് പ്രഖ്യാപിക്കുന്നത്. കുടുംബത്തിന്റെ സമ്മതം വാങ്ങിക്കാന്‍ ഏറെ പാടുപെടേണ്ടി വന്നു അദ്ദേഹത്തിന്. തികച്ചും സ്വാഭാവികമാണത്. ഒരു തലവേദന വന്നാല്‍ പോലും അമേരിക്കയിലേക്ക് പറക്കുന്ന അതിസമ്പന്ന വിഭാഗത്തിന്റെ പതിവുകള്‍ക്കിടയില്‍ നിന്ന് അവരിലൊരാള്‍ സ്വന്തം കിഡ്നി മറ്റൊരാള്‍ക്ക് ദാനം ചെയ്യാന്‍ തയ്യാറാവുന്നു എന്ന് കേള്‍ക്കുമ്പോള്‍ ആരുമൊന്നു ഞെട്ടും. ആ ഞെട്ടല്‍ അദ്ദേഹത്തിന്റെ ഭാര്യക്കും മക്കള്‍ക്കുമെല്ലാം ഉണ്ടായിരിക്കണം. അതിനെ അതിജീവിക്കുവാന്‍ അത്ര എളുപ്പമല്ല. പക്ഷെ ആ കടമ്പകളൊക്കെയും അദ്ദേഹം മറികടന്നിരിക്കുന്നു എന്ന് വേണം പറയാന്‍. അവയവ മാറ്റത്തിനുള്ള ഔപചാരിക അനുമതി ലഭിച്ചു കഴിഞ്ഞാലുടന്‍ ശസ്ത്രക്രിയ നടക്കും എന്നാണു പത്രവാര്‍ത്ത. എല്ലാം സുഖകരമായി നടക്കട്ടെ എന്നും കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളിയുടെ ഈ ഹൃദയ വിശാലതയില്‍ ദൈവത്തിന്റെ കനിവുണ്ടാകട്ടെ എന്നും പ്രാര്‍ഥിക്കുന്നു.  Latest Story സന്ധ്യയേയും കൊച്ചൌസേപ്പിനേയും ചൊറിയുന്നവരോട്

Related Posts
കൊച്ചൌസേപ്പ് ജയിക്കില്ലേ ?
ഐ ലവ് യു പറയേണ്ടതെങ്ങിനെ?