March 13, 2013

ഇറ്റലിയില്‍ വെളുത്ത പുക, ഇന്ത്യയില്‍ കറുത്ത പുക

പോപ്പിന്റെ തിരഞ്ഞെടുപ്പ് കാലത്ത് സിസ്റ്റൈന്‍ ചാപ്പലിന്റെ പുകക്കുഴലിലേക്ക് നോക്കി കഴുത്തുളുക്കുന്നത് റോമില്‍ പലര്‍ക്കും പതിവാണ്. കറുത്ത പുകയാണോ വെളുത്ത പുകയാണോ  വരുന്നത് എന്നറിയാനുള്ള ആകാംക്ഷയില്‍ തല വെട്ടിക്കാതെ നോക്കി നില്‍ക്കുമ്പോഴാണ് കഴുത്തുളുക്കുന്നത്. വെളുത്ത പുക കണ്ടു പുതിയ പോപ്പിനെ കിട്ടിയ സന്തോഷത്തില്‍ റോമിലെ   വിശ്വാസികള്‍ സന്തോഷിച്ചപ്പോള്‍ നമ്മുടെ സുപ്രിം കോടതിയില്‍ നിന്നും ഒരു കാരണവുമില്ലാതെ കറുത്ത പുക വരുന്നത് കണ്ടു കഴുത്തു മാത്രമല്ല, നട്ടെല്ല് വരെ ഒടിഞ്ഞു പോകുന്ന അവസ്ഥയിലാണ് ഇന്ത്യയിലെ ജനങ്ങളുള്ളത്. രാജ്യത്തിന്റെ അന്തസ്സും അഭിമാനവും രണ്ട് പരട്ട കൊലയാളികള്‍ കറുത്ത പുക കൊണ്ട് മൂടിയിരിക്കുന്നു. രാജ്യത്തെയും സുപ്രിം കോടതിയെയും മൂക്കിനു തോണ്ടിക്കൊണ്ട് നൂറ്റിയിരുപത്തിയഞ്ചു കോടി ജനങ്ങളുടെ ആത്മാഭിമാനത്തെ അവര്‍ വെല്ലുവിളിച്ചിരിക്കുന്നു. അണ്ടി പോയ അണ്ണാന്റെ അവസ്ഥയില്‍ കേന്ദ്ര സര്‍ക്കാരും കോടതിയും മേലോട്ട്‌ നോക്കി നില്‍ക്കുകയാണ്.

March 10, 2013

അമൃത ഷോ - ഏഷ്യാനെറ്റിന് വേള്‍ഡ് കോമഡി അവാര്‍ഡ്‌

അവാര്‍ഡ് കിട്ടിയിട്ടില്ല, ഉടനെ കിട്ടും. നോമിനേഷന്‍ പോയിട്ടുണ്ട്. ജൂറി തകൃതിയായി വീഡിയോകള്‍ പരിശോധിച്ച് വരികയാണ്. തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ വെച്ച് അമൃത എന്ന പെണ്‍കുട്ടി ഏതാനും പൂവാലന്മാരെ ഒറ്റയ്ക്ക് നേരിട്ടു എന്ന് പറഞ്ഞു കൊണ്ട് കഴിഞ്ഞ ഫെബ്രുവരി പതിനാലിന് ഏഷ്യാനെറ്റ് അവതരിപ്പിച്ച സൂപ്പര്‍ ഡൂപ്പര്‍ ആക്ഷന്‍ ത്രില്ലറിനാണ് അവാര്‍ഡ് ലഭിക്കാന്‍ പോകുന്നത്. ലോകത്തെ എല്ലാ ചാനലുകളേയും ബഹുദൂരം പിന്നിലാക്കി ഏഷ്യാനെറ്റിന്റെ ഈ ക്ലിപ്പ് ഫൈനല്‍ ലിസ്റ്റില്‍ കടന്നു കഴിഞ്ഞതായാണ് പോസ്കാര്‍ കമ്മറ്റിയില്‍ നിന്ന് ചോര്‍ന്നു കിട്ടിയിരിക്കുന്ന വിവരം. അവാര്‍ഡ് ലഭിക്കുന്നത് ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തിലല്ല, മറിച്ച് കോമഡി വിഭാഗത്തിലാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത!!.

March 7, 2013

62 ബൂമറാങ്ങ്, പി ഒ പൂഞ്ഞാര്‍

ബൂമറാങ്ങ് കണ്ടു പിടിച്ചിട്ടു കാലം എത്രയായി എന്നറിയില്ല. പക്ഷെ പൂഞ്ഞാറിലെ ബൂമറാങ്ങിനു ഏതാണ്ട് അറുപത്തിരണ്ടു വയസ്സായിട്ടുണ്ട്. പരസ്ത്രീ ഗമനം ആരോപിച്ചു മന്ത്രി ഗണേഷിന് നേരെ പൂഞ്ഞാറില്‍ നിന്നും തൊടുത്ത് വിട്ട അമ്പ് തിരിച്ചു പൂഞ്ഞാര്‍ ഭാഗത്തേക്ക് തന്നെ മടങ്ങി വന്നുകൊണ്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എറിഞ്ഞത് മാങ്ങക്ക്, കൊണ്ടത്‌ തേങ്ങക്ക്, വീണത്‌ കുമ്പളങ്ങ എന്ന് പറഞ്ഞത് പോലെ സ്ത്രീ വിഷയത്തില്‍ ആരോപിതനായ വ്യക്തി പൊതുസമൂഹത്തില്‍ ഗ്ലാമറോടെ തിരിച്ചു വരുന്നതും ആരോപണം ഉന്നയിച്ച വ്യക്തി ചക്രശ്വാസം വലിക്കുന്നതുമായ വിചിത്ര കാഴ്ചയാണ് സ്ക്രീനില്‍ തെളിഞ്ഞു വരുന്നത്. സ്കൂള്‍ കുട്ടികള്‍ക്ക് ബൂമറാങ്ങിന് ഉദാഹരണം പറഞ്ഞു കൊടുക്കാന്‍ ഇനി അദ്ധ്യാപകര്‍ക്ക് ഏറെ പ്രയാസമുണ്ടാകില്ല എന്ന് ചുരുക്കം.

March 3, 2013

ബ്രിട്ടാസ് ഡ്രാമ പ്രദര്‍ശനം തുടരുന്നു

'ഒന്നിന് പോയവന്‍ രണ്ടും കഴിഞ്ഞു വെള്ളം തൊടാതെ തിരിച്ചു വന്നു' എന്ന് പറയുന്നത് പോലെ ബ്രിട്ടാസ് വീണ്ടും കൈരളിയിലേക്ക് തിരിച്ചു വരികയാണ്. അവനിത് തന്നെ വേണം എന്ന് പറയുന്നവരാണ് കൂടുതലും. തമിഴ് സിനിമയില്‍ എം ജി ആറിനെപ്പോലെ കത്തിനില്‍ക്കുന്ന സമയത്താണ് ബ്രിട്ടാസ് കൈരളി വിട്ടത്. ഇപ്പോള്‍ വടിവേലുവിന്റെ അവസ്ഥയിലാണ് തിരിച്ചു വരുന്നത്. ഏഷ്യാനെറ്റില്‍ ചിലവഴിച്ച രണ്ട് വര്‍ഷങ്ങള്‍ ബ്രിട്ടാസിന്റെ മാധ്യമ ജീവിതത്തിലെ പൂച്ചയും നായയും ഒരു പോലെ നക്കിയ  വര്‍ഷങ്ങളാണെന്ന്  വിശ്വസിക്കുന്നവരാണ് ഏറെയും. മമ്മൂട്ടിയുടെയും പിണറായി സഖാവിന്റെയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് മര്‍ഡോക്കിനെ തലാഖ് ചെല്ലുന്നത് എന്നാണു പുള്ളിക്കാരന്‍ ഇപ്പോള്‍ പറയുന്നത്. ഞാന്‍ വിശ്വസിച്ചു!!. നിങ്ങളുമത് വിശ്വസിക്കണം!!!. തെളിവിനായി മമ്മൂട്ടിയുടെ ലെറ്റര്‍ പാഡില്‍ ഒരു കത്തും ടൈപ്പ് ചെയ്തു വെച്ചിട്ടുണ്ട്. അതെന്തോ ആവട്ട്.. ഈ തിരിച്ചു വരവ് എല്ലാവര്‍ക്കും ഒരു പാഠമാണ്. ഉണ്ടിരിക്കുമ്പോള്‍ ഉള്‍വിളി കേള്‍ക്കുന്ന എല്ലാവര്‍ക്കും.