ഇറ്റലിയില്‍ വെളുത്ത പുക, ഇന്ത്യയില്‍ കറുത്ത പുക

പോപ്പിന്റെ തിരഞ്ഞെടുപ്പ് കാലത്ത് സിസ്റ്റൈന്‍ ചാപ്പലിന്റെ പുകക്കുഴലിലേക്ക് നോക്കി കഴുത്തുളുക്കുന്നത് റോമില്‍ പലര്‍ക്കും പതിവാണ്. കറുത്ത പുകയാണോ വെളുത്ത പുകയാണോ  വരുന്നത് എന്നറിയാനുള്ള ആകാംക്ഷയില്‍ തല വെട്ടിക്കാതെ നോക്കി നില്‍ക്കുമ്പോഴാണ് കഴുത്തുളുക്കുന്നത്. വെളുത്ത പുക കണ്ടു പുതിയ പോപ്പിനെ കിട്ടിയ സന്തോഷത്തില്‍ റോമിലെ   വിശ്വാസികള്‍ സന്തോഷിച്ചപ്പോള്‍ നമ്മുടെ സുപ്രിം കോടതിയില്‍ നിന്നും ഒരു കാരണവുമില്ലാതെ കറുത്ത പുക വരുന്നത് കണ്ടു കഴുത്തു മാത്രമല്ല, നട്ടെല്ല് വരെ ഒടിഞ്ഞു പോകുന്ന അവസ്ഥയിലാണ് ഇന്ത്യയിലെ ജനങ്ങളുള്ളത്. രാജ്യത്തിന്റെ അന്തസ്സും അഭിമാനവും രണ്ട് പരട്ട കൊലയാളികള്‍ കറുത്ത പുക കൊണ്ട് മൂടിയിരിക്കുന്നു. രാജ്യത്തെയും സുപ്രിം കോടതിയെയും മൂക്കിനു തോണ്ടിക്കൊണ്ട് നൂറ്റിയിരുപത്തിയഞ്ചു കോടി ജനങ്ങളുടെ ആത്മാഭിമാനത്തെ അവര്‍ വെല്ലുവിളിച്ചിരിക്കുന്നു. അണ്ടി പോയ അണ്ണാന്റെ അവസ്ഥയില്‍ കേന്ദ്ര സര്‍ക്കാരും കോടതിയും മേലോട്ട്‌ നോക്കി നില്‍ക്കുകയാണ്.

പാവപ്പെട്ട രണ്ട് മത്സ്യത്തൊഴിലാളികളെ പച്ചക്ക് വെടിവെച്ചു കൊന്ന സായിപ്പന്മാരുടെ മനുഷ്യാവകാശത്തെ സംരക്ഷിക്കാനാണ് ക്രിസ്തുമസ് ആഘോഷിക്കാന്‍ അവരെ ആദ്യം പറഞ്ഞു വിട്ടത്. വോട്ട് ചെയ്തു കയ്യില്‍ മഷി പുരട്ടി വരാന്‍ വേണ്ടി രണ്ടാം തവണയും വിട്ടു. കൊലയാളികള്‍ക്ക് ആഘോഷങ്ങള്‍ ഉണ്ടെന്നും അവര്‍ക്ക് വോട്ടുണ്ടെന്നും ചരിത്രത്തില്‍ ആദ്യമായാണ് നാം അറിയുന്നത്. ഏതായിരുന്നാലും പെരുന്നാള്‍ ആഘോഷിക്കാന്‍ കസബിനെ പാക്കിസ്ഥാനിലേക്ക് പറഞ്ഞയക്കാനുള്ള ബുദ്ധി ആരും ഉപദേശിച്ചു കൊടുക്കാതിരുന്നത് വളരെ നന്നായി. അല്ലെങ്കില്‍ അത് ഇതിനേക്കാള്‍ വലിയ പുലിവാലായേനെ.

സംഭവിക്കേണ്ടത്‌ സംഭവിച്ചു. ഇനി അതിനെക്കുറിച്ച് ചര്‍ച്ച ചെയ്തത് കൊണ്ട് കാര്യമില്ല. മാനം പോയത് ഒരു രാജ്യത്തിനാണ്. അത് തിരിച്ചു പിടിക്കാന്‍ ഇനിയെന്ത് ചെയ്യാന്‍ കഴിയും എന്നതാണ് പ്രശ്നം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തെ പരിഹാസ്യമാക്കി കടന്നു കളഞ്ഞ കൊലയാളികളെ ഇന്ത്യന്‍ മണ്ണില്‍ തിരിച്ചു കൊണ്ട് വന്ന് ഇരുമ്പഴിക്കുള്ളിലാക്കി താഴിട്ടു പൂട്ടുമ്പോഴേ പോയ മാനം തിരിച്ചു കിട്ടൂ. പാര്‍ലമെന്റില്‍ മന്‍മോഹന്‍ സിംഗ് ഒരു സുരേഷ് ഗോപിയായത്‌ നാം കണ്ടു. പ്രതികള്‍ തിരിച്ചു വന്നില്ലെങ്കില്‍ ഇറ്റലി വിവരമറിയുമെന്നു അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അത്രയും പറഞ്ഞതില്‍ സന്തോഷം. പക്ഷേ ഡയലോഗ് കൊണ്ട് മാത്രം കാര്യമായില്ല. ഇതിലും കടുപ്പം കൂടിയ ഡയലോഗുകള്‍ രഞ്ജി പണിക്കരോട് പറഞ്ഞാല്‍ എഴുതിത്തരും. അത് കൊണ്ട് കാര്യമില്ല. പ്രധാനമന്ത്രി ഒരു കീലേരി അച്ചുവല്ല എന്ന് തെളിയിക്കുക കൂടി വേണം.

ആദ്യമായി ചെയ്യേണ്ടത് ഇറ്റലിയിലുള്ള ഇന്ത്യന്‍ സ്ഥാനപതിയെ ഇങ്ങോട്ടെത്തിക്കുകയാണ്. അതിനു ശേഷം അവരുടെ ഒരു സ്ഥാനപതി ഇവിടെയുണ്ട്. അയാളാണ് ഈ രണ്ടു പേരെയും തിരിച്ചു ഇന്ത്യയിലെത്തിക്കുമെന്നു സത്യവാങ്ങ്മൂലം എഴുതി ഒപ്പിട്ടു കൊടുത്തത്. നഗ്നമായ  കോടതിയലക്ഷ്യമാണ് കേസ്. അതിനു മുന്നില്‍ ഒരു ഡിപ്ലോമാറ്റിക്ക് ഇമ്മ്യൂണിറ്റിക്കും കോപ്പില്ല. രണ്ടേ രണ്ടു ദിവസം പുള്ളിയെ ഡല്‍ഹി പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടു കൊടുത്താല്‍ മതി. മൂന്നാം ദിവസം നേരം പുലരുന്നതിനു മുമ്പ് പോയ രണ്ടെണ്ണവും കിട്ടിയ ബസ്സ്‌ പിടിച്ചു ഇങ്ങെത്തും. ഇതൊക്കെ ചെയ്യാന്‍ നമുക്ക് അണ്ടിയുറപ്പുണ്ടോ എന്നതാണ് പ്രശ്നം. എത്ര ശക്തമായ നിലപാടുകളെടുത്താലും അന്താരാഷ്‌ട്ര സമൂഹത്തിന്റെ പിന്തുണ ഇന്ത്യയുടെ പക്ഷത്തുണ്ടാവുമെന്നതുറപ്പാണ്. ഇത്തരമൊരു പച്ചയായ കരാര്‍ ലംഘനത്തെ ലോകത്തെ ഒരു രാജ്യത്തിനും പിന്തുണക്കാനാവില്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇറ്റലി പിണങ്ങിയാല്‍ കോലോത്തെ തമ്പുരാനോട് കള്ളന്‍ കോവാലന്‍ പിണങ്ങിയ പോലാണ്.

പട്ടിണി കിടന്നു ചത്താലും ആത്മാഭിമാനം പണയം വെക്കാതിരിക്കുക എന്നതാണ് തറവാട്ടില്‍ പിറന്നവരുടെ രീതി. ഒരു രാജ്യത്തിന്റെ അഭിമാനം ചോദ്യം ചെയ്യപ്പെടുമ്പോഴാണ് ഒരു ഭരണകൂടത്തിന്റെ കാര്യക്ഷമത കൂടുതല്‍ പ്രകടമാവേണ്ടത്. യു പി എ സര്‍ക്കാരും അതിന്റെ തലപ്പത്തിരിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതാക്കന്മാരും തറവാട്ടില്‍ പിറന്നവരാണോ എന്ന് വരും ദിനങ്ങളില്‍ കണ്ടറിയാം. ഇറ്റലിക്കാര്‍ക്ക് അവരുടെ അമ്മായി ഇവിടെയുള്ളത് കൊണ്ടാണ് ഇത്തരമൊരു ആനുകൂല്യം ലഭിച്ചതെന്ന് ഓരോ ഇന്ത്യക്കാരനും വിശ്വസിക്കാതിരിക്കണമെങ്കില്‍ ആ കൊലയാളിപ്പരിഷകളെ പിടിച്ചു കൊണ്ട് വന്നേ മതിയാകൂ. അതിനുള്ള നട്ടെല്ലില്ലല്ലായെങ്കിൽ അമ്മായിയെയും പാർട്ടിയെയും എന്ത് ചെയ്യണമെന്നു തീരുമാനിക്കാനുള്ള മിനിമം വകതിരിവൊക്കെ ഇന്ത്യൻ ജനതയ്ക്കുണ്ടായിരിക്കുമെന്നു ഓർക്കുന്നത് നന്ന്..

മ്യാവൂ: അവര്‍ തിരിച്ചു വന്നില്ലെങ്കിലും കുഴപ്പമില്ല, നമുക്കിവിടെ മഅദനിയുണ്ടല്ലോ. അയാളെ ഒരു പന്ത്രണ്ടു വര്‍ഷവും കൂടെ ജയിലിലിട്ടു ഇന്ത്യന്‍ നിയമത്തിന്റെ ശക്തിയെന്താണെന്ന് ലോകത്തിന് കാണിച്ചു കൊടുക്കണം. ഹല്ല പിന്നെ!!.

Recent Posts
അമൃത ഷോ - ഏഷ്യാനെറ്റിന് വേള്‍ഡ് കോമഡി അവാര്‍ഡ്‌
62 ബൂമറാങ്ങ്, പി ഒ പൂഞ്ഞാര്‍
ബ്രിട്ടാസ് ഡ്രാമ പ്രദര്‍ശനം തുടരുന്നു