October 31, 2009

ഒബാമ മാജിക്, പൂ ഹോയ്‌ !!

ഡിസംബര്‍ പത്തിന് ഒബാമ നൊബേല്‍ സമ്മാനം ഏറ്റുവാങ്ങുവാന്‍ ഓസ്ലോയില്‍ എത്തും. ഒരു തട്ട് തകര്‍പ്പന്‍ പ്രസംഗം അവിടെ വെച്ചു കാച്ചുകയും ചെയ്യും. ......  
..... മെക്സിക്കന്‍ തീരങ്ങളിലും ഹെയ്തിയിലും ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലും ബോംബ്‌ വര്ഷം നടത്തിയ വുഡ്രോ വിത്സണ്‍.. ക്യൂബയെ അധിനിവേശം ചെയ്യുകയും ഫിലിപ്പൈന്‍സില്‍ നിരവധി പേരെ കൂട്ടക്കുരുതി ചെയ്ത യുദ്ധം നയിക്കുകയും ചെയ്ത റൂസ് വെല്‍റ്റ്.. വിയറ്റ് നാമിലും ലാവോസിലും കംബോഡിയായിലും മരണം വിതച്ച ഹെന്‍‌റി കിസ്സിന്ജര്‍.. ഒരു തുണ്ട് ഭൂമിക്കു വേണ്ടിയുള്ള പലസ്തീനികളുടെ പോരാട്ടത്തെ അടിച്ചമര്‍ത്താന്‍ പാടുപെടുന്ന ഷിമോണ്‍ പെരസ്.. ഇവര്‍ക്കെല്ലാം സമാധാനത്തിനുള്ള നോബല്‍ സമ്മാനം വാങ്ങിക്കാമെങ്കില്‍ അതാര്‍ക്കാണ്  വാങ്ങിച്ചു കൂടാത്തത്?.

... ഒബാമ അധികാരമേറ്റു പത്താം നാളായിരുന്നു നോബല്‍ സമ്മാനത്തിന്റെ നോമിനേഷനുള്ള അവസാന ദിവസം!. ഈ പത്തു ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം എന്ത് മാജിക്കാണ് കളിച്ചത് എന്നറിയില്ല, ഒന്നറിയാം, മഹാത്മാ ഗാന്ധിക്ക് രണ്ടു പതിറ്റാണ്ട് കൊണ്ട് സാധിക്കാത്ത കാര്യം മിസ്ടര്‍ ഒബാമ പത്തു ദിവസത്തിനുള്ളില്‍ ഒപ്പിച്ചെടുത്തു.. ‌


 ശബാബ് വാരികയില്‍  പ്രസിദ്ധീകരിച്ച (ഒക്ടോബര്‍ 30,2009) ലേഖനത്തിന്റെ പൂര്‍ണ രൂപം ഇമേജുകളില്‍ ക്ലിക്ക് ചെയ്തു വായിക്കാം. ശബാബില്‍ നിന്നും നേരിട്ട് വായിക്കുവാന്‍ ഇതാ ഇവിടെ ക്ലിക്കുക  

October 25, 2009

മെയ്തീന്റെ ലവ് ജിഹാദ്.

മെയ്തീന്‍ എന്നാണു ഞാന്‍ അവനു പേരിട്ടിരിക്കുന്നത്. കാലന്‍ പൂച്ച എന്നാണു അയല്‍ക്കാര്‍ പറയാറെങ്കിലും ഞാനവനെ മെയ്തീനേ എന്നല്ലാതെ വിളിക്കാറില്ല. ആള്‍ മര്യാദക്കാരന്‍ ആണ്, പക്ഷെ ഈയിടെയായി ചില വേലകള്‍ ഒപ്പിക്കുന്നതായി അയല്‍ക്കാര്‍ പരാതി പറയുന്നു. പടിഞ്ഞാറേലെ സുരേഷിന്റെ അമ്മിണിക്കുട്ടിയെ അവന്‍ ലവ് ജിഹാദ് നടത്തി സിംഗിള്‍ ഡെലിവറിയില്‍ ഒമ്പത് എണ്ണത്തിനെ ഭൂലോകത്തെത്തിച്ചു. അതിനപ്പുറത്തെ സുലോചനേടത്തിയുടെ വീട്ടിലും കക്ഷി സ്ഥിരമായി കയറിയിറങ്ങാറുണ്ടത്രെ. ഏടത്തിയുടെ മാളുവുമായും പുള്ളി ലവ് ജിഹാദിന് ശ്രമിക്കുന്നതായി കേള്‍ക്കുന്നു.

മെയ്തീന്‍ അങ്ങോട്ട്‌ പോയാലും മാളു ഇങ്ങോട്ട് വന്നാലും ചീത്തപ്പേര് എന്റെ മെയ്തീന് തന്നെ. ഇവന്‍ എങ്ങിനെ ഇങ്ങനെയായി എന്നെനിക്കറിയില്ല. മുമ്പൊരിക്കല്‍ മതില്‍ ചാടി വന്ന ഒരുവന്‍ എന്റെ വീട്ടിലെ ചട്ടിയും കലവും പൊട്ടിച്ച് മെയ്തീനോട് എന്തോ പിറുപിറുക്കുന്നത് കണ്ടിരുന്നു. ഒരു പക്ഷെ അവന്‍ ഒരു 'ജിഹാദി' ആയിരുന്നിരിക്കണം. വാലിലെ തൊപ്പയും നെറ്റിയിലെ മറുകും അന്നേ ഞാന്‍ ശ്രദ്ധിച്ചിരുന്നു. മൊത്തത്തില്‍ ഒരു താലിബാന്‍ ലുക്കുണ്ടായിരുന്നു . മാത്രമല്ല നാട്ടിലെ വായ്‌നോക്കിപ്പട്ടികള്‍ അവനെ ഓടിക്കാന്‍ ശ്രമിക്കുന്നതും കണ്ടു. അവന്‍ തന്നെ ആയിരിക്കണം മെയ്തീനെ ഇക്കോലത്തില്‍ ആക്കിയത്.

ഈയിടെയായി മെയ്തീന്‍ വളരെ ബിസിയാണ് . എവിടെയൊക്കെയാണാവോ പഹയന്‍ ജിഹാദ് നടത്തിക്കൊണ്ടിരിക്കുന്നത് ?. ഏതായാലും ഇനി അവനെ വീട്ടിലേക്കു അടുപ്പിക്കുന്നത് ബുദ്ധിയല്ല. ഇന്ന് മുതല്‍ മെയ്തീനുമായി യാതൊരു ബന്ധവും ഇല്ല എന്ന് ഉറക്കെ പ്രഖ്യാപിക്കണം. ഒരു മുട്ടന്‍ വടി ഇറയത്തു തന്നെ വെക്കണം. ദൂരെ ഉഗാണ്ടയിലെ മറ്റോ പോയി ജീവിക്കട്ടെ. ഇവിടത്തെ കൊടിച്ചിപ്പട്ടികളുടെ കടി കൊണ്ട് ചാവുന്നതിലും ഭേദം മെയ്തീന് നല്ലത് അതാണ്‌. 

മെയ്തീന്റെ ലേറ്റസ്റ്റ് അപ്ഡേറ്റ് ഇവിടെയുണ്ട്

October 15, 2009

എയര്‍പോര്‍ട്ടുകളില്‍ നേക്കഡ് സ്കാനിംഗ് !!

എയര്‍ പോര്ട്ടുകളില്‍ പുതിയ സ്കാനിംഗ്‌ മെഷിന്‍ വരുന്നു. ഫുള്‍ ബോഡി നേക്കഡ് സ്കാനിംഗ്‌... എന്ന് വെച്ചാല്‍ സെക്യൂരിറ്റിക്കാരന്‍/കാരി നമ്മെ ഉടുതുണിയില്ലാതെ കാണും. സുരക്ഷ ക്രമീകരണങ്ങള്‍ ടൈറ്റ് ആക്കുന്നതിന്റെ ഭാഗമായാണത്രെ നാണം മറക്കാനുള്ള മൌലികാവകാശം അല്പം ലൂസാക്കുന്നത്. പുതിയ സ്കാനിംഗ്‌ മെഷീനിന്റെ ട്രയല്‍ റണ്‍ ഇംഗ്ലണ്ടില്‍ തുടങ്ങിക്കഴിഞ്ഞു !!!

എത്ര മുന്തിയ കോട്ടും പാന്റും ധരിച്ചു എയര്‍ പോര്‍ട്ടില്‍ ചെന്നാലും ശരി പുതിയ സ്കാനിംഗ് മെഷീനിന്റെ മുന്നില്‍ നിന്ന് കഴിഞ്ഞാല്‍ സംഗതി ധിം തരികിട തോം . കമ്പ്യൂട്ടര്‍ സ്ക്രീനില്‍ നമ്മുടെ ശരീരാവയവങ്ങളെല്ലാം - എന്ന് വെച്ചാല്‍ എല്ലാം !! - ക്ലീന്‍ ക്ലീനായി തെളിഞ്ഞു വരും. സാരി, ബ്ലൌസ്, പര്‍ദ്ദ, ചുരിദാര്‍ എന്നിങ്ങനെ എന്ത് തന്നെ ധരിച്ചു വന്നാലും സ്ത്രീ രത്നങളുടെ സ്ഥിതിയും ഇത് തന്നെ. സംശയമുള്ളവര്‍ക്ക് ബി ബി സി യുടെ ഈ റിപ്പോര്‍ട്ട്‌ നോക്കാം.

സുരക്ഷയുടെ പേര് പറഞ്ഞു എന്ത് തോന്ന്യാസവും കാണിക്കാനുള്ള അധികൃതരുടെ ഈ നീക്കത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. തകര്‍പ്പന്‍ ന്യായങ്ങളുമായി അധികൃതരും രംഗത്തെത്തിയിരിക്കുന്നു. "പുതിയ സ്കാനിംഗ്‌ മെഷീന്‍ വരുന്നതോടെ സെക്യൂരിറ്റി പരിശോധന വളരെ എളുപ്പമാവും. പാന്റും ബെല്ടും ഷൂവും അഴിക്കേണ്ടി വരില്ല, വന്ന വേഷത്തില്‍ അങ്ങ് നിന്ന് കൊടുത്താല്‍ മതി. ശരീരത്തിനകത്തോ പുറത്തോ എന്ത് തന്നെ ഒളിപ്പിച്ചു വെച്ചാലും ഞൊടിയിടകൊണ്ട് പിടിക്കാം. കമ്പ്യൂട്ടറില്‍ എടുക്കുന്ന നഗ്ന ചിത്രങ്ങള്‍ ഒരു പോലീസുകാരനും ആസ്വദിക്കില്ല!!. അത് എവിടെയും സേവ് ചെയ്തു വെക്കില്ല !!! കംപ്ലീട്ടു ഡിലീറ്റ് ചെയ്തിട്ടേ അയാള്‍ സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കൂ. " (പിന്നെ, ഫ്ലാഷ് മെമ്മറിയില്‍ കോപ്പി ചെയ്യുന്നത് , അതയാളുടെ ഇഷ്ടത്തിന് വിടും.!!)

എന്തൊക്കെ ന്യായം പറഞ്ഞാലും ഇതില്‍ ബ്രീച്ച് ഓഫ് പ്രൈവസി എന്ന് സായിപ്പ് പറയുന്ന ആ സംഗതിയുടെ ലംഘനമില്ലേ. വിമാനത്തില്‍ കയറണമെങ്കില്‍ വല്ലവന്റെയും കമ്പ്യൂട്ടറില്‍ നൂല്‍ബന്ധമില്ലാതെ പ്രത്യക്ഷപ്പെടണം എന്ന് പറയുന്നതിനോട് എത്ര പേര്‍ക്ക് യോജിക്കാന്‍ കഴിയും ?

October 13, 2009

തരൂരിന്റെ ട്വിറ്റെര്‍ വിവാദങ്ങള്‍, ഇപ്പോള്‍ മൂന്നു ലക്ഷം !!!

ശശി തരൂരിന്റെ ട്വിറ്റെര്‍ പിന്തുടര്ച്ചക്കാരുടെ എണ്ണം മൂന്നു ലക്ഷം കവിഞ്ഞു!. കൃത്യമായി പറഞ്ഞാല്‍ ഇതെഴുതുമ്പോള്‍ 318,896ആയി. ഓരോ മിനുട്ടിലും ഈ എണ്ണം പെരുകികൊണ്ടിരിക്കുകയാണ്!!!. ട്വിറ്റെര്‍ കൊണ്ട് പുകിലുകള്‍ പലതും ഉണ്ടാകുന്നുണ്ടെങ്കിലും തരൂര്‍ജി ട്വീറ്റിംഗ് നിര്‍ത്താതെ തുടരുകയാണ്. ഇന്നലെ അദ്ദേഹം എഴുതി. "Landed in NY after good flight. Seeing my wife (a UN official based here) for 1st time in 5 months". 5 മാസത്തിനു ശേഷം ഭാര്യയെ ആദ്യമായി ഇന്ന് കാണുകയാണ് എന്ന് ! പോരെ പൂരം !!!.

ഭാര്യയെ കണ്ട ശേഷം എന്തുണ്ടായി എന്നതല്ല നമ്മുടെ വിഷയം. വിഷയം തരൂര്‍ജിയുടെ ട്വീറ്റിങ്ങാണ് .

'ഒരു മന്ത്രി ഇങ്ങനെയൊക്കെ എല്ലാ കാര്യങ്ങളും നാട്ടുകാരോട് പറയേണ്ടതുണ്ടോ‌?. തന്ത്രിമാരും മന്ത്രിമാരുമൊക്കെ എന്നെയും നിങ്ങളെയും പോലെയല്ല. അവര്‍ ജനങ്ങളുടെ പ്രതിപുരുഷന്മാരാണ് ('പ്രതിസ്ത്രീ'കളുമാണ് എന്ന് പ്രയോഗിക്കാമോ എന്തോ?) അവര്‍ സ്വകാര്യ കാര്യങ്ങളൊന്നും പുറത്തു പറയരുത് , മന്ത്രിയുടെ പണിയെടുക്കാതെ കമ്പ്യൂട്ടറില്‍ കളിക്കുകയാണ് ഇദ്ദേഹം ചെയ്യുന്നത്.'
തരൂര്‍ജിയുടെ ട്വീറ്റിങ്ങിനെ എതിര്‍ക്കുന്നവരുടെ ന്യായം ന്യായമാണ്!!


അനുകൂലിക്കുന്നവര്‍ക്കുമുണ്ട് ന്യായം. 'തരൂര്‍ജി ട്വീറ്റിംഗ് തുടങ്ങിയ ശേഷമാണ് ഒരു മന്ത്രിയുടെ ജോലികളും അവര്‍ എന്തൊക്കെ ചെയ്യുന്നു എന്നുമൊക്കെ അറിയാന്‍ കഴിഞ്ഞത്, മന്ത്രിയോട് നേരിട്ട് ദിവസവും ബന്ധപ്പെടാനും ഇന്റെര്‍നെറ്റിലൂടെ കഴിയുന്നു. പറയാനുള്ളത് നേരെ ചൊവ്വേ പറയുന്ന ശൈലി ഞങ്ങള്‍ക്കിഷ്ടമാണ്. ഇത് പോലൊരു ഹൈടെക്‌ മന്ത്രിയെയാണ് നമുക്ക് ആവശ്യം.'
ഈ ന്യായവും ന്യായമല്ലേ?.

രണ്ടു പക്ഷത്തും ചേരാതെ ഒരു ചേരിചേരാ നയം സ്വീകരിക്കാനാണ്‌ എനിക്കിഷ്ടം. താജ്‌ ഹോട്ടല്‍ , വിശുദ്ധ പശു, ഗാന്ധി ജയന്തി അവധി, ഭാര്യയെ കാണല്‍ തുടങ്ങി ദിവസേന വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന തരൂര്‍ജിയുടെ ട്വീറ്റിംഗ് ഏത് വരെ പോകുമെന്ന് നോക്കാം. കാണാന്‍ പോകുന്ന പൂരമല്ലേ, പറഞ്ഞ് പറഞ്ഞ് അതിന്റെ രസം കളയേണ്ട.
(പൂരങ്ങള്‍ ഇതിനകം തന്നെ കുറെ കണ്ടു. ഇനി തൃശൂര്‍ പൂരം വരാനിരിക്കുന്നതേയുള്ളൂ!!)

October 10, 2009

ദ നൊബേല്‍ ഒബാമ !!

സമാധാനത്തിനുള്ള നോബല്‍ സമ്മാനം ഒബാമക്ക് കിട്ടിയെന്നു കേട്ടപ്പോള്‍ ഞാനൊന്ന് ഞെട്ടി. പുള്ളി പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ട് വന്നാല്‍ ഇനി എന്ത് കൊടുക്കും എന്നാലോചിച്ചിട്ടാണ് ഞാന്‍ ഞെട്ടിയത്. നോബലിനെക്കാളും വലിയൊരു സമ്മാനം ബാക്കിയുണ്ടെങ്കില്‍ അതെടുത്ത് കൊടുക്കാമായിരുന്നു.

ലോകത്ത് സമാധാനം ഉണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്കും അതിനു ആപ്പ് വെച്ചവര്‍ക്കുമൊക്കെ നോബല്‍ സമ്മാനം കിട്ടിയിട്ടുണ്ട്. കാര്യമെന്തായാലും ഒബാമ ലോക സമാധാനത്തിനു ആപ്പ് വെച്ചിട്ടില്ല. ചില ശ്രമങ്ങളൊക്കെ നടത്തുന്നുമുണ്ട്. എട്ടു വര്ഷം ഭരിച്ചു ലോകമാകെ കുട്ടിച്ചോറാക്കിയ ബുഷിനെ അപേക്ഷിച്ചു നോക്കിയാല്‍ 916 സ്വര്‍ണമാണ് ഒബാമ . എന്നാലും ഈ സമ്മാനം അസമയത്തല്ലേ എന്നൊരു തോന്നല്‍..


ഇറാക്കില്‍ സ്ഥിതിഗതികള്‍ ഒട്ടും മെച്ചപ്പെട്ടിട്ടില്ല. അഫ്ഗാനില്‍ കൊന്നും കൊണ്ടും ഇരു പക്ഷവും (അമേരിക്കന്‍ സേനയും താലിബാനും ) ശ്വാസം മുട്ടി ചാവാനുള്ള പരുവത്തിലാണ്. ജനങ്ങളുടെ ശ്വാസം മുമ്പേ നിലച്ചു കഴിഞ്ഞു എന്ന് പ്രത്യേകം പറയേണ്ടല്ലോ. . ഫലസ്തീനില്‍ സ്ഥിതിഗതികള്‍ ഒരടി മുന്നോട്ട് നീങ്ങിയിട്ടില്ല. കല്യാണം കഴിച്ചാല്‍ ഒരു കുട്ടിയുണ്ടാവാനുള്ള കാലമായി. ഈജിപ്തില്‍ നടത്തിയ ഒരു പ്രസംഗം മാത്രമാണ് ഈ ഒമ്പത് മാസക്കാലത്തിനിടയില്‍ ഒബാമയില്‍ നിന്ന് കിട്ടിയത്!!.

ഓടാന്‍ തുടങ്ങുന്നതിനു മുമ്പ് തന്നെ സ്വര്‍ണ്ണപ്പതക്കം കഴുത്തിലിട്ട് കൊടുത്താല്‍ ആരെങ്കിലും ഓടുമോ?. സ്വീഡിഷ് അക്കാദമിക്കാരന്റെ ഉള്ളിലിരുപ്പില്‍ എനിക്ക് സംശയമുണ്ട്‌. നോബല്‍ സമ്മാനം കൊടുത്തു ഒബാമയെ മൂലക്കിരുത്താനുള്ള ശ്രമമാണോ ഇത്?. സമ്മാനമൊക്കെ കിട്ടിയ സ്ഥിതിക്ക് അത് ഷോ കേസില്‍ വെച്ച് ഇനി വേറെ വല്ല ഫീല്‍ഡിലും ശ്രദ്ധ കേന്ദ്രീകരിക്കാമെന്ന് ഒബാമക്ക് തോന്നിയാല്‍ കുറ്റം പറയാന്‍ പറ്റില്ല.

ലോകത്ത് സമാധാനം ഉണ്ടാക്കാനുള്ള ഒബാമയുടെ നല്ല മനസ്സിന് ഒരു പ്രോത്സാഹനം ആയാണ് അക്കാദമി ഇപ്പോള്‍ സമ്മാനം കൊടുത്തതെങ്കില്‍ ഒരു കാര്യവും കൂടെ അവര്‍ ചെയ്യണം. ഇതിനേക്കാള്‍ വലിയൊരു സമ്മാനം ഇനി ബാക്കിയുണ്ടെന്ന് ഉടന്‍ പ്രഖ്യാപിക്കണം. പ്രഖ്യാപിച്ചു വെച്ചാല്‍ മാത്രം മതി. (മിക്കവാറും കൊടുക്കേണ്ടി വരില്ല). ഒരു സമ്മാനവും കൂടെ കിട്ടാനുണ്ടല്ലോ എന്നൊരു തോന്നല്‍ ഒബാമയ്ക്കും അങ്ങേര്‍ എന്തെങ്കിലും ചെയ്യുമെന്നൊരു തോന്നല്‍ നമുക്കും ഉണ്ടാവുന്നത് നല്ലതാണ്. യേത് ?..

October 7, 2009

ചത്തവനെ പരുന്തിനിട്ടു കൊടുക്കണമോ ?

ഇന്ത്യന്‍ പൌരന്മാര്‍ക്കെല്ലാം ഒരു കമ്പ്യൂട്ടറൈസ്ഡ് തിരിച്ചറിയല്‍ രേഖ നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ അനുമോദിച്ചു കൊണ്ട് ഞാന്‍ ഇട്ട പോസ്റ്റിനോട് (ഗെറ്റ് റെഡി ഫോര്‍ യു ഐ ഡി) ഒരു വായനക്കാരന്‍ ഇങ്ങനെ പ്രതികരിച്ചു.

"കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്നതിനു് മുമ്പു് പ്രബുദ്ധരായ ഇന്ത്യന്‍ പൌരന്‍ അന്വേഷിക്കേണ്ട ചില കാര്യങ്ങള്‍:
Card ഉണ്ടാക്കുന്ന companyയും അതിന്റെ software ഉണ്ടാക്കുന്ന companyയും ഈ നിയമം ഉണ്ടാകുന്നതില്‍ എന്തെങ്കിലും "സഹായം" ചെയ്തിട്ടുണ്ടോ? ഇനി എന്തുകുന്തം ഇന്ത്യയില്‍ വന്നാലും പദ്ധതി നടപ്പാക്കുന്നവന്‍ കാശുണ്ടാക്കും എന്നതില്‍ സംശയം വേണ്ട. ID Card ഇല്ലാത്തതുകൊണ്ടു് പല കാര്യങ്ങളും നടക്കുന്നില്ല. ഗ്രാമങ്ങളില്‍ കുടിവെള്ളം, വൃദ്ധജനങ്ങള്‍ക്കുള്ള pension, വികലാങ്ങള്‍ക്കുള്ള pension, ദരിദ്രര്‍ക്കുള്ള വിദ്ധ്യാഭ്യാസ ചിലവിനുള്ള കാശു് എല്ലാം വളരെ പെട്ടന്നു തന്നെ ഈ Card എടുത്തു് വീശിയാല്‍ കിട്ടുമായിരിക്കും. എങ്ങനെ പാവപ്പെട്ടവന്റെ കണ്ണില്‍ പൊടിയിടാം എന്നുള്ളതിനെ കുറിച്ചു് ചിന്തിക്കാന്‍ ഒരു department തന്നെ delhiയില്‍ ഉണ്ടെന്നാണു് തോന്നുന്നതു്."

മാന്യമായ പ്രതികരണമാണ്. അഭിപ്രായം തുറന്നു പറഞ്ഞതിലുള്ള സന്തോഷം അറിയിക്കുന്നതോടൊപ്പം പ്രതികരണത്തോടുള്ള എന്റെ വിയോജിപ്പ് പറയേണ്ടതുണ്ട് എന്ന് തോന്നുന്നു.

നമ്മള്‍ കേരളീയരില്‍ പലര്‍ക്കുമുള്ള ഒരു രോഗമുണ്ട്‌. കാണുന്നതിലെല്ലാം ദോഷം കണ്ടെത്താന്‍ ശ്രമിക്കുക. മുമ്പ് രാജീവ്‌ ഗാന്ധി സാം പിട്രോദയെ അമേരിക്കയില്‍ നിന്ന് കൊണ്ട് വന്നു സീ ഡോട്ട് (Center for Development of Telematics (C-DOT) സ്ഥാപിച്ചപ്പോള്‍ പലരും പറഞ്ഞു. ഇയാള്‍ക്ക് വട്ടാണ്. ജനങ്ങള്‍ പട്ടിണി കിടന്നു മരിക്കുമ്പോള്‍ നമുക്കെന്തിന് മൊബൈല്‍ ഫോണ്‍!!. അത് ലക്ഷപ്രഭുക്കളുടെ ഉപകരണമാണ്!!. എന്തൊരു പുകിലായിരുന്നു അന്ന്. ഇന്നോ ?. സമൂഹത്തിലെ ഭൂരിഭാഗം ജനങളും പ്രത്യക്ഷമായോ പരോക്ഷമായോ മൊബൈല്‍ ടെക്നോളജിയുടെ ഗുണഭോക്താക്കളാണ്. കമ്പ്യൂട്ടര്‍ വന്നപ്പോഴും ഇതായിരുന്നില്ലേ അവസ്ഥ. ബാങ്കുകളില്‍ കയറി കമ്പ്യൂട്ടര്‍ തച്ചു പൊളിച്ച വിപ്ലവ വീരന്മാര്‍ ഇന്ന് ലാപ്ടോപ് തൂക്കി നടക്കുന്ന മന്ത്രിമാരാണ്.

ഒരു ഐ ഡി കാര്‍ഡ്‌ വീശിയാല്‍ കുടിവെള്ളവും റേഷനരിയും മൂര്‍ദ്ധാവില്‍ വന്നു വീഴുമോ എന്ന് ചോദിക്കുന്നത് മാറുന്ന ലോകത്തെക്കുറിച്ചുള്ള തികഞ്ഞ അജ്ഞത കൊണ്ടാണ്. അല്ലെങ്കില്‍ ഇന്ത്യക്കാരന് പൌരത്വം തെളിയിക്കാന്‍ കീറിപ്പറഞ്ഞ ഒരു റേഷന്‍ കാര്‍ഡ് തന്നെ മതി എന്ന പുച്ച്ചമാണ്. നാടിനെയും നാട്ടാരെയും കാളവണ്ടി യുഗത്തില്‍ കെട്ടിയിട്ടാല്‍ മാത്രമേ കുടിവെള്ളം, റേഷനരി തുടങ്ങിയ ജീവല്‍ പ്രശങ്ങള്‍ പരിഹരിക്കാന്‍ കഴിയൂ എന്ന് പറയുന്നത് വിവരക്കേട് കൊണ്ടല്ല, നാട് നന്നാവരുത് എന്ന വാശി കൊണ്ടാണ്. ഐ ഡി കാര്‍ഡ് ഉണ്ടാക്കുന്ന കമ്പനിക്കാരന്‍ കശുണ്ടാക്കില്ലേ എന്നാണു മറ്റൊരു ചോദ്യം. ശവക്കുഴി വെട്ടുന്നവന് കൂലി കൊടുക്കേണ്ടേ എന്ന് കരുതി ചത്തവനെ പരുന്തിനിട്ടു കൊടുക്കാറുണ്ടോ ആരെങ്കിലും?..

October 6, 2009

ബ്ലോഗറുടെ - ജോനവന്‍ - മരണം സാക്ഷ്യപ്പെടുതുന്നത്

എല്ലാവരുടെയും പ്രാര്‍ത്ഥനകളെ വിഫലമാക്കി ബ്ലോഗര്‍ ജോനവന്‍ (നവീന്‍ ) യാത്രയായി.

അപകടത്തില്‍ പെട്ട് ആശുപത്രിയില്‍ ആയപ്പോഴും മരണ ശേഷവും ജോനവന്റെ ബ്ലോഗിലേക്ക് ഒഴുകിയെത്തിയ പ്രാര്‍ത്ഥനകളും സ്നേഹ സന്ദേശങ്ങളും തെളിയിക്കുന്നത് ബ്ലോഗിങ്ങ് സമൂഹം അതിന്റെ അതിരുകള്‍ വിശാലമാക്കുന്നു എന്ന് തന്നെയാണ് .

അജ്ഞാതനായ ഒരു ബ്ലോഗറുടെ മരണം ഇത്ര മേല്‍ തീവ്രമായ സ്നേഹചലനങ്ങള്‍ ഉണ്ടാക്കുമെന്ന് കരുതിയതല്ല. കുശുമ്പ്കള്‍ക്കും കുന്നായ്മകള്‍ക്കും അപ്പുറം സ്നേഹത്തിന്റെ ഒരു അര്‍ത്ഥ തലം കൂടി അതിനുണ്ട് എന്ന് മനസ്സിലായി. പരസ്പരം തെറി പറയുവാന്‍ മാത്രമല്ല ബ്ലോഗ്.. സ്നേഹിക്കുവാനും കൂടിയാവുന്നു. ജോനവന്‍ അത് സാക്ഷ്യപ്പെടുത്തുന്നു. ജോനവന്റെ ബ്ലോഗിലേക്ക് ഇതുവഴി പോകാം

October 4, 2009

ഗെറ്റ് റെഡി ഫോര്‍ യു ഐ ഡി

ഒരു നല്ല കാര്യം ചെയ്യാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. ഇന്ത്യയിലെ എല്ലാ പൌരന്മാര്‍ക്കും വിദേശങ്ങളില്‍ ഉള്ളത് പോലെ ഫോട്ടോ പതിച്ച ഒരു തിരിച്ചറിയല്‍ കാര്‍ഡ്. ഈ ബുദ്ധി ഉദിച്ചത് ആരുടെ തലയില്‍ നിന്നായാലും (മന്‍മോഹന്‍ജി, സോണിയാജി, ചിദംബരംജി തുടങ്ങി ആന്റണിജി വരെയുള്ള കാന്ഗ്രസ്സുകാരില്‍ ആരായാലും) അവര്‍ക്ക് ആയിരം അഭിനന്ദനങ്ങള്‍. വള്ളിക്കുന്നുകാരുടെ വക ആയിരമല്ല, പതിനായിരം അഭിനന്ദനങ്ങള്‍. കാരണമുണ്ട്. ഇന്ത്യയില്‍ ആദ്യമായി ഈ തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കുക വള്ളിക്കുന്നുകാര്‍ക്കാണ്.കേരളത്തിലെ ഏറ്റവും മികച്ച പഞ്ചായത്തിനുള്ള പ്രഥമ അവാര്‍ഡ്‌ നേടിയ വള്ളിക്കുന്ന് യു.ഐ.ഡി. കാര്‍ഡിലൂടെ വീണ്ടും ചരിത്രത്തിലേക്ക് കയറുകയാണ് എന്നര്‍ത്ഥം.

എന്താണ് യു.ഐ.ഡി?

"രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും സമാന സ്വഭാവമുള്ള വിവിധോദ്ദേശ്യ ബയോമെട്രിക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ ഉള്ളതുപോലെ ഓരോ പൗരനും അയാള്‍ക്കുമാത്രമായ തിരിച്ചറിയല്‍ നമ്പര്‍ നല്‍കുക, അയാളെക്കുറിച്ചുള്ള വിവരങ്ങള്‍ നിരന്തരം കൂട്ടിച്ചേര്‍ത്തുകൊണ്ട് ദേശീയാടിസ്ഥാനത്തിലുള്ള വന്‍ വിവരവ്യൂഹം ഉണ്ടാക്കുക, കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള ഏത് സംരംഭങ്ങള്‍ക്കും ഉപയോഗിക്കാവുന്നതരത്തില്‍ തിരിച്ചറിയല്‍ രേഖയുണ്ടാക്കുക എന്നിവയാണ് യു.ഐ.ഡി. അതോറിറ്റിയുടെ ലക്ഷ്യം. വിവരങ്ങള്‍ ശേഖരിച്ച ശേഷം അതിനെ അതിസൂക്ഷ്മമായ ബയോമെട്രിക് ചിപ്പുകളിലാക്കുകയാണ് ആദ്യഘട്ടം. ഒരോരുത്തര്‍ക്കും വ്യത്യസ്തമായ വിരലടയാളമോ കണ്ണിന്റെ പ്രത്യേകതകളോ ആവും അവരവരുടെ പാസ്‌വേഡ്. നിലവിലെ വോട്ടര്‍ ഐ.ഡി. കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ലൈസന്‍സുകള്‍, പാസ്‌പോര്‍ട്ട് തുടങ്ങി സര്‍ക്കാര്‍ തലത്തിലുള്ള ഏല്ലാ രേഖകളും യു.ഐ.ഡി. കാര്‍ഡുമായി ഏകോപിപ്പിക്കും.

2009 ഫിബ്രവരിയിലാണ് കേന്ദ്രസര്‍ക്കാര്‍ യു.ഐ.ഡി. അതോറിറ്റി ഉണ്ടാക്കിയത്. പ്രധാനമന്ത്രിയുടെ പ്രത്യേക താല്‍പ്പര്യപ്രകാരം, ഇന്‍ഫോസിസ് സ്ഥാപകരിലൊരാളും സഹ ചെയര്‍മാനുമായ നന്ദന്‍ നീലേക്കനിയെ ഇതിന്റെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് ക്ഷണിയ്ക്കുകയായിരുന്നു. അദ്ദേഹത്തിന് കേന്ദ്രമന്ത്രിയുടെ റാങ്കും നല്‍കിയിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വിവര ശേഖരണ സംരംഭമായാണ് യു.ഐ.ഡി. വിലയിരുത്തപ്പെടുന്നത്. അടുത്തവര്‍ഷം യു.ഐ.ഡി. പ്രവര്‍ത്തനം തുടങ്ങിയാല്‍ ദേശീയ തലത്തില്‍ രണ്ടുലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ഒന്നാംഘട്ടത്തില്‍ മാത്രം 6500 കോടിയുടെ ബിസിനസ് ഇടപാടുകളും ഇതിലൂടെയുണ്ടാകും." (അവലംബം :മാതൃഭുമി)
യു.ഐ.ഡി കാര്‍ഡിനായുള്ള പണികള്‍ വള്ളിക്കുന്നില്‍ പുരോഗമിക്കുകയാണ്. മംഗളത്തിന്റെ റിപ്പോര്‍ട്ട്‌ കാണുക
(സെപ്റ്റംബര്‍ 26, 2009)


വള്ളിക്കുന്ന്‌: ദേശീയ തിരിച്ചറിയല്‍കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിന്റെ ഭാഗമായുള്ള ഫോട്ടോയെടുപ്പും വിരലടയാള ശേഖരണവും രാജ്യത്താദ്യമായി അരിയല്ലൂരില്‍ തുടങ്ങി. മൂംബൈയില്‍ കടല്‍ വഴിയുള്ള ഭീകരാക്രമണമുണ്ടായതിനു ശേഷമാണു ദേശീയ തിരിച്ചറിയല്‍കാര്‍ഡ്‌ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്‌. ആദ്യ ഘട്ടമായി തീരദേശത്താണു പദ്ധതി നടപ്പാക്കുന്നത്‌. വീടുകള്‍ കയറി ഇറങ്ങിയുള്ള വിവര ശേഖരണമാണു പദ്ധതിയുടെ പ്രഥമ ലക്ഷ്യം. വിവരണ ശേഖരണത്തിന്റെ സംസ്‌ഥാന തല ഉദ്‌ഘാടനം കഴിഞ്ഞ മാസം കോഴിക്കോട്‌ നടന്നിരുന്നു. വിവര ശേഖരണം പൂര്‍ത്തിയായ ശേഷമാണു രണ്ടാം ഘട്ടത്തില്‍ ഫോട്ടോയെടുപ്പും വിരലടയാള ശേഖരണവും ആരംഭിച്ചിരിക്കുന്നത്‌. തീരദേശത്തെ മുഴുവന്‍ പേരുടേയും ഫോട്ടോ, വിരലടയാളം എന്നിവ കാര്‍ഡിനായി ശേഖരിക്കുന്നുണ്ട്‌. അത്യാധുനിക ടെക്‌നോളജിയാണു ഇതിന്‌ ഉപയോഗിക്കുന്നത്‌്. ചിത്രമെടുക്കാന്‍ മികച്ച ക്യാമറയാണു ഉപയോഗിക്കുന്നത്‌. ഡിജിറ്റല്‍ ഉപകരണത്തിലാണു വിരലടയാളം ശേഖരിക്കുന്നത്‌്. 10 വിരലുകളുടെ പ്രിന്റും ശേഖരിക്കുന്നു. വിരലുകള്‍ ഈ ഉപകരണത്തില്‍ പതിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. 15 വയസിനു മുകളിലുള്ളവരുടെ ഫോട്ടോയും വിരലടയാളവുമാണു ശേഖരിക്കുന്നത്‌. എന്നാല്‍ 18 വയസിനു മുകളിലുള്ളവര്‍ക്കു മാത്രമേ തല്‍ക്കാലം കാര്‍ഡ്‌ വിതരണം ചെയ്യു. അരിയല്ലൂര്‍ വില്ലേജിലെ 16-ാം വാര്‍ഡിലെ 400 പേരുടെ ഫോട്ടോയെടുപ്പും വിവര ശേഖരണവുമാണ്‌ ഇപ്പോള്‍ നടക്കുന്നത്‌്. പിന്നീടിവ വില്ലേജാഫീസിലും കലക്‌ട്രേറ്റിലും പ്രദര്‍ശിപ്പിക്കും. തെറ്റുകളുണ്ടെങ്കില്‍ തിരുത്താനാണിത്‌. സംസ്‌ഥാനത്തെ രണ്ടു ജില്ലകള്‍ ഒഴികെ മറ്റെല്ലായിടത്തും പദ്ധതിക്കായുള്ള വിവര ശേഖരണം ആരംഭിച്ചിട്ടുണ്ട്‌."

ചിത്രത്തില്‍ കാണുന്നത് യഥാര്‍ത്ഥ കാര്‍ഡിന്റെ മോഡല്‍ അല്ല. ആര്ടിസ്ടിക് ഡിസൈന്‍ മാത്രമാണ്.
"The largest database of this kind [in the United States] is of 120 million people. We are talking about 1.2 billion people. It is the only country where we are talking about online authentication," said Nandan Nilekani, chairman, Unique Identification Authority of India (UIDAI).
But the target was achievable: "If anyone can do it, India can," he said. It would take around 18 months to issue the first UID and 600 million people would be covered in four years.