January 31, 2010

മൂന്നാറില്‍ തൊട്ടാല്‍ തൊട്ടവനെ തട്ടും.

പാര്‍ട്ടി ഓഫീസില്‍ തൊട്ടാല്‍ തൊട്ടവനെ തട്ടും എന്നാണ്‌ സി പി ഐ നേതാക്കള്‍ പറയുന്നത്. സോറി, തട്ടുമെന്നു പറഞ്ഞില്ല കൈ വെട്ടുമേന്നെ പറഞ്ഞുള്ളൂ. ഭാഗ്യം. ജീവന്‍ ബാക്കി വെക്കും. അത്ര ക്രൂരന്മാരല്ല എന്ന് ചുരുക്കം. മൂന്നാറില്‍ പലരും ഭൂമി കയ്യേറിയിട്ടുണ്ടാവും. അതില്‍ ടാറ്റയും കാണും ബിര്‍ളയും കാണും. അവരെയൊക്കെ ഒഴിപ്പിക്കാന്‍ ഞങ്ങള്‍ക്ക് നൂറു വട്ടം സമ്മതം. പക്ഷെ ഞങ്ങള്‍ പാര്‍ട്ടിക്കാര്‍ വല്ലതും കയ്യേറിയിട്ടുണ്ടെങ്കില്‍ മിണ്ടാതിരുന്നു കൊള്ളണം. അതില്‍ തൊട്ടു കളിക്കരുത്. ഇനി വല്ലവനും അത് തൊടണമെന്നു തോന്നിയാല്‍ തൊട്ടോളൂ പക്ഷെ ആ കൈകള്‍ ഞങ്ങള്‍ വെട്ടിയെടുക്കും. ഇത്രയുമാണ് കെ ഇ ഇസ്മായില്‍ എന്ന വിപ്ലവ സൈദ്ധാന്തികന്റെ വാക്കുകളില്‍ നിന്ന് നേരെ ചൊവ്വേ ഞാന്‍ വായിച്ചെടുത്തത്.

January 27, 2010

മുരളിക്ക് വേണ്ടി ഒരു എസ് എം എസ്

കെ മുരളീധരന്റെ പോസ്റ്റിലേക്ക് കെ പി സി സി ഇന്ന് വീണ്ടും ഗോളടിച്ചിരിക്കുകയാണ്. ഞാനടക്കമുള്ള മുരളിയുടെ കോടിക്കണക്കിന് വരുന്ന അനുയായികളെ കണ്ണീരിലാഴ്ത്തിയുള്ള ഈ ഗോളടി അന്തസ്സുള്ള കളിക്കാര്‍ക്ക്‌ പറഞ്ഞതല്ല. ആളിക്കത്തുന്ന എന്റെ പ്രതിഷേധം അല്പം ഒന്ന് തണുപ്പിക്കുന്നതിന് വേണ്ടി മുരളിയെ ആര്‍ക്കാണ് പേടി? എന്ന എന്റെ പോസ്റ്റ് ഞാന്‍ വീണ്ടും പോസ്റ്റുകയാണ്. നേരത്തെ വായിച്ചവര്‍ മുരളിക്ക് പിന്തുണ പ്രഖ്യാപിച്ചു ഇത് വീണ്ടും വീണ്ടും വായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അദ്ദേഹത്തിനു വേണ്ടി കഴിയുന്നത്ര എസ് എം എസ് അയക്കാനും മറക്കരുത്.. ഫോര്‍മാറ്റ്.. മുരളി സ്പേസ് കെ പി സി സി സ്പേസ് സ്പേസ്ഷട്ടില്‍ സ്പേസ് ശൂന്യാകാശം സ്പേസ്.. യെസ് ഓര്‍ നോ. ചെയ്യുന്നവര്‍ പെട്ടെന്ന് ചെയ്യണം. എന്തേലും സംഭവിച്ച ശേഷം ചെയ്തിട്ട് കാര്യമില്ല.

January 25, 2010

ചന്ദ്രികേ നിനക്കൊരുമ്മ

‘കശാപ്പുകാരന്‍ കോമയിലാണ്’ എന്ന എന്റെ പോസ്റ്റ് ഇന്നത്തെ ചന്ദ്രിക വാരാന്ത്യപ്പതിപ്പില്‍ വന്നിട്ടുണ്ടെന്ന് ബ്ലോഗറായ ഹാഷിം കൂതറ കമന്റ് വിട്ടപ്പോള്‍ ഞാനൊന്ന് ഞെട്ടി. ബ്ലോഗ്‌ അടിച്ചു മാറ്റുന്നവരുടെ സുവര്‍ണ കാലമാണിത്. അത് ആരേലും അടിച്ചു മാറ്റി ചന്ദ്രികക്ക് അയച്ചുകൊടുത്ത് കാണും എന്ന് ഉറപ്പ്‌.  ഇന്‍റര്‍പോളില്‍ ഒരു കംപ്ലൈന്റ്റ്‌ കൊടുക്കണോ അതോ ഒബാമയെ വിളിച്ചു പറയണോ എന്ന് ശങ്കിച്ചിരിക്കുന്നതിനിടയിലാണ് മറ്റൊരു സുഹൃത്ത്  അതിന്റെ സ്കാന്‍ ചെയ്ത കോപ്പി ദുബായിയില്‍ നിന്ന് അയച്ചു തന്നത്.

January 21, 2010

ഉണ്ണിത്താന്‍ കീ, ജയ്‌.. കാണ്ഗ്രസ്സ് കീ, ജയ്‌‌..

ശ്ശൊ ! ആ പാവം ഉണ്ണിത്താനെക്കുറിച്ച് എന്തൊക്കെയാണ് ആളുകള്‍ പറഞ്ഞുണ്ടാക്കിയത്!!. ഇതുപോലൊരു തങ്കപ്പെട്ട മനുഷേനെ ഇന്നത്തെ കാലത്ത്‌ കണികാണാന്‍ കിട്ടുവോ?. മൊയ്തീന്‍ സാറ് ഇല്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ.. ആലോചിക്കുന്തോറും തല കറക്കം വരുന്നു. ഗൂഢാലോചന, ഗൂഢാലോചന,എന്ന് പറയുന്നത് ഇതിനല്ലേ.. വയനാട്ടിലേക്ക്‌ പുറപ്പെട്ട അദ്ദേഹത്തെ ഡീ വൈ എഫ് ഐ ക്കാര്‍ ചതിയില്‍പെടുത്തി മഞ്ചേരിയില്‍ എത്തിയിക്കുകയായിരുന്നെന്നു എത്ര പേര്‍ക്ക് അറിയാം?. അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ആ വീട്ടിലേക്കു അദ്ദേഹത്തെ എത്തിക്കുവാന്‍ ഡീ വൈ എഫ് ഐ ക്കാര്‍ പ്രയോഗിച്ച ഗൂഢാലോചന എന്തുമാത്രം ഭീകരമാണ്. നയന്‍ വണ്‍ സിക്സ് സ്വര്‍ണം പോലുള്ള ആ പാവം മനുഷ്യനെ ക്ലോറോഫോം ഉപയോഗിച്ച് മയക്കിക്കിടത്തിയല്ലേ അവര്‍ ഈ വീട്ടില്‍ എത്തിച്ചത്.

January 18, 2010

കശാപ്പുകാരന്‍ കോമയിലാണ്

ഏരിയല്‍ ഷിനർമാന്‍ ഷാരോണ്‍. ഈ പേര് അത്ര പെട്ടെന്നൊന്നും ഓര്‍മയില്‍ നിന്ന് മാഞ്ഞു പോകാന്‍ ഇടയില്ല. അല്പം ഓര്മക്കുറവുള്ളവര്‍ക്ക് ബുച്ചര്‍ ഓഫ് ബേറൂത്ത് എന്ന് പറഞ്ഞാല്‍ പെട്ടെന്ന് പിടികിട്ടും. രണ്ടായിരത്തിയാറ് ജനുവരി നാല് മുതല്‍ പൂര്‍ണമായ അബോധാവസ്ഥയിലാണ് ഇദ്ദേഹം. മസ്തിഷ്കാഘാതം സംഭവിച്ചു സമ്പൂര്ണമായി കോമയില്‍ ആവുന്ന അവസ്ഥയെ ഇംഗ്ലീഷില്‍ Vegetative State എന്ന് പറയും. ഈ അവസ്ഥ നാല് ആഴ്ചയില്‍ കൂടിയാല്‍ Persistent Vegetative State എന്നും ഒരു വര്ഷം പിന്നിട്ടാല്‍ Permanent Vegetative State എന്നും വിളിക്കും. ഇതേ അവസ്ഥ നാല് വര്ഷം പിന്നിട്ടാല്‍ അതിനെ എന്ത് വിളിക്കും എന്നറിയില്ല, മുന്‍ ഇസ്രയേല്‍ പ്രധാനമന്ത്രിയായ ഷാരോണ്‍ ഇപ്പോള്‍ Permanent Vegetative State ന്റെ നാലാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. ദുരന്ത പൂര്‍ണമായ അദ്ദേഹത്തിന്റെ ഈ അവസ്ഥയുടെ നാലാം വാര്‍ഷികം ആഘോഷിക്കാന്‍ ആണ് ഈ പോസ്റ്റ് ഇടുന്നത് എന്ന് ആരും തെറ്റിദ്ധരിക്കരുത്. എന്നാല്‍ അല്പം സഹതാപം പ്രകടിപ്പിക്കാനായിരിക്കുമോ? അല്ല, അതിനുമല്ല.

January 12, 2010

കേണല്‍ മോഹന്‍ലാല്‍, ഡോക്റ്റര്‍ മമ്മൂട്ടി.

ലെഫ്റ്റനന്റ് കേണല്‍ എന്ന ഒരു ഉമ്പാക്കി കാണിച്ച് മോഹന്‍ലാല്‍ കുറെ നാളായി വിലസി നടക്കുകയായിരുന്നു. ആ തൊപ്പിയും യൂനിഫോമുമിട്ടു പല സ്ഥലത്തും പോകുന്നു... അറ്റന്ഷനിലും സ്റ്റാന്റ് അറ്റ് ഈസിലും സല്യൂട്ട് അടിച്ചു കസര്‍ത്തുന്നു... യുദ്ധം വന്നാല്‍ നാടിനു വേണ്ടി പൊരുതി മരിക്കും എന്ന് അടിച്ചു വിടുന്നു... കവടിയാര്‍ കൊട്ടാരം സന്ദര്‍ശിക്കുന്നു, തമ്പുരാനില്‍ നിന്ന് അവാര്‍ഡ്‌ വാങ്ങിക്കുന്നു.. എല്ലാം പൊടി പൂരമായി നടന്നുകൊണ്ടിരിക്കുമ്പോള്‍ ഞാനാകെ ഒരു കണ്ഫ്യൂഷനില്‍ ആയിരുന്നു. ഇനി മമ്മൂട്ടി എന്ത് ചെയ്യും എന്നതായിരുന്നു എന്റെ പ്രധാന കണ്ഫ്യൂഷന്‍.

January 10, 2010

സക്കറിയ പാവമാണ്, അയാളുടെ പരിപ്പെടുക്കരുത്

കാര്യങ്ങള്‍ ഇക്കണക്കിനു പോവുകയാണെങ്കില്‍ അടുത്തു തന്നെ ഞാനൊരു കോണ്ഗ്രസ്സുകാരനാവാനുള്ള സാധ്യതയുണ്ട്. താങ്കള്‍ കൊണ്ഗ്രസ്സായാല്‍ ഞങ്ങള്‍ക്കെന്താ കൂവേ എന്ന് ഇത് വായിക്കുന്ന ഒരുമാതിരിപ്പെട്ട എല്ലാവരും ചോദിക്കും. ശരിയാണ്, അതെന്റെ സ്വന്തം കാര്യമാണ്. എന്റെ വളരെ അടുത്ത ഒരു സുഹൃത്ത്‌ ഇന്നലെ എന്നോട് പറഞ്ഞു. “താങ്കളുടെ ബ്ലോഗില്‍ ഇയ്യിടെയായി സഖാക്കളെ വല്ലാതെ വിമര്‍ശിക്കുന്നതായി പരാതിയുണ്ട്. അതുകൊണ്ട് ഇടക്കൊക്കെ കോണ്ഗ്രസ്സുകാരെയും കൈകാര്യം ചെയ്യണം”. വളരെ ആത്മാര്‍ത്ഥമായി പറഞ്ഞ ആ അഭിപ്രായം എന്റെ മനസ്സില്‍ തട്ടി. അടുത്ത പോസ്റ്റില്‍ കാര്യമുണ്ടെങ്കിലും ഇല്ലെങ്കിലും കോണ്ഗ്രസ്സുകാരുടെ മേക്കട്ടു കയറി ഒന്ന് ബാലന്‍സ് ചെയ്യുന്നത് ആരോഗ്യത്തിനു നല്ലതാണെന്ന് ഞാന്‍ ഉറപ്പിച്ചതാണ്. പക്ഷെ പൊതിരെ തല്ലു കൊണ്ടപ്പോള്‍ പണ്ടൊരു കളരി ഗുരുക്കള്‍ പറഞത് പോലെ 'കാലൊന്നു നിലത്തുറച്ചിട്ടു വേണ്ടേ അടവെടുക്കാന്‍' എന്ന അവസ്ഥയാണ് ഇപ്പോള്‍ .. കോണ്ഗ്രസ്സുകാരുടെ നേരെ തിരിയാന്‍ സഖാക്കള്‍ സമ്മതിച്ചിട്ടു വേണ്ടേ..

January 9, 2010

മതമില്ലെങ്കില്‍ മനോജുമില്ല

ജനപ്രതിനിധികള്‍ വീട്ടിലോ നാട്ടിലോ മത ചടങ്ങുകളില്‍ പങ്കെടുക്കരുത് എന്ന മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ പുതിയ നിര്‍ദേശത്തില്‍ പ്രതിഷേധിച്ച് മുന്‍ ആലപ്പുഴ എം പി  ഡോക്റ്റര്‍ കെ എസ് മനോജ്‌ പാര്‍ട്ടി വിട്ടിരിക്കുന്നു. വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന് പറയുന്നത് ഇതിനെയാണ്. പ്രതിച്ഛായ നന്നാക്കാനാണ് മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി ജനപ്രതിനിധികള്‍ക്ക് ആറിന പരിപാടി നിര്‍ദേശിച്ചത്. അതിലെ ഒന്നാമത്തെ ഇനമായിരുന്നു മതം വേണ്ട എന്നത്. ഇത് ഒരു നടക്കു പോകുന്ന കേസല്ല എന്ന് ആ വാര്‍ത്ത വന്നപ്പോഴേ എനിക്ക് തോന്നിയിരുന്നു. അങ്ങനെയാണ് സഖാക്കളെ കണ്ടു പഠിക്കൂ, പ്ലീസ് എന്ന ടൈറ്റിലില്‍ കഴിഞ്ഞ ആഴ്ചയില്‍ ഞാന്‍ ഒരു പോസ്റ്റിട്ടത്. സഖാക്കളായ പല വായനക്കാര്‍ക്കും അത് പിടിച്ചില്ല. സ്ഥിരമായി സഖാക്കളെ ചീത്ത വിളിക്കലാണ് എന്റെ പണി എന്ന് വരെ പറഞ്ഞവരുണ്ട്. ( അതിവിടെ കാണാം ). ഈ ബ്ലോഗിലെ എന്റെ മുന്‍ പോസ്റ്റുകള്‍ ഒന്നും വായിച്ചു നോക്കാത്ത ആരെങ്കിലും ആയിരിക്കും എന്ന് കരുതി ഞാന്‍ മിണ്ടാതിരുന്നു. കരള് പറിച്ചു കൊടുത്താലും ചെമ്പരുത്തിപ്പൂവാണെന്ന് പറയുന്ന കാലമല്ലേ..

January 5, 2010

തരൂരിന് ഭീഷണി, ഷാരൂഖ് ട്വിറ്ററില്‍

ശശി തരൂര്‍ ട്വിറ്ററില്‍ മൂടി ചൂടാമന്നനായി വിലസുകയായിരുന്നു ഇതുവരെ. ഇന്ത്യക്കാരായ ട്വിറ്റര്‍മാറില്‍ തരൂരിനെ വെട്ടാന്‍ ഇതുവരെ ആരും ഉണ്ടായിട്ടില്ല. ഇടയ്ക്കിടയ്ക്ക് ഓരോ പുകിലുകള്‍ ഉണ്ടാക്കിയിട്ടാണെങ്കിലും തന്നെ ഫോളോ ചെയ്യുന്ന ഫെല്ലോസിന്റെ എണ്ണം അനുദിനം കൂട്ടിക്കൊണ്ടിരിക്കുവാന്‍ പുള്ളിക്ക് ആയിട്ടുണ്ട്‌. ഇതെഴുതുമ്പോള്‍ തരൂരിന് ട്വിറ്റരില്‍ അഞ്ചു ലക്ഷത്തി അറുപത്തെണ്ണായിരം അനുയായികള്‍ ഉണ്ട്. ഇതില്‍ കൂടിയാല്‍ രണ്ടോ മൂന്നോ ശതമാനം കൊണ്ഗ്രസ്സുകാര്‍ കാണും. കേരളത്തിലെ വിവരമുള്ള ഒരു കൊണ്ഗ്രസ്സുകാരനും തരൂരിന്റെ ട്വിറ്റര്‍ വായിക്കുന്നവരായി ഉണ്ടാകാന്‍ ഇടയില്ല. ട്വിറ്റര്‍ മാത്രമല്ല തരൂരിനെ തന്നെ വേണ്ട എന്ന് തുടക്കത്തത്തില്‍ പറഞ്ഞവരാണ്ഇവിടത്തെ  യൂത്തന്മാര്‍. അപ്പോള്‍ ഈ ആറ് ലക്ഷം അനുയായികളില്‍ ഡല്‍ഹിയിലെ കുറച്ച് കൊണ്ഗ്രസ്സുകാരെ മാറ്റി നിര്‍ത്തിയാല്‍ ബാക്കിയൊക്കെ അദ്ദേഹം ‘കഷ്ടപ്പെട്ട് അദ്ധ്വാനിച്ച് ബുദ്ധിമുട്ടി’ ഉണ്ടാക്കിയെടുത്തതാണ്.

January 3, 2010

സഖാക്കളെ കണ്ടു പഠിക്കൂ, പ്ലീസ്..

ഇന്ത്യയിലെ എല്ലാ പാര്‍ട്ടിക്കാരും സിപിഎം കാരെ കണ്ടു പഠിക്കണം. മറ്റ് പാര്‍ട്ടിക്കാരെപ്പോലെയല്ല അവര്‍. ചില ചിട്ടകളും നിബന്ധനകളുമൊക്കെ പാലിച്ചു കൊണ്ട് മാത്രമേ ആ പാര്‍ട്ടിയില്‍ തുടരാന്‍ സാധിക്കൂ. കഴിഞ്ഞ ദിവസം സിപിഎം കേന്ദ്രക്കമ്മിറ്റി പാര്‍ട്ടി നേതാക്കന്മാര്‍ക്ക് നല്‍കിയ ആറിന നിര്‍ദേശങ്ങള്‍ നോക്കൂ. ഇന്ത്യയില്‍ മറ്റേതൊരു പാര്‍ട്ടിക്കുണ്ട് ഈ ചങ്കൂറ്റവും ധൈര്യവും?.. ഓരോ നിര്‍ദേശങ്ങള്‍ വായിക്കുമ്പോഴും ഞാന്‍ രോമാഞ്ചമണിഞ്ഞു. അവസാനത്തെ കല്പനയും വായിച്ചു കഴിഞ്ഞതോടെ എന്റെ കണ്ണ് നിറഞ്ഞുപോയി.