January 31, 2010

മൂന്നാറില്‍ തൊട്ടാല്‍ തൊട്ടവനെ തട്ടും.

പാര്‍ട്ടി ഓഫീസില്‍ തൊട്ടാല്‍ തൊട്ടവനെ തട്ടും എന്നാണ്‌ സി പി ഐ നേതാക്കള്‍ പറയുന്നത്. സോറി, തട്ടുമെന്നു പറഞ്ഞില്ല കൈ വെട്ടുമേന്നെ പറഞ്ഞുള്ളൂ. ഭാഗ്യം. ജീവന്‍ ബാക്കി വെക്കും. അത്ര ക്രൂരന്മാരല്ല എന്ന് ചുരുക്കം. മൂന്നാറില്‍ പലരും ഭൂമി കയ്യേറിയിട്ടുണ്ടാവും. അതില്‍ ടാറ്റയും കാണും ബിര്‍ളയും കാണും. അവരെയൊക്കെ ഒഴിപ്പിക്കാന്‍ ഞങ്ങള്‍ക്ക് നൂറു വട്ടം സമ്മതം. പക്ഷെ ഞങ്ങള്‍ പാര്‍ട്ടിക്കാര്‍ വല്ലതും കയ്യേറിയിട്ടുണ്ടെങ്കില്‍ മിണ്ടാതിരുന്നു കൊള്ളണം. അതില്‍ തൊട്ടു കളിക്കരുത്. ഇനി വല്ലവനും അത് തൊടണമെന്നു തോന്നിയാല്‍ തൊട്ടോളൂ പക്ഷെ ആ കൈകള്‍ ഞങ്ങള്‍ വെട്ടിയെടുക്കും. ഇത്രയുമാണ് കെ ഇ ഇസ്മായില്‍ എന്ന വിപ്ലവ സൈദ്ധാന്തികന്റെ വാക്കുകളില്‍ നിന്ന് നേരെ ചൊവ്വേ ഞാന്‍ വായിച്ചെടുത്തത്.
രാഷ്ട്രീയ നേതാക്കന്മാര്‍ ഫാസിസ്റ്റ്‌ സ്വഭാവം കാണിക്കുന്നത് നമുക്ക് പുതുമയുള്ള ഒന്നല്ല. ശക്തമായ ജനകീയാടിത്തറയും ജനാധിപത്യാടിത്തറയുമുള്ള പാര്‍ട്ടികളുടെ തലപ്പത്തിരിക്കുന്ന നേതാക്കന്മാര്‍ക്ക് പോലും ആള്‍ക്കൂട്ടത്തിന്റെ ആര്‍പ്പ് വിളികള്‍ ചിലപ്പോള്‍ സ്വബോധം നഷ്ടപ്പെടുത്തും. ഫാസിസ്റ്റ് രീതികളുടെ ചില ചെറുകിട അഭ്യാസ പ്രകടനങ്ങള്‍ അത്തരം വേളകളില്‍ നമുക്ക് കാണാന്‍ പറ്റാറുണ്ട്. സ്വബോധം തിരിച്ചു കിട്ടുമ്പോള്‍ അത്തരം വീഴ്ചകളെ തിരിച്ചറിയാനും തിരുത്താനും അവര്‍ തയ്യാറാകാറുമുണ്ട്. പക്ഷെ ഈയിടെയായി കേരള രാഷ്ട്രീയത്തില്‍ ഫാസിസ്റ്റ്‌ സ്വഭാവം സ്ഥായിയായ ഒരു സംഘടിത ശൈലിയായി രൂപം മാറുന്നില്ലേ എന്ന സംശയം ഉയര്‍ന്നു വരുന്നുണ്ട്. 

വെട്ടുമെന്നും തട്ടുമെന്നുമൊക്കെ പറയുന്നത് ഏതെങ്കിലും ഇസ്പേട്‌ ഏഴാം കൂലികളല്ല. നിയമസഭക്കകത്തിരുന്ന് നമ്മെയൊക്കെ ഭരിച്ച മന്ത്രിയാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ തല മുതിര്‍ന്ന (തലയില്‍ എന്തെങ്കിലും ഉണ്ട് എന്ന അര്‍ത്ഥത്തിലല്ല ഞാനിത് പ്രയോഗിക്കുന്നത്) നേതാവാണ് ഇത് പറയുന്നത് എന്നോര്‍ക്കണം. പത്തറുപത് വര്ഷം മുമ്പ് ഭൂമി കയ്യേറിയാണ് സി പി ഐ മൂന്നാറില്‍ പാര്‍ട്ടി ഓഫീസുണ്ടാക്കിയത് എന്ന് പറയുന്നില്ല. പക്ഷെ അത്തരം ഒരു ആരോപണം ഉയര്‍ന്നു വന്നാല്‍ അതിനെ സമചിത്തതയോടെ നേരിടുകയാണ് ഒരു പാര്‍ട്ടി നേതൃത്വം ചെയ്യേണ്ടത്. വെട്ടുമെന്നും തട്ടുമെന്നുമൊക്കെ  പറയുന്നത് ഫാസിസം തന്നെയാണ്.

‘എടോ ഗോപാലകൃഷ്ണാ’ എന്ന വിളിയില്‍ പോലും ഒരു കുട്ടി ഫാസിസ്റ്റ്‌ ഒളിഞ്ഞിരിപ്പുണ്ട്. നിന്നെയൊക്കെ എന്ത് ചെയ്യണമെന്നു ഞങ്ങള്‍ക്കറിയാം എന്ന ഒരു താക്കീതാണ് ആ പദപ്രയോഗത്തില്‍ വായിച്ചെടുക്കാവുന്നത്. ഇനിയീ വഴിക്ക് വന്നാല്‍ തട്ടിക്കളയും എന്ന് സാഹിത്യകാരന്‍ സക്കറിയയെ ഡിഫിക്കുട്ടികള്‍ താക്കീത് ചെയ്യുമ്പോഴും മൂര്‍ച്ച കൂടി വരുന്ന ഒരു ഫാസിസ്റ്റ്‌ രീതിയെയാണ് നാം കാണുന്നത്.

ഫാസിസം എന്നത് ഏതങ്കിലും ഒരു വ്യക്തിയുടെ അടിച്ചമര്‍ത്തല്‍ രീതിയല്ല. അതൊരു ആള്‍ക്കൂട്ടപ്രവണതയാണ്. ജര്‍മനിയില്‍ ഫാസിസം അധികാരത്തിലെത്തിയത് വോട്ടെടുപ്പിലൂടെയാണ്. അതുകൊണ്ട് തന്നെ ഫാസിസ്റ്റ് രീതികള്‍ക്ക് ജനകീയാടിത്തറ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന നേതാക്കന്മാരെ തിരിച്ചറിയുക എന്നത് ഒരു ജനാധിപത്യ സമൂഹത്തിന്റെ പ്രാഥമിക ഉത്തരവാദിത്വമാണ് . മാര്‍ക്സിസ്റ്റ് ആയാലും കൊള്ളാം കോണ്ഗ്രസ്സ് ആയാലും കൊള്ളാം 'തൊട്ടാല്‍ വെട്ടുമെന്ന്' പറയുന്നത് വെച്ച് പൊറുപ്പിക്കാന്‍ പറ്റില്ല.

30 comments:

 1. കെ.ഇ. ഇസ്മയിലിന്റെ വാക്കുകള്‍ തനി ഗുണ്ട രൂപത്തിലായി എന്ന് പറയാതെ വയ്യ. ഞങ്ങളുടെ ഓഫീസ് ഒഴിപ്പിക്കുന്നവന്റെ കൈ വെട്ടുമെന്ന് പറയുന്നത് ഭരണ കക്ഷിയില്‍ പെട്ട സഖാവാണ് എന്നത് ഗൌരവം വര്‍ധിപ്പിക്കുന്നു. പിന്നെ എങ്ങിനെ ഉദ്വഗസ്ടര്‍ക്ക് നിഷ്പക്ഷമായി ജോലി ചെയ്യാനാവും? സി.എച്ചിന്റെ വാക്കുകള്‍ കടമെടുത്താല്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ഭരണത്തില്‍ മനുഷ്യന്റെ തലക്കും തെങ്ങിന്റെ കുലക്കും രക്ഷയില്ലെന്ന വാക്കുകള്‍ വീണ്ടും വീണ്ടും ശരിയവുകയാണ് ഇവിടെ. ഗുണ്ടകളെ കൊണ്ട് തലയും നേതാക്കള്‍ നേരിട്ട് കയ്യും വെട്ടുന്ന ദയനീയ കാഴ്ച!

  ReplyDelete
 2. Whether left or right. all communist leaders wants to become overnight rich. That's why they behave like
  criminals.


  best wishes

  Azeez

  ReplyDelete
 3. ടാറ്റ നിര്‍മിച്ച അനധികൃത തടയണകള്‍ പൊളിക്കാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ദേവീകുളം എം.എല്‍.എയുമായ എ.കെ.മണി

  മൂന്നാറില്‍ വന്‍കിടക്കാരെ ഒഴിപ്പിച്ച് അര്‍ഹരായവര്‍ക്കു പട്ടയം നല്‍കുക എന്നതാണ് സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും തീരുമാനമെന്ന് മന്ത്രി പാലൊളി മുഹമ്മദ് കുട്ടി.
  ജനവികാരം കണക്കിലെടുക്കാതെ മുന്നോട്ടു പോകാന്‍ കഴിയില്ല. വന്‍ മാഫിയകളുടെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുക തന്നെ ചെയ്യും. ഇടുക്കി കുടിയേറ്റക്കാരുടെ ജില്ലയാണ്- പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു.

  ഇടുക്കി ജില്ലയിലെ 95% ആളുകളും പാവപ്പെട്ട കുടിയേറ്റക്കാരാണെന്നും അവരെ ഒഴിപ്പിക്കുന്നതു തടയുമെന്നും സിപിഎം ജില്ലാ സെക്രട്ടറി എംഎം മണി

  കയ്യേറ്റവും കുടിയേറ്റവും വേര്‍തിരിച്ച് കാണണം. സര്‍ക്കാര്‍ ഭൂമി കയ്യേറിയവരെ ഒഴിപ്പിക്കുക തന്നെ ചെയ്യും. കയ്യേറ്റം ആരുടേതായാലും പ്രശ്നമല്ല. പക്ഷേ, വര്‍ഷങ്ങള്‍ക്കു മുന്‍പു കുടിയേറിയവരെ ഇതിന്റെ പേരില്‍ ഒഴിപ്പിക്കാനുള്ള നീക്കം നടക്കില്ല. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.ഇ ഇസ്‌മയില്‍.

  ReplyDelete
 4. രണ്ടു പാര്‍ടി ഓഫീസുകളിലേക്ക് മൂന്നാര്‍ പ്രശ്നം ഒതുക്കുന്നതാവും നല്ലതെന്ന് തോന്നുന്നു, അല്ലെങ്കില്‍ അത് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള പ്രശ്നമായി മാരും

  ReplyDelete
 5. മൂന്നാര്‍ മലപ്പുറത്ത്‌ അല്ലാത്തത് കൊണ്ട് മുസ്ലിം ലീഗിന് പ്രത്യേകിച്ച് അഭിപ്രായങ്ങള്‍ ഒന്നും ഇല്ലെന്നു തോന്നുന്നു

  ReplyDelete
 6. പിഴവാനെങ്കില്‍ ക്ഷമിക്കുക , പാര്‍ട്ടി ഓഫീസുകളും ആരാധനാലയങ്ങളും ഒഴിവാക്കി ബാക്കിയുള്ള കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചാല്‍ ഒരു പക്ഷെ മൂന്നാര്‍ നിവാസികള്‍ക്ക് സ്വസ്ഥത കിട്ടിയേക്കും (കുടിയേറ്റങ്ങള്‍ ഒഴിപ്പിക്കണ്ട )
  അല്ലെങ്കില്‍ കുറെ രാഷ്ട്രീയക്കാരും മാധ്യമങ്ങളും സ്ഥിരമായി മൂന്നാര്‍ മൂന്നാര്‍ എന്ന് ഉരുവിട്ട് കൊണ്ട് ജീവിക്കും . അതല്ലാതെ അവിടെ ഒന്നും നടക്കാന്‍ പോണില്ല .ആര് ഭരിച്ചാലും

  ReplyDelete
 7. നന്നായിരിക്കുന്നു
  നന്മകള്‍ക്ക് നന്ദി
  നല്ല ഒരു ബ്ലോഗ്ഗര്‍ ആവാന്‍ ദൈവം തുണക്കട്ടെ
  ഒരുപാട് ഇഷ്ടങ്ങള്‍ നേരുന്നു

  മുസ്ലിം രാജ്യത്തില്‍ ക്ഷേത്രങ്ങള്‍ക്ക് അനുവാദമുണ്ടോ?
  പ്ലീസ് വിസിറ്റ്
  http://sandeshammag.blogspot.com

  ReplyDelete
 8. മാര്‍ക്സിസ്റ്റ് ആയാലും കൊള്ളാം കോണ്ഗ്രസ്സ് ആയാലും കൊള്ളാം 'തൊട്ടാല്‍ വെട്ടുമെന്ന്' പറയുന്നത് വെച്ച് പൊറുപ്പിക്കാന്‍ പറ്റില്ല.
  അല്ല പിന്നെ..
  ഹാ.............

  ReplyDelete
 9. മൂന്നാറില്‍ തൊട്ടാല്‍ തൊട്ടവനെ തട്ടും, അപ്പോള്‍ പറഞ്ഞാലോ ?!, ജാഗ്രതൈ..!

  ReplyDelete
 10. ഇതൊക്കെ എന്ത് വാദത്തിൽ പെടുത്താം എന്നറിയില്ല..

  പരിഷ്കൃതരായിട്ടില്ല ഇപ്പഴും ഈ രാഷ്ട്രീയക്കാർ എന്നതിന്റെ പുതിയ സാമ്പിൾ.. അടുത്ത കാലത്ത് തന്നെയല്ലേ മുസ്ലിം ലീഗിനെ ഒരു നേതാവ് ഇത്തരത്തിൽ ഒരു ഭീഷണി മുഴക്കിയത്.

  എല്ലാ ഒന്നിനൊന്ന്മെച്ചമുള്ള ഗുണ്ടകൾ

  ReplyDelete
 11. ഇവന്മാരൊക്കെ കൂടി കേരളം ഗുണ്ടകളുടെ നാടാക്കി

  ReplyDelete
 12. ഈ ഏമ്പോക്കികളെയൊക്കെ നേതാവും മന്ത്രിയും ഒക്കെ ആക്കിയത് നാം തന്നെയല്ലെ...സഹിക്കുക തന്നെ.....

  ReplyDelete
 13. കൊച്ചി: മൂന്നാറിലെ സിപിഐ ഓഫീസ് ഒഴിപ്പിക്കാന്‍ വരുന്നവരുടെ കൈ വെട്ടുമെന്ന് പറഞ്ഞിട്ടില്ലെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ.ഇ ഇസ്മയില്‍.

  ‍ ഒരു സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ശനിയാഴ്ച മണ്ണാര്‍ക്കാട്ട് എത്തിയതെന്നും വിദ്യാഭ്യാസ പ്രശ്‌നങ്ങളെക്കുറിച്ച് മാത്രമാണ് താന്‍ അവിടെ സംസാരച്ചതെന്നും ഇസ്മയില്‍ അവകാശപ്പെട്ടു.

  പാര്‍ട്ടി ഓഫീസ് ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ എന്ത് വില കൊടുത്തും തടയും. യുഡിഎഫും മാധ്യമങ്ങളും വിഷയം മറച്ചുപിടിച്ച് കൈയേറ്റക്കാരെ സഹായിക്കാനാണ് ശ്രമിക്കുന്നത്.

  ReplyDelete
 14. പ്രിയപ്പെട്ട നാസൂ, അങ്ങേരുടെ ഗീര്‍വാണം ലൈവ് ആയി ചാനലുകള്‍ പല തവണ കാണിച്ചിരുന്നു. അങ്ങിനെ പറഞ്ഞിട്ടില്ലെന്ന് ഇപ്പോള്‍ പറയുന്നുവെങ്കില്‍ അതിനൊക്കെ മറുപടി പറയാന്‍ ഡിക്ഷ്ണറിയില്‍ ഇല്ലാത്ത പദങ്ങള്‍ വേണ്ടി വരും.. എനിക്ക് നാവു ചൊറിഞ്ഞു വരുന്നുണ്ട്.. പക്ഷെ തല്‍ക്കാലം മുതിരുന്നില്ല.

  ReplyDelete
 15. എന്ത് പറ്റി നമ്മുടെ നേതാക്കന്മാര്‍കൊക്കെ, ക്ഷമയും സംയമനവും പാലിക്കേണ്ട ഇവര്‍ എത്ര പെട്ടന്നാണ് വികാരംകൊണ്ട് ക്വട്ടേഷന്‍ സംഘങ്ങള്‍ പറയുന്നമാതിരി അലറുന്നത്, എന്നിട്ട് എത്ര നിസ്സാരമായി പറഞ്ഞത് നിഷേധിക്കുന്നു. ഒരു നന്മയും ഇവരില്‍ ശേഷിക്കുന്നില്ലേ. അല്ലെങ്കില്‍ ജനങ്ങള്‍ മണ്ടന്മാരെന്നു ഇവര്‍ കരുതുന്നുണ്ടോ.
  ഷാജി ഖത്തര്‍.

  ReplyDelete
 16. രാഷ്ട്ര സ്നേഹവും
  രാഷ്ട്രീയവും
  രണ്ട്.
  രാജ്യം വാണ
  രാജാക്കളുടെ
  രേഖപ്പെടുത്താത്ത
  രാപകലുകളും
  രാഷ്ട്രീയ
  രാജന്മാരുടെ
  രസികന്‍
  രംഗാഭിനയവും
  രൌദ്രം,
  രസാവഹം.

  രാജ്യക്കാരേ..
  രക്ഷപ്പെട്ടു കൊള്‍ക!

  ReplyDelete
 17. അല്ലാ ബഷീര്‍, ബഹു:മുന്‍: മന്ത്രി കൈ വെട്ടുമെന്ന് പറഞ്ഞില്ല എന്ന് തിരുതിയിട്ടുന്ടല്ലോ, ഏതായാലും ടി വി ക്കാര്‍ അതുപിടിചിട്ടുന്റെന്കില്‍ അവര്‍ക്ക് കുറ സമയം ആദ്യം പറഞ്ഞത് പിന്നെ തിരുത്തിയത് മാറി മാറി കാണിക്കാം. ബോംബെയില്‍ താക്കറെ തുടങ്ങിവച്ചത് ഇത് തന്നെ അല്ലെ. ഇപ്പോള്‍ എം എന്‍ എസ ഉം എല്ലാം , അവരും ഇവിടത്തെ കമ്മ്യൂണിസ്റ്റുകളും തമ്മില്‍ എന്താണ് വ്യത്യാസം? ചിന്തിക്കാം.

  ReplyDelete
 18. അല്ല ഈ വെട്ടലും തട്ടലും ഒക്കെ അതിന്റെ വഴിക്ക് നടക്കട്ടെ. ഇവന്മാരില്‍ കുറെ എണ്ണത്തിന്റെ കഥ അങ്ങനെ തീരുമല്ലോ? അണികള്‍ അത് ഏറ്റു പിടിക്കാതിരുന്നാല്‍ മതിയായിരുന്നു.

  ഈ അനധികൃതം(?) ആയി നിര്‍മ്മിച്ച്‌ എന്ന് പറയുന്ന തടയിണകള്‍ പൊളിച്ചു കളയുന്ന എളുപ്പം ഉണ്ടോ ഉണ്ടാക്കാന്‍? അത് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആക്കി സംരക്ഷിച്ചൂടെ? ഈ റിസോര്‍ട്ടുകള്‍ ഒക്കെ പൊളിക്കാതെ സര്‍ക്കാര്‍ ഉടമസ്തതയിലാക്കികൂടെ? മുന്നാറില്‍ പഠിക്കുന്ന ഒരാള്‍ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്നതാണ് അവിടെ അടിസ്ഥാന സൗകര്യങ്ങള്‍ തീര്‍ത്തും അപര്യാപ്തമാണ്. പൊളിക്കാന്‍ കാണിക്കുന്ന ഉത്സാഹം അവിടെ വല്ലതും നിര്‍മിക്കാന്‍ ആരും കാണിക്കുന്നില്ലല്ലോ. മൂന്നാറിനെ ഇന്നും ഒരു വിനോദസഞ്ചാരകേന്ദ്രം ആക്കി നിലനിര്‍ത്തുന്നത് TATA ഉള്‍പ്പടെ ഉള്ള സ്വകാര്യ സംരംഭകര്‍ ആണ് ഒരുപക്ഷെ. അല്ലാതെ മാറി മാറി വന്ന സര്‍ക്കാറുകള്‍ അല്ല. ഞാന്‍ ആരുടേയും പക്ഷം പിടിക്കുകയല്ല. പക്ഷെ ഒരിച്ചിരി ബുദ്ധീം ബോധവും പറ്റുമെങ്കില്‍ ഇച്ചിരി വിദ്യാഭ്യാസവും ഉള്ള അല്ലെങ്കില്‍ Environmental Science-ലോ Town Planning-ലോ അനുഭവം ഉള്ള ആരെയെങ്കിലും വച്ച് ഇതൊന്നു പഠിച്ചിട്ട പോരെ പൊളിക്കലും അടുക്കലും. വളരെ delicate ആയ ഒരു ആവാസ വ്യവസ്ഥയും, കാലാവസ്ഥയും, ഭുപ്രകൃതിയും ഉള്ള വളരെ സൂക്ഷിച്ചു മാത്രം കൈകാര്യം ചെയ്യേണ്ട ഒരു സ്ഥലമാണ് മൂന്നാര്‍. ഒരു സ്ഥലത്തിന്റെ ടൂറിസ്റ്റ് വാല്യൂ ഇടിച്ചു താഴ്ത്തിയാല്‍ പിന്നെ അത് ഉയര്‍ത്തി കൊണ്ട് വരാന്‍ എത്ര സമയം വേണം. ഇടയ്ക്ക് തോന്നിയിട്ടുണ്ട് ഇത് വല്ല തമിഴ്നാട്ടിലോ മറ്റോ ആയിരുന്നേല്‍ ഒരു കാശ്മീര്‍ ആയിരുന്നേനെ എന്ന്. ഗതാഗത സൗകര്യം എങ്കിലും ഉണ്ടായേനെ.

  (ഹോ. എന്തൊരാശ്വാസം!)

  ReplyDelete
 19. ങാഹാ.. ആശാന്റെ പാര്‍ട്ടിക്കരോടാണോ കളി ?! പോലീസ് സ്റ്റേഷനില്‍ കയറി പുല്ലുപോലെ ഇറക്കി കൊണ്ടുവന്നവരാ നമ്മള്‍....

  ReplyDelete
 20. ഞമ്മന്റെ സ്വന്തം പാർട്ടിക്കാരൻ കോടതിയിൽ സാക്ഷി പറഞ്ഞാൽ ഓന്റെ മയ്യത്തെടുക്കുമെന്ന് പറഞ്ഞത് മറന്നിട്ടില്ലായിരിക്കാം

  ReplyDelete
 21. @ Jithin V. Mohan: താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്. മൂന്നാറിന്റെ ടൂറിസ്റ്റ് സാധ്യതകളെ നാം വേണ്ടത്ര ഉപയോഗപ്പെടുത്തിയിട്ടില്ല. വളരെ പരിമിതമായ സൌകര്യങ്ങള്‍ ആണ് അവിടെയുള്ളത്. കഴിഞ്ഞ വര്ഷം രണ്ടു ദിവസം കുടുംബത്തോടൊപ്പം അവിടെ കറങ്ങിയപ്പോള്‍ നേരിട്ട് അനുഭവപ്പെട്ടതുമാണ്. പൊട്ടിപ്പൊളിഞ്ഞ റോഡുകളും ശോചനീയമായ മറ്റു Infrastructural facilities ഉം. ഉള്ള സൌകര്യങ്ങള്‍ പൊളിക്കുമ്പോള്‍ പകരം എന്ത് എന്ന് ആലോചിക്കുക കൂടി വേണം. കയ്യേറ്റക്കാരെ വെറുതെ വിടുകയും അരുത്. സര്‍ക്കാരിന്റെ തലപ്പത്തിരിക്കുന്നവര്‍ക്ക് തമ്മില്‍ തല്ലു കഴിഞ്ഞു ഇതിനൊക്കെ നേരം കാണുമോ?.

  ReplyDelete
 22. @ MT Manaf: "രാ ക്കവിത" ഇഷ്ടപ്പെട്ടു. കമന്റ്‌ കോളത്തില്‍ പലപ്പോഴും കാണാറുള്ള താങ്കളുടെ പ്രാസക്കവിതകള്‍ ശ്രദ്ധിക്കാറും ആസ്വദിക്കാറുമുണ്ട്. കവിതയിലൂടെ പറയുമ്പോള്‍ പ്രതികരണങ്ങള്‍ക്ക് കുറേക്കൂടി ശക്തി ലഭിക്കുന്നതായി തോന്നാറുണ്ട്.

  ReplyDelete
 23. തൊട്ടവനെ തട്ടും വെട്ടും എന്നെല്ലാം പറയുന്നത് പ്രാസം ഒപ്പിക്കാന്‍ വേണ്ടി മാത്രമാണ് പറയുന്നത് എന്നാണു എനിക്ക് തോന്നുന്നത്. സദസ്സ് കയ്യടിക്കാന്‍ വേണ്ടി പറയുന്ന ചില പ്രയോഗങ്ങള്‍ മാത്രം. നമ്മുടെ കോടിയേരി പറഞ്ഞല്ലോ പോലീസ് സ്ടഷന് മുന്നില്‍ വെച്ച് ബോംബു നിര്‍മിക്കുമെന്ന്. സ്ടഷന് മുന്നില്‍ അങ്ങിനെ ആരെങ്കിലും ചെയ്യുമോ. വാര്‍ത്താ മൂല്യം കിട്ടാനും കയ്യടി കിട്ടാനും വേണ്ടി മാത്രം ഉപയോഗിക്കുന്ന ചില പൊടിക്കൈകള്‍ മാത്രം.

  ReplyDelete
 24. അനതികൃത കെട്ടിടങ്ങള്‍ പോളിക്കുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. എന്ത് കൊണ്ട് അവയൊക്കെ ഗോവര്‍മെന്റ്റ് പിടിച്ചടക്കി നില നിര്‍ത്തിക്കൂട. പൊളിച്ചു സിമന്റും കമ്പിയും കുന്നു കൂട്ടി പ്രകൃതി ഭംഗി നശിപ്പിക്കുന്നതിനു പകരം അവ സര്‍കാര്‍ പിടിച്ചടക്കി സന്ദര്‍ശകര്‍ക് വേണ്ട സൌകര്യങ്ങള്‍ എര്പെടുതിക്കൂട. അതിലൂടെ കുറെ ആളുകള്‍ക്ക് തൊഴില്‍ കൊടുക്കാനും സര്കാരിനു വരുമാനവും ഉണ്ടാകുമല്ലോ. നശീകരണം കൊണ്ട് ആര്‍കും ഒരു ഗുണവും ഇല്ലല്ലോ.

  ReplyDelete
 25. @ Malathi & Mohandas: നിങ്ങള്‍ പറഞ്ഞത് പോലെത്തന്നെ സംഭവിച്ചു. കൈ വെട്ടുമെന്ന് പറഞ്ഞ അദ്ദേഹത്തിന്‍റെ ആദ്യ പ്രസ്താവനയും അങ്ങിനെ പറഞ്ഞിട്ടില്ലെന്ന രണ്ടാമത്തെ പ്രസ്താവനയും ടീവിക്കാര്‍ മാറി മാറി കാണിച്ചിരുന്നു. ഇത് രണ്ടും കാണുന്ന നാം കഴുതകള്‍ ഇനിയും ജയ് വിളിക്കാനുണ്ടാവും എന്ന് നൂറ്റൊന്നു ശതമാനം ഉറപ്പുള്ളത് കൊണ്ടാണ് ഇത്തരം കോമാളികള്‍ ഈ പൊറാട്ട് നാടകങ്ങള്‍ കളിക്കുന്നാതും കൂളായി ജീവിച്ചു പോകുന്നതും. ഒരു കോറസ്സ് പാടൂ.. കേരളമെന്ന പേര്‍ കേട്ടാല്‍ അഭിമാനപൂരിത...

  ReplyDelete
 26. well said basheerkkaa


  jithin ,,, u r right,,,

  aarenkilum onnu ivareyokke thiruthaanundaayengil ennu aashichu povunnu..!

  ReplyDelete
 27. ഇസ്മായില്‍ സാര്‍ അങ്ങിനെ പറയില്ലെന്ന് അറിയാമായിരുന്നത് കൊണ്ടാണ് ആദ്യം "കൈ വെട്ടും" എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ മിണ്ടാതിരുന്നത്. അടുത്ത ദിവസം അങ്ങിനെ പറഞ്ഞില്ലെന്നു അദ്ദേഹം പറഞ്ഞില്ലേ. ടി വി ക്കാര്‍ അങ്ങിനെ പലതും മാറി മാറി കാണിക്കും.
  കൊണ്ഗ്രസ്സിനു വേണ്ടി മണിയും എല്‍ ഡി എഫിന് വേണ്ടി ഇസ്മായീലും സെല്‍ഫ് ഗോള്‍ അടിച്ചു കൊണ്ടിരിക്കുന്നു. കോടിയേരി പോസ്റ്റ്‌ കാണാതെ ചുറ്റിത്തിരിയുന്നു. നമുക്ക് ടി വി ക്ക് മുമ്പില്‍ ഇരുന്നു കളി കാണാം. ഗ്രൗണ്ടില്‍ ഇറങ്ങി കളി നിയന്ത്രിക്കാന്‍ കാണികള്‍ക്ക് അവകാശമില്ല.

  ReplyDelete
 28. ഫാസിസ്റ്റ് രീതികള്‍ക്ക് ജനകീയാടിത്തറ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന നേതാക്കന്മാരെ തിരിച്ചറിയുക എന്നത് ഒരു ജനാധിപത്യ സമൂഹത്തിന്റെ പ്രാഥമിക ഉത്തരവാദിത്വമാണ് .

  ReplyDelete
 29. ഇന്കിലബിലും സിന്ധബാധിലും ഇന്ത്യ തോട്ടിലും

  ReplyDelete