ഉണ്ണിത്താന്‍ കീ, ജയ്‌.. കാണ്ഗ്രസ്സ് കീ, ജയ്‌‌..

ശ്ശൊ ! ആ പാവം ഉണ്ണിത്താനെക്കുറിച്ച് എന്തൊക്കെയാണ് ആളുകള്‍ പറഞ്ഞുണ്ടാക്കിയത്!!. ഇതുപോലൊരു തങ്കപ്പെട്ട മനുഷേനെ ഇന്നത്തെ കാലത്ത്‌ കണികാണാന്‍ കിട്ടുവോ?. മൊയ്തീന്‍ സാറ് ഇല്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ.. ആലോചിക്കുന്തോറും തല കറക്കം വരുന്നു. ഗൂഢാലോചന, ഗൂഢാലോചന,എന്ന് പറയുന്നത് ഇതിനല്ലേ.. വയനാട്ടിലേക്ക്‌ പുറപ്പെട്ട അദ്ദേഹത്തെ ഡീ വൈ എഫ് ഐ ക്കാര്‍ ചതിയില്‍പെടുത്തി മഞ്ചേരിയില്‍ എത്തിയിക്കുകയായിരുന്നെന്നു എത്ര പേര്‍ക്ക് അറിയാം?. അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ആ വീട്ടിലേക്കു അദ്ദേഹത്തെ എത്തിക്കുവാന്‍ ഡീ വൈ എഫ് ഐ ക്കാര്‍ പ്രയോഗിച്ച ഗൂഢാലോചന എന്തുമാത്രം ഭീകരമാണ്. നയന്‍ വണ്‍ സിക്സ് സ്വര്‍ണം പോലുള്ള ആ പാവം മനുഷ്യനെ ക്ലോറോഫോം ഉപയോഗിച്ച് മയക്കിക്കിടത്തിയല്ലേ അവര്‍ ഈ വീട്ടില്‍ എത്തിച്ചത്.
ഇത് പോലുള്ള കൊടും ചതി ആരോടെങ്കിലും ചെയ്യാന്‍ പാടുണ്ടോ?. പിന്നെ കൂടെയുള്ള യുവതി.. അവളൊരു പാവം ‘ഉഭയ’യല്ലേ, പോരെങ്കില്‍ സേവാദള്‍ ഭാരവാഹിയും.. സേവാദള്‍ എന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം തന്നെ സേവിക്കുക എന്നതല്ലേ.. ഖദര്‍ ഇട്ട കൊണ്ഗ്രസ്സുകാര്‍ക്ക് രാത്രിയില്‍ കഞ്ഞിയും പുഴുക്കും ഉണ്ടാക്കി കൊടുക്കുവാന്‍ സേവാദള്‍ അല്ലാതെ ബജ് രംഗ് ദള്‍ വരുമോ?..

ഭാര്യയോടും അമ്മയോടും സമ്മതം വാങ്ങി സേവാദള്‍കാരിയോടൊപ്പം മഞ്ചേരിയില്‍ ഒരു രാത്രി – ഒരൊറ്റ രാത്രി – കഴിയാന്‍ ലോക്കല്‍ കമ്മറ്റിയുടെ സമ്മതം വാങ്ങിക്കണോ?.. ഇത് ഏതു കോത്താഴത്തെ നിയമമാണ് ഹേ.. സഖാവേ.. ഇന്ത്യന്‍ ഭരണഘടന ഞങ്ങള്‍ കോണ്ഗ്രസ്സുകാര്‍ക്ക് ചില അവകാശങ്ങളൊക്കെ തരുന്നുണ്ട്.

വെറുതെ ചുമ്മാ ഒരു റിപ്പോര്‍ട്ട് എഴുതിയുണ്ടാക്കിയതാണ് എന്‍ പി മൊയ്തീന്‍ സാറ് എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? നൂറോളം കോണ്ഗ്രസ്സുകാരെ ഇന്റര്‍വ്യൂ ചെയ്തിട്ടല്ലേ അദ്ദേഹം ഇത് എഴുതിക്കൊടുത്തത്?. മലപ്പുറം ഡീ സീ സി പ്രസിഡണ്ട്‌, സെക്രട്ടറി, ബ്ലോക്ക് പ്രസിഡണ്ട്‌, സെക്രട്ടറി, പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട്‌, സെക്രട്ടറി, പിന്നെ യൂത്ത് കോണ്ഗ്രസ്സ് പ്രസിഡണ്ട്‌, സെക്രട്ടറി എന്നിങ്ങനെ ഈ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ നൂറോളം പേരെ ഇന്റര്‍വ്യൂ ചെയ്യക എന്നത് ചില്ലറ കാര്യമാണോ?.. എന്നെ തൊട്ടാല്‍ എല്ലാ കോണ്ഗ്രസ്സുകാരുടെയും തനിനിറം ഞാന്‍ പുറത്താക്കും എന്ന് ഉണ്ണിത്താന്‍ വെല്ലുവിളിച്ചത് നിങ്ങളും കേട്ടതല്ലേ സഖാക്കളെ.. എന്തുവാ അതിന്റെ അര്‍ത്ഥം?..ഞങ്ങള്‍ കോണ്ഗ്രസ്സുകാരുടെ പാരമ്പര്യം എന്താണെന്ന് നിങ്ങളൊക്കെ ഇനിയെന്നാണ് പഠിക്കുക?.. നൂറാളെ ഇന്റര്‍വ്യൂ ചെയ്തത് പോരാ എന്നാണെങ്കില്‍ അത് പറ.. ഇനിയും ഒരു നൂറാളെ മലപ്പുറത്ത് നിന്ന് തപ്പിപ്പിടിക്കാന്‍ മൊയ്തീന്‍ സാറിന് കഴിയും.

നാട്ടുകാര് വളഞ്ഞപ്പോള്‍ എന്തിനു മുഖം പൊത്തി എന്നൊക്കെ ചോദിക്കാന്‍ നിങ്ങക്കെന്താ വട്ടുണ്ടോ?.. തൊണ്ടി സഹിതം പിടിച്ച് പൊതിരെ തല്ലു കിട്ടിയ സമയത്ത് ആരേലും ഫോട്ടോക്ക് പോസ് ചെയ്യുവോ കൂവേ?.. ഡീ വൈ എഫ് ഐ.. ഡീ വൈ എഫ് ഐ.. എന്ന് പറഞ്ഞ് നടന്നാല്‍ പോരാ.. തലയിലും അല്പം വിവരം വേണം.. സന്ദര്‍ഭം നോക്കി പെരുമാറാന്‍ ഞങ്ങള്‍ കോണ്ഗ്രസ്സുകാരെ നിങ്ങളാരും പഠിപ്പിക്കണ്ട.. വയനാട് പോലുള്ള വിദൂര സ്ഥലത്തേക്ക് പോകുമ്പോള്‍ ആരെങ്കിലും ഒറ്റയ്ക്ക് പോകുമോ?. ഒരു സേവാദള്‍ കൂടെയുന്ടെകില്‍ നിങ്ങള്‍ക്കെന്താ ചേതം. എ കെ ജി സെന്റില്‍ മുറി ചോദിച്ച് വന്നിട്ടില്ലല്ലോ ഞങ്ങള്‍.. മഞ്ചേരിയില്‍ നിങ്ങള്‍ റൂം വളഞ്ഞു.. ഞങ്ങള്‍ കൊണ്ഗ്രസ്സുകാര്‍ക്ക് ഇതൊക്കെ പുല്ലാ... ആയിരം റൂം വേറെ കിട്ടും..

മൊയ്തീന്‍ സാറിന്റെ റിപ്പോര്‍ട്ട് വരുന്നതിനു മുമ്പേ തന്നെ ഉണ്ണിത്താന്‍ സാറിനെ ഞങ്ങള്‍ക്ക് വിശ്വാസവാ. അങ്ങേരുടെ മുണ്ട് പൊക്കി നോക്കി സംഗതിയൊക്കെ ഞങ്ങള്‍ മുമ്പേ ഉറപ്പു വരുത്തിയതാ.. നിങ്ങള്‍ നോക്കിക്കോ അടുത്ത ഇലക്ഷനില്‍ ഇരുപതില്‍ ഇരുപതും കോണ്ഗ്രസ്സ് പിടിക്കും. മഞ്ചേരിയിലെ സ്ഥാനാര്‍ത്ഥി ആരാവണം എന്നതില്‍ ഇനി രണ്ടു അഭിപ്രായം ഇല്ല. ഞങ്ങള്‍ ചുവരെഴുത്ത് തുടങ്ങാന്‍ പോകുവാ.. ഉണ്ണിത്താന്‍ കീ ജായ്‌,... യൂത്ത് കോണ്ഗ്രസ്സ് കീ, ജായ്‌..

മ്യാവൂ... മൊയ്തീന്‍ സാറിന്റെ റിപ്പോര്‍ട്ട് വന്നത് കൊണ്ട് ഉണ്ണിത്താനെ ഇത് കലക്കി  എന്ന എന്റെ നേരത്തെയുള്ള പോസ്റ്റ് ഞാന്‍ പിന്‍വലിക്കുന്നു. എല്ലാ കോണ്ഗ്രസ്സുകാരോടും ഉണ്ണിത്താന്‍ സാറിനോടും മാപ്പ് ചോദിക്കുന്നു. കോണ്ഗ്രസ്സ് പാരമ്പര്യം നീണാള്‍ വാഴട്ട്.... ഉണ്ണിത്താന്‍ വാര്‍ത്ത ഒതുക്കുന്നതില്‍ വേണ്ടത്ര ശുഷ്കാന്തി കാണിച്ച എല്ലാ മാധ്യമക്കാര്‍ക്കും നണ്ട്രി, എക്സല്ലന്റ്റ് പെര്‍ഫോര്‍മന്‍സ്.