തരൂരിന് ഭീഷണി, ഷാരൂഖ് ട്വിറ്ററില്‍

ശശി തരൂര്‍ ട്വിറ്ററില്‍ മൂടി ചൂടാമന്നനായി വിലസുകയായിരുന്നു ഇതുവരെ. ഇന്ത്യക്കാരായ ട്വിറ്റര്‍മാറില്‍ തരൂരിനെ വെട്ടാന്‍ ഇതുവരെ ആരും ഉണ്ടായിട്ടില്ല. ഇടയ്ക്കിടയ്ക്ക് ഓരോ പുകിലുകള്‍ ഉണ്ടാക്കിയിട്ടാണെങ്കിലും തന്നെ ഫോളോ ചെയ്യുന്ന ഫെല്ലോസിന്റെ എണ്ണം അനുദിനം കൂട്ടിക്കൊണ്ടിരിക്കുവാന്‍ പുള്ളിക്ക് ആയിട്ടുണ്ട്‌. ഇതെഴുതുമ്പോള്‍ തരൂരിന് ട്വിറ്റരില്‍ അഞ്ചു ലക്ഷത്തി അറുപത്തെണ്ണായിരം അനുയായികള്‍ ഉണ്ട്. ഇതില്‍ കൂടിയാല്‍ രണ്ടോ മൂന്നോ ശതമാനം കൊണ്ഗ്രസ്സുകാര്‍ കാണും. കേരളത്തിലെ വിവരമുള്ള ഒരു കൊണ്ഗ്രസ്സുകാരനും തരൂരിന്റെ ട്വിറ്റര്‍ വായിക്കുന്നവരായി ഉണ്ടാകാന്‍ ഇടയില്ല. ട്വിറ്റര്‍ മാത്രമല്ല തരൂരിനെ തന്നെ വേണ്ട എന്ന് തുടക്കത്തത്തില്‍ പറഞ്ഞവരാണ്ഇവിടത്തെ  യൂത്തന്മാര്‍. അപ്പോള്‍ ഈ ആറ് ലക്ഷം അനുയായികളില്‍ ഡല്‍ഹിയിലെ കുറച്ച് കൊണ്ഗ്രസ്സുകാരെ മാറ്റി നിര്‍ത്തിയാല്‍ ബാക്കിയൊക്കെ അദ്ദേഹം ‘കഷ്ടപ്പെട്ട് അദ്ധ്വാനിച്ച് ബുദ്ധിമുട്ടി’ ഉണ്ടാക്കിയെടുത്തതാണ്.
കാബിനറ്റ് മീറ്റിംഗ് നടന്നു കൊണ്ടിരിക്കുമ്പോഴും അദ്ദേഹത്തിന്റെ ഒരു വിരല്‍ മൊബൈലിലെ കീ പാഡില്‍ ഉണ്ടാവും. ‘ഞാനിപ്പോള്‍ കസാക്കിസ്ഥാനിലെ പ്രധാനമന്ത്രിയുടെ വീട്ടില്‍ ലഞ്ച് കഴിച്ചു കൊണ്ടിരിക്കുകയാണ്. അദ്ദേഹം ഒരു കോഴിക്കാലില്‍ കടിച്ചു, ഞാനിതാ ഇപ്പോള്‍ കടിക്കും” എന്ന മട്ടില്‍ ഓരോരോ സംഭവങ്ങളും അദ്ദേഹം അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കും. ട്വിറ്ററില്‍ ജീവിച്ചു പോകണമെങ്കില്‍ വലിയ പാടാണ് എന്നര്‍ത്ഥം. രണ്ട് ദിവസം ട്വീറ്റാന്‍ മറന്നാല്‍ ഫെല്ലോസിനെ കാക്ക കൊത്തും, അതല്ലെങ്കില്‍ ശോഭാ ഡെ കൊണ്ട് പോവും. ‘ഗോമ്പറ്റീഷന്‍’ അത്രക്ക്  ശക്തമാണ്. എന്നിരുന്നാലും തരൂരണ്ണന്‍ തന്നെയാണ് ഇന്നും ട്വിറ്ററിലെ രാജകുമാരന് .

പക്ഷെ ഈ കിരീടം എത്രനാള്‍ കൂടി തരൂരണ്ണന് ചൂടി നില്‍ക്കാന്‍ കഴിയും എന്ന കാര്യത്തില്‍ എനിക്ക് ഒരു ചെറിയ സംശയമുണ്ട്‌. ഇന്നലെ മുതലാണ് ആ സംശയം ഉടലെടുത്തത്. കാരണം മറ്റൊന്നല്ല. നമ്മുടെ കിംഗ്‌ ഖാന്‍ ട്വീറ്റ് ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. രണ്ടു ദിവസം മുമ്പാണ് പുള്ളി ഈ പുതിയ പണി തുടങ്ങിയിരിക്കുന്നത്. കറണ്‍ ജോഹര്‍, പ്രിയങ്ക ചോപ്ര,, പ്രീതി സിന്‍റ തുടങ്ങി ബോളിവുഡിലെ പല നക്ഷത്രങ്ങളും ട്വിറ്ററില്‍ മുമ്പേ ഉണ്ടെങ്കിലും സാക്ഷാല്‍ സിങ്കം ഇപ്പോഴാണ് എത്തിയത്. വെറും രണ്ടേ രണ്ടു ദിവസം കൊണ്ട് ഈ സിങ്കത്തെ മുപ്പതിനായിരം പേരാണ് ഫോളോ ചെയ്തിരിക്കുന്നത്. ഈ നിരക്കില്‍ കുറച്ച് ദിവസം മുന്നോട്ട് പോയാല്‍ തരൂരണ്ണന്‍ അല്പം കിതക്കേണ്ടി വരും.

got to go and sleep a bit. my dreams come on at 8 a.m...don't want to miss any episodes.Todays r without commercial breaks too. love u all എന്നിങ്ങനെയാണ് കിംഗ്‌ ഖാന്‍ ഇന്ന് രാവിലെ ചീറ്റിയത് (അങ്ങിനെയും പറയാം). hi everyone. being extremely shy i never thought i would be here. but my friend @kjohar25 insisted that i should learn to share my life. എന്ന് പറഞ്ഞു കൊണ്ടാണ് പുള്ളി ട്വിട്ടറിലേക്ക് തേങ്ങ ഉടച്ചു കയറിയത്.  ചെമ്മീന്‍ തുള്ളിയാല്‍ ചട്ടിയോളം എന്ന് പറയുന്ന പോലെ ഇത്തരം കൊച്ചുവര്‍ത്തമാനങ്ങളുമായി ഷാരൂഖ് തുള്ളിയാല്‍ ഏതുവരെ പോകും എന്ന് സംശയിക്കുന്നവര്‍ ഉണ്ടാവും. പക്ഷെ അന്താരാഷ്‌ട്ര കാര്യങ്ങളേക്കാള്‍ ഇന്നത്തെ 'പുള്ളാര്‍ക്ക് 'ഈ കൊച്ചുവര്‍ത്തമാനങ്ങള്‍ ആണ് ഇഷ്ടപ്പെടുക എന്ന് നന്നായി അറിയുന്ന ആളാണ്‌ നമ്മുടെ ഖാന്‍. ഓനാരാ മോന്‍..