സഖാക്കളെ കണ്ടു പഠിക്കൂ, പ്ലീസ്..

ഇന്ത്യയിലെ എല്ലാ പാര്‍ട്ടിക്കാരും സിപിഎം കാരെ കണ്ടു പഠിക്കണം. മറ്റ് പാര്‍ട്ടിക്കാരെപ്പോലെയല്ല അവര്‍. ചില ചിട്ടകളും നിബന്ധനകളുമൊക്കെ പാലിച്ചു കൊണ്ട് മാത്രമേ ആ പാര്‍ട്ടിയില്‍ തുടരാന്‍ സാധിക്കൂ. കഴിഞ്ഞ ദിവസം സിപിഎം കേന്ദ്രക്കമ്മിറ്റി പാര്‍ട്ടി നേതാക്കന്മാര്‍ക്ക് നല്‍കിയ ആറിന നിര്‍ദേശങ്ങള്‍ നോക്കൂ. ഇന്ത്യയില്‍ മറ്റേതൊരു പാര്‍ട്ടിക്കുണ്ട് ഈ ചങ്കൂറ്റവും ധൈര്യവും?.. ഓരോ നിര്‍ദേശങ്ങള്‍ വായിക്കുമ്പോഴും ഞാന്‍ രോമാഞ്ചമണിഞ്ഞു. അവസാനത്തെ കല്പനയും വായിച്ചു കഴിഞ്ഞതോടെ എന്റെ കണ്ണ് നിറഞ്ഞുപോയി.
ഈ വാര്‍ത്ത കാണാതെ പോയ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്ക് കൂടി അല്പം രോമാഞ്ചം കിട്ടുന്നതിനു വേണ്ടിയാണ് ഞാനിത് കുറിക്കുന്നത്.

ഒന്ന്) വീട്ടിലോ പുറത്തോ മത ചടങ്ങുകളില്‍ പങ്കെടുക്കരുത്.

ക്ഷേത്രത്തിലോ പള്ളിയിലോ പതിവായി പോവുക, മുത്തപ്പന്‍ കാവുകളില്‍ നേര്ച്ച നേരുക, ഉത്സവ കമ്മറ്റികളില്‍ പ്രസിഡണ്ടാവുക,  ഹജ്ജിനോ ഉംറക്കോ  പോകുക, ജാതകവും മുഹൂര്‍ത്തവും നോക്കി കല്യാണം നടത്തുക, വര്ഷം തോറും ശബരി മലക്ക് പോകുക തുടങ്ങിയവ ഇനി മുതല്‍ മത ചടങ്ങുകളായി പരിഗണിക്കുന്നതല്ല.  ‘വൈരുദ്ധ്യാത്മീയ’ ഭൌതിക വാദത്തിന്റെ അര്‍ത്ഥമറിയാത്ത പാര്‍ട്ടിയിലെ തൊരപ്പന്മാര്‍ക്ക് ഇത്തരം ചടങ്ങുകളുടെ ശരിക്കുള്ള അര്‍ത്ഥം മനസ്സിലാക്കിക്കൊടുക്കാന്‍ നേതൃനിര ശ്രദ്ധിക്കണം. കറുത്ത പൂച്ച കുറുകെ ചാടിയാല്‍ അന്നത്തെ യാത്ര ഒഴിവാക്കുക, വീട്ടിന്റെ കോലായില്‍ കരിങ്കണ്ണന്റെ കോലം തൂക്കുക തുടങ്ങിയ സാമ്പ്രദായിക വിപ്ലവ രീതികള്‍ ലോക്കല്‍ കമ്മിറ്റികളില്‍ പരിചയപ്പെടുത്തുവാനും ശ്രദ്ധിക്കണം.

രണ്ട്) വീടോ വാഹനമോ വാങ്ങുമ്പോള്‍ പാര്‍ട്ടിയെ അറിയിക്കണം.
കുന്നംകുളം ഹൈവേയില്‍ ഉള്ളത് പോലുള്ള വീടുകള്‍ നിര്മിക്കരുത്. നിര്‍മിച്ചാല്‍ തന്നെ ഇമെയിലില്‍ ഫോര്‍വേഡ് കളിക്കരുത്.   പിണറായിയിലോ പരിസരപ്രദേശത്തോ കാണുന്ന പോലുള്ള കോണ്‍ഗ്രീറ്റ് ചെയ്ത ഇരുനില കെട്ടിടങ്ങള്‍ ആണ് അഭികാമ്യം. ഇറ്റാലിയന്‍ മാര്‍ബിള്‍ ഉപയോഗിക്കുകയാണെങ്കില്‍ ഇളം ചുവപ്പ് കളര്‍ നോക്കി വാങ്ങണം.  ടാറ്റാ സുമോ, മാരുതി സ്വിഫ്റ്റ്‌, ഹ്യൂണ്ടായി സാന്ട്രോ, മഹേന്ദ്ര സ്കോര്‍പിയോ, ടൊയോട്ട ലക്സസ് തുടങ്ങിയ കാറുകള്‍ വാങ്ങുമ്പോള്‍ പാര്‍ട്ടിയെ അറിയിക്കമെന്നില്ല. നാനോ പോലുള്ള ഗുജറാത്തില്‍ നിര്‍മിക്കുന്ന കാറുകള്‍ വാങ്ങുമ്പോള്‍ പോളിറ്റ് ബ്യൂറോയുടെ അനുമതി വാങ്ങണം.

മൂന്ന്) പാര്‍ട്ടി അംഗങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ സമ്മാനങ്ങള്‍ സ്വീകരിക്കരുത്.
പൂച്ചെണ്ട്, പൊന്നാട എന്നിവക്കാണ് ഇത് പ്രധാനമായും ബാധകമാവുക. നോട്ടുമാല, മക്കളുടെ കല്യാണത്തിന് സ്വര്‍ണ്ണവള തുടങ്ങിയ സ്നേഹോപഹാരങ്ങളും  നാല്പതു ഇഞ്ചില്‍ കൂടാത്ത പ്ലാസ്മ ടീവി, ഡബിള്‍ ഡോര്‍ റഫ്രിജറേറ്റര്‍, റിമോട്ട് ഉള്ള മുസിക്‌ സിസ്റ്റം, തുടങ്ങിയ നിത്യോപയോഗസാധനങ്ങളും പാര്‍ട്ടിയോടുള്ള സ്നേഹപ്രകടനമായിക്കണ്ട് സ്വീകരിക്കുന്നതില്‍ തെറ്റില്ല.     

നാല്) പാര്‍ട്ടി നിര്‍ദേശിച്ചിരിക്കുന്ന ലെവി കൃത്യമായി നല്‍കണം.
പാര്‍ട്ടിയെക്കൊണ്ട് പത്ത്‌ രൂപ ഉണ്ടാക്കിയാല്‍ പാര്‍ട്ടിക്ക്‌ രണ്ട് രൂപ കൊടുക്കണം എന്ന് ചുരുക്കം. ലാവ്‌ലിന്‍ പോലുള്ള ബഹുരാഷ്ട്രകുത്തകകളുടെ കയ്യില്‍ നിന്നും കിട്ടുന്ന പണമാണെങ്കില്‍ കാന്‍സര്‍, പിള്ളവാതം, തുടങ്ങിയ വകുപ്പില്‍ കണക്കെഴുതി ഒരു റസിപ്റ്റ്‌ സൂക്ഷിച്ചു വെക്കുന്നത് എപ്പോഴും നല്ലതാണ്, ഭാവിയില്‍ ഉപകാരപ്പെടും.  

അഞ്ച്) പണപ്പിരിവ് പാര്‍ട്ടിയുടെ അനുമതി വാങ്ങി മാത്രമേ നടത്താവൂ.
ബക്കറ്റ് പിരിവിന് ഈ നിയമം ബാധകമല്ല. ഒരു ബക്കറ്റില്‍ പത്തു ലക്ഷത്തില്‍ കൂടുതല്‍ പിരിക്കരുത്. ഒമ്പത് ലക്ഷം ആവുമ്പോഴേക്ക് തന്നെ ബക്കറ്റ് മാറ്റുന്നതാണ് നല്ലത്.

ആറു) ലളിത ജീവിതം നയിക്കണം.
സഖാവ് സ്റ്റാലിന്‍, ക്രൂഷ്ചേവ് തുടങ്ങി മാര്‍ട്ടിയാഗോ മാര്‍ട്ടിന്‍ വരെയുള്ള ശുദ്ധ സഖാക്കള്‍ നയിച്ചത് പോലുള്ള ലളിത ജീവിതമായിരിക്കണം നയിക്കേണ്ടത്. ഒരു നിവൃത്തിയും ഇല്ലെങ്കില്‍ മാത്രമേ കുട്ടികളെ സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിപ്പിക്കാവൂ. അവരെ ദുഫായിയിലെ ഏതെങ്കിലും കുത്തക കമ്പനിയില്‍ സി ഇ ഒ ആക്കുവാന്‍ പരമാവധി ശ്രമിക്കണം. വയനാട്ടിലേക്കുള്ള യാത്രയില്‍ സീരിയല്‍ നടിമാര്‍ കൂടെയുണ്ടെങ്കില്‍ മഞ്ചേരി വഴി പോകരുത്. കോണ്‍ഗ്രസ്സുകാര്‍ കാണിക്കുന്ന വിവരക്കേട് പാര്‍ട്ടിക്കാര്‍ കാണിക്കരുത്. എപ്പോഴും ലളിത ജീവിതം നയിക്കണം.    

ഈ ആറിന നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്ന മുറക്ക് അടുത്ത പന്ത്രണ്ടിന നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതാണ്. ലാല്‍ സലാം..