മുരളിക്ക് വേണ്ടി ഒരു എസ് എം എസ്

കെ മുരളീധരന്റെ പോസ്റ്റിലേക്ക് കെ പി സി സി ഇന്ന് വീണ്ടും ഗോളടിച്ചിരിക്കുകയാണ്. ഞാനടക്കമുള്ള മുരളിയുടെ കോടിക്കണക്കിന് വരുന്ന അനുയായികളെ കണ്ണീരിലാഴ്ത്തിയുള്ള ഈ ഗോളടി അന്തസ്സുള്ള കളിക്കാര്‍ക്ക്‌ പറഞ്ഞതല്ല. ആളിക്കത്തുന്ന എന്റെ പ്രതിഷേധം അല്പം ഒന്ന് തണുപ്പിക്കുന്നതിന് വേണ്ടി മുരളിയെ ആര്‍ക്കാണ് പേടി? എന്ന എന്റെ പോസ്റ്റ് ഞാന്‍ വീണ്ടും പോസ്റ്റുകയാണ്. നേരത്തെ വായിച്ചവര്‍ മുരളിക്ക് പിന്തുണ പ്രഖ്യാപിച്ചു ഇത് വീണ്ടും വീണ്ടും വായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അദ്ദേഹത്തിനു വേണ്ടി കഴിയുന്നത്ര എസ് എം എസ് അയക്കാനും മറക്കരുത്.. ഫോര്‍മാറ്റ്.. മുരളി സ്പേസ് കെ പി സി സി സ്പേസ് സ്പേസ്ഷട്ടില്‍ സ്പേസ് ശൂന്യാകാശം സ്പേസ്.. യെസ് ഓര്‍ നോ. ചെയ്യുന്നവര്‍ പെട്ടെന്ന് ചെയ്യണം. എന്തേലും സംഭവിച്ച ശേഷം ചെയ്തിട്ട് കാര്യമില്ല.

മുരളിയെ ആര്‍ക്കാണ് പേടി?
Posted on Nov 29, 2009

ഞാന്‍ കൂറുമാറി മുരളിയുടെ കൂടെ കൂടാന്‍ പോവുകയാണ്. ഒരാളെയിട്ട് കുരങ്ങു കളിപ്പിക്കുന്നതിനും ഒരു പരിധിയൊക്കെയുണ്ട്. സംഗതി കരുണാകരന്റെ മകനായിപ്പോയി, നാവില്‍ അല്പം ഗുളികന്റെ കളിയുണ്ട്, വേണ്ടാത്തത് വേണ്ട സമയത്ത് പറയും, വേണ്ടത് വേണ്ടാത്ത സമയത്ത് ചെയ്യും, ഇരിക്കുന്ന കൊമ്പല്ല മരം തന്നെ മുറിക്കും, കാലു പിടിക്കുന്നവന്റെ തോളില്‍ കയറും, തോളില്‍ കയറുന്നവന്റെ കാലു പിടിക്കും ... ഇതെക്കെയാണെങ്കിലും ഒരു മനുഷ്യനെയിട്ട് ഇങ്ങനെ കുരങ്ങു കളിപ്പിക്കുന്നത് കണ്ടു സഹിക്കാന്‍ കഴിയുന്നില്ല.

കെപീസീസി പ്രസിഡണ്ടായിരുന്ന ആള്‍ക്ക് മൂന്നു രൂപയുടെ മെംബെര്‍ഷിപ്‌ കൊടുക്കില്ല എന്ന് പറയുന്നത് ആയിരം തെങ്ങുള്ള നായര്‍ക്കു പല്ല് കുത്താന്‍ ഈര്‍ക്കിലി കൊടുക്കില്ല എന്ന് പറയുന്ന പോലെയാണ്.
കോണ്‍ഗ്രസ്സിലെ എല്ലാവരും മുരളിയെ ഇങ്ങനെ പേടിക്കാനെന്താണ് കാരണം? കയ്യിരുപ്പ് തന്നെ എന്ന് ഒറ്റവാക്കില്‍ ഞാനും നിങ്ങളും ഉത്തരം പറയും. പക്ഷെ അതിനപ്പുറവും ചിലതില്ലേ..

കാണ്ഗ്രസ്സുകാര് മെമ്പര്‍ഷിപ്പ് കൊടുത്തിട്ടുള്ള എല്ലാവരും പത്തര മാറ്റ് തങ്കമാണോ?. മുരളിയെ കടത്തി വെട്ടുന്ന വേന്ദ്രമാരൊക്കെ ആ പാര്ട്ടിയിലില്ലേ, ആ പാവത്തെ കുളത്തില്‍ ഇറക്കിയ അപ്പന്മാരും അളിയന്മാരും കെപീസീസിയുടെ കാറില്‍ കറങ്ങുന്നില്ലേ. ഗ്രൂപ്പ് കളിച്ചത് മുരളി മാത്രമാണോ? ഗ്രൂപ്പിന്റെ തലതൊട്ടപ്പന്‍ കേന്ദ്രത്തില്‍ മന്ത്രിയല്ലേ. സോണിയാ മാഡത്തിന്റെ തൊട്ടടുത്ത ചെയറിലല്ലേ പുള്ളി ഇരുന്നു വിലസുന്നത്. കേന്ദ്രത്തിലെ മറ്റേ പുള്ളിയും ഗ്രൂപ്പ് കളിച്ചു വളര്‍ന്നതല്ലേ. ഗ്രൂപ്പ്കളി മൂത്ത് ഉടുമുണ്ട് വരെ ഊരിപ്പോയ വീരശൂര പരാക്രമികള്‍ മാധ്യമങ്ങളില്‍ കോണ്‍ഗ്രസ്‌ വാക്താക്കളായി വിലസുന്നില്ലേ ..ഇവര്‍ക്കൊക്കെയും മെംബെര്‍ഷിപ്‌ കൊടുക്കാമെങ്കില്‍ മുരളിക്ക് മാത്രമെന്തേ അത് കൊടുത്തു കൂടാത്തത്?.

അവിടെയാണ് സംഗതിയുടെ യഥാര്‍ത്ഥ 'സംഗതി' കിടക്കുന്നത്. കോണ്‍ഗ്രസ്സിന്റെ തലപ്പത്തിരിക്കുന്ന സകല നേതാക്കള്‍ക്കും പേടി മുരളിയെന്ന വ്യക്തിയെയല്ല, തങ്ങള്‍ ഇരിക്കുന്ന കസേരകളെയാണ്. അതായത് മുരളിയിലെ ലീഡറെയാണ്. നാവിന്‍ തുമ്പത്തെ വികട സരസ്വതിയെ മാറ്റി നിര്‍ത്തിയാല്‍ മുരളിയെപ്പോലെ ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുന്ന ഒരു നേതാവ് ഇന്ന് കോണ്‍ഗ്രസില്‍ ഉണ്ടോ?. മുരളിയെത്തിയാല്‍ ആദ്യം തെറിക്കുന്ന സീറ്റ് കെ പി സീ സി പ്രസിഡണ്ടിന്റെത് ആയിരിക്കുമെന്ന് ഭയപ്പെടുന്നത് കൊണ്ടാണ് മുരളിയെക്കാണുമ്പോള്‍ ചെന്നിത്തല തല വെട്ടിച്ച് കളിക്കുന്നത്. മുരളിയെത്തിക്കഴിഞ്ഞാല്‍, ശ്വാസം വിടാതെ നാല് വാക്ക് സംസാരിക്കാന്‍ കഴിയാത്ത ഉമ്മന്‍ ചാണ്ടിയുടെ അടുത്ത് ഏതെങ്കിലും ടീ വീ ക്കാരന്‍ പോകുമോ?. അബദ്ധത്തില്‍ മുരളിയെ ഒന്ന് സപ്പോര്‍ട്ട് ചെയ്തതിനു മുല്ലപ്പള്ളിയണ്ണന്റെ മെക്കിട്ടു കയറേണ്ടതുണ്ടോ ?

ഇത്തരം (തല തിരിഞ്ഞ) ചിന്തകളാണ് എന്നെ മുരളിയിലേക്ക് അടുപ്പിക്കുന്നത്. പഴയ പ്രേംനസീര്‍ സിനിമകളിലെ ഭിക്ഷക്കാരെപ്പോലെ മുരളിയേട്ടന്‍ ആറേഴു മാസമായി ഒരു മെംബെര്‍ഷിപ്പിന് വേണ്ടി കരഞ്ഞു നടക്കുന്നു. എങ്ങനെ കഴിഞ്ഞിരുന്ന ആളാണ്‌?. ഒരിക്കല്‍ ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഞാന്‍ നില്‍ക്കുമ്പോള്‍ മുരളിയണ്ണനുണ്ട് വണ്ടിയില്‍ നിന്ന് ഇറങ്ങുന്നു. ചുറ്റും മുദ്രാവാക്യവുമായി കോണ്‍ഗ്രസ്സുകാരുടെ പട. പൂമാലയും ഷാള് പുതപ്പിക്കലും ബഹളത്തോട് ബഹളം. ജനങ്ങളെയൊക്കെ വകഞ്ഞ് മാറ്റി മുരളിയണ്ണന്‍ പുറത്തേക്കു പോകാന്‍ നില്‍ക്കുമ്പോള്‍ യൂനിഫോമിലുള്ള ഒരു റെയില്‍വേ പോലീസുകാരന്‍ മുന്നോട്ടു വന്നു. എന്നിട്ടൊരു സല്യൂട്ട്.. ഹോ.. എന്റെ ജീവിതത്തില്‍ ഇതുപോലൊരു സല്യൂട്ട് ഞാന്‍ കണ്ടിട്ടില്ല. അത്ര പവര്‍ ഉണ്ടായിരുന്നു അതിന് . പ്ലാറ്റ്ഫോമിലെ കല്ലുകളൊക്കെ ഇളകി പോകുന്ന മട്ടിലായിരുന്നു അയാള്‍ അറ്റെന്‍ഷന്‍ എടുത്തത്. ആ സല്യൂട്ട് ഓര്‍ക്കുമ്പോള്‍ ഇന്നും എനിക്ക് രോമാഞ്ചം വരുന്നു. അതൊക്കെ അന്തകാലം. ഇന്ന് സല്യൂട്ട് പോയിട്ട് ഒന്ന് ചിരിക്കാന്‍ പോലും ആളില്ലാത്ത അവസ്ഥ. ജ്ഞാനപ്പാനയിലെ ആ പഴയ വരികളുടെ അര്ത്ഥം ഇപ്പോഴാണ് ശരിക്കും മനസ്സിലായത്‌.

മുരളിയെ പേടിച്ചു ഓടിക്കളിക്കുന്ന രമേശ്‌ജിയോടും ചാണ്ടി സാറിനോടും പറയാനുള്ളതും അതെ വരികള്‍ തന്നെയാണ്.

കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ
കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍
രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍
മാളിക മുകളേറിയമന്നന്റെ
തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍
എണ്ണിയെണ്ണിക്കുറയുന്നിതാ‍യുസ്സും
മണ്ടി മണ്ടിക്കരേറുന്നു മോഹവും
കൂടിയല്ലാ പിറക്കുന്ന നേരത്തും
കൂടിയല്ലാ മരിക്കുന്ന നേരത്തും
മധ്യേയിങ്ങനെ കാണുന്ന നേരത്തു
മത്സരിക്കുന്നതെന്തിനു നാം വൃഥാ..