May 29, 2011

അതിരൂപിന്റെ സൈക്കിളുകള്‍ നമ്മോട് പറയുന്നത്

അതിരൂപിനെ പരിചയപ്പെടുത്താനാണ് ഈ പോസ്റ്റ്‌. കാനേഷുമാരി ഐഡന്റിറ്റിയില്‍ നിന്ന് ഒരാള്‍ക്ക് മോചനം ലഭിക്കുന്നത് അയാള്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുമ്പോഴാണ്. സമൂഹത്തില്‍ ഒരു ചലനവും ഉണ്ടാക്കാതെ ജീവിച്ചു പോകുമ്പോള്‍ ജനസംഖ്യാ  കണക്കുപുസ്തകത്തിലെ ഒരക്കം മാത്രമായി നമ്മള്‍ മാറും. ഒഴുക്കിനൊത്ത് നീന്തുന്ന ബഹുഭൂരിപക്ഷത്തിനിടയില്‍ അതിരൂപ് നൂറ്റൊന്നു ശതമാനം വ്യത്യസ്തനാണ്. നാം ജീവിക്കുന്ന ചുറ്റുപാടിനോടും പ്രകൃതിയോടും നമ്മുടെ തന്നെ ആരോഗ്യത്തോടും അല്പം ചങ്ങാത്തം കൂടുന്ന ഇക്കോ ഫ്രണ്ട് ലി ആയ ഒരു പ്രൊജക്റ്റുമായാണ് ഈ ചെറുപ്പക്കാരന്‍ നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്. എ ബി സി അഥവാ 'അതിരൂപ് ബൈസിക്കിള്‍ ക്ലബ്ബ്'. ഒരു ബൈസിക്കിള്‍ ക്ലബ്ബില്‍ പുതുമയെന്തെന്ന് ചോദിക്കും. ഉണ്ട് അല്പം പുതുമയുണ്ട്

May 25, 2011

വി എസ്, ഇതും കോപ്പിയടിയാണോ?

മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയുടെ റിസള്‍ട്ട് ഇന്നലെ പ്രഖ്യാപിച്ചപ്പോള്‍ ഞാനെന്റെ ഫേസ്ബുക്ക് സ്റ്റാറ്റസില്‍ ഇങ്ങനെ എഴുതി. "എന്‍ട്രന്‍സ് റാങ്ക് മലപ്പുറത്ത്. വി എസ്സിന് വീണ്ടും തിരിച്ചടി :)" . ഫേസ്ബുക്കില്‍ ലഭിച്ച പ്രതികരണങ്ങളോടൊപ്പം എനിക്കൊരു ഇമെയിലും ലഭിച്ചു.  "ഈ വിജയത്തില്‍ അഭിമാനിക്കുന്നതിനു പകരം വി എസ്സിനെ ഇതിലേക്ക് വലിച്ചിഴച്ചത് എന്തിനാണ്?  താങ്കളില്‍ നിന്ന് ഇങ്ങനെയൊരു പ്രതികരണം ഒരിക്കലും പ്രതീക്ഷിച്ചില്ല" എന്റെ ബ്ലോഗുകള്‍ സ്ഥിരമായി വായിക്കാറുള്ള ഒരു സുഹൃത്തിന്റെതായിരുന്നു ഇമെയില്‍. ശരിയാണ്. മലപ്പുറം ജില്ലയിലെ ഒരു വിദ്യാര്‍ത്ഥിക്ക് റാങ്ക് ലഭിച്ചപ്പോള്‍  വീ എസ്സിന്റെ  മേക്കിട്ട് കയറുന്നത് എന്തിനാണ് എന്ന അദ്ദേഹത്തിന്‍റെ ചോദ്യം വളരെ പ്രസക്തമാണ്. പലപ്പോഴും നിഷ്പക്ഷമായ അഭിപ്രായങ്ങള്‍ ഇമെയില്‍ വഴി അറിയിക്കാറുള്ള ആ സുഹൃത്തിനുള്ള പ്രതികരണം കൂടിയാണ് ഈ പോസ്റ്റ്.

തന്റെ സുദീര്‍ഘമായ രാഷ്ട്രീയ ജീവിതത്തിനിടയില്‍ വി എസ് പല വിവാദ പ്രസ്താവനകളും നടത്തിയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രകോപനപരമായ ഒന്നായിരുന്നു മലപ്പുറം ജില്ലയിലെ കുട്ടികള്‍ കോപ്പിയടിച്ചാണ് ഉന്നത വിജയം നേടുന്നത് എന്നത്.  മലപ്പുറം ജില്ലയിലെ ഓരോ രക്ഷിതാവിന്റെയും  വിദ്യാര്‍ത്ഥിയുടെയും ആത്മാഭിമാനത്തിന് മേല്‍ ഒരു രാഷ്ട്രീയനേതാവ് നാളിതുവരെ നടത്തിയ ഏറ്റവും വലിയ കടന്നാക്രമണമായിരുന്നു അത്. പട്ടിണി കിടന്നാലും കുട്ടികളുടെ പഠനത്തിന് ഒരു കുറവും വരുത്താന്‍ തയ്യാറാകാത്ത രക്ഷിതാക്കളുടെ മുഖത്തടിക്കുന്ന ഒരു പ്രസ്താവം. കടുത്ത ജീവിത സാഹചര്യങ്ങളോട് മല്ലിട്ടും പ്രയാസങ്ങളെ അതിജീവിച്ചും ഉറക്കമൊഴിച്ചു പഠിക്കുന്ന ഈ ജില്ലയിലെ പതിനായിരക്കണക്കിനു വിദ്യാര്‍ത്ഥികളുടെ  മനസ്സിനെ വല്ലാതെ മുറിവേല്പിച്ച പ്രസ്താവം. വിവിധ മതക്കാരും രാഷ്ട്രീയ വിശ്വാസക്കാരുമായ സകലരും അതിനെതിരെ പ്രതിഷേധിച്ചു. പക്ഷെ വി എസ് തന്റെ പ്രസ്താവന തിരുത്താന്‍ തയ്യാറായില്ല. പേരിന് ഒരു ഖേദപ്രകടനം പോലും നടത്തിയില്ല.   അതുകൊണ്ട് തന്നെ ജില്ലയില്‍ നിന്നുള്ള മിടുക്കന്മാരും മിടുക്കികളും ഉന്നത വിജയങ്ങള്‍ നേടുമ്പോള്‍ വീ എസ്സിനെ ആരെങ്കിലും ഓര്‍ത്ത്‌ പോകുന്നുവെങ്കില്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല.മലപ്പുറത്തെ കുട്ടികള്‍ക്ക് ഒരു ചരിത്രമുണ്ട്. വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നിന്ന പതിറ്റാണ്ടുകളുടെ ചരിത്രം. അതിനു മതപരവും സാമൂഹ്യവുമായ ഒട്ടേറെ കാരണങ്ങള്‍ ഉണ്ടായിരുന്നു. മത പൗരോഹിത്യത്തിന്റെ തെറ്റായ നിലപാടുകള്‍ ഉണ്ടായിരുന്നു. കാലത്തിന്റെ പ്രയാണത്തില്‍ അവയെയൊക്കെ അതിജയിച്ചാണ് 'വെള്ളം കോരികളും വിറകു വെട്ടികളുമായ' ഒരു സമൂഹം മുഖ്യധാരയിലേക്ക് കടന്നു വന്നത്. അതൊരു നവോത്ഥാനത്തിന്റെ ചരിത്രം കൂടിയാണ്. നവോത്ഥാനത്തിന്റെ വഴിയടയാളങ്ങള്‍  തുടരെത്തുടരെ കണ്ടപ്പോള്‍ ഉള്ളില്‍ ദഹിക്കാതെ കിടന്ന ചിലത് ഒരു പ്രസ്താവനയിലൂടെ അറിയാതെ പുറത്ത് വന്നതാകാം.  മലപ്പുറം ജില്ല ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ പൊതു സ്വത്തല്ല. അതുകൊണ്ട് തന്നെ ഏത് മതത്തില്‍ പെട്ടതായാലും വേണ്ടില്ല, ഈ ജില്ലയില്‍ നിന്നൊരു കുഞ്ഞ് വിജയിച്ചു വരുമ്പോള്‍ അതീ ജില്ലയുടെ മൊത്തം അഭിമാനമാകും. മതത്തിന്റെയോ ജാതിയുടെയോ മുഖമല്ല, മറിച്ച് പിന്നോക്കാവസ്ഥയെ പൊരുതി ജയിക്കുന്ന നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്താണ് അതിനുള്ളത്.  മലപ്പുറം ഒതുക്കുങ്ങല്‍ ഗ്രാമത്തിലെ ഇര്‍ഫാന്‍ എന്ന കൊച്ചു പയ്യന്‍ ഇന്നലെ രചിച്ച ചരിത്രവും മറ്റൊന്നല്ല.

ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്ന രാഷ്ട്രീയ നേതാക്കന്മാര്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് വളരെ സൂക്ഷിച്ചു വേണം. കാലമെത്ര കഴിഞ്ഞാലും അവ ഉണ്ടാക്കിയ മുറിവുകള്‍ ഉണങ്ങില്ല. വീ എസ്സിന് മറുപടി കൊടുത്ത് കൊണ്ട് മലപ്പുറം ജില്ലയില്‍ നിന്നുള്ള മിടുക്കന്മാരും മിടുക്കികളും ഇനിയും ഉന്നത വിജയങ്ങള്‍ നേടിയെന്നിരിക്കും. അപ്പോഴെക്കെയും മറവി രോഗം ബാധിച്ചിട്ടില്ലാത്തവര്‍ വിഷം വമിച്ച ആ പ്രസ്താവനയെ ഓര്‍ത്തെന്നുമിരിക്കും. അത് സങ്കുചിതമായ ഏതെങ്കിലും ചിന്തയുടെ ഫലമായിട്ടല്ല. പിറന്നു വീണ പ്രദേശത്തോടും ആ മണ്ണിനോടും ഉണ്ടാകുന്ന സഹജമായ സ്നേഹത്തിന്റെ പ്രതിഫലനം മാത്രമാണ്!. മലപ്പുറം ജില്ലക്കരനായ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിന്റെ ആദ്യ പത്രസമ്മേളനം തന്നെ ഇത്തരമൊരു വാര്‍ത്ത പ്രഖ്യാപിക്കാന്‍ വേണ്ടിയായത്‌ തികഞ്ഞ യാദൃശ്ചികത ആണെങ്കിലും വി എസ്സിന്റെ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ അതിനൊരു ചരിത്രപരതയുണ്ട് എന്ന് പറയാതെ വയ്യ. 

ചെറുതെങ്കിലും കാലിക്കറ്റ് യൂനി
വേഴ്സിറ്റിയില്‍ നിന്ന് രണ്ടു റാങ്കുകള്‍ എനിക്കും കിട്ടിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ വൈദ്യുതി എത്താതിരുന്ന ഒരു കുഗ്രാമത്തിലെ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ പഠിച്ചാണ് അന്ന് അത് ലഭിച്ചത്. കോപ്പിയടിച്ചാണ് ഈ ജില്ലയിലെ കുട്ടികള്‍ വിജയിക്കുന്നത് എന്ന് സഖാവ് പറഞ്ഞപ്പോള്‍  എനിക്കത് കൂടുതല്‍ നൊന്തു എന്ന് കൂടി പറയട്ടെ. വിഎസ്സിനെ ഈ വിജയത്തിലേക്ക് എന്തിനു വലിച്ചിഴച്ചു എന്ന് ചോദിച്ച സുഹൃത്തിനുള്ള മറുപടിക്ക് എനിക്കൊരു വ്യക്തിപരമായ അനുഭവതലം കൂടിയുണ്ട് എന്ന് സൂചിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഇതിവിടെ എഴുതിയത്.

Related Posts:  വിവരക്കേടിന് ഒരതിരുണ്ട്‌    

May 22, 2011

മുരളി ഔട്ട്‌ ! കൊച്ചുണ്ണി ഇന്‍ !!

കോണ്‍ഗ്രസ്‌ മുടിഞ്ഞ ഫോമിലാണ്. എല്ലാം നമ്മള്‍ പ്രതീക്ഷിച്ച പോലെ മുന്നോട്ട് നീങ്ങുന്നുണ്ട്!. ഉമ്മന്‍ചാണ്ടി പുറത്തു വിട്ട മന്ത്രിമാരുടെ ലിസ്റ്റ് കണ്ടപ്പോള്‍ ഇലക്ഷന്‍ റിസള്‍ട്ടിന്റെ പോസ്റ്റില്‍ എഴുതിയ വരികള്‍ തന്നെയാണ് എന്റെ മനസ്സില്‍ വീണ്ടും എത്തിയത്. കോണ്‍ഗ്രസ്‌ എത്ര നന്നായാലും അതിനൊരു പരിധിയുണ്ട്. അതിനപ്പുറത്തേക്ക് നന്നാവാന്‍ അവര്‍ക്ക് സാധിക്കില്ല. കോണ്‍ഗ്രസ്‌ നേതാക്കളുടെ നിയമസഭക്കകത്തും പുറത്തുമുള്ള കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പ്രകടനം വിലയിരുത്തിയാല്‍ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കേണ്ട ആദ്യത്തെ പേര് വി ഡി സതീശന്റേതായിരുന്നു.

May 21, 2011

ബിന്‍ലാദിന്‍ : മിത്തും യാഥാര്‍ത്ഥ്യവും

ഉസാമ ബിന്‍ലാദിന്റെ മരണം സൃഷ്ടിച്ച വൈകാരിക പ്രതികരണങ്ങള്‍ ഏതാണ്ട് കെട്ടടങ്ങിയിട്ടുണ്ട്. അയാളെ പിടികൂടി വധിച്ചതിനെക്കുറിച്ച അമേരിക്കന്‍ ഭാഷ്യത്തിന്റെ വിശ്വാസ്യതയും ശരിതെറ്റുകളും ചികയുന്നതിനേക്കാള്‍ ലോക സമാധാനത്തിന് ഈ വാര്‍ത്ത എന്ത് സംഭാവന നല്‍കുന്നു എന്ന് ചിന്തിക്കുന്നതായിരിക്കും ഉചിതം. അധിനിവേശങ്ങളും യുദ്ധങ്ങളും ഏറെകണ്ട കഴിഞ്ഞ നൂറ്റാണ്ടിന്റെ രാഷ്ട്രീയ പരിസരത്തു നിന്ന് നോക്കിയാല്‍ സെപ്തംബര്‍ പതിനൊന്ന് വര്‍ത്തമാനകാല ചരിത്ര ഗതിയെ നിര്‍ണായകമായി സ്വാധീനിച്ച ഒരു സംഭവമാണ് എന്ന് കാണാം.

May 19, 2011

മനോരമയോ അതോ ഏഷ്യാനെറ്റോ മുന്നില്‍ ?

ഒരു പാവം നായരായ രമേശ്‌ ചെന്നിത്തലയെ സാക്ഷി നിര്‍ത്തി മുഖ്യമന്ത്രിയായി ഉമ്മന്‍ ചാണ്ടി സത്യപ്രതിജ്ഞ ചെയ്തു. വി എസ്സിനെ സാക്ഷിയാക്കി കുഞ്ഞാലിക്കുട്ടിയും പി സി ജോര്‍ജിനെ സാക്ഷിയാക്കി മാണിസാറും പ്രതിജ്ഞ ചൊല്ലി. യു ഡി എഫിനെ നയിക്കുന്ന ഈ മൂന്ന് പേര്‍ക്കും എന്റെ ആശംസകള്‍ . ഇന്നത്തെ വിഷയം ഇതൊന്നുമല്ല. നല്ലൊരു കാര്യത്തിന് പുറപ്പെടുന്നതല്ലേ ഒരു ആശംസ കിടന്നോട്ടെ എന്ന് കരുതി കൊടുത്തതാണ്. തിരഞ്ഞെടുപ്പ് റിസള്‍ട്ട്‌ പുറത്തു വന്ന ദിവസം കൂടുതല്‍ പ്രേക്ഷകര്‍ കണ്ടത് മനോരമ ന്യൂസ്‌ ആണോ അതോ ഏഷ്യാനെറ്റ് ആണോ എന്നതാണ് നമുക്കറിയേണ്ടത്. ഏഷ്യാനെറ്റ്‌ പറയുന്നു അവരുടെ ചാനലാണ്‌ കൂടുതല്‍ പേര്‍ കണ്ടതെന്ന്. മനോരമ പറയുന്നു അവരുടെതാണെന്ന്. രണ്ടു കൂട്ടരും കണക്കുകളും തെളിവുകളും ഗ്രാഫുകളും കാണിച്ചു കൊണ്ടാണ് ഇന്നലെ കസര്‍ത്ത് നടത്തിയത്.

May 17, 2011

വള്ളിക്കുന്നില്‍ നിന്നൊരു ലിറ്റില്‍ മാസ്റ്റര്‍

എന്റെ ഗ്രാമത്തിലെ ഏഴു വയസ്സുകാരനായ ഒരു കൊച്ചുപയ്യന്‍ ലോക ശ്രദ്ധ പിടിച്ചടക്കുകയാണ്. ഞാനായിട്ട് വല്ലതും എഴുതിയാല്‍ വിശ്വസിക്കാന്‍ ഇച്ചിരി വിഷമം ചിലര്‍ക്കെങ്കിലും ഉണ്ടാവും.  അതുകൊണ്ട് എന്റെ വക കൂട്ടലും കുറയ്ക്കലും ഒന്നും ഇല്ലാതെ ഇന്നലെ മംഗളം പത്രത്തില്‍ എ. ജയേഷ്‌ കുമാര്‍ എഴുതിയ സ്റ്റോറി ഞാന്‍ അപ്പടി കട്ട്‌ & പേസ്റ്റ് ചെയ്യുന്നു.
"സച്ചിനെ മറികടക്കാന്‍ 'ലിറ്റില്‍' മാസ്‌റ്റര്‍ '
ഇവന്‍ ലോകക്രിക്കറ്റിലെ സകല ബാറ്റിംഗ്‌ റെക്കോഡുകളും തകര്‍ക്കും, ഉറപ്പ്‌' - മുന്‍ വെസ്‌റ്റിന്‍ഡീസ്‌ ക്രിക്കറ്റ്‌ ടീം ക്യാപ്‌റ്റന്‍ റിച്ചി റിച്ചാഡ്‌സണ്‍ ഇങ്ങനെ പറഞ്ഞതു സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറെ ഉദ്ദേശിച്ചാണെന്നു ധരിച്ചാല്‍ തെറ്റി.

May 16, 2011

താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍

കുതിരവട്ടം പപ്പുവിന്റെ പ്രസിദ്ധമായ ഒരു ഡയലോഗ് ഉണ്ട്. "താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍  താന്‍ എന്നോട് ചോദിക്ക് താനാരാണെന്നും ഞാന്‍ ആരാണെന്നും. അപ്പോള്‍ തനിക്കു ഞാന്‍ പറഞ്ഞു തരാം ഞാനാരാണെന്നും താനാരാണെന്നും  ".  മുഖ്യമന്ത്രി ആരായിരിക്കും എന്ന് പ്രഖ്യാപിച്ച ശേഷം രമേശ്‌ ചെന്നിത്തല ഇന്നലെ ഉമ്മന്‍ ചാണ്ടിക്ക് കൈ കൊടുക്കുമ്പോള്‍ എന്റെ മനസ്സില്‍ ഈ ഡയലോഗാണ്‌ ചാടിക്കേറി വന്നത്. രമേശിന്റെ കൈ പിടിച്ചു കുലുക്കിയ ശേഷം ചാണ്ടിയച്ചായന്‍ എന്തോ പിറുപിറുക്കുന്നതായി എനിക്ക് തോന്നി. അതീ ഡയലോഗ് ആയിരിക്കുമോ?

ജസ്റ്റ് വെയിറ്റ്, മരിച്ചു കഴിഞ്ഞിട്ട് ആഘോഷിക്കാം.

'കഞ്ഞി കൊടുക്കാതെ കൊന്നിട്ട് പാല്‍പായസം തലയിലൊഴിച്ചു കൊടുക്കുക' എന്നൊരു ചൊല്ലുണ്ട്. വലിയ അര്‍ത്ഥതലങ്ങളുള്ള ഒരു ചൊല്ലാണിത്. ചത്തു കഴിഞ്ഞിട്ടാണ് പലരെപ്പറ്റിയും നമ്മള്‍ നല്ല നാല് വാക്ക്  കേള്‍ക്കാറുള്ളത്.  അതുവരെ അങ്ങനെയൊരാള്‍ ജീവിച്ചിരിപ്പുള്ളതായി അറിയാമെന്നല്ലാതെ വലുതായൊന്നും  കേട്ടിട്ടുണ്ടാവില്ല. മൂക്കില്‍ പഞ്ഞി വെച്ചു എന്ന് കേട്ടാലുടന്‍ അയാളെക്കുറിച്ചുള്ള നല്ല വിവരങ്ങള്‍ ഒന്നൊന്നായി പുറത്തു വരാന്‍ തുടങ്ങും. ഫ്ലാഷ് ന്യൂസ്‌. മത്തങ്ങ ഹെഡ് ലൈന്‍. ചാനല്‍ ചര്‍ച്ചകള്‍ , മുഖപ്രസംഗങ്ങള്‍ . മനുഷ്യരാശിക്ക് ചെയ്ത നേട്ടങ്ങള്‍ , മരണം വരുത്തിയ സാമൂഹ്യ നഷ്ടം. ഓര്‍മ്മക്കുറിപ്പുകള്‍‍ ..വീരകഥകള്‍ , ഇതിഹാസങ്ങള്‍ ..എല്ലാം ലൈവോട് ലൈവ്.. അവസാനം കുഴിയിലേക്ക് വെക്കുമ്പോള്‍ പതിനാറു ആചാരവെടി ആകാശത്തേക്ക്..

May 13, 2011

തുറുപ്പുഗുലാന്‍ കുഞ്ഞാലിക്കുട്ടി

അറുപത്തിയെട്ട് - എഴുപത്തിരണ്ട്. എല്ലാം പ്രവചനങ്ങളും അടുപ്പിലായി . ത്രിശങ്കു നിയമസഭ. ലഡ്ഡു പോയിട്ട് ആരുടെ മനസ്സിലും ഒരു ലോസ്സഞ്ചര്‍ മിഠായി പോലും പൊട്ടിയില്ല. ഹോ, എന്തെല്ലാം പുകിലായിരുന്നു. വി എസ് തരംഗം, ഭരണ വിരുദ്ധ വികാരം, പൂജപ്പുര ജയില്‍, ഐസ് ക്രീമിന്റെ കമ്പ്.. ഒലക്കേടെ മൂട്.. എന്നിട്ടിപ്പോ ദാ കിടക്കുന്നു. ഇരുമുന്നണികളും.. പാണ്ടി ലോറി കയറിയ മരത്തവളകളെപ്പോലെ. കിട്ടേണ്ടവര്‍ക്കെല്ലാം കിട്ടേണ്ടത് കിട്ടി എന്ന് തന്നെയാണ് എന്റെ വിശ്വാസം. കോണ്‍ഗ്രസ്സുകാര്‍ക്കും കിട്ടി. സഖാക്കള്‍ക്കും കിട്ടി. ഇനി വേണ്ടത് തരംഗം സൃഷ്ടിച്ച 'മാമന്മാര്‍ക്കെല്ലാം' ശരിക്കൊരു ഉഴിച്ചില്‍ നടത്തി മലര്‍ന്നു കിടന്നു ശ്വാസം വിടാന്‍ ഒരവസരം കൊടുക്കുകയാണ്. മാത്രമല്ല അഹങ്കാരത്തിന്റെ മസില് പിടുത്തങ്ങളും ധിക്കാരത്തിന്റെ ഭാഷയും മാറ്റിയെടുക്കാന്‍ അല്പം തിരുമ്മു ചികിത്സയും നല്ലതാണ്.

May 11, 2011

'റിപ്പോര്‍ട്ടര്‍ ' എത്തി, ഇനി അര്‍മാദിക്കൂ

റിപ്പോര്‍ട്ടര്‍ ടി വി യുമായി നികേഷ് എത്തി. ഇനിയൊരു കലക്കാ കലക്കും. ട്രയല്‍ സംപ്രേഷണം തുടങ്ങി എന്നാണ് വാര്‍ത്ത. ഞാന്‍ ട്യൂണ്‍ ചെയ്തിട്ട് കിട്ടിയിട്ടില്ല. ചാനലിന്റെ പേര് വന്നു. ബാക്കിയൊന്നും വന്നില്ല. ഫ്രീക്വന്‍സി ഇതോടൊപ്പമുള്ള ചിത്രത്തിലുണ്ട്. ഇതുവരെ മാധ്യമ പ്രവര്‍ത്തകന്‍ ആയിരുന്ന നികേഷ് ഇന്ന് മുതല്‍ മാധ്യമ മുതലാളി ആയിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ടി വിയുടെ അന്‍പത്തിരണ്ടു ശതമാനം ഷെയര്‍ നികേഷിന്റെതാണ് ( ആര് കൊടുത്തതായാലും)  എന്നാണ് അറിയുന്നത്. ഒരു സാധാരണ മാധ്യമ പ്രവര്‍ത്തകന്‍ സ്വന്തം പ്രയത്നത്താല്‍ ഇത്തരമൊരു നേട്ടം കൈവരിക്കുന്നത് ഇന്ത്യയില്‍ തന്നെ ഇതാദ്യമായിരിക്കാം. 

May 10, 2011

ആര് ജയിക്കും? പണിക്കര്‍ സ്പീക്കിംഗ്.

Posted on 14 April 20  വോട്ടെല്ലാം പെട്ടിയില്‍ വീണു. ഇനി ഒരു മാസം ചന്ദനത്തിരികള്‍ വിലസും. എല്‍ ഡി എഫിനും യു ഡി എഫിനും പ്രാര്‍ഥിക്കാന്‍ വേണ്ടത്ര കാരണങ്ങള്‍ ഉണ്ട്.  ശുംഭന്മാരായ വോട്ടര്‍മാര്‍ ആരുടെ പിടലിക്കിട്ടാണ് കുത്തിയത് എന്ന് ആര്‍ക്കറിയാം?. (വോട്ടു കഴിഞ്ഞു, ഇനി അവറ്റകളെ എന്തും വിളിക്കാം.. വോട്ടറാണത്രേ , വോട്ടര്‍ .) പുറമേക്ക് എല്ലാവര്‍ക്കും ശുഭ പ്രതീക്ഷ ഉണ്ടെങ്കിലും ഓരോത്തന്റെയും നെഞ്ചിടിപ്പ് അവനും അവന്റെ ഭാര്യക്കും മാത്രമേ അറിയൂ. ഭക്ഷണത്തിനു ഓര്‍ഡര്‍ ചെയ്തു കാത്തിരിക്കുന്നവന്‍ ഹോട്ടലിലെ ടേബിളില്‍ താളം പിടിക്കുന്ന പോലെ വല്ലതും ചെയ്തുകൊണ്ടിരുന്നില്ലെങ്കില്‍ ഈ ഒരു മാസം പോയിക്കിട്ടാന്‍ വല്ലാത്ത പാടാണ്. അത് കൊണ്ടാണ് ഞാനീ പോസ്റ്റ്‌ ഇടുന്നത്. എനിക്ക് കിട്ടിയ പ്രത്യേക ഡാറ്റകള്‍ അനലൈസ് ചെയ്തതില്‍ നിന്നും റിസള്‍ട്ട് എങ്ങിനെയായിരിക്കുമെന്നതിന്റെ ഒരേകദേശ ചിത്രം ഞാന്‍ ഗണിച്ചു വെച്ചിട്ടുണ്ട്.

May 9, 2011

മമ്മൂട്ടീ, ഈ കടുംകൈ ചെയ്യരുത്

'പുരുഷ സൗന്ദര്യത്തിന്റെ ആകെത്തുക'.  മലയാളികളായ അധികമാരെക്കുറിച്ചും നല്ലത് പറഞ്ഞിട്ടില്ലാത്ത സാഹിത്യ നിരൂപകന്‍ എം കൃഷ്ണന്‍ നായര്‍ പണ്ട് മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞതാണിത്. സാഹിത്യ വാരഫലം കലാകൌമുദിയില്‍ പ്രസിദ്ധീകരിച്ചു വരുന്ന കാലത്താണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. കൃഷ്ണന്‍ നായരുടെ അതേ അഭിപ്രായം തന്നെയാണ് മമ്മൂട്ടിയെക്കുറിച്ച് എനിക്കുമുള്ളത്. പുള്ളി ഒരു മഹാ സംഭവമാണ്. യൂറോപ്പിലും അമേരിക്കയിലും മാത്രമല്ല, കാണാന്‍ കൊള്ളാവുന്നവര്‍ ഇവിടെ കേരളത്തിലുമുണ്ട്‌ എന്ന് നമുക്ക് പറയാന്‍ കഴിയുന്നത് എന്നെയും മമ്മൂട്ടിയേയും പോലുള്ള കുറച്ചാളുകളെങ്കിലും ഇവിടെ ഉള്ളത് കൊണ്ടാണ്.

May 5, 2011

ബ്രിട്ടാസിക്ക മര്‍ഡോക്കിക്ക

ഏതെങ്കിലും സമുദ്ര ജീവിയുടെ ശാസ്ത്രനാമമാണ് മുകളില്‍ എഴുതിയത് എന്ന് കരുതേണ്ട. 'വക്കാ വക്കാ ആഫ്രിക്ക' എന്നൊക്കെ പാടുന്ന പോലെ ഒരു രസത്തിന് എഴുതിയപ്പോള്‍ വന്നു പോയതാണ്‌ എന്നും കരുതേണ്ട. 'ബ്രിട്ടാസിക്ക മര്‍ഡോക്കിക്ക' എന്നത് കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരില്‍  മാത്രം കണ്ടു വരുന്ന ഒരു പുതിയ രോഗമാണ്. കേരളത്തിലെ പല പ്രമുഖരുടെയും വിചിത്ര രോഗങ്ങള്‍ കണ്ടുപിടിച്ച മുഖ്യമന്ത്രി അച്ചുതാനന്ദന്‍ തന്നെയാണ് ഈ രോഗത്തിന്റെ ലക്ഷണവും ആദ്യമായി കണ്ടുപിടിച്ചത്.  കൈരളി ചാനലിന്റെ സംവിധായകന്‍ ആയിരുന്ന ജോണ്‍ ബ്രിട്ടാസ് വിവാദ വ്യവസായി ഫാരിസ് അബൂബക്കറെ ഇന്റര്‍വ്യൂ നടത്തിയ അന്ന് തന്നെ വി എസ് പറഞ്ഞിരുന്നു ഇത് രോഗം 'ബ്രിട്ടാസിക്ക മര്‍ഡോക്കിക്ക' ആണെന്ന്!!. അന്ന് ആരും അത് വിശ്വസിച്ചില്ല. ഇപ്പോഴാണ് എല്ലാവര്‍ക്കും ഈ രോഗമെന്താണെന്ന് മനസ്സിലായത്‌. വീ എസ് ആരാ മോന്‍?

May 2, 2011

ഒസാമയില്‍ നിന്ന് പഠിക്കേണ്ടത്

ഒസാമ ബിന്‍ലാദിന്‍ കൊല്ലപ്പെട്ടു. മാനവരാശിയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഈ മരണം വഹിക്കുന്ന ചരിത്രപരമായ പങ്ക് വരും നാളുകളില്‍ വിലയിരുത്തപ്പെടും. കൊല്ലപ്പെട്ടു എന്ന വാര്‍ത്ത പുറത്തു വന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ഈ കുറിപ്പ് എഴുതുന്നത്‌. ഒരു രാഷ്ട്രത്തലവനോ താരമോ സെലിബ്രിറ്റിയോ അല്ലെങ്കിലും ഒസാമയുടെ മരണത്തിന് സമീപകാല ചരിത്രം കണ്ടിട്ടില്ലാത്ത വന്‍ വാര്‍ത്താപ്രാധാന്യം ലഭിക്കുമെന്നത്‌ തീര്‍ച്ചയാണ്. ഒസാമ കൊല്ലപ്പെട്ടതായി കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലത്തിനിടക്ക് നിരവധി വ്യാജ വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ആ മരണം സ്ഥിരീകരിച്ചത് ഇപ്പോഴാണ്. അദ്ദേഹത്തിന്റെ മൃതശരീരം അമേരിക്കന്‍ മിലിട്ടറി കൈവശപ്പെടുത്തിക്കഴിഞ്ഞു എന്ന പ്രസിഡണ്ട്‌ ഒബാമയുടെ വാക്കുകളാണ് ഈ മരണത്തെ സ്ഥിരീകരിക്കുന്നത്.

May 1, 2011

ബ്ലോഗറുടെ കപ്പല്‍ യാത്ര (ടിക്കറ്റ് ഫ്രീയാണ്)

കഴിഞ്ഞ വെള്ളിയാഴ്ച വളരെ സംഭവബഹുലമായിരുന്നു. ആര്‍ക്ക് എന്ന് ചോദിച്ചാല്‍ എനിക്കും നിങ്ങള്‍ക്കും ഏതാണ്ട് എല്ലാവര്‍ക്കും എന്ന് പറയേണ്ടി വരും. ലണ്ടനില്‍ വില്യമിന്റെയും കേറ്റിന്റെയും രാജകീയ താലികെട്ട് . ഇവിടെ നമുക്ക് എന്‍ഡോസള്‍ഫാന് വിരുദ്ധ സമരവും ഹര്‍ത്താലും. 'അവിടെ താലികെട്ട് ഇവിടെ ഓപ്പറേഷന്‍' എന്ന ഒരു ശ്രീനിവാസന്‍ ലൈനില്‍ മാധ്യമങ്ങള്‍ ലണ്ടനിലെ കല്യാണവും നമ്മുടെ ഹര്‍ത്താലും മാറി മാറി കാണിച്ചുകൊണ്ടിരുന്ന ദിവസം. വില്യമിനെക്കാള്‍ ബിസി ആയിരുന്നു വെള്ളിയാഴ്ച എനിക്ക്. കാരണം ചെങ്കടലില്‍ വെള്ളം തൊടാതെ കിടന്നു കറങ്ങുകയായിരുന്നു ഞാനന്ന്. ആദ്യമായി കപ്പല്‍ കയറിയ ദിവസം.