ജസ്റ്റ് വെയിറ്റ്, മരിച്ചു കഴിഞ്ഞിട്ട് ആഘോഷിക്കാം.

'കഞ്ഞി കൊടുക്കാതെ കൊന്നിട്ട് പാല്‍പായസം തലയിലൊഴിച്ചു കൊടുക്കുക' എന്നൊരു ചൊല്ലുണ്ട്. വലിയ അര്‍ത്ഥതലങ്ങളുള്ള ഒരു ചൊല്ലാണിത്. ചത്തു കഴിഞ്ഞിട്ടാണ് പലരെപ്പറ്റിയും നമ്മള്‍ നല്ല നാല് വാക്ക്  കേള്‍ക്കാറുള്ളത്.  അതുവരെ അങ്ങനെയൊരാള്‍ ജീവിച്ചിരിപ്പുള്ളതായി അറിയാമെന്നല്ലാതെ വലുതായൊന്നും  കേട്ടിട്ടുണ്ടാവില്ല. മൂക്കില്‍ പഞ്ഞി വെച്ചു എന്ന് കേട്ടാലുടന്‍ അയാളെക്കുറിച്ചുള്ള നല്ല വിവരങ്ങള്‍ ഒന്നൊന്നായി പുറത്തു വരാന്‍ തുടങ്ങും. ഫ്ലാഷ് ന്യൂസ്‌. മത്തങ്ങ ഹെഡ് ലൈന്‍. ചാനല്‍ ചര്‍ച്ചകള്‍ , മുഖപ്രസംഗങ്ങള്‍ . മനുഷ്യരാശിക്ക് ചെയ്ത നേട്ടങ്ങള്‍ , മരണം വരുത്തിയ സാമൂഹ്യ നഷ്ടം. ഓര്‍മ്മക്കുറിപ്പുകള്‍‍ ..വീരകഥകള്‍ , ഇതിഹാസങ്ങള്‍ ..എല്ലാം ലൈവോട് ലൈവ്.. അവസാനം കുഴിയിലേക്ക് വെക്കുമ്പോള്‍ പതിനാറു ആചാരവെടി ആകാശത്തേക്ക്..

മീഡിയ എത്തിക്സ്  'കൃത്യമായി' പാലിച്ചു കൊണ്ടിരിക്കുന്ന മുഖ്യധാരയിലെ എല്ലാ മാധ്യമങ്ങളോടും ഒരു വാക്ക്. മരിച്ചു കഴിഞ്ഞാല്‍ ആഘോഷിക്കാന്‍ ഒരു നല്ല കോള് മണിപ്പൂരില്‍ ഉണ്ട്. പേര് കേട്ടാല്‍ നിങ്ങള്‍ക്ക് അറിയുമായിരിക്കും. ഇറോം ശര്‍മിള. കഴിഞ്ഞ പത്തര വര്‍ഷമായി നിരാഹാരം കിടക്കുന്നു.  പഞ്ഞി വെച്ചു കഴിഞ്ഞാല്‍ ഉടന്‍ നിങ്ങളെ അറിയിക്കാം. ജസ്റ്റ് വെയിറ്റ്.. അപ്പോള്‍ നേരോടെ നിര്‍ഭയം നിരന്തരം ലൈവ് കൊടുക്കണേ. അതുവരെ അവരെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്, എഴുതരുത്, പറയരുത്!!!.

രണ്ടായിരം നവംബര്‍ രണ്ടാം തിയ്യതി മുതല്‍ ഇറോം ശര്‍മിള വെള്ളം കുടിച്ചിട്ടില്ല. ഭക്ഷണം കഴിച്ചിട്ടില്ല. ബലം പ്രയോഗിച്ചു മൂക്കിലൂടെ കുത്തിക്കയറ്റുന്ന ഏതാനും തുള്ളി പ്രോട്ടീന്‍ ദ്രാവകങ്ങള്‍ ആണ് അവരുടെ ജീവന്‍ നിലനിര്‍ത്തുന്നത്. മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു വലിയ പോരാട്ടത്തിന്റെ ഭാഗമായാണ് പതിറ്റാണ്ട് പിന്നിട്ട അവരുടെ ഈ സമരം. കുട്ടിക്കാലം മുതല്‍ ശര്‍മിള എല്ലാ വ്യാഴാഴ്ചയും വ്രതമെടുക്കുമായിരുന്നു . ഒരു വ്യാഴാഴ്ച ദിവസമാണ് ആസാം റൈഫിള്‍സിലെ പട്ടാളക്കാര്‍ ബസ്സ് കാത്തു നില്‍ക്കുകയായിരുന്ന പത്തു ഗ്രാമീണരെ പച്ചക്ക് വെടിവെച്ചു കൊന്നത്. അറുപതു വയസ്സുള്ള ഒരു വൃദ്ധയും ധീരതക്കുള്ള പ്രധാനമന്ത്രിയുടെ അവാര്‍ഡ് വാങ്ങിച്ച ഒരു കൊച്ചു പയ്യനുമടക്കം പത്തു പേരുടെ കൂട്ടക്കൊല വാര്‍ത്ത അറിഞ്ഞതോടെ ഇരുപത്തിയെട്ടു വയസ്സുള്ള ആ പെണ്‍കുട്ടി തന്റെ വ്രതം നിര്‍ത്താതെ തുടരുകയായിരുന്നു.

 

മനുഷ്യാവകാശങ്ങള്‍ക്കും മനുഷ്യജീവനും പുല്ലുവില പോലും നല്‍കാതിരിക്കാന്‍ സര്‍ക്കാരിന്റെ തോക്ക് ധാരികള്‍ക്ക് ധൈര്യം നല്‍കുന്ന Armed Forces Special Powers Act (AFSPA 1958) എടുത്തു കളയണമെന്നതാണ് ശര്‍മിള ആവശ്യപ്പെടുന്നത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ജമ്മു കാശ്മീരിലും പ്രാബല്യത്തില്‍ ഉള്ള ഈ നിയമമനുസരിച്ച് 'പ്രത്യേക സാഹചര്യങ്ങളില്‍' അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനും  പരസ്യമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്താനും സംസ്ഥാന സര്‍ക്കാരിനും സൈന്യത്തിനും അവകാശമുണ്ട്. നിയമ വാഴ്ചയുടെ നേരിയ ലംഘനത്തിന്റെ പേരില്‍ പോലും ഏതൊരാളെയും വെടിവെച്ചു കൊല്ലാന്‍ ഈ നിയമം പട്ടാളക്കാരന് അനുമതി നല്‍കുന്നു. ഒരു കോടതിയിലും ഇത്തരം ചെയ്തികള്‍ ചോദ്യം ചെയ്യപ്പെടാന്‍ പാടില്ല എന്നതാണ് ഈ നിയമത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന വകുപ്പ്. ബസ്സ് കാത്തു നിന്ന പത്തു പേരെ നിരനിരയായി വെടിവെച്ചു കൊല്ലാന്‍ സൈനികര്‍ക്ക് ധൈര്യം നല്‍കിയത് ഈ നിയമമാണ്. ഐക്യരാഷ്ട്രസഭയുടെ മനുഷാവകാശ സമിതി നിരന്തരം ആവശ്യപ്പെട്ടിട്ടും ഈ അപരിഷ്കൃത നിയമത്തില്‍ മാറ്റം വരുത്തുവാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇറോം ശര്‍മിളയുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ ഫലമായി നിയമ ഭേദഗതികള്‍ നിര്‍ദേശിക്കാന്‍ പല കമ്മറ്റികളെ നിയോഗിച്ചെങ്കിലും അവരുടെ ശുപാര്‍ശകള്‍ കേന്ദ്ര സര്‍ക്കാറിന്റെ ഫയലുകളില്‍ ഉറങ്ങിക്കിടക്കുന്നു.  റിബല്‍ എന്ന പരിവേഷം നല്‍കി ഏതു പൗരനേയും പിടിച്ചു കൊണ്ടുപോകാനും അനിശ്ചിതമായി തടവില്‍ വെച്ചു പീഡിപ്പിക്കാനും അധികാരം നല്‍കുന്ന ഈ നിയമം മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് വേണ്ടപ്പെട്ടവര്‍ക്കൊക്കെ അറിയാം. പക്ഷെ കണ്ണ് തുറക്കാന്‍ അവര്‍ തയ്യാറാകുന്നില്ല എന്ന് മാത്രം. ശര്‍മിള തന്റെ ഒറ്റയാള്‍ പോരാട്ടം തുടരുക തന്നെയാണ്. അവര്‍ക്ക് പിന്തുണ കൊടുക്കാന്‍ രാഷ്ട്രീയക്കാരില്ല. കാല്‍ക്കല്‍ വീഴാന്‍ മന്ത്രിമാരില്ല.  ലൈവ് കാണിക്കാന്‍ മാധ്യമങ്ങളില്ല. കോര്‍പ്പറേറ്റ് വമ്പന്മാരുടെ സ്പോന്‍സര്‍ഷിപ്പില്ല  പതിനെട്ടു കോടിയുടെ ശീതീകരിച്ച പന്തലില്ല. 'ആയിരത്തിന്റെയും അഞ്ഞൂറിന്റെയും' നോട്ടില്ല. എന്തിനധികം മറുനാട്ടില്‍ സ്വന്തമായി ഒരു ദ്വീപ്‌ പോലുമില്ല!!. ആര്‍ക്കു വേണം അവരെ?.

ഒരു പതിറ്റാണ്ടിന്റെ പട്ടിണിക്ക് മൂന്നു ദിവസത്തെ 'നിരാഹാര മഹോത്സവത്തിന്റെ' പകിട്ടുണ്ടാവില്ല. അതുകൊണ്ട് പ്രിയ മാധ്യമസുഹൃത്തുക്കളേ, തല മണ്ണില്‍ തന്നെ പൂഴ്ന്നു കിടക്കട്ടെ. അത് പുറത്തെടുക്കരുത്. സമൂഹ മനസ്സാക്ഷിയുടെ ഇനിയും മരിച്ചിട്ടില്ലാത്ത പ്രതികരണ ശേഷിയുടെ അടയാളമായി ഒരു മെഴുകുതിരി കണക്കെ അവള്‍ കത്തിത്തീരുന്നുണ്ട്. ശര്‍മിളയുടെ ശരീരം അവളുടെ നിശ്ചയദാര്‍ഢ്യത്തിന്ന് മുന്നില്‍ ഇനിയെത്രനാള്‍ കീഴടങ്ങി നില്‍ക്കുമെന്ന് പറയുക വയ്യ.  അവളുടെ ജീവന്റെ തുടിപ്പുകള്‍ മരിച്ചു കൊണ്ടേയിരിക്കുന്ന ആ കോശങ്ങളില്‍ ഇനിയെത്ര രാപ്പാര്‍ക്കുമെന്നും പ്രവചിക്കുക വയ്യ. അതുകൊണ്ട് ആര്‍ക്കൈവ്സില്‍  ശര്‍മിളയുടെ ഒരു കളര്‍ ഫോട്ടോയും ഏതാനും ഫൂട്ടേജുകളും കരുതി വെക്കാന്‍ ഏര്‍പാട് ചെയ്യുക. ഒക്കുമെങ്കില്‍ മണിപ്പൂരിന്റെ ചുരം കയറാന്‍ ഡല്‍ഹിയില്‍  ഒരു റിപ്പോര്‍ട്ടറെയും പറഞ്ഞു വെക്കണം. അവളുടെ ശ്വാസം നിലച്ചാല്‍ നമുക്കൊന്ന് ആഘോഷിക്കണം. ബ്രേക്കിംഗ് ന്യൂസ്‌.. ഇറോം ശര്‍മിള മരിച്ചു.. ലൈവ് ഫ്രം മണിപ്പൂര്‍ ..

Related Posts
കവര്‍ സ്റ്റോറിക്കാരേ, ഓടരുത് !!
ഷാഹിന തീവ്രവാദി തന്നെ!!!
ചാടിച്ചാടി ഈ വേണു എവിടെയെത്തും?
വാര്‍ത്ത വായിക്കുമ്പോള്‍ കരയാന്‍ പാടുണ്ടോ?
ദാസേട്ടാ, രഞ്ജിനി വിളിക്കുന്നു