December 31, 2009

2010 : തകര്‍ന്ന മോഹങ്ങളില്‍ നിന്ന് പുതിയ സ്വപ്നങ്ങളിലേക്ക്..


നിരാശകള്‍ മാത്രം നല്‍കി ഓരോ വര്ഷം കൊഴിഞ്ഞുവീഴുമ്പോഴും പുതിയ പ്രതീക്ഷകളോടെ ഒരു പുതുവര്‍ഷം ജനിക്കുന്നു. ഭാവിയിലേക്ക് ഉറ്റുനോക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് ഈ പ്രതീക്ഷകളാണ്. കടുത്ത ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ക്കിടയിലും ഒരു നല്ല നാളെ സ്വപ്നം കണ്ടു കഴിയുന്ന കോടിക്കണക്കിന് മനുഷ്യര്‍ ലോകത്തെങ്ങുമുണ്ട്. ദിവസം ഒരു റൊട്ടിക്കഷണം പോലും ലഭിക്കാതെ വിശപ്പ്‌ കടിച്ചിറക്കി ജീവിക്കുമ്പോഴും ഒരു നല്ല നാളെ അരികത്തുണ്ട് എന്ന് പ്രതീക്ഷിക്കുന്നവര്‍. യുദ്ധ വിമാനങ്ങളും ചാവേര്‍ പടയാളികളും ചോരയും മരണവുമായി അരികത്തു കറങ്ങുമ്പോഴും ഒലിവ്‌ ഇല കൊക്കില്‍ കൊളുത്തി ഒരു വെള്ളരി പ്രാവ് പറന്നെത്തത്തുമെന്ന് കരുതുന്നവര്‍. പകര്‍ച്ചവ്യാധികളുടെയും മാറാരോഗങ്ങളുടെയും തുരുത്തില്‍ കിടക്കുമ്പോഴും വെള്ളവും മരുന്നുമായി ഒരു തോണിക്കാരനെ കാത്തിരിക്കുന്നവര്‍. തെരുവിലെ ചവറ്റുകൂനയില്‍ കിടക്കുമ്പോഴും ടൈയും ഷൂസുമിട്ട് പോകാന്‍ ഒരു സ്കൂള്‍ സ്വപ്നം കാണുന്ന അനാഥബാല്യങ്ങള്‍.. പ്രതീക്ഷകള്‍ എല്ലാവരെയും ജീവിപ്പിക്കുന്നു.

December 29, 2009

മാംഗോ മുദ്ദുഗവു നാട്ടിലെങ്ങും പാട്ടായി

എഫ് എം സ്റ്റേഷന്‍     -   മാംഗോ  (അതെ, മാമ്പഴമാ, മാമ്പഴം.. മല്‍ഗോവ മാമ്പഴം. )
പ്രോഗ്രാം                    - മുദ്ദുഗവു (മുത്തം തരൂ)
പ്രക്ഷേപണ സമയം    - രാത്രി പത്ത് മണി
കലാപരിപാടി             - ചെല്ലക്കിളി ശൃംഗാരം
എല്ലാം ചേരുംപടി ചേരുന്നവ തന്നെ.

ഒന്നിന്റെ ഒരു കുറവുണ്ടായിരുന്നു. അവതാരകന്‍ ചെല്ലക്കിളിയുമായി ഒളിച്ചോടുന്നത്.. ആ കുറവ് ഇപ്പോഴാണ് തീര്‍ന്നത്. ഇനി മുദ്ദുഗവു ലൈവായി വരും. ശൃംഗാരച്ചൂടില്‍ മാംഗോ സ്റ്റുഡിയോയിലെ ഫോണിന്റെ ചെമ്പുകമ്പി ഉരുകിയൊലിക്കുന്നതിന് അല്പം ആശ്വാസവുമായി..

December 26, 2009

കക്കൂസിലിരുന്ന് പാടാന്‍ റോയല്‍റ്റി കൊടുക്കണോ?.

കക്കൂസിലിരുന്ന് ഉറക്കെ പാട്ട് പാടുന്ന ഒരു അയല്‍വാസി എനിക്കുണ്ട്. ഒരുമാതിരി പാട്ടുകളൊക്കെ ഞാന്‍ ബൈഹാര്‍ട്ട് ചെയ്തിട്ടുള്ളത് പുള്ളിയുടെ സംഗീതക്കച്ചേരിയില്‍ നിന്നാണ്. രാവിലെ കൃത്യം ആറേ മുക്കാലിനും ഏഴുമണിക്കും ഇടയിലാണ് ഗാനമാരുതന്‍ അടിച്ചുവീശാറുള്ളത്. ഒരു പാട്ട് ഏകദേശം ഒരാഴ്ച ഓടും. ഒരാഴ്ചയിലധികം ഓടിയാല്‍ സംഗതി ഹിറ്റാണെന്ന് മനസ്സിലാക്കിക്കോളണം. ‘ആദിയുഷസ്സന്ധ്യ’ മൂന്നാഴ്ചയോടി. ചില പാട്ടുകള്‍ നാലാം വാരത്തിലേക്കും കടക്കും. പിന്നെയും നീളുകയാണെങ്കില്‍ എന്റെ ഭാര്യ എന്നെയൊന്നു തോണ്ടും. ഉടനെ ഞാന്‍ വിളിച്ചു പറയും. ‘ഏട്ടാ കാസറ്റൊന്നു മാറ്റിയിട്’. പിറ്റേന്ന് പുതിയ പാട്ടെത്തും..

December 23, 2009

കാറ്റ് വിതച്ചു കൊടുങ്കാറ്റ്‌ കൊയ്തവര്‍


മഅദനിയെക്കുറിച്ചുള്ള എന്‍റെ പോസ്റ്റ് പലരെയും പ്രകോപിപ്പിച്ചിരിക്കുന്നു. മുസ്‌ലിം തീവ്രവാദത്തെക്കുറിച്ച്  പുരപ്പുറത്ത് കയറി വിളിച്ചു കൂവിയ നിങ്ങള്‍ ഹിന്ദു വര്‍ഗീയതയെക്കുറിച്ച് എന്ത് കൊണ്ട് മിണ്ടുന്നില്ല എന്നതാണ് ലഭിച്ച പ്രതികരണങ്ങളില്‍ ഏറ്റവും പ്രസക്തമായിട്ടുള്ളത്. ചിലര്‍ ബ്ലോഗിലൂടെ പ്രതികരിച്ചു. മറ്റു ചിലര്‍ (ബ്ലോഗിലൂടെ പരസ്യമായി മഅദനിയെ പിന്തുണക്കാന്‍ പേടിക്കുന്നവര്‍) ഈമെയിലിലൂടെയും പ്രതികരിച്ചു. 'ഇ' വഴികളിലൂടെ തന്നെ സൌഹൃദ പൂര്‍ണമായ ചില തെറികളും വന്നു. എല്ലാവര്ക്കും നന്ദി.വോള്‍ട്ടയറുടെ പ്രസിദ്ധമായ ഒരു വാചകമുണ്ട്." I may disagree of what you say, but I will defend to the death your right to say it". ഞാന്‍ വോള്‍ട്ടയറുടെ പെങ്ങളുടെ മകനല്ല, അതുകൊണ്ട് തന്നെ എതിര്‍ അഭിപ്രായം പറയുന്നവരുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതി മരിക്കുമെന്ന് പറയുന്നില്ല. പക്ഷെ വേറിട്ട അഭിപ്രായങ്ങള്‍ കേള്‍ക്കാനുള്ള മനസ്സുണ്ട്. അത് കേള്‍ക്കുമ്പോള്‍ ബ്ലഡ്‌ പ്രഷര്‍ കൂടുകയുമില്ല.

December 21, 2009

ഉണ്ണിത്താനേ ഇത് കലക്കി..

ചാനലില്‍ ഇരുന്നു ചാരിത്ര്യ പ്രസംഗം നടത്തുമ്പോഴും മറ്റുള്ളവരുടെ മെക്കിട്ടു കയറുമ്പോഴും ഇതിയാന്റെ നാക്ക് സ്ക്രീനിനു പുറത്തേക്കു വന്നു നമ്മുടെ മൂക്കില്‍ തൊടും. മഞ്ചേരിയിലെ ആളൊഴിഞ്ഞ വീട്ടില്‍ ഇന്നലെ രാത്രി ഒരു യുവതിയുമായി നാട്ടുകാര്‍ പിടികൂടിയ പുള്ളിക്കാരനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. നെറ്റിയിലെ ചന്ദനക്കുറിയും അലക്കി തേച്ച ഖദര്‍ ഷര്‍ട്ടും കോണ്ഗ്രസ്സിന്റെ കൊടി പാറുന്ന കാറും !! ബലേ  ഭേഷ് ... കോണ്ഗ്രസ്സില്‍ ഇതൊക്കെ നടക്കുമെന്ന് മുന്‍കൂട്ടി കണ്ടത് കൊണ്ടാണ് താന്‍ ആ പാര്‍ട്ടി വിട്ടതെന്ന് നമ്മുടെ അഴീക്കോടണ്ണന്‍ ഉടനെ വെച്ചു കാച്ചി.. അണ്ണാ പറയാന്‍ വരട്ടെ, പിടിക്കപ്പെട്ട പെണ്ണിന്റെ പാര്‍ട്ടി ഏതാണെന്ന് പുറത്തു വന്നിട്ടില്ല. കൊല്ലത്തുള്ള കക്ഷിയാണെന്നാണ് വാര്‍ത്ത. രൂപം കണ്ടിട്ട് പി ഡി പി ആകാനുള്ള സാധ്യത കുറവാണ്. മഅദനി രക്ഷപ്പെട്ടു. അല്ലേല്‍ ഇതും അയാളുടെ തലയില്‍ വന്നേനെ.

December 10, 2009

ലവ് ജിഹാദ്: മെയ്തീന്‍ മുങ്ങി

മെയ്തീന്‍ ഒരു ഫ്ലാഷ് ബാക്ക് ( For new readers )  
മെയ്തീനെ ഇന്നലെ ഉച്ച മുതല്‍ കാണാതായ വിവരം വ്യസന സമേതം എല്ലാവരെയും അറിയിച്ചു കൊള്ളുന്നു. മീനും ഇറച്ചിയും അവിയലും കൂട്ടിയുള്ള സമൃദ്ധമായ ഒരു വെജിറ്റെറിയന്‍ ശാപ്പാടിനു ശേഷം വാല്‍ ചുഴറ്റിയും മുട്ടിയുരുമ്മിയും  എന്റെ കാല്‍ ചുവട്ടില്‍ തന്നെ അവന്‍ ഉണ്ടായിരുന്നു. ഏഷ്യാനെറ്റിന്റെ വാര്‍ത്തക്ക് ശേഷമാണ് അവന്‍ മുങ്ങിയത്. മുവ്വായിരത്തിനും നാലായിരത്തിനും ഇടയില്‍ ലവ് ജിഹാദ് കേസുകളും അതിനെ തുടര്‍ന്ന് മതം മാറ്റങ്ങളും ഉണ്ടായി എന്ന് ബഹുമാനപ്പെട്ട കോടതി 'കണ്ടെത്തി'യെന്ന വാര്‍ത്ത കേട്ടപ്പോള്‍ മെയ്തീന്‍ ഒരു പ്രത്യേക ചിരി ചിരിച്ചത് ഞാന്‍ കണ്ടിരുന്നു. മുമ്പ് കൊച്ചിയില്‍ എണ്ണ ഖനനം തുടങ്ങാന്‍ പോകുന്നു എന്ന ഫ്ലാഷ്  ന്യൂസ്‌ വന്നപ്പോഴും അവന്‍ ഇത് പോലൊരു ചിരി ചിരിച്ചതായി എനിക്കോര്‍മയുണ്ട്. അന്ന് ആ ചിരിയുടെ അര്‍ത്ഥം എനിക്ക് മനസ്സിലായിരുന്നില്ല.

ഇവനൊരു മഹാ സംഭവം തന്നെ !

തടിയന്റവിട നസീര്‍ ഒരു മഹാ സംഭവം തന്നെയാണ്. കേബേജിന്റെ  തോല് പൊളിക്കുന്നത് പോലെ ഒന്നിന് പിറകെ ഒന്നായി പുള്ളിയുടെ വീര കൃത്യങ്ങള്‍ പുറത്തു വരികയാണ്. ഇതെവിടെച്ചെന്ന് അവസാനിക്കും എന്ന് ഒരു പിടിയും കിട്ടുന്നില്ല. കുറെ കാലമായി ഇത് പോലൊരു ഹീറോയെ മാധ്യമങ്ങള്‍ക്ക് കിട്ടിയിട്ട് !!. ഇവന്റെ മുന്നില്‍ ഓംപ്രകാശും പുത്തന്‍പാലം രാജേഷുമെല്ലാം തനി ഏഴാം കൂലികള്‍. ഇവനെയാണല്ലോ മുമ്പ് കയ്യില്‍ കിട്ടിയിട്ട് നമ്മുടെ പോലീസ് വിട്ടു കളഞ്ഞത് എന്നോര്‍ക്കുമ്പോള്‍ ആകെ തല കറങ്ങുന്നു!!

December 6, 2009

ഉടന്‍ വരുന്നു, ശ്രീശാന്തിന്റെ വന്‍വീഴ്ചകള്‍ !

ഏഷ്യാനെറ്റിന്റെ 'തിരിച്ചുവരവു'കളില്‍ ഈ ആഴ്ച ശ്രീശാന്ത് ആണത്രേ !! അടുത്ത ആഴ്ചയില്‍ 'വന്‍വീഴ്ച'കളിലും പുള്ളിയെ കാണുമോ ?

ക്രിക്കറ്റ് ഞാന്‍ കാണാറില്ല. സ്പോര്‍ട്സില്‍ താല്പര്യം ഇല്ലാഞ്ഞിട്ടല്ല. ഒന്നോ രണ്ടോ മണിക്കൂറില്‍ അധികം ടീ വിക്ക് മുന്നിലിരിക്കാന്‍ സമയം ഇല്ലാത്തത് കൊണ്ടാണ്. പക്ഷെ ആര് ജയിച്ചു ആര് തോറ്റു എന്നൊക്കെ കൃത്യമായി ശ്രദ്ധിക്കും. ഇന്ത്യ ജയിച്ചാല്‍ ലഡു വിതരണം ചെയ്യുക, തോറ്റാല്‍ ജയിച്ചവനെ തെറി വിളിക്കുക എന്നിത്യാദി കലാപരിപാടികള്‍ പൊതുവേ നടത്താറില്ല.

December 3, 2009

ദാസനെയും വിജയനെയും വെറുതെ വിടരുത്

ഒരു വാര്‍ത്തയും ഇല്ലെങ്കില്‍ പിന്നെ മുല്ലപ്പെരിയാറിലേക്ക് പോവുക എന്നതായിരുന്നു നമ്മുടെ മാധ്യമങ്ങളുടെ ഒരു രീതി. അവിടെ വെള്ളം കുറഞ്ഞത്‌ കൊണ്ട് ഇപ്പോള്‍ ആ പണി നടക്കുന്നില്ല. അത്രയും ആശ്വാസം. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടു വിവാദങ്ങള്‍  മാധ്യമങ്ങള്‍ക്ക് ലഭിച്ചെങ്കിലും സംഗതി സാഹിത്യമായത് കൊണ്ടോ എന്തോ അവരത് കൊത്തിയില്ല. ഒരു വാര്ത്തയിലൊതുക്കി  അങ്ങ് പറഞ്ഞു പോയി.. ഇളയരാജയും ഒ എന്‍ വി യുടെ പാട്ടുമായിരുന്നു ആദ്യം വന്നത്.  പിന്നാലെ  ദാസനും വിജയനും വന്നു. അതെ നമ്മുടെ ഗഫൂര്കാ ദോസ്ത് തന്നെ.

November 26, 2009

I die now, You bloody Photo !!

ഒരു വ്യാഴവട്ടക്കാലത്തില്‍ അധികമായി ഞാന്‍ ജിദ്ദയില്‍ ഉണ്ട്. ഇത് പോലൊരു മഴ ഇത് വരെ കണ്ടിട്ടില്ല. ഗള്‍ഫില്‍ എത്തിയ ശേഷം മെഴുകുതിരി വെട്ടത്തില്‍ ഒരു രാത്രി കഴിച്ചു കൂട്ടിയതും ഇതാദ്യം. രാവിലെ റൂമില്‍ നിന്നിറങ്ങുമ്പോള്‍ എല്ലാം പതിവ് പോലെയായിരുന്നു. ഉച്ചക്ക് തിരിച്ചു വരുമ്പോള്‍ മക്ക എക്സ്പ്രസ്സ്‌ ഹൈവേയില്‍ നിന്ന് ടെലിവിഷന്‍ റോഡിലേക്ക് ഇറങ്ങിയത്‌ അക്ഷരാര്‍ത്ഥത്തില്‍ പ്രളയത്തിലേക്കാണ്.

November 24, 2009

ജനങ്ങളുടെ കയ്യില്‍ ഇഷ്ടം പോലെ കാശുണ്ട് !!മന്ത്രി തന്നെ എല്ലാം പറഞ്ഞ സ്ഥിതിക്ക് നമ്മളായിട്ട് ഇനി എന്ത് പറയാന്‍?. കയ്യില്‍ ഇഷ്ടം പോലെ കാശുള്ളതിനാല്‍ വില എത്ര കൂടിയാലും പ്രശ്നമില്ല. മണി മണി പോലുള്ള അരി കിട്ടണം. ഇനി അരിയില്ലേലും  കുഴപ്പമില്ല. പാലും മുട്ടയും ഉണ്ടല്ലോ !! നിര നിരയായി ഹോട്ടലുകളും !!.ഇത് പോലെ ലോക വിവരവും പൊതുജന സ്നേഹവും ഒക്കെയുള്ള നാല് മന്ത്രിമാരെ കിട്ടിയത് നമ്മുടെയൊക്കെ സുകൃതം !!!

November 23, 2009

പാഠം ഒന്ന് - ഇമെയിലില്‍ ഫോര്‍വേഡ് കളിക്കരുത് !

ഫോര്‍വേഡ് അടിക്കുന്നത് പിള്ളേര് കളിയല്ലെന്ന് ഇപ്പോള്‍ മനസ്സിലായി. പിണറായി വിജയന്‍റെ വീടെന്നു പറഞ്ഞു ഒരു കുന്നംകുളം കൊട്ടാരമെടുത്ത് ഇമെയിലില്‍ ഫോര്‍വേഡ് കളിച്ച രണ്ടു പേര്‍ പിടിയിലായി. 'കാറ്ററിയാതെ തുപ്പിയാല്‍ ചെകിടറിയാതെ അടി കൊള്ളു'മെന്ന് പറയുന്നതിന്റെ ഒരു ഏകദേശ അര്‍ത്ഥം ഇപ്പോഴാണ് പിടി കിട്ടിയത്.  പിടിയിലായ രണ്ടു പേരും സാധാരണ ഫോര്‍വേഡ് കളിക്കാരല്ല, നല്ല വിവരവും വിദ്യാഭ്യാസവും ഉള്ളവരാണ്. ഒരാള്‍ സീ എ വിദ്യാര്‍ഥി, മറ്റൊരാള്‍ ഗള്‍ഫില്‍ വെല്‍ഡിംഗ് ഇന്‍സ്പെക്ടര്‍  (അങ്ങനെയും ഒരു ഇന്‍സ്പെക്ടര്‍ ഉണ്ടോ? മനോരമ റിപ്പോര്‍ട്ടില്‍ കണ്ടതാണ്). കയറിക്കളിച്ച ബാക്കിയുള്ളവരെ പൊക്കാന്‍ കേരള പോലീസ് വല വീശിയിരിക്കുകയാണ്‌.

November 21, 2009

ബെര്‍ളിയുടെ പുസ്തകം : ഒരു റിവ്യൂ

അസൂയ മൂത്ത് എഴുതുന്ന ഒരു പോസ്റ്റാണിത്. എന്റെ സുഹൃത്തും ആജന്മ ശത്രുവായ ബെര്‍ളി തോമസ്‌ ഒരു പുസ്തകം പുറത്തിറക്കിയിരിക്കുന്നു. ഇതിലെന്ത് അസൂയപ്പെടാന്‍ എന്ന് ചോദിക്കും?. ഉണ്ട്. ബ്ലോഗിലെ തന്റെ സൃഷ്ടികളാണ് ബെര്‍ളി പുസ്തകമാക്കിയിരിക്കുന്നത്. അവതാരിക എഴുതിയിരിക്കുന്നതോ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയും!!. ഞാനടക്കമുള്ള ബ്ലോഗിലെ പന്തീരായിരം മലയാളി ബ്ലോഗ്ഗര്‍മാരില്‍  (പന്തീരായിരം എന്നത് ഒരു കൃത്യമായ കണക്കല്ല. ഒന്നോ രണ്ടോ അങ്ങോട്ടോ ഇങ്ങോട്ടോ നില്‍ക്കാന്‍ സാധ്യതയുണ്ട് !!) ഒരുമാതിരിപ്പെട്ട ആര്‍ക്കും ഇതില്‍ അസൂയ ഉണ്ടാവുക സ്വാഭാവികം. കാരണം അവതാരിക എഴുതിയ മമ്മൂട്ടിക്കോ എഴുതാന്‍ അവസരം കിട്ടാതിരുന്ന മോഹന്‍ലാലിനോ പോലും ബ്ലോഗ്‌ പുസ്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. രണ്ടു പേരും മത്സരിച്ചു ബ്ലോഗു എഴുതുന്നുണ്ടെങ്കിലും!!!

November 19, 2009

മുരളിയെ ആര്‍ക്കാണ് പേടി?

ഞാന്‍ കൂറുമാറി മുരളിയുടെ കൂടെ കൂടാന്‍ പോവുകയാണ്. ഒരാളെയിട്ട്  കുരങ്ങു കളിപ്പിക്കുന്നതിനും ഒരു പരിധിയൊക്കെയുണ്ട്. സംഗതി കരുണാകരന്റെ മകനായിപ്പോയി, നാവില്‍ അല്പം ഗുളികന്റെ കളിയുണ്ട്, വേണ്ടാത്തത് വേണ്ട സമയത്ത് പറയും, വേണ്ടത് വേണ്ടാത്ത സമയത്ത് ചെയ്യും, ഇരിക്കുന്ന കൊമ്പല്ല മരം തന്നെ മുറിക്കും, കാലു പിടിക്കുന്നവന്റെ തോളില്‍ കയറും, തോളില്‍ കയറുന്നവന്റെ കാലു പിടിക്കും ... ഇതെക്കെയാണെങ്കിലും  ഒരു മനുഷ്യനെയിട്ട് ഇങ്ങനെ കുരങ്ങു കളിപ്പിക്കുന്നത് കണ്ടു സഹിക്കാന്‍ കഴിയുന്നില്ല.

November 17, 2009

ഇന്ത്യാവിഷന്‍: വില്ലന്‍ നായകനായി മാറി !

ഒടുവില്‍  അതും സംഭവിച്ചു, അപ്രതീക്ഷിതമായ ട്വിസ്റ്റുകള്‍ക്കും വഴിത്തിരുവുകള്‍ക്കും ഇടയില്‍ നായകനെ അടിച്ചു ചമ്മന്തിയാക്കി വില്ലന്‍ കഥയുടെ നിയന്ത്രണം ഏറ്റെടുത്തു !!. ഇനി അറിയാനുള്ളത്  ഐ സീ യൂവില്‍ കിടക്കുന്ന നായകന്‍ എഴുന്നേറ്റു വരുമോ എന്ന് മാത്രമാണ്. കണ്ടു പഴകിയ രീതി അനുസരിച്ച് ക്ലൈമാക്സില്‍ നായകന്‍ തിരിച്ചു വരും, തീപ്പൊരി ചിതറുന്ന സംഘട്ടനം നടക്കും, വില്ലന്റെ എല്ലും പല്ലും നടു റോട്ടില്‍ പുല്ലു പോലെ കിടക്കും. എന്നാല്‍ മറ്റൊരു സാധ്യതയും ഇല്ലാതില്ല, 

November 15, 2009

ഇന്ത്യാവിഷന്‍: ഇപ്പോള്‍ ചിരിക്കുന്നത് കുഞ്ഞാലിക്കുട്ടി

"ഇന്ത്യാവിഷന്‍, റജീന സംഭവത്തോടെ ശരാശരി മുസ്‌ലിമിന് ഹറാമായി, കുഞ്ഞാലിക്കുട്ടിയോട് ചെയ്ത കടുംകൈ മാത്രമായിരുന്നില്ല ആ തത്സമയ പ്രക്ഷേപണം. എട്ടും പൊട്ടും തിരിയാത്ത നിരക്ഷര ന്യൂനപക്ഷ വനിത, ഒരു പ്രത്യേക സാഹചര്യത്തില്‍ 'വെളിപ്പെടുത്താന്‍' ആഗ്രഹിച്ചാലും അത് വിശ്വമാകെ കൊട്ടിഘോഷിക്കാന്‍ മാത്രം എന്താണതിലുണ്ടായിരുന്നത് നവ മലയാള തലമുറയ്ക്ക് ഗുണപാഠം നല്‍കാന്‍ ?. അശ്ലീലമായിരുന്നു, ഇന്ത്യാവിഷന്‍ സാങ്കേതിക മികവോടെ മറ്റു ചാനലുകളെ തോല്‍പ്പിച്ച് നടത്തിയ ആ റിയാലിറ്റി ഷോ. 'നിര്‍ത്തൂ, നികേഷ്‌ പേക്കൂത്ത്' എന്ന് ഡോ: എം കെ മുനീര്‍ വിളിച്ചു പറയുന്നതിന് പകരം 'ന്യൂസ്‌ ടീമിന് കൊടുത്ത വാക്ക് പാലിച്ചു' എന്ന് പറയുന്നത് എന്നെ ഞെട്ടിപ്പിക്കുന്നു". വാക്കുകള്‍ എന്റേതല്ല, ഡോ മുനീറിന് മറുപടിയുമായി മാതൃഭൂമി വാരികയില്‍ (ലക്കം ഒക്ടോ 25-31) അവതരിച്ച കെ പി നിര്‍മല്‍ കുമാറിന്റെതാണ് . മുനീര്‍ എഴുതിയ ലേഖനം വായിച്ചിട്ടില്ലാത്തവര്‍ ഇവിടെ ക്ലിക്കുക


റജീന സംഭവത്തോടെ ഇന്ത്യാവിഷന്‍ ശരാശരി മുസ്‌ലിമിന് ഹറാമായിഎന്ന് ഫത്‌വ നല്‍കാന്‍ നിര്മലിനെ  പ്രേരിപ്പിച്ച വികാരം എന്ത് എന്നറിയില്ല.  നിര്‍മല്‍ പറയുന്ന പോലെ റജീന എട്ടും പൊട്ടും തിരിയാത്ത വനിതയാണോ അതോ എട്ടുനിലയില്‍ പൊട്ടുന്ന  വെടിമരുന്നാണോ എന്ന് തര്‍ക്കിക്കാനും ഞാനില്ല. തര്‍ക്കിക്കാനാണെങ്കില്‍ വേണ്ടത്ര വകകള്‍ നിര്മലിന്റെ വിശകലനത്തില്‍ ഉണ്ട്. 'റജീനയുടെ പുലമ്പല്‍' (പ്രയോഗം ഡോ: മുനീറിന്റെത് ) ഇന്ത്യാവിഷനില്‍ ലൈവായി വരുമ്പോള്‍  "നിര്‍ത്തൂ, നികേഷ്‌ ഈ പേക്കൂത്ത്'" എന്ന് വിളിച്ചു പറയാനുള്ള തന്റേടം മുനീറിനില്ലാതെ പോയി എന്ന് നിര്‍മല്‍ പറയുന്നതില്‍ അല്പം കാര്യമുണ്ട്. ഇത് പ്രേക്ഷകന്റെ കണ്ണീരാണ് എന്ന തലക്കെട്ടില്‍ നിര്‍മല്‍ ഒഴുക്കുന്നത് അധികവും മുതലക്കണ്ണീര്‍ ആണെങ്കിലും ഈ ഒരു വാദത്തോട് യോജിക്കാതെ വയ്യ.

പൊതു ജനങ്ങളില്‍ നിന്നും പണം പിരിച്ചു സ്വന്തം ജാമ്യത്തില്‍ ഒരു ചാനലോ പത്രമോ നടത്തുന്ന ഏതൊരാളുടെയും പ്രഥമവും പ്രധാനവുമായ ശ്രദ്ധ അവയില്‍ എന്ത് വരുന്നു എന്നതില്‍ തന്നെയാവണം. പണം കൊടുത്ത ജനങ്ങളുടെ ശ്രദ്ധ അതിലായിരിക്കും. ചാനലില്‍ എന്ത് വേണ്ടാതീനം വന്നാലും ഞാന്‍ നിഷ്പക്ഷനായി നിന്ന് കൊള്ളാം എന്നൊരാള്‍ വാക്ക് കൊടുത്താല്‍ അതിലേറെ അബദ്ധം മറ്റൊന്നില്ല. പണം നല്‍കിയത് നികേഷിനെ വിശ്വസിച്ചല്ല, ഡോ മുനീറിന്റെ വ്യക്തി പ്രഭാവത്തില്‍ വിശ്വസിച്ചാണ് എന്ന് പറയുന്നവരായിരിക്കും കൂടുതലും.  ഇന്ത്യാവിഷനെ ഒരു ലീഗ് ചാനലായി മാറ്റിയില്ല എന്നത് ഡോ മുനീര്‍ ചെയ്ത ഏറ്റവും നല്ല കാര്യമായി ഞാന്‍ കാണുന്നു. എന്നാല്‍ വാര്‍ത്താ സംഘത്തെ കയറൂരി വിട്ടത് ‍ അബദ്ധമല്ലേ എന്ന് ചോദിച്ചാല്‍ അതെ എന്ന് പറയാനേ കഴിയൂ.

മുനീര്‍ സാഹിബ്‌ ഇങ്ങനെയൊരു ലേഖനവുമായി മാതൃഭൂമിയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്നെ ഇത് വേണ്ടിയിരുന്നുവോ എന്ന് പലരും നെറ്റിചുളിച്ചതാണ്. കുഞ്ഞുകുട്ടി പരാധീനതകളില്‍ തപ്പിത്തടഞ്ഞ് ചാനല്‍ ഒരു വിധം മുന്നോട്ട് പോകുമ്പോള്‍ വെറുതെയൊരു വയ്യാവേലി തലയില്‍ കയറ്റുകയാണ് ഡോക്ടര്‍ ചെയ്തത്. കെ പി നിര്‍മല്‍ കുമാറിനെപ്പോലുള്ള നിരവധി പേരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു കുഴങ്ങേണ്ട ഗതികേടിലാണ് കേരള രാഷ്ട്രീയത്തിലെ ഇതിഹാസ പുരുഷനായ സീ എച്ചിന്റെ പ്രിയ പുത്രന്‍.

നിര്‍മല്‍ കുമാറിന് നികേഷിനോട്  എന്തോ വ്യക്തിവൈരാഗ്യം ഉണ്ടെന്നു തോന്നുന്നു. നികേഷിനെ ഇടിച്ചു താഴ്ത്താന്‍ വേണ്ടി ഇന്ത്യാവിഷനിലെ കെ ആര്‍ ഗോപീകൃഷ്ണനെ വേണ്ടത്ര പുകഴ്തുന്നുണ്ട് നിര്‍മല്‍. രാഷ്ട്രീയ നേതാക്കളെ ഇരുത്തിപ്പൊരിക്കുകയാണ് നികേഷ്‌ ചെയ്യുന്നത് എന്നാണു നിര്മലിന്റെ പക്ഷം. ആ ഇരുത്തിപ്പൊരിയാണ് അവരുടെ റേറ്റിംഗ് കൂട്ടിയത് എന്ന കാര്യം നിര്‍മല്‍ മറച്ചു വെക്കുന്നു. ഹസന്‍ ചേളാരി മുനീറിന്റെ ഉമ്മയെയും പെങ്ങളെയും മുന്‍നിരയില്‍ നിന്ന് പിടിച്ചെഴുനേല്പിച്ചതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്ന  നിര്‍മല്‍ ഇന്ത്യാവിഷന്റെ ചടങ്ങില്‍ മുനീറിന്റെ കുടുംബക്കാര്‍ സംഘാടകര്‍ ആണെന്നാണ്‌ പറയുന്നത്. മുനീറിന് പകരം മുനീറിന്റെ കുടുംബക്കാരെ സംഘാടകര്‍ ആക്കി സ്വയം തരാം താഴുകയാണ് നിര്‍മല്‍. എം ടി യുടെ കൂടെ കൂടിയിട്ടു മുനീറിന് എന്ത് നേട്ടമുണ്ടായി എന്ന വില കുറഞ്ഞ മറ്റൊരു ചോദ്യവും നിര്‍മല്‍ ഉയര്‍ത്തുന്നുണ്ട്.

ഇത് പ്രേക്ഷകന്റെ കണ്ണീരാണ് എന്ന ടൈറ്റിലിന് നേരെ ചിന്താവിഷ്ടനായിരിക്കുന്ന കുഞ്ഞാലിക്കുട്ടിയുടെ ചിത്രമാണ് മാതൃഭൂമി നല്‍കിയിരിക്കുന്നത്. ചിരിച്ചു കൊണ്ട് നില്‍ക്കുന്ന കുഞ്ഞാലിക്കുട്ടിയുടെ ചിത്രമായിരുന്നു അവര്‍ നല്‍കേണ്ടിയിരുന്നത്. റെജീന എപ്പിസോഡിന്റെ സത്യാസത്യങ്ങള്‍ എന്തായാലും അത് പുറത്തു വിട്ട മാധ്യമങ്ങള്‍ക്ക് നേരെ തികച്ചും മാന്യമായ ഒരു സമീപനമാണ്  കുഞ്ഞാലിക്കുട്ടിയില്‍ നിന്നുണ്ടായത്. മാധ്യമ പ്രവര്‍ത്തകര്‍ (?) തലയിലേക്ക് കരിങ്കൊടി എറിഞ്ഞപ്പോള്‍ പോലും വികാരപരമായി പ്രതികരിക്കാതെ അദ്ദേഹം മിതത്വം പാലിച്ചു. ഈ വിവാദങ്ങള്‍ക്കിടയിലും  മുനീറുമായി സൗഹൃദം നിലനിര്‍ത്തി. മാധ്യമങ്ങള്‍ക്കെതിരെ ഉറഞ്ഞുതുള്ളിയില്ല. (ലാവ്ലിന്‍ കേസ് വന്നപ്പോഴുള്ള പിണറായിയുടെ പ്രതികരണങ്ങള്‍ ഓര്‍ക്കുക)

ഇന്ത്യാവിഷനില്‍ റെജീന അറ്റം ബോംബ് പൊട്ടിച്ചപ്പോള്‍ കുഞ്ഞാലിക്കുട്ടി മക്കയില്‍ ഉംറ നിര്‍വഹിക്കുകയായിരുന്നു. ഉംറ നിര്‍വഹിച്ചു ജിദ്ദയിലെത്തിയ അദ്ദേഹത്തെ ആദ്യമായി അഭിമുഖം നടത്താനുള്ള അവസരം എനിക്കാണ് ലഭിച്ചത്. വിളറി വെളുത്ത ഒരു കുഞ്ഞാലിക്കുട്ടിയെ പ്രതീക്ഷിച്ചു ജിദ്ദയിലെ ഹോട്ടല്‍ മുറിയിലേക്ക് കയറിയ ഞാന്‍ കണ്ടത് സുസ്മേര വദനനായിയിരിക്കുന്ന ഒരു നേതാവിനെയാണ്. ചോദ്യങ്ങള്‍ക്കൊക്കെ വളരെ മാന്യവും അക്ഷോഭ്യവുമായ പ്രതികരണങ്ങള്‍.. ആ ഒരു വാര്‍ത്തയുടെ പേരില്‍  വര്‍ഷങ്ങള്‍ക്കു ശേഷം ഡോ: മുനീര്‍ വ്യാകുലപ്പെട്ടു ലേഖനം എഴുതുമ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്നത് പീ കെ കുഞ്ഞാലിക്കുട്ടിയാണ്.

മ്യാവൂ: ഹസ്സന്‍ ചേളാരിയുടെ വിമര്‍ശന ശരങ്ങളുമായി മാതൃഭൂമിയുടെ പുതിയ ലക്കം ഇറങ്ങിക്കഴിഞ്ഞു. പൂരം തുടങ്ങുന്നതേയുള്ളൂ.. 
For Latest Story Pls click here ഇന്ത്യാവിഷന്‍ : വില്ലന്‍ നായകനായി മാറി

November 12, 2009

ലവ് ജിഹാദ്: മെയ്തീനെ നാട് കടത്തില്ല

മെയ്തീനെ ഉഗാണ്ടയിലേക്ക് നാട് കടത്താനുള്ള പരിപാടി ഞാന്‍ ഉപേക്ഷിച്ചു (മെയ്തീന്റെ ഫ്ലാഷ് ബാക്ക് കണ്ടിട്ടില്ലാത്ത പുതിയ വായനക്കാര്‍ ഇവിടെ ക്ലിക്കുക ) അയല്‍പക്കത്തെ വീടുകളില്‍ കയറി മെയ്തീന്‍ ലവ് ജിഹാദ് നടത്തുന്നതായി വ്യാപകമായ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നാട്ടു പോലീസും ഇന്റെര്പോളും മാത്തുക്കുട്ടിച്ചായന്റെ  സഹായത്തോടെ അന്വേഷണം നടത്തിവരികയായിരുന്നല്ലോ. 

മെയ്തീന്‍ വലയില്‍ വീഴ്‌ത്തിയ അമ്മിണിക്കുട്ടിയെയും കന്നി പ്രസവത്തിലെ ഒമ്പത് കുട്ടികളുടെയും രക്തം, മലം, മൂത്രം എന്നിവ വിശദമായ പരിശോധനയ്ക്ക്‌ വിധേയമാക്കിയ ശേഷമാണ് ഇന്റര്‍പോള്‍ ലവ് ജിഹാദ് നടന്നിട്ടില്ല എന്ന് കണ്ടെത്തിയത്. സമാനമായ 436 കേസുകളിലെ മെയ്തീന്മാരുടെയും ഇരകളുടെയും രക്തം, മലം, മൂത്രം എന്നിവ അന്വേഷണകമ്മീഷന്‍ വിശദമായി പരിശോധിച്ച് വരികയാണ്.  

ലവ് ജിഹാദ് അല്ല, ഭൂലോകം  ഉണ്ടായത് മുതല്‍ മനുഷ്യര്‍ സ്ഥിരമായി നടത്തിക്കൊണ്ടിരിക്കുന്ന മറ്റെന്തോ പരിപാടിയാണ് അമ്മിണിക്കുട്ടിയുടെയും മെയ്തീന്റെയും വിഷയത്തില്‍ സംഭവിച്ചതെന്നാണ്  അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.  ഇന്റെര്പോളിന്റെ ഈ കണ്ടെത്തലില്‍ പ്രതിഷേധിച്ചു  മാത്തുക്കുട്ടിച്ചായന്‍ അന്വേഷണ സംഘത്തിന്റെ അവസാന സിറ്റിങ്ങില്‍ നിന്ന് ഇറങ്ങിപ്പോയി.


കുറ്റ വിമുക്തനായത്തോടെ സ്ലോ മോഷനില്‍ പടി കയറി വന്ന മെയ്തീന്  അടുക്കളയിലും അടുക്കളക്ക് പുറത്തും അയല്‍ വീടുകളിലും യഥേഷ്ടം വിഹാരിക്കാനുള്ള സ്വാതന്ത്ര്യം കൊടുക്കണമെന്നാണ് ഇന്റര്‍പോള്‍ നിര്‍ദേശിച്ചിരിക്കുന്നത്‌. കൊടിച്ചി പട്ടികളുടെ ആക്രമണം മെയ്തീന് നേരെ വീണ്ടും ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്ന ഇന്റെര്പോളിന്റെ അഭിപ്രായം കണക്കിലെടുത്ത് മെയ്തീന്  ഇസെഡ് കാറ്റഗറിയിലുള്ള സുരക്ഷ ഏര്പാടാക്കണമെന്ന്  ആവശ്യപ്പെട്ടു ഒരു അപേക്ഷ കൊടുത്താലോ എന്ന ആലോചനയിലാണ് ഇപ്പോള്‍ ഞാനുള്ളത്.

ഒരു  പ്രത്യേക അറിയിപ്പ്:-
ലവ് ജിഹാദ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല  എന്ന് ഇന്റര്‍പോള്‍ പറഞ്ഞെന്നു വെച്ച് ആരും ജാഗ്രത കൈവെടിയരുത്. എവിടെ ജിഹാദ് കണ്ടാലും ഉടന്‍ 'പനോരമ' യില്‍ വിളിച്ചറിയിക്കണം.  

ലേറ്റസ്റ്റ് അപ്ഡേറ്റ് : മെയ്തീന്‍ മുങ്ങി

November 9, 2009

ഇന്ത്യാവിഷന്‍ ചിരിക്കുന്നു, ഡോ: മുനീര്‍ കരയുന്നു.
"The idea that is not dangerous is not worthy of being called an idea at all"

Elbert Hubbard എന്ന അമേരിക്കന്‍ എഴുത്തുകാരന്റെ ഈ വാക്കുകള്‍ ഉദ്ധരിച്ചാണ് ഡോ : എം കെ മുനീര്‍ മാതൃഭൂമി വാരികയില്‍ "അസാധാരണമായ" ഒരു ലേഖനമെഴുതുന്നത്. (ലക്കം ഒക്ടോബര്‍  11-17) "കാത്തിരിക്കുന്നവനിലേക്ക് നീതി വരും, വൈകിയാണെങ്കിലും" എന്ന Austin O' Malley യുടെ വാക്കുകള്‍ ഉദ്ധരിച്ചു തനിക്കു നീതി ലഭിക്കുന്ന ഒരു ദിവസം വരുമെന്ന പ്രതീക്ഷയോടെയാണ് അദ്ദേഹം ലേഖനം അവസാനിപ്പിക്കുന്നത്. ഈ രണ്ടു ഉദ്ധരണികള്‍ക്കിടയില്‍ പറയുന്നത് ഇന്ത്യാവിഷന്‍ ചാനല്‍ തുടങ്ങി പുലിവാല് പിടിച്ച കഥയാണ്.  

ഏഷ്യാനെറ്റ്‌, ഇന്ത്യാവിഷന്‍, മനോരമ .. കേരളത്തിലെ ഈ മുന്‍നിര ടീ വി ചാനലുകളില്‍ കേമനാര് എന്ന ചോദ്യത്തിന് വിവിധ റേറ്റിംഗ് കണക്കുകളെ അടിസ്ഥാനമാക്കി വ്യത്യസ്തമായ ഉത്തരങ്ങള്‍ കിട്ടിയേക്കും. പക്ഷെ ദിവസക്കൂലിക്കാരായ നിരവധി സാധാരണക്കാരുടെ പണം കൊണ്ട് കൂടി ഉണ്ടാക്കപ്പെട്ട ഒരു ചാനല്‍ എന്ന നിലക്ക് ഇന്ത്യാവിഷന് മറ്റു രണ്ടു ചാനലുകളില്‍ നിന്നും വ്യത്യസ്തമായ ഒരു ജനകീയാടിത്തറയുണ്ട്. കൈരളി ചാനലിനും ഇത് അവകാശപ്പെടാമെങ്കിലും ഏകപക്ഷീയ വാര്‍ത്തകളുടെ ഒരു പരിമിത വൃത്തം അതിന്റെ നിഷ്പക്ഷാടിത്തറയെ ദുര്‍ബലപ്പെടുത്തുന്നുണ്ട് എന്ന് പറയാതെ വയ്യ.  

പണം മുടക്കിയവരുടെ താല്പര്യങ്ങള്‍ വാര്‍ത്തകളില്‍ പ്രതിഫലിച്ചില്ല എന്ന് മാത്രമല്ല അവരുടെ താല്പര്യങ്ങള്‍ക്കെതിരായിക്കൂടി വാര്‍ത്തകള്‍ വന്നു എന്നതാണ് ഇന്ത്യാവിഷനെ റേറ്റിങ്ങിലും വിവാദങ്ങളിലും പിടിച്ചു നിര്‍ത്തിയത്. കടിച്ചിറക്കിയ വേദനകളുടെയും മാനസിക സംഘര്‍ഷങ്ങളുടെയും ഒരുവേള നിസ്സഹായാവസ്ഥകളുടെയും സത്യസന്ധമായ വെളിപ്പെടുത്തല്‍ നടത്തുക വഴി ഡോ മുനീര്‍ ഒരു രാഷ്ട്രീയക്കാരന്റെ മേക്കപ്പില്ലാത്ത മുഖമാണ് കാണിക്കുന്നത്. 

"ടീവിയില്‍  റെജീനയുടെ പുലമ്പലുകള്‍, സ്തംഭിച്ചു പോയി, കുഞ്ഞാലിക്കുട്ടി സാഹിബുമായുള്ള ദീര്‍ഘ കാല ബന്ധവും തലേന്ന് നടന്ന സമാഗമവും മനസ്സില്‍ മിന്നി മറഞ്ഞു. ആകെ ഒരവ്യക്തത, എന്ത് ചെയ്യണമെന്നറിയാതെ കുറെ നിന്നു" തികച്ചും വൈകാരികമായ ഇത്തരം മുഹൂര്‍ത്തങ്ങള്‍ മുതല്‍ പട്ടിണിയിലായ ഇന്ത്യാവിഷന്‍ ജീവനക്കാര്‍ ഓഫീസിലെ ടെറസിനു മുകളിലെ മാങ്ങ പറിച്ചു തിന്നു വിശപ്പടക്കുന്നത് വരെ ഡോ: മുനീര്‍ വിവരിക്കുന്നുണ്ട്. (ഇപ്പോഴും ജീവനക്കാര്‍ മാങ്ങ പറിച്ചു തിന്നു തന്നെയാണോ  വിശപ്പടക്കുന്നത് എന്ന് വ്യക്തമല്ല . നികേഷിന്റെയും മറ്റും രൂപം കണ്ടിട്ട് മാങ്ങ തിന്നു ജീവിക്കുന്ന മട്ടില്ല. !!) ഇന്ത്യാവിഷന്റെ ലോഗോ പ്രകാശന ചടങ്ങില്‍ മുന്‍ നിരയില്‍ ഇരുന്ന തന്റെ ഉമ്മയെയും സഹോദരിയെയും എഴുനേല്‍പിച്ച്  പിറകിലേക്ക് മാറ്റിയിരുത്തിയ ഹസ്സന്‍ ചേളാരിയെന്ന മുന്‍ലീഗ് പത്രപ്രവര്‍ത്തകനെക്കുറിച്ചും ഡോ. മുനീര്‍ എഴുതിയിട്ടുണ്ട് !!!.. (എന്തിനുള്ള പുറപ്പാടാണാവോ ?..)

വാര്‍ത്തകളുടെ കാര്യത്തില്‍ ഇടപെടില്ല എന്ന് എം വീ നികേഷ്‌ കുമാറിനും സ്റ്റാഫിനും ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ കൊടുത്ത വാക്ക് റെജീന ചാനലില്‍ അഴിഞ്ഞാടിയ ദിവസം പോലും പാലിച്ചു എന്ന് സൂചിപ്പിക്കുന്നിടതാണ് ഇതൊരു അസാധാരണമായ ലേഖനമാകുന്നത്. രാഷ്ട്രീയ ഭാവിയെയും അതിലെ വരും വരായ്കകളെയും ചിന്തിക്കാതെ മനസ്സാക്ഷിയോട് സത്യസന്ധത പുലര്‍ത്താന്‍ ശ്രമിച്ച ഒരു സാധാരണക്കാരന്റെ ചിത്രമാണ് ഡോ: മുനീര്‍ വരച്ചിടുന്നത്. വിവാദങ്ങള്‍ ചുട്ടെടുത്തും കത്തിച്ചുണ്ടാക്കിയും വാര്‍ത്തകളില്‍ ഇന്ത്യാവിഷനെ നിറച്ചു നിര്‍ത്തി നികേഷും സഹപ്രവര്‍ത്തകരും ചിരിച്ചപ്പോഴും ഒരു മാധ്യമ (മാദ്ധ്യമമെന്നും പറയാം കെട്ടോ..!!) മുതലാളിയുടെ ചാട്ടവാര്‍ വീശിയടിച്ചില്ല ഡോ: മുനീര്‍. പകരം മന:സംഘര്‍ഷങ്ങള്‍ ഉള്ളിലൊതുക്കി കണ്ണുകളില്‍ നിന്നു രക്തം വരുന്നത് വരെ കരഞ്ഞു തീര്‍ത്തു..!! (ഒരു ചാനല്‍ നടത്തി കൊണ്ട് പോകാനുള്ള പുകിലുകള്‍ നോക്കണേ.. )  ടൈയ്യും കെട്ടി വാര്‍ത്ത വായിക്കുന്നവന് ഇതൊന്നും അറിയേണ്ടല്ലോ, അവനു മാങ്ങ തിന്നു ജീവിച്ചാല്‍ മതിയല്ലോ.   

ഒരു കാര്യം ഉറപ്പാണ്. ഈ ലേഖനം വഴി മറ്റൊരു പുകിലാണ് മുനീര്‍ സാഹിബ്‌ തലയില്‍ കയറ്റിയിരിക്കുന്നത്. ഒരു പാട് പേരോട് മറുപടി പറഞ്ഞു കുഴങ്ങും. തനിക്കോ പാര്‍ട്ടിക്കോ തൊഴിലാളികള്‍ക്കോ ഓഹരി ഉടമകള്‍ക്കോ ആര്‍ക്കും ഒരുപകാരവും ഈ ചാനല്‍ കൊണ്ട് ഇല്ലെങ്കില്‍ പിന്നെയെന്തിന് ഈ വയ്യാവേലിക്ക് നിന്നു?. വാര്‍ത്തകള്‍ എങ്ങനെ വരണമെന്ന് പോലും തീരുമാനിക്കാന്‍ കഴിയാതെ കത്തിയും കഴുത്തുമൊക്കെ ആരാനെ ഏല്പിച്ചു  സാമ്പത്തികം എന്ന മരക്കുരിശ് മാത്രം ചുമലില്‍ എല്ക്കുവാന്‍ ആര് പറഞ്ഞു?. ചോദ്യങ്ങള്‍ നിരവധിയുണ്ടാവും.   


ഡോ: മുനീറിന്റെ ലേഖനത്തിന്റെ പൂര്‍ണ രൂപം വായിക്കാന്‍ താല്പര്യം ഉള്ളവര്‍ക്കായി അതിവിടെ ചേര്‍ത്തിട്ടുണ്ട്. പഴയ ലക്കം ആയതിനാല്‍ കോപ്പിറൈറ്റ് പുലിവാലുമായി മാതൃഭൂമി വരില്ല എന്ന ശുഭാപ്തി വിശ്വാസത്തോടെ ..
(പിന്‍കുറിപ്പ്: ഡോ: മുനീറിന് മറുപടിയുമായി ഹസ്സന്‍ ചേളാരിയും മറ്റും  മാതൃഭൂമിയുടെ പുതിയ ലക്കത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഗള്‍ഫിലായതിനാല്‍  കോപ്പി കിട്ടാന്‍ വൈകും. അത് വായിച്ചു കഴിഞ്ഞിട്ട് വല്ലതും പറയണമെന്ന് തോന്നിയാല്‍ അപ്പോള്‍ പറയാം.)

For latest update of this story Click here ഇന്ത്യാവിഷന്‍ : ഇപ്പോള്‍ ചിരിക്കുന്നത് കുഞ്ഞാലിക്കുട്ടി

November 7, 2009

മാദ്ധ്യമമോ മാധ്യമമോ ശരി?

പ്രമുഖ ബ്ലോഗറും ഭാഷാപണ്ഡിതനുമായ കൈപ്പള്ളി പറയുന്നത്  'മാദ്ധ്യമം' ആണ് ശരി 'മാധ്യമം' പാടില്ല എന്നാണ്. നേരത്തെ ഞാന്‍ ഇട്ട ഒരു പോസ്റ്റിന്റെ കമന്റ്‌ കോളത്തില്‍  ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലി പേജ് 1048 അതിനു തെളിവായി അദ്ദേഹം ഉദ്ധരിക്കുകയും ചെയ്യുന്നു. 'മാദ്ധ്യമം' എന്നത് ശരി തന്നെ, പക്ഷെ 'മാധ്യമം' എന്നെഴുതിയാല്‍ അവനെ തല്ലണമോ എന്നതാണ് വിഷയം. 'അദ്ധ്യാപകനെ' 'അധ്യാപകന്‍' ആക്കുക, 'വിദ്യാര്‍ത്ഥി'യെ 'വിദ്യാര്‍ഥി' ആക്കുക തുടങ്ങി 'വാര്‍ത്ത'യെ ദേശാഭിമാനി സ്റ്റൈലില്‍ 'വാര്‍ത' യാക്കുന്നത് വരെയുള്ള നിരവധി പുകിലുകള്‍ മലയാള ലിപിയുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. ഈ വിഷയങ്ങളിലൊക്കെ വികാരപരമായ ഒരു സമീപനമാണ് കൈപ്പള്ളി സ്വീകരിക്കുന്നത്‌ എന്ന് തോന്നുന്നു.

November 5, 2009

പോലീസോ പട്ടാളമോ വലുത്?

പോലീസാണ് വലുതെന്നു വീ എസ്, 
പട്ടാളമാണ് വലുതെന്നു എ കെ ആന്റണി. 

ആകെ മൊത്തം കണ്‍ഫ്യൂഷന്‍ ..  

ആരെയാണ് വിശ്വസിക്കേണ്ടത് എന്ന് ഒരു പിടിയും കിട്ടുന്നില്ല. 

രണ്ടു പേരും നമുക്ക് വേണ്ടപ്പെട്ടവര്‍. ഒന്ന് മുഖ്യന്‍, മറ്റൊന്ന് കേന്ദ്ര മന്ത്രി. 

ഒരൊറ്റ വഴിയെ ഞാന്‍ കാണുന്നുള്ളൂ. കണ്ണൂരിലെ റിസള്‍ട്ട്‌ വരുന്നത് വരെ കാത്തിരിക്കുക. 

അബ്ദുള്ള കുട്ടി ജയിച്ചാല്‍ പട്ടാളം വലുത്. 
ജയരാജന്‍ ജയിച്ചാല്‍ പോലീസ് വലുത്. 

ഇത് രണ്ടുമല്ലാതെ ബീ ജെ പീ ജയിച്ചാലോ എന്ന് ചോദിക്കരുത്. പിന്നെയും കണ്‍ഫ്യൂഷന്‍ ആവും... 

November 3, 2009

ഡൊമൈന്‍ നാമങ്ങള്‍ ഇനി പച്ചമലയാളത്തിലും !

ഇന്റര്‍നെറ്റിന് ഏതാണ്ട് നാല്പതു വയസ്സായി. നാല്പതിന്റെ പാകത നെറ്റ് കാണിച്ചു തുടങ്ങി എന്ന് വേണം പറയാന്‍. നവംബര്‍ പതിനാറു മുതല്‍ ലാറ്റിന്‍ അക്ഷരങ്ങളില്‍ (നമ്മള്‍ ഉപയോഗിക്കുന്ന ഇംഗ്ലീഷ് അക്ഷരമാല ) അല്ലാതെയും ഡൊമൈന്‍ നാമങ്ങള്‍ എഴുതാം. വെബ്‌ വിലാസങ്ങള്‍ സായിപ്പിന്റെ ഭാഷയില്‍ തന്നെ വേണം എന്ന സ്ഥിതിക്ക് മാറ്റമുണ്ടാവുന്നു എന്ന് ചുരുക്കം. കഞ്ഞിക്കുഴി.കേരളം എന്ന് ഒരു ഡൊമൈന്‍ നാമം മലയാളത്തില്‍ തന്നെ എഴുതുന്നതിന്റെ ഒരു സുഖം ആലോചിച്ചു നോക്കൂ. ഇംഗ്ലീഷില്‍ കഞ്ഞിക്കുഴി എന്ന് എഴുതി ഒപ്പിക്കാന്‍ എത്ര കഷ്ടപ്പെടണം. ഇനി അത് വേണ്ട. വായില്‍ വരുന്നതും കൊക്കില്‍ കൊള്ളുന്നതുമായ ഏത് മലയാളവും ഇനി വെബ്‌ അഡ്രസ്‌ ആക്കാം. 

കഴിഞ്ഞ ദിവസം സൌത്ത് കൊറിയയില്‍ ചേര്‍ന്ന ഇന്റര്‍നെറ്റ്‌ തമ്പുരാക്കന്മാരുടെ (Internet Corporation for Assigned Names and Numbers -  ICAAN) യോഗത്തിലാണ് തീരുമാനം ഉണ്ടായത്.  A മുതല്‍ Z വരെയുള്ള ഇംഗ്ലീഷ് അക്ഷരമാലയിലെ 26 വില്ലന്മാരെയും  ഒന്ന് മുതല്‍ പൂജ്യം  വരെയുള്ള പത്ത് വേന്ദ്രന്മാരെയും ഒരു കീഴ്ജാതി ഹൈഫനെയും (-) വെച്ചാണ് ഇതുവരെയുള്ള കളികളൊക്കെ നാം കളിച്ചത്. ഇനി 'ലച്ചം ലച്ചം അച്ചരങ്ങള്‍' ആണ് അഡ്രസ്‌ ബാറില്‍ കിടന്നു നിരങ്ങാന്‍ പോകുന്നത്. അറബി, ചൈനീസ്, റഷ്യന്‍, ഹിന്ദി തുടങ്ങിയ മേല്‍ജാതി ഭാഷകള്‍ക്കാണ്‌ ഉടനെ അഡ്രസ്‌ ബാറില്‍ ചാടി വീഴാന്‍ അനുമതി ലഭിക്കുക.  മലയാളം അടക്കമുള്ള ഓ ബി സി വകുപ്പിലെ ക്രീമിലെയറില്‍ പെട്ടേക്കാവുന്ന ഭാഷകള്‍ക്ക് രണ്ടാം ഘട്ടത്തില്‍ ഇടം കിട്ടിയേക്കും.  ഡോട്ട് കോമിനു പകരം ഓരോ ഭാഷക്കും യോജിക്കുന്ന വാലറ്റങ്ങള്‍ അതാതു സര്‍ക്കാരുകള്‍ ഉണ്ടാക്കി സമര്‍പ്പിക്കണം എന്നാണു ഐക്കാന്‍ അധികൃതര്‍ പറയുന്നത്. നമുക്ക് ഡോട്ട് കേര എന്നോ ഡോട്ട് കേരം എന്നോ എന്താണെന്ന് വെച്ചാല്‍ ഉണ്ടാക്കി കൊടുക്കാം. സഖാക്കള്‍ക്ക് വേണമെങ്കില്‍ ഡോട്ട് വീ എസ്‌ എന്നുമാക്കാം.


ലോകത്ത് ഏതാണ്ട് 1.6 ബില്യണ്‍ ആളുകള്‍ നെറ്റ് ഉപയോഗിക്കുന്നുണ്ട്‌ എന്നാണു കണക്ക്. എന്ന് വെച്ചാല്‍ ഇതെഴുതുന്ന ഞാനും വായിക്കുന്ന നിങ്ങളുമടക്കം ലോകജന സംഖ്യയുടെ നാലിലൊന്ന് ഇപ്പോള്‍ തന്നെ വലയില്‍ ആണ് എന്ന്. സായിപ്പിന്റെ ഭാഷ തീരെ വശമില്ലാത്തതിനാല്‍ വലയില്‍ ചാടാതെയിരിക്കുന്ന വലിയൊരു വിഭാഗമുണ്ട്. അവരെക്കൂടി വലയില്‍ ആക്കുകയാണ് ഈ നീക്കത്തിന്റെ പിന്നിലെ ഗൂഡ ലക്ഷ്യമെന്ന് പറയുന്നവരുമുണ്ട്‌. 


സംഗതി എന്തായാലും കയ്യും കെട്ടി നോക്കിയിരുന്നാല്‍ നല്ല മണി മണി പോലെയുള്ള മലയാളം പേരുകള്‍ തിരോന്തരത്ത്‌കാര് അടിച്ചോണ്ട് പോകും. നമ്മള്‍ മലബാരുകാര് ഉറക്കം എഴുന്നേറ്റ് വരുമ്പോഴേക്ക്‌  കാക്കയും പൂച്ചയുമല്ലാതെ ബാക്കിയൊന്നും കാണില്ല. അതുകൊണ്ട്  വലയില്‍ കറങ്ങുന്ന മുഴുവന്‍ മലബാരുകാരോടും എനിക്കുള്ള അഭ്യര്‍ഥന സ്വപ്നം കാണുന്ന ഡൊമൈന്‍ നാമങ്ങളൊക്കെ ചുരണ്ടി റെഡിയാക്കി വെച്ചോളണം എന്നാണ്. എപ്പോഴാണോ മലയാളത്തിനു ടിക്കറ്റ്‌ കിട്ടുന്നത്  അപ്പൊ വെച്ചങ്ങു കാച്ചണം. 


ഇതിനകം തന്നെ റിസേര്‍വ് ചെയ്തിരിക്കാന്‍ ഇടയുള്ള നല്ല മലയാളത്തമുള്ള ചില ഡൊമൈന്‍ നാമങ്ങള്‍ താഴെ കൊടുക്കുന്നു.  അവയ്ക്ക് ഇനിയാരും അപേക്ഷ കൊടുക്കരുത്‌.
എസ്സ് കത്തി.കേപോ  (കേരള പോലീസ്)
ആ കസേരയില്‍ ഒന്നൂടെ ഇരിക്കണം.കരുണാകരന്‍ 
ജീവിതംനായനക്കി.മഅദനി
ഞങ്ങള്‍തമ്മില്‍തച്ചുതീരും.ബീ ജെ പി 
വോട്ടു വേണോ വോട്ട്.ജമ (ജമാഅത്തെ ഇസ്ലാമി)
വാടാപോടാ.എസ് എന്‍ ഡീ പി 
ശവത്തില്‍ കുത്തരുത് പ്ലീസ്.മുരളി

October 31, 2009

ഒബാമ മാജിക്, പൂ ഹോയ്‌ !!

ഡിസംബര്‍ പത്തിന് ഒബാമ നൊബേല്‍ സമ്മാനം ഏറ്റുവാങ്ങുവാന്‍ ഓസ്ലോയില്‍ എത്തും. ഒരു തട്ട് തകര്‍പ്പന്‍ പ്രസംഗം അവിടെ വെച്ചു കാച്ചുകയും ചെയ്യും. ......  
..... മെക്സിക്കന്‍ തീരങ്ങളിലും ഹെയ്തിയിലും ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലും ബോംബ്‌ വര്ഷം നടത്തിയ വുഡ്രോ വിത്സണ്‍.. ക്യൂബയെ അധിനിവേശം ചെയ്യുകയും ഫിലിപ്പൈന്‍സില്‍ നിരവധി പേരെ കൂട്ടക്കുരുതി ചെയ്ത യുദ്ധം നയിക്കുകയും ചെയ്ത റൂസ് വെല്‍റ്റ്.. വിയറ്റ് നാമിലും ലാവോസിലും കംബോഡിയായിലും മരണം വിതച്ച ഹെന്‍‌റി കിസ്സിന്ജര്‍.. ഒരു തുണ്ട് ഭൂമിക്കു വേണ്ടിയുള്ള പലസ്തീനികളുടെ പോരാട്ടത്തെ അടിച്ചമര്‍ത്താന്‍ പാടുപെടുന്ന ഷിമോണ്‍ പെരസ്.. ഇവര്‍ക്കെല്ലാം സമാധാനത്തിനുള്ള നോബല്‍ സമ്മാനം വാങ്ങിക്കാമെങ്കില്‍ അതാര്‍ക്കാണ്  വാങ്ങിച്ചു കൂടാത്തത്?.

... ഒബാമ അധികാരമേറ്റു പത്താം നാളായിരുന്നു നോബല്‍ സമ്മാനത്തിന്റെ നോമിനേഷനുള്ള അവസാന ദിവസം!. ഈ പത്തു ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം എന്ത് മാജിക്കാണ് കളിച്ചത് എന്നറിയില്ല, ഒന്നറിയാം, മഹാത്മാ ഗാന്ധിക്ക് രണ്ടു പതിറ്റാണ്ട് കൊണ്ട് സാധിക്കാത്ത കാര്യം മിസ്ടര്‍ ഒബാമ പത്തു ദിവസത്തിനുള്ളില്‍ ഒപ്പിച്ചെടുത്തു.. ‌


 ശബാബ് വാരികയില്‍  പ്രസിദ്ധീകരിച്ച (ഒക്ടോബര്‍ 30,2009) ലേഖനത്തിന്റെ പൂര്‍ണ രൂപം ഇമേജുകളില്‍ ക്ലിക്ക് ചെയ്തു വായിക്കാം. ശബാബില്‍ നിന്നും നേരിട്ട് വായിക്കുവാന്‍ ഇതാ ഇവിടെ ക്ലിക്കുക  

October 25, 2009

മെയ്തീന്റെ ലവ് ജിഹാദ്.

മെയ്തീന്‍ എന്നാണു ഞാന്‍ അവനു പേരിട്ടിരിക്കുന്നത്. കാലന്‍ പൂച്ച എന്നാണു അയല്‍ക്കാര്‍ പറയാറെങ്കിലും ഞാനവനെ മെയ്തീനേ എന്നല്ലാതെ വിളിക്കാറില്ല. ആള്‍ മര്യാദക്കാരന്‍ ആണ്, പക്ഷെ ഈയിടെയായി ചില വേലകള്‍ ഒപ്പിക്കുന്നതായി അയല്‍ക്കാര്‍ പരാതി പറയുന്നു. പടിഞ്ഞാറേലെ സുരേഷിന്റെ അമ്മിണിക്കുട്ടിയെ അവന്‍ ലവ് ജിഹാദ് നടത്തി സിംഗിള്‍ ഡെലിവറിയില്‍ ഒമ്പത് എണ്ണത്തിനെ ഭൂലോകത്തെത്തിച്ചു. അതിനപ്പുറത്തെ സുലോചനേടത്തിയുടെ വീട്ടിലും കക്ഷി സ്ഥിരമായി കയറിയിറങ്ങാറുണ്ടത്രെ. ഏടത്തിയുടെ മാളുവുമായും പുള്ളി ലവ് ജിഹാദിന് ശ്രമിക്കുന്നതായി കേള്‍ക്കുന്നു.

മെയ്തീന്‍ അങ്ങോട്ട്‌ പോയാലും മാളു ഇങ്ങോട്ട് വന്നാലും ചീത്തപ്പേര് എന്റെ മെയ്തീന് തന്നെ. ഇവന്‍ എങ്ങിനെ ഇങ്ങനെയായി എന്നെനിക്കറിയില്ല. മുമ്പൊരിക്കല്‍ മതില്‍ ചാടി വന്ന ഒരുവന്‍ എന്റെ വീട്ടിലെ ചട്ടിയും കലവും പൊട്ടിച്ച് മെയ്തീനോട് എന്തോ പിറുപിറുക്കുന്നത് കണ്ടിരുന്നു. ഒരു പക്ഷെ അവന്‍ ഒരു 'ജിഹാദി' ആയിരുന്നിരിക്കണം. വാലിലെ തൊപ്പയും നെറ്റിയിലെ മറുകും അന്നേ ഞാന്‍ ശ്രദ്ധിച്ചിരുന്നു. മൊത്തത്തില്‍ ഒരു താലിബാന്‍ ലുക്കുണ്ടായിരുന്നു . മാത്രമല്ല നാട്ടിലെ വായ്‌നോക്കിപ്പട്ടികള്‍ അവനെ ഓടിക്കാന്‍ ശ്രമിക്കുന്നതും കണ്ടു. അവന്‍ തന്നെ ആയിരിക്കണം മെയ്തീനെ ഇക്കോലത്തില്‍ ആക്കിയത്.

ഈയിടെയായി മെയ്തീന്‍ വളരെ ബിസിയാണ് . എവിടെയൊക്കെയാണാവോ പഹയന്‍ ജിഹാദ് നടത്തിക്കൊണ്ടിരിക്കുന്നത് ?. ഏതായാലും ഇനി അവനെ വീട്ടിലേക്കു അടുപ്പിക്കുന്നത് ബുദ്ധിയല്ല. ഇന്ന് മുതല്‍ മെയ്തീനുമായി യാതൊരു ബന്ധവും ഇല്ല എന്ന് ഉറക്കെ പ്രഖ്യാപിക്കണം. ഒരു മുട്ടന്‍ വടി ഇറയത്തു തന്നെ വെക്കണം. ദൂരെ ഉഗാണ്ടയിലെ മറ്റോ പോയി ജീവിക്കട്ടെ. ഇവിടത്തെ കൊടിച്ചിപ്പട്ടികളുടെ കടി കൊണ്ട് ചാവുന്നതിലും ഭേദം മെയ്തീന് നല്ലത് അതാണ്‌. 

മെയ്തീന്റെ ലേറ്റസ്റ്റ് അപ്ഡേറ്റ് ഇവിടെയുണ്ട്

October 15, 2009

എയര്‍പോര്‍ട്ടുകളില്‍ നേക്കഡ് സ്കാനിംഗ് !!

എയര്‍ പോര്ട്ടുകളില്‍ പുതിയ സ്കാനിംഗ്‌ മെഷിന്‍ വരുന്നു. ഫുള്‍ ബോഡി നേക്കഡ് സ്കാനിംഗ്‌... എന്ന് വെച്ചാല്‍ സെക്യൂരിറ്റിക്കാരന്‍/കാരി നമ്മെ ഉടുതുണിയില്ലാതെ കാണും. സുരക്ഷ ക്രമീകരണങ്ങള്‍ ടൈറ്റ് ആക്കുന്നതിന്റെ ഭാഗമായാണത്രെ നാണം മറക്കാനുള്ള മൌലികാവകാശം അല്പം ലൂസാക്കുന്നത്. പുതിയ സ്കാനിംഗ്‌ മെഷീനിന്റെ ട്രയല്‍ റണ്‍ ഇംഗ്ലണ്ടില്‍ തുടങ്ങിക്കഴിഞ്ഞു !!!

എത്ര മുന്തിയ കോട്ടും പാന്റും ധരിച്ചു എയര്‍ പോര്‍ട്ടില്‍ ചെന്നാലും ശരി പുതിയ സ്കാനിംഗ് മെഷീനിന്റെ മുന്നില്‍ നിന്ന് കഴിഞ്ഞാല്‍ സംഗതി ധിം തരികിട തോം . കമ്പ്യൂട്ടര്‍ സ്ക്രീനില്‍ നമ്മുടെ ശരീരാവയവങ്ങളെല്ലാം - എന്ന് വെച്ചാല്‍ എല്ലാം !! - ക്ലീന്‍ ക്ലീനായി തെളിഞ്ഞു വരും. സാരി, ബ്ലൌസ്, പര്‍ദ്ദ, ചുരിദാര്‍ എന്നിങ്ങനെ എന്ത് തന്നെ ധരിച്ചു വന്നാലും സ്ത്രീ രത്നങളുടെ സ്ഥിതിയും ഇത് തന്നെ. സംശയമുള്ളവര്‍ക്ക് ബി ബി സി യുടെ ഈ റിപ്പോര്‍ട്ട്‌ നോക്കാം.

സുരക്ഷയുടെ പേര് പറഞ്ഞു എന്ത് തോന്ന്യാസവും കാണിക്കാനുള്ള അധികൃതരുടെ ഈ നീക്കത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. തകര്‍പ്പന്‍ ന്യായങ്ങളുമായി അധികൃതരും രംഗത്തെത്തിയിരിക്കുന്നു. "പുതിയ സ്കാനിംഗ്‌ മെഷീന്‍ വരുന്നതോടെ സെക്യൂരിറ്റി പരിശോധന വളരെ എളുപ്പമാവും. പാന്റും ബെല്ടും ഷൂവും അഴിക്കേണ്ടി വരില്ല, വന്ന വേഷത്തില്‍ അങ്ങ് നിന്ന് കൊടുത്താല്‍ മതി. ശരീരത്തിനകത്തോ പുറത്തോ എന്ത് തന്നെ ഒളിപ്പിച്ചു വെച്ചാലും ഞൊടിയിടകൊണ്ട് പിടിക്കാം. കമ്പ്യൂട്ടറില്‍ എടുക്കുന്ന നഗ്ന ചിത്രങ്ങള്‍ ഒരു പോലീസുകാരനും ആസ്വദിക്കില്ല!!. അത് എവിടെയും സേവ് ചെയ്തു വെക്കില്ല !!! കംപ്ലീട്ടു ഡിലീറ്റ് ചെയ്തിട്ടേ അയാള്‍ സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കൂ. " (പിന്നെ, ഫ്ലാഷ് മെമ്മറിയില്‍ കോപ്പി ചെയ്യുന്നത് , അതയാളുടെ ഇഷ്ടത്തിന് വിടും.!!)

എന്തൊക്കെ ന്യായം പറഞ്ഞാലും ഇതില്‍ ബ്രീച്ച് ഓഫ് പ്രൈവസി എന്ന് സായിപ്പ് പറയുന്ന ആ സംഗതിയുടെ ലംഘനമില്ലേ. വിമാനത്തില്‍ കയറണമെങ്കില്‍ വല്ലവന്റെയും കമ്പ്യൂട്ടറില്‍ നൂല്‍ബന്ധമില്ലാതെ പ്രത്യക്ഷപ്പെടണം എന്ന് പറയുന്നതിനോട് എത്ര പേര്‍ക്ക് യോജിക്കാന്‍ കഴിയും ?

October 13, 2009

തരൂരിന്റെ ട്വിറ്റെര്‍ വിവാദങ്ങള്‍, ഇപ്പോള്‍ മൂന്നു ലക്ഷം !!!

ശശി തരൂരിന്റെ ട്വിറ്റെര്‍ പിന്തുടര്ച്ചക്കാരുടെ എണ്ണം മൂന്നു ലക്ഷം കവിഞ്ഞു!. കൃത്യമായി പറഞ്ഞാല്‍ ഇതെഴുതുമ്പോള്‍ 318,896ആയി. ഓരോ മിനുട്ടിലും ഈ എണ്ണം പെരുകികൊണ്ടിരിക്കുകയാണ്!!!. ട്വിറ്റെര്‍ കൊണ്ട് പുകിലുകള്‍ പലതും ഉണ്ടാകുന്നുണ്ടെങ്കിലും തരൂര്‍ജി ട്വീറ്റിംഗ് നിര്‍ത്താതെ തുടരുകയാണ്. ഇന്നലെ അദ്ദേഹം എഴുതി. "Landed in NY after good flight. Seeing my wife (a UN official based here) for 1st time in 5 months". 5 മാസത്തിനു ശേഷം ഭാര്യയെ ആദ്യമായി ഇന്ന് കാണുകയാണ് എന്ന് ! പോരെ പൂരം !!!.

ഭാര്യയെ കണ്ട ശേഷം എന്തുണ്ടായി എന്നതല്ല നമ്മുടെ വിഷയം. വിഷയം തരൂര്‍ജിയുടെ ട്വീറ്റിങ്ങാണ് .

'ഒരു മന്ത്രി ഇങ്ങനെയൊക്കെ എല്ലാ കാര്യങ്ങളും നാട്ടുകാരോട് പറയേണ്ടതുണ്ടോ‌?. തന്ത്രിമാരും മന്ത്രിമാരുമൊക്കെ എന്നെയും നിങ്ങളെയും പോലെയല്ല. അവര്‍ ജനങ്ങളുടെ പ്രതിപുരുഷന്മാരാണ് ('പ്രതിസ്ത്രീ'കളുമാണ് എന്ന് പ്രയോഗിക്കാമോ എന്തോ?) അവര്‍ സ്വകാര്യ കാര്യങ്ങളൊന്നും പുറത്തു പറയരുത് , മന്ത്രിയുടെ പണിയെടുക്കാതെ കമ്പ്യൂട്ടറില്‍ കളിക്കുകയാണ് ഇദ്ദേഹം ചെയ്യുന്നത്.'
തരൂര്‍ജിയുടെ ട്വീറ്റിങ്ങിനെ എതിര്‍ക്കുന്നവരുടെ ന്യായം ന്യായമാണ്!!


അനുകൂലിക്കുന്നവര്‍ക്കുമുണ്ട് ന്യായം. 'തരൂര്‍ജി ട്വീറ്റിംഗ് തുടങ്ങിയ ശേഷമാണ് ഒരു മന്ത്രിയുടെ ജോലികളും അവര്‍ എന്തൊക്കെ ചെയ്യുന്നു എന്നുമൊക്കെ അറിയാന്‍ കഴിഞ്ഞത്, മന്ത്രിയോട് നേരിട്ട് ദിവസവും ബന്ധപ്പെടാനും ഇന്റെര്‍നെറ്റിലൂടെ കഴിയുന്നു. പറയാനുള്ളത് നേരെ ചൊവ്വേ പറയുന്ന ശൈലി ഞങ്ങള്‍ക്കിഷ്ടമാണ്. ഇത് പോലൊരു ഹൈടെക്‌ മന്ത്രിയെയാണ് നമുക്ക് ആവശ്യം.'
ഈ ന്യായവും ന്യായമല്ലേ?.

രണ്ടു പക്ഷത്തും ചേരാതെ ഒരു ചേരിചേരാ നയം സ്വീകരിക്കാനാണ്‌ എനിക്കിഷ്ടം. താജ്‌ ഹോട്ടല്‍ , വിശുദ്ധ പശു, ഗാന്ധി ജയന്തി അവധി, ഭാര്യയെ കാണല്‍ തുടങ്ങി ദിവസേന വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന തരൂര്‍ജിയുടെ ട്വീറ്റിംഗ് ഏത് വരെ പോകുമെന്ന് നോക്കാം. കാണാന്‍ പോകുന്ന പൂരമല്ലേ, പറഞ്ഞ് പറഞ്ഞ് അതിന്റെ രസം കളയേണ്ട.
(പൂരങ്ങള്‍ ഇതിനകം തന്നെ കുറെ കണ്ടു. ഇനി തൃശൂര്‍ പൂരം വരാനിരിക്കുന്നതേയുള്ളൂ!!)

October 10, 2009

ദ നൊബേല്‍ ഒബാമ !!

സമാധാനത്തിനുള്ള നോബല്‍ സമ്മാനം ഒബാമക്ക് കിട്ടിയെന്നു കേട്ടപ്പോള്‍ ഞാനൊന്ന് ഞെട്ടി. പുള്ളി പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ട് വന്നാല്‍ ഇനി എന്ത് കൊടുക്കും എന്നാലോചിച്ചിട്ടാണ് ഞാന്‍ ഞെട്ടിയത്. നോബലിനെക്കാളും വലിയൊരു സമ്മാനം ബാക്കിയുണ്ടെങ്കില്‍ അതെടുത്ത് കൊടുക്കാമായിരുന്നു.

ലോകത്ത് സമാധാനം ഉണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്കും അതിനു ആപ്പ് വെച്ചവര്‍ക്കുമൊക്കെ നോബല്‍ സമ്മാനം കിട്ടിയിട്ടുണ്ട്. കാര്യമെന്തായാലും ഒബാമ ലോക സമാധാനത്തിനു ആപ്പ് വെച്ചിട്ടില്ല. ചില ശ്രമങ്ങളൊക്കെ നടത്തുന്നുമുണ്ട്. എട്ടു വര്ഷം ഭരിച്ചു ലോകമാകെ കുട്ടിച്ചോറാക്കിയ ബുഷിനെ അപേക്ഷിച്ചു നോക്കിയാല്‍ 916 സ്വര്‍ണമാണ് ഒബാമ . എന്നാലും ഈ സമ്മാനം അസമയത്തല്ലേ എന്നൊരു തോന്നല്‍..


ഇറാക്കില്‍ സ്ഥിതിഗതികള്‍ ഒട്ടും മെച്ചപ്പെട്ടിട്ടില്ല. അഫ്ഗാനില്‍ കൊന്നും കൊണ്ടും ഇരു പക്ഷവും (അമേരിക്കന്‍ സേനയും താലിബാനും ) ശ്വാസം മുട്ടി ചാവാനുള്ള പരുവത്തിലാണ്. ജനങ്ങളുടെ ശ്വാസം മുമ്പേ നിലച്ചു കഴിഞ്ഞു എന്ന് പ്രത്യേകം പറയേണ്ടല്ലോ. . ഫലസ്തീനില്‍ സ്ഥിതിഗതികള്‍ ഒരടി മുന്നോട്ട് നീങ്ങിയിട്ടില്ല. കല്യാണം കഴിച്ചാല്‍ ഒരു കുട്ടിയുണ്ടാവാനുള്ള കാലമായി. ഈജിപ്തില്‍ നടത്തിയ ഒരു പ്രസംഗം മാത്രമാണ് ഈ ഒമ്പത് മാസക്കാലത്തിനിടയില്‍ ഒബാമയില്‍ നിന്ന് കിട്ടിയത്!!.

ഓടാന്‍ തുടങ്ങുന്നതിനു മുമ്പ് തന്നെ സ്വര്‍ണ്ണപ്പതക്കം കഴുത്തിലിട്ട് കൊടുത്താല്‍ ആരെങ്കിലും ഓടുമോ?. സ്വീഡിഷ് അക്കാദമിക്കാരന്റെ ഉള്ളിലിരുപ്പില്‍ എനിക്ക് സംശയമുണ്ട്‌. നോബല്‍ സമ്മാനം കൊടുത്തു ഒബാമയെ മൂലക്കിരുത്താനുള്ള ശ്രമമാണോ ഇത്?. സമ്മാനമൊക്കെ കിട്ടിയ സ്ഥിതിക്ക് അത് ഷോ കേസില്‍ വെച്ച് ഇനി വേറെ വല്ല ഫീല്‍ഡിലും ശ്രദ്ധ കേന്ദ്രീകരിക്കാമെന്ന് ഒബാമക്ക് തോന്നിയാല്‍ കുറ്റം പറയാന്‍ പറ്റില്ല.

ലോകത്ത് സമാധാനം ഉണ്ടാക്കാനുള്ള ഒബാമയുടെ നല്ല മനസ്സിന് ഒരു പ്രോത്സാഹനം ആയാണ് അക്കാദമി ഇപ്പോള്‍ സമ്മാനം കൊടുത്തതെങ്കില്‍ ഒരു കാര്യവും കൂടെ അവര്‍ ചെയ്യണം. ഇതിനേക്കാള്‍ വലിയൊരു സമ്മാനം ഇനി ബാക്കിയുണ്ടെന്ന് ഉടന്‍ പ്രഖ്യാപിക്കണം. പ്രഖ്യാപിച്ചു വെച്ചാല്‍ മാത്രം മതി. (മിക്കവാറും കൊടുക്കേണ്ടി വരില്ല). ഒരു സമ്മാനവും കൂടെ കിട്ടാനുണ്ടല്ലോ എന്നൊരു തോന്നല്‍ ഒബാമയ്ക്കും അങ്ങേര്‍ എന്തെങ്കിലും ചെയ്യുമെന്നൊരു തോന്നല്‍ നമുക്കും ഉണ്ടാവുന്നത് നല്ലതാണ്. യേത് ?..

October 7, 2009

ചത്തവനെ പരുന്തിനിട്ടു കൊടുക്കണമോ ?

ഇന്ത്യന്‍ പൌരന്മാര്‍ക്കെല്ലാം ഒരു കമ്പ്യൂട്ടറൈസ്ഡ് തിരിച്ചറിയല്‍ രേഖ നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ അനുമോദിച്ചു കൊണ്ട് ഞാന്‍ ഇട്ട പോസ്റ്റിനോട് (ഗെറ്റ് റെഡി ഫോര്‍ യു ഐ ഡി) ഒരു വായനക്കാരന്‍ ഇങ്ങനെ പ്രതികരിച്ചു.

"കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്നതിനു് മുമ്പു് പ്രബുദ്ധരായ ഇന്ത്യന്‍ പൌരന്‍ അന്വേഷിക്കേണ്ട ചില കാര്യങ്ങള്‍:
Card ഉണ്ടാക്കുന്ന companyയും അതിന്റെ software ഉണ്ടാക്കുന്ന companyയും ഈ നിയമം ഉണ്ടാകുന്നതില്‍ എന്തെങ്കിലും "സഹായം" ചെയ്തിട്ടുണ്ടോ? ഇനി എന്തുകുന്തം ഇന്ത്യയില്‍ വന്നാലും പദ്ധതി നടപ്പാക്കുന്നവന്‍ കാശുണ്ടാക്കും എന്നതില്‍ സംശയം വേണ്ട. ID Card ഇല്ലാത്തതുകൊണ്ടു് പല കാര്യങ്ങളും നടക്കുന്നില്ല. ഗ്രാമങ്ങളില്‍ കുടിവെള്ളം, വൃദ്ധജനങ്ങള്‍ക്കുള്ള pension, വികലാങ്ങള്‍ക്കുള്ള pension, ദരിദ്രര്‍ക്കുള്ള വിദ്ധ്യാഭ്യാസ ചിലവിനുള്ള കാശു് എല്ലാം വളരെ പെട്ടന്നു തന്നെ ഈ Card എടുത്തു് വീശിയാല്‍ കിട്ടുമായിരിക്കും. എങ്ങനെ പാവപ്പെട്ടവന്റെ കണ്ണില്‍ പൊടിയിടാം എന്നുള്ളതിനെ കുറിച്ചു് ചിന്തിക്കാന്‍ ഒരു department തന്നെ delhiയില്‍ ഉണ്ടെന്നാണു് തോന്നുന്നതു്."

മാന്യമായ പ്രതികരണമാണ്. അഭിപ്രായം തുറന്നു പറഞ്ഞതിലുള്ള സന്തോഷം അറിയിക്കുന്നതോടൊപ്പം പ്രതികരണത്തോടുള്ള എന്റെ വിയോജിപ്പ് പറയേണ്ടതുണ്ട് എന്ന് തോന്നുന്നു.

നമ്മള്‍ കേരളീയരില്‍ പലര്‍ക്കുമുള്ള ഒരു രോഗമുണ്ട്‌. കാണുന്നതിലെല്ലാം ദോഷം കണ്ടെത്താന്‍ ശ്രമിക്കുക. മുമ്പ് രാജീവ്‌ ഗാന്ധി സാം പിട്രോദയെ അമേരിക്കയില്‍ നിന്ന് കൊണ്ട് വന്നു സീ ഡോട്ട് (Center for Development of Telematics (C-DOT) സ്ഥാപിച്ചപ്പോള്‍ പലരും പറഞ്ഞു. ഇയാള്‍ക്ക് വട്ടാണ്. ജനങ്ങള്‍ പട്ടിണി കിടന്നു മരിക്കുമ്പോള്‍ നമുക്കെന്തിന് മൊബൈല്‍ ഫോണ്‍!!. അത് ലക്ഷപ്രഭുക്കളുടെ ഉപകരണമാണ്!!. എന്തൊരു പുകിലായിരുന്നു അന്ന്. ഇന്നോ ?. സമൂഹത്തിലെ ഭൂരിഭാഗം ജനങളും പ്രത്യക്ഷമായോ പരോക്ഷമായോ മൊബൈല്‍ ടെക്നോളജിയുടെ ഗുണഭോക്താക്കളാണ്. കമ്പ്യൂട്ടര്‍ വന്നപ്പോഴും ഇതായിരുന്നില്ലേ അവസ്ഥ. ബാങ്കുകളില്‍ കയറി കമ്പ്യൂട്ടര്‍ തച്ചു പൊളിച്ച വിപ്ലവ വീരന്മാര്‍ ഇന്ന് ലാപ്ടോപ് തൂക്കി നടക്കുന്ന മന്ത്രിമാരാണ്.

ഒരു ഐ ഡി കാര്‍ഡ്‌ വീശിയാല്‍ കുടിവെള്ളവും റേഷനരിയും മൂര്‍ദ്ധാവില്‍ വന്നു വീഴുമോ എന്ന് ചോദിക്കുന്നത് മാറുന്ന ലോകത്തെക്കുറിച്ചുള്ള തികഞ്ഞ അജ്ഞത കൊണ്ടാണ്. അല്ലെങ്കില്‍ ഇന്ത്യക്കാരന് പൌരത്വം തെളിയിക്കാന്‍ കീറിപ്പറഞ്ഞ ഒരു റേഷന്‍ കാര്‍ഡ് തന്നെ മതി എന്ന പുച്ച്ചമാണ്. നാടിനെയും നാട്ടാരെയും കാളവണ്ടി യുഗത്തില്‍ കെട്ടിയിട്ടാല്‍ മാത്രമേ കുടിവെള്ളം, റേഷനരി തുടങ്ങിയ ജീവല്‍ പ്രശങ്ങള്‍ പരിഹരിക്കാന്‍ കഴിയൂ എന്ന് പറയുന്നത് വിവരക്കേട് കൊണ്ടല്ല, നാട് നന്നാവരുത് എന്ന വാശി കൊണ്ടാണ്. ഐ ഡി കാര്‍ഡ് ഉണ്ടാക്കുന്ന കമ്പനിക്കാരന്‍ കശുണ്ടാക്കില്ലേ എന്നാണു മറ്റൊരു ചോദ്യം. ശവക്കുഴി വെട്ടുന്നവന് കൂലി കൊടുക്കേണ്ടേ എന്ന് കരുതി ചത്തവനെ പരുന്തിനിട്ടു കൊടുക്കാറുണ്ടോ ആരെങ്കിലും?..

October 6, 2009

ബ്ലോഗറുടെ - ജോനവന്‍ - മരണം സാക്ഷ്യപ്പെടുതുന്നത്

എല്ലാവരുടെയും പ്രാര്‍ത്ഥനകളെ വിഫലമാക്കി ബ്ലോഗര്‍ ജോനവന്‍ (നവീന്‍ ) യാത്രയായി.

അപകടത്തില്‍ പെട്ട് ആശുപത്രിയില്‍ ആയപ്പോഴും മരണ ശേഷവും ജോനവന്റെ ബ്ലോഗിലേക്ക് ഒഴുകിയെത്തിയ പ്രാര്‍ത്ഥനകളും സ്നേഹ സന്ദേശങ്ങളും തെളിയിക്കുന്നത് ബ്ലോഗിങ്ങ് സമൂഹം അതിന്റെ അതിരുകള്‍ വിശാലമാക്കുന്നു എന്ന് തന്നെയാണ് .

അജ്ഞാതനായ ഒരു ബ്ലോഗറുടെ മരണം ഇത്ര മേല്‍ തീവ്രമായ സ്നേഹചലനങ്ങള്‍ ഉണ്ടാക്കുമെന്ന് കരുതിയതല്ല. കുശുമ്പ്കള്‍ക്കും കുന്നായ്മകള്‍ക്കും അപ്പുറം സ്നേഹത്തിന്റെ ഒരു അര്‍ത്ഥ തലം കൂടി അതിനുണ്ട് എന്ന് മനസ്സിലായി. പരസ്പരം തെറി പറയുവാന്‍ മാത്രമല്ല ബ്ലോഗ്.. സ്നേഹിക്കുവാനും കൂടിയാവുന്നു. ജോനവന്‍ അത് സാക്ഷ്യപ്പെടുത്തുന്നു. ജോനവന്റെ ബ്ലോഗിലേക്ക് ഇതുവഴി പോകാം

October 4, 2009

ഗെറ്റ് റെഡി ഫോര്‍ യു ഐ ഡി

ഒരു നല്ല കാര്യം ചെയ്യാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. ഇന്ത്യയിലെ എല്ലാ പൌരന്മാര്‍ക്കും വിദേശങ്ങളില്‍ ഉള്ളത് പോലെ ഫോട്ടോ പതിച്ച ഒരു തിരിച്ചറിയല്‍ കാര്‍ഡ്. ഈ ബുദ്ധി ഉദിച്ചത് ആരുടെ തലയില്‍ നിന്നായാലും (മന്‍മോഹന്‍ജി, സോണിയാജി, ചിദംബരംജി തുടങ്ങി ആന്റണിജി വരെയുള്ള കാന്ഗ്രസ്സുകാരില്‍ ആരായാലും) അവര്‍ക്ക് ആയിരം അഭിനന്ദനങ്ങള്‍. വള്ളിക്കുന്നുകാരുടെ വക ആയിരമല്ല, പതിനായിരം അഭിനന്ദനങ്ങള്‍. കാരണമുണ്ട്. ഇന്ത്യയില്‍ ആദ്യമായി ഈ തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കുക വള്ളിക്കുന്നുകാര്‍ക്കാണ്.കേരളത്തിലെ ഏറ്റവും മികച്ച പഞ്ചായത്തിനുള്ള പ്രഥമ അവാര്‍ഡ്‌ നേടിയ വള്ളിക്കുന്ന് യു.ഐ.ഡി. കാര്‍ഡിലൂടെ വീണ്ടും ചരിത്രത്തിലേക്ക് കയറുകയാണ് എന്നര്‍ത്ഥം.

എന്താണ് യു.ഐ.ഡി?

"രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും സമാന സ്വഭാവമുള്ള വിവിധോദ്ദേശ്യ ബയോമെട്രിക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ ഉള്ളതുപോലെ ഓരോ പൗരനും അയാള്‍ക്കുമാത്രമായ തിരിച്ചറിയല്‍ നമ്പര്‍ നല്‍കുക, അയാളെക്കുറിച്ചുള്ള വിവരങ്ങള്‍ നിരന്തരം കൂട്ടിച്ചേര്‍ത്തുകൊണ്ട് ദേശീയാടിസ്ഥാനത്തിലുള്ള വന്‍ വിവരവ്യൂഹം ഉണ്ടാക്കുക, കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള ഏത് സംരംഭങ്ങള്‍ക്കും ഉപയോഗിക്കാവുന്നതരത്തില്‍ തിരിച്ചറിയല്‍ രേഖയുണ്ടാക്കുക എന്നിവയാണ് യു.ഐ.ഡി. അതോറിറ്റിയുടെ ലക്ഷ്യം. വിവരങ്ങള്‍ ശേഖരിച്ച ശേഷം അതിനെ അതിസൂക്ഷ്മമായ ബയോമെട്രിക് ചിപ്പുകളിലാക്കുകയാണ് ആദ്യഘട്ടം. ഒരോരുത്തര്‍ക്കും വ്യത്യസ്തമായ വിരലടയാളമോ കണ്ണിന്റെ പ്രത്യേകതകളോ ആവും അവരവരുടെ പാസ്‌വേഡ്. നിലവിലെ വോട്ടര്‍ ഐ.ഡി. കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ലൈസന്‍സുകള്‍, പാസ്‌പോര്‍ട്ട് തുടങ്ങി സര്‍ക്കാര്‍ തലത്തിലുള്ള ഏല്ലാ രേഖകളും യു.ഐ.ഡി. കാര്‍ഡുമായി ഏകോപിപ്പിക്കും.

2009 ഫിബ്രവരിയിലാണ് കേന്ദ്രസര്‍ക്കാര്‍ യു.ഐ.ഡി. അതോറിറ്റി ഉണ്ടാക്കിയത്. പ്രധാനമന്ത്രിയുടെ പ്രത്യേക താല്‍പ്പര്യപ്രകാരം, ഇന്‍ഫോസിസ് സ്ഥാപകരിലൊരാളും സഹ ചെയര്‍മാനുമായ നന്ദന്‍ നീലേക്കനിയെ ഇതിന്റെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് ക്ഷണിയ്ക്കുകയായിരുന്നു. അദ്ദേഹത്തിന് കേന്ദ്രമന്ത്രിയുടെ റാങ്കും നല്‍കിയിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വിവര ശേഖരണ സംരംഭമായാണ് യു.ഐ.ഡി. വിലയിരുത്തപ്പെടുന്നത്. അടുത്തവര്‍ഷം യു.ഐ.ഡി. പ്രവര്‍ത്തനം തുടങ്ങിയാല്‍ ദേശീയ തലത്തില്‍ രണ്ടുലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ഒന്നാംഘട്ടത്തില്‍ മാത്രം 6500 കോടിയുടെ ബിസിനസ് ഇടപാടുകളും ഇതിലൂടെയുണ്ടാകും." (അവലംബം :മാതൃഭുമി)
യു.ഐ.ഡി കാര്‍ഡിനായുള്ള പണികള്‍ വള്ളിക്കുന്നില്‍ പുരോഗമിക്കുകയാണ്. മംഗളത്തിന്റെ റിപ്പോര്‍ട്ട്‌ കാണുക
(സെപ്റ്റംബര്‍ 26, 2009)


വള്ളിക്കുന്ന്‌: ദേശീയ തിരിച്ചറിയല്‍കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിന്റെ ഭാഗമായുള്ള ഫോട്ടോയെടുപ്പും വിരലടയാള ശേഖരണവും രാജ്യത്താദ്യമായി അരിയല്ലൂരില്‍ തുടങ്ങി. മൂംബൈയില്‍ കടല്‍ വഴിയുള്ള ഭീകരാക്രമണമുണ്ടായതിനു ശേഷമാണു ദേശീയ തിരിച്ചറിയല്‍കാര്‍ഡ്‌ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്‌. ആദ്യ ഘട്ടമായി തീരദേശത്താണു പദ്ധതി നടപ്പാക്കുന്നത്‌. വീടുകള്‍ കയറി ഇറങ്ങിയുള്ള വിവര ശേഖരണമാണു പദ്ധതിയുടെ പ്രഥമ ലക്ഷ്യം. വിവരണ ശേഖരണത്തിന്റെ സംസ്‌ഥാന തല ഉദ്‌ഘാടനം കഴിഞ്ഞ മാസം കോഴിക്കോട്‌ നടന്നിരുന്നു. വിവര ശേഖരണം പൂര്‍ത്തിയായ ശേഷമാണു രണ്ടാം ഘട്ടത്തില്‍ ഫോട്ടോയെടുപ്പും വിരലടയാള ശേഖരണവും ആരംഭിച്ചിരിക്കുന്നത്‌. തീരദേശത്തെ മുഴുവന്‍ പേരുടേയും ഫോട്ടോ, വിരലടയാളം എന്നിവ കാര്‍ഡിനായി ശേഖരിക്കുന്നുണ്ട്‌. അത്യാധുനിക ടെക്‌നോളജിയാണു ഇതിന്‌ ഉപയോഗിക്കുന്നത്‌്. ചിത്രമെടുക്കാന്‍ മികച്ച ക്യാമറയാണു ഉപയോഗിക്കുന്നത്‌. ഡിജിറ്റല്‍ ഉപകരണത്തിലാണു വിരലടയാളം ശേഖരിക്കുന്നത്‌്. 10 വിരലുകളുടെ പ്രിന്റും ശേഖരിക്കുന്നു. വിരലുകള്‍ ഈ ഉപകരണത്തില്‍ പതിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. 15 വയസിനു മുകളിലുള്ളവരുടെ ഫോട്ടോയും വിരലടയാളവുമാണു ശേഖരിക്കുന്നത്‌. എന്നാല്‍ 18 വയസിനു മുകളിലുള്ളവര്‍ക്കു മാത്രമേ തല്‍ക്കാലം കാര്‍ഡ്‌ വിതരണം ചെയ്യു. അരിയല്ലൂര്‍ വില്ലേജിലെ 16-ാം വാര്‍ഡിലെ 400 പേരുടെ ഫോട്ടോയെടുപ്പും വിവര ശേഖരണവുമാണ്‌ ഇപ്പോള്‍ നടക്കുന്നത്‌്. പിന്നീടിവ വില്ലേജാഫീസിലും കലക്‌ട്രേറ്റിലും പ്രദര്‍ശിപ്പിക്കും. തെറ്റുകളുണ്ടെങ്കില്‍ തിരുത്താനാണിത്‌. സംസ്‌ഥാനത്തെ രണ്ടു ജില്ലകള്‍ ഒഴികെ മറ്റെല്ലായിടത്തും പദ്ധതിക്കായുള്ള വിവര ശേഖരണം ആരംഭിച്ചിട്ടുണ്ട്‌."

ചിത്രത്തില്‍ കാണുന്നത് യഥാര്‍ത്ഥ കാര്‍ഡിന്റെ മോഡല്‍ അല്ല. ആര്ടിസ്ടിക് ഡിസൈന്‍ മാത്രമാണ്.
"The largest database of this kind [in the United States] is of 120 million people. We are talking about 1.2 billion people. It is the only country where we are talking about online authentication," said Nandan Nilekani, chairman, Unique Identification Authority of India (UIDAI).
But the target was achievable: "If anyone can do it, India can," he said. It would take around 18 months to issue the first UID and 600 million people would be covered in four years.

September 25, 2009

അല്പം ഫിലോസഫി

പെരുന്നാളിന്റെ ആഘോഷങ്ങള്‍ക്കിടയില്‍ ബ്ലോഗാന്‍ മറന്നു. നെയ്ച്ചോറും ബിരിയാണിയും വെട്ടിവിഴുങ്ങി ഒരു തരം ആലസ്യത്തില്‍ കഴിയുമ്പോള്‍ ബ്ലോഗെന്നല്ല, ഒരു മാതിരി അലമ്പ് കേസുകളൊന്നും മനസ്സില്‍ കയറില്ല. മുപ്പതു ദിവസം നോമ്പ് നോറ്റ് തികഞ്ഞ സാത്വികനായി കഴിഞ്ഞ ശേഷം മുപ്പത്തിഒന്നാം ദിവസം തീറ്റിപ്പണ്ടാരമായി മാറുന്ന പതിവാണ് എനിക്കുള്ളത്. ഒരു മാസക്കാലം പട്ടിണി കിടന്നു എന്നല്ലാതെ വ്രതം നല്‍കേണ്ട എന്തെങ്കിലും സന്ദേശം എന്റെ ശരീരം ഉള്‍കൊണ്ടുവോ എന്ന് സംശയമാണ്.

മുപ്പതു ദിവസം ശാന്തമായി ഒഴുകിക്കൊണ്ടിരുന്ന നദി മുപ്പത്തൊന്നാം ദിവസം തരിശായി മാറുന്ന പോലത്തെ ഒരു അടിമേല്‍മറിച്ചിലാണ് വ്രതപ്പിറ്റേന്ന് സംഭവിക്കുന്നത് എങ്കില്‍ നോറ്റ വ്രതങ്ങള്‍ക്കൊക്കെ എന്തോ കുഴപ്പമുണ്ടെന്നു വേണം കരുതാന്‍.

അറബ് സാഹിത്യകാരനായ മുസ്തഫ ലുത്ഫി മന്ഫലൂതിയുടെ പ്രസിദ്ധമായ ഒരു വാചകമുണ്ട്. പാവപ്പെട്ടവന്റെ വയറൊട്ടുമ്പോഴാണ് പണക്കാരന് വയര്‍ സ്തംഭനം വരുന്നത് എന്ന്. പാവപ്പെട്ടവനും പണക്കാരനും ഒരുപോലെ വയറൊട്ടുന്ന റംസാനിന്റെ പകലുകള്‍ക്ക്‌ പട്ടിണിയുടെ സാമൂഹ്യശാസ്ത്രം തിരുത്താന്‍ കഴിയുന്ന ഒരു മാന്ത്രിക ശക്തി ഉണ്ടാവേണ്ടതായിരുന്നില്ലേ.. ഒരു മാസക്കാലത്തെ വ്രതത്തിനു ശേഷവും കാര്യങ്ങളൊക്കെ പഴയ പടി തന്നെയാണെങ്കില്‍ എവിടെയൊക്കെയോ പിഴച്ചു പോവുന്നു എന്നത് ഉറപ്പ്. 

തികച്ചും ഫിലോസഫിക്കല്‍ ആയി എന്റെ മനസ്സ് ഒരു ബുദ്ധിജീവി തലത്തിലേക്ക് ഉയര്‍ന്നുകളയുമോ എന്ന ഭയം ഉള്ളതിനാല്‍ ഇത് ഇവിടെ നിര്‍ത്തുകയാണ്. മറ്റൊരു വിഷയവുമായി കാണും വരെ അയാം സൈനിംഗ് ഓഫ്‌.

September 14, 2009

കൊച്ചുവേളീ, കൊച്ചു കള്ളീ..

ഞങ്ങള്‍ വള്ളിക്കുന്നുകാര്‍ക്ക് സന്തോഷിക്കാന്‍ ഇതാ വീണ്ടും അവസരം വന്നിരിക്കുന്നു. മംഗലാപുരത്തേക്ക് നീട്ടിയ കൊച്ചു വേളി എക്സ്പ്രെസ്സിനു വള്ളിക്കുന്നില്‍ സ്റ്റോപ്പ്‌ അനുവദിച്ചിരിക്കുന്നു. കണ്ടില്ലേ നാട്ടുകാരുടെ ആഹ്ലാദം. .. ഒരു സങ്കടമുണ്ട്. കൊച്ചു വേളി ഓട്ടം തുടങ്ങിയ ആദ്യ ദിവസം ( സെപ്ടംബര്‍ പത്ത് ) ഞങ്ങള്‍ ആരും കാര്യമറിഞ്ഞിരുന്നില്ല. അത് കൊണ്ട് തന്നെ ആദ്യ ദിവസം സ്വീകരണം ഏര്‍പ്പാടാക്കാന്‍ കഴിഞ്ഞില്ല. റെയില്‍വേ മന്ത്രി ഇ അഹമ്മദ്‌ അടക്കം പല പ്രമുഖരും കന്നിയോട്ടത്തില്‍ ട്രെയിനില്‍ ഉണ്ടായിരുന്നു. പക്ഷെ ആ സങ്കടം ഇന്നലെ തീര്‍ത്തു. കൊച്ചുവേളിയെ ഞങ്ങള്‍ കെട്ടിപ്പിടിച്ചു സ്വീകരിച്ചു.

ആഴ്ചയില്‍ മൂന്നു ദിവസം ഓടുന്ന കൊച്ചുവേളി മംഗലാപുരത്തേക്ക് പോവുമ്പോഴും തിരിച്ചു വരുമ്പോഴും വള്ളിക്കുന്ന് നിര്‍ത്തും. അങ്ങനെ ഞങള്‍ക്ക് ഇപ്പോള്‍ ആറ് എക്സ്പ്രസ്സ്‌ ട്രെയിനുകളുടെ സ്റ്റോപ്പ്‌ ആയി. ഇതിലപ്പുറം വലിയ ആഗ്രഹങ്ങളൊന്നും ഞങ്ങള്‍ക്കില്ല. ഇനി ഒരു ഓവര്‍ ബ്രിഡ്ജ്.. അത് കൂടെ കിട്ടിയാല്‍ തീര്‍ന്നു. അഹമ്മദ്‌ സാഹിബ്‌ അത് കൂടെ ഞങ്ങള്‍ക്ക് എങ്ങിനെയെങ്കിലും ഒപ്പിച്ചു തരണം.

ഇ അഹമ്മദ്‌ റെയില്‍വേ മന്ത്രിയായ ശേഷം വള്ളിക്കുന്ന് സ്റ്റേഷനെ റെയില്‍വേ കാര്യമായി പരിഗണിക്കുന്നുണ്ട്. ആര് എന്തൊക്കെ പറഞ്ഞാലും അഹമ്മദ്‌ സാഹിബിനോട് ഞങ്ങള്‍ നാട്ടുകാര്‍ക്ക് പെരുത്ത് നന്ദിയുണ്ട്. പൂവന്‍ പഴത്തിനു നീളം കൂടി എന്ന് പറഞ്ഞ പോലെ ഇനി ഇതിനെയും വിമര്‍ശിക്കാന്‍ ആള് കാണുമായിരിക്കും. അവരോടൊക്കെ ഞങ്ങള്‍ക്ക് ഒന്നേ പറയാനുനുള്ളൂ .. ഗോരോചനാദി ഗുളിക വാങ്ങി മൂന്നു നേരം അണ്ണാക്കില്‍ വെച്ച് അലിച്ചിറക്കുക. കുന്നായ്മയും കുശുമ്പുമൊക്കെ പതിയെ പൊയ്ക്കൊള്ളും.

September 10, 2009

ശശി തരൂരും താജ് ഹോട്ടലും

കേന്ദ്ര മന്ത്രിമാരായ ശശി തരൂരിനെയും എസ് എം കൃഷ്ണയെയും പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ധനമന്ത്രി പ്രണബ്‌ മൂഖര്‍ജീ പിടിച്ചിറക്കിയിരിക്കുയാണ്. തരൂര്‍ജി നാല്‍പതിനായിരം രൂപയും കൃഷ്ണജി ഒരു ലക്ഷം രൂപയും ദിവസ വാടക കൊടുത്തു ഹോട്ടലില്‍ തങ്ങുന്നതാണ് മൂഖര്‍ജീ പെട്ടന്നൊരു ദിവസം ഗാന്ധിജിയായി മാറാന്‍ കാരണം. കൊണ്ഗ്രസ്സുകാര്‍ക്ക്‌ ഇങ്ങനെ ഇടയ്ക്കിടയ്ക്ക് ഗാന്ധിജിയെ ഓര്മ വരും. കുട്ടികള്‍ ദുസ്വപ്നം കണ്ടു ഞെട്ടിയുണരുന്ന പോലെയാണിത്. ഒന്ന് കരഞ്ഞേച്ച് വീണ്ടും ഉറങ്ങും. ഈ വിവാദത്തില്‍ ഞാന്‍ തരൂര്‍ജിയുടെ കൂടെയാണ്!!!.

കഷണ്ടിക്കും അസൂയക്കും മരുന്നില്ല എന്നാണല്ലോ പഴമൊഴി. ഗള്‍ഫ്‌ ഗേറ്റ് വന്ന ശേഷം കഷണ്ടിയെ ഈ വകുപ്പില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അസൂയക്ക്‌ ഇത് വരെ ആരും ഗള്‍ഫ്‌ ഗേറ്റ് കണ്ടു പിടിച്ചിട്ടുമില്ല. പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കാന്‍ സ്വന്തമായി കാശില്ലാത്ത എംപി മാരാണ് തരൂരിനെതിരെ അസൂയ വാളുമായി വന്നിരിക്കുന്നത്.

"പതിമൂന്നു സംസ്ഥാനങ്ങളിലെ 240 ജില്ലകളില്‍ ഈ വര്ഷം കൊടിയ വരള്‍ച്ചയാണ്, ഇത്തരമൊരു അവസ്ഥയില്‍ ഒരാള്ക്കെങ്ങിനെ താജില്‍ കഴിയാന്‍ പറ്റും?" എന്നാണു ഒരു തൊഴിലാളി എംപിയുടെ ചോദ്യം. കുളിര് കോരുന്ന ചോദ്യം തന്നെ. പക്ഷെ ഈ ചോദ്യം ചോദിച്ച എംപിയോട്‌ തിരിച്ചു ചില ചോദ്യങ്ങളുണ്ട്. 240 ജില്ലയില്‍ ആളുകള്‍ വരള്‍ച്ച കൊണ്ട് എരിപിരി കൊള്ളുമ്പോള്‍ നിങ്ങള്‍ക്കെങ്ങിനെ എസീ കോച്ചില്‍ യാത്ര ചെയ്യാന്‍ കഴിയുന്നു?. ഇരുപതു രൂപയില്‍ താഴെ ദിവസ വരുമാനവുമായി ഇന്ത്യയിലെ ദരിദ്ര നാരായണന്മാര്‍ ആകാശം നോക്കിയിരിക്കുമ്പോള്‍ ഒരു സിറ്റിങ്ങിനു ആയിരക്കണക്കിന് രൂപ ബത്ത വാങ്ങാന്‍ താങ്കള്‍ക്കെങ്ങിനെ കഴിയുന്നു? ഉത്തരേന്ത്യന്‍ ഗ്രാമീണര്‍ കാള വണ്ടിയില്‍ യാത്ര ചെയ്യുമ്പോള്‍ സര്‍ക്കാര്‍ ചിലവില്‍ ഫസ്റ്റ് ക്ലാസ്സ്‌ വിമാന യാത്ര നടത്തുമ്പോള്‍ മനസ്സില്‍ വല്ലതും തോന്നാറുണ്ടോ? ഇതൊക്കെ താങ്കള്‍ അടക്കമുള്ള 545 എംപിമാര്‍ക്ക് ചെയ്യാമെന്കില്‍ സ്വന്തം കാശ് കൊടുത്തു താജില്‍ താമസിക്കാന്‍ തരൂര്‍ജിക്കും അവകാശമുണ്ട്‌. മൂത്രം കുടിച്ചിട്ട് ഇഞ്ചിപ്പച്ചടി തൊട്ടുകൂട്ടരുത് സഖാവേ..


എംപിയെന്ന നിലയില്‍ കിട്ടാവുന്നത്ര ആഡംബരങ്ങളൊക്കെ അനുഭവിക്കുമ്പോള്‍ തോന്നാത്ത ദരിദ്ര സ്നേഹം തരൂര്‍ താജില്‍ കയറുമ്പോള്‍ മാത്രം തോന്നുന്നത് ശുദ്ധ ഫ്രോഡാണ്. കിട്ടാത്ത മുന്തിരിങ്ങ പുളിക്കുന്ന ഈ നമ്പര് ഞങ്ങള്‍ സാധാരണക്കാര്‍ക്ക് പെട്ടെന്ന് മനസ്സിലാവും. നിങ്ങള്‍ എംപിമാര്‍ക്കൊക്കെ എന്ന് മുതലാണ്‌ പഞ്ചനക്ഷത്ര ഹോട്ടലുകളോട് എതിര്‍പ്പ് തുടങ്ങിയത് എന്നറിഞ്ഞാല്‍ കൊള്ളാം. അവിടെ കിടന്നു ഉറങ്ങിയില്ലെലും ഇത്തരം ഹോട്ടലുകളില്‍ നിന്ന് ഓസിയില്‍ ശാപ്പാട് അടിക്കാനുള്ള ഒരവസരവും ആരും പാഴാക്കിയതായി ഞങള്‍ക്ക് അറിവില്ല. മുംബൈ താജില്‍ ഭീകര ആക്രമണം ഉണ്ടായപ്പോഴാണ് അതിനുള്ളില്‍ സഖാവ് എന്‍ എന്‍ കൃഷദാസുള്ള വിവരം നാം അറിയുന്നത്. പുള്ളി ഫൈവ് സ്ടാര്‍ ഫുഡ്‌ അടിക്കുമ്പോഴാണ് ഭീകരര്‍ പണിയൊപ്പിച്ചത്!!!. ശശി തരൂര്‍ പണ്ടേ ഇങ്ങനെ ജീവിച്ചയാളാണ് . ന്യൂ യോര്‍ക്കിലും ജനീവയിലും പഞ്ചനക്ഷത്ര സമാനമായ ജീവിത രീതി ശീലിച്ച് വന്ന ഒരാള്‍ക്ക്‌ ഒരു രാത്രി കൊണ്ട് ഗാന്ധിജിയാവാന്‍ കഴിയില്ല. മാത്രമല്ല സ്വന്തം കീശയില്‍ നിന്ന് കാശ് കൊടുത്താണ് അയാള്‍ പഞ്ചനക്ഷത്രം കളിക്കുന്നത്. സ്വന്തം കാശ് കൊടുത്തു ഒരു ബീഡിക്കുറ്റി പോലും വാങ്ങാത്ത ക്നാപ്പന്മാരാന് തരൂരിനെതിരെ ചന്ദ്രഹാസം മുഴക്കുന്നത്.

15 കോടി ആസ്തിയുന്ടെന്നാണ് തരൂര്‍ജി ഇലക്ഷന്‍ കമ്മീഷന് എഴുതിക്കൊടുത്ത്തത്‌. താജിലെ ദിവസ വാടക നാല്പതിനായിരത്തിന് പുറമേ മസ്സാജ്, പന്നിയിറച്ചി, സ്റ്റീം ബാത്, തുടങ്ങിയ ആവറേജ് പഞ്ചനക്ഷത്ര ശീലങ്ങള്‍ ഉണ്ടെങ്കില്‍ അതിനു ഒരു നാല്‍പതിനായിരം വേറെയും വേണം. തട്ട് കടയില്‍ നിന്ന് സോഡാ സര്‍വതും ഓംലെറ്റും തിന്നാനുള്ള പണത്തിനു പുറമെയാണിത് . ദിവസം എന്പത്തയ്യായിരം കളിയില്ലാതെ പോകുമെന്നര്‍ത്ഥം. അക്കണക്കിന് നൂറു ദിവസത്തിന് ഇതുവരെ ഒരു കോടിക്കടുത്തു ചിലവാക്കി കാണണം. ഇങ്ങനെ നാലോ അഞ്ചോ വര്ഷം തുടര്‍ച്ചയായി താജില്‍ കഴിഞ്ഞാല്‍ ഇലക്ഷന്‍ കമ്മീഷന് എഴുതി ക്കൊടുത്ത പണത്തിന്റെ ഉരുപ്പടികളൊക്കെ ബ്ലേഡുകാരന്‍ കൊണ്ട് പോയി കഴിഞ്ഞിരിക്കും. കയ്യിലെ കാശ് തീര്നാല്‍ തരൂരെന്നല്ല മുകേഷ് അംബാനിയാണേലും താജില്‍ നിന്നറിങ്ങി ശ്രീ കൃഷ്ണ ലോഡ്ജില്‍ മുറി കിട്ടുമോ എന്നന്വേഷിക്കും. അത്രയും കാത്തിരിക്കാനുള്ള ക്ഷമ ഇല്ലാത്തത് കൊണ്ടാണ് ആളുകള്‍ തരൂര്‍ജിയുടെ മെക്കട്ട് കയറുന്നത്.

അവസാനിപ്പിക്കാം. ധൂര്‍ത്തും ആഡംബരവുമൊക്കെ കണക്കാക്കുന്നത്‌ ഓരോരുത്തരുടെ കയ്യിലെ പണത്തിന്റെ അളവ് വെച്ചാണ്. ആഫ്രിക്കയില്‍ ആളുകള്‍ പട്ടിണി കിടക്കുന്നു എന്ന് വെച്ച് ബില്‍ ഗേറ്റ്സ് വള്ളിക്കുന്നിലെ കുഞ്ഞിരാരുവിന്റെ തട്ടുകടയില്‍ നിന്ന് പുട്ടും കടലയും കഴിക്കണമെന്ന് പറഞ്ഞാല്‍ അത് ശുദ്ധ ഫ്രോഡാണ്. അയാളുടെ നിലവാരമനുസരിച്ച് ഒരു നേരത്തെ ഭക്ഷണത്തിന് ആയിരം ഡോളര്‍ ചിലവാക്കിയാലും ധൂര്തെന്നു പറയാന്‍ ആവില്ല. എന്നാല്‍ അതെ പണം ഒരു നേരത്തെ ഭക്ഷണത്തിന് ഞാന്‍ ചിലവാക്കിയാല്‍ എന്നെ ഉടനെ ഊളമ്പാറയില്‍ എത്തിക്കണം.

ഇത്രയും കാശ് ദിവസേന പൊടി പൊടിക്കുന്ന തരൂര്‍ജിയുടെ വക്കാലത്തുമായി വരുകയല്ല എന്റെ ഉദ്ദേശം. പക്ഷെ തരൂരിന്റെ മെക്കട്ട് കയറി പുണ്യവാളന്മാര്‍ ചമയുന്ന മറ്റു എംപീ മാരുടെ ഫ്രോഡ്‌ പണി കാണുമ്പോഴുള്ള ചൊറിച്ചില്‍ മാറ്റാനാണ് ഇത്രയും എഴുതിയത്. ലോക സമസ്താ സുഖിനോ ഭവന്തൂ ..