ലവ് ജിഹാദ്: മെയ്തീനെ നാട് കടത്തില്ല

മെയ്തീനെ ഉഗാണ്ടയിലേക്ക് നാട് കടത്താനുള്ള പരിപാടി ഞാന്‍ ഉപേക്ഷിച്ചു (മെയ്തീന്റെ ഫ്ലാഷ് ബാക്ക് കണ്ടിട്ടില്ലാത്ത പുതിയ വായനക്കാര്‍ ഇവിടെ ക്ലിക്കുക ) അയല്‍പക്കത്തെ വീടുകളില്‍ കയറി മെയ്തീന്‍ ലവ് ജിഹാദ് നടത്തുന്നതായി വ്യാപകമായ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നാട്ടു പോലീസും ഇന്റെര്പോളും മാത്തുക്കുട്ടിച്ചായന്റെ  സഹായത്തോടെ അന്വേഷണം നടത്തിവരികയായിരുന്നല്ലോ. 

മെയ്തീന്‍ വലയില്‍ വീഴ്‌ത്തിയ അമ്മിണിക്കുട്ടിയെയും കന്നി പ്രസവത്തിലെ ഒമ്പത് കുട്ടികളുടെയും രക്തം, മലം, മൂത്രം എന്നിവ വിശദമായ പരിശോധനയ്ക്ക്‌ വിധേയമാക്കിയ ശേഷമാണ് ഇന്റര്‍പോള്‍ ലവ് ജിഹാദ് നടന്നിട്ടില്ല എന്ന് കണ്ടെത്തിയത്. സമാനമായ 436 കേസുകളിലെ മെയ്തീന്മാരുടെയും ഇരകളുടെയും രക്തം, മലം, മൂത്രം എന്നിവ അന്വേഷണകമ്മീഷന്‍ വിശദമായി പരിശോധിച്ച് വരികയാണ്.  

ലവ് ജിഹാദ് അല്ല, ഭൂലോകം  ഉണ്ടായത് മുതല്‍ മനുഷ്യര്‍ സ്ഥിരമായി നടത്തിക്കൊണ്ടിരിക്കുന്ന മറ്റെന്തോ പരിപാടിയാണ് അമ്മിണിക്കുട്ടിയുടെയും മെയ്തീന്റെയും വിഷയത്തില്‍ സംഭവിച്ചതെന്നാണ്  അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.  ഇന്റെര്പോളിന്റെ ഈ കണ്ടെത്തലില്‍ പ്രതിഷേധിച്ചു  മാത്തുക്കുട്ടിച്ചായന്‍ അന്വേഷണ സംഘത്തിന്റെ അവസാന സിറ്റിങ്ങില്‍ നിന്ന് ഇറങ്ങിപ്പോയി.


കുറ്റ വിമുക്തനായത്തോടെ സ്ലോ മോഷനില്‍ പടി കയറി വന്ന മെയ്തീന്  അടുക്കളയിലും അടുക്കളക്ക് പുറത്തും അയല്‍ വീടുകളിലും യഥേഷ്ടം വിഹാരിക്കാനുള്ള സ്വാതന്ത്ര്യം കൊടുക്കണമെന്നാണ് ഇന്റര്‍പോള്‍ നിര്‍ദേശിച്ചിരിക്കുന്നത്‌. കൊടിച്ചി പട്ടികളുടെ ആക്രമണം മെയ്തീന് നേരെ വീണ്ടും ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്ന ഇന്റെര്പോളിന്റെ അഭിപ്രായം കണക്കിലെടുത്ത് മെയ്തീന്  ഇസെഡ് കാറ്റഗറിയിലുള്ള സുരക്ഷ ഏര്പാടാക്കണമെന്ന്  ആവശ്യപ്പെട്ടു ഒരു അപേക്ഷ കൊടുത്താലോ എന്ന ആലോചനയിലാണ് ഇപ്പോള്‍ ഞാനുള്ളത്.

ഒരു  പ്രത്യേക അറിയിപ്പ്:-
ലവ് ജിഹാദ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല  എന്ന് ഇന്റര്‍പോള്‍ പറഞ്ഞെന്നു വെച്ച് ആരും ജാഗ്രത കൈവെടിയരുത്. എവിടെ ജിഹാദ് കണ്ടാലും ഉടന്‍ 'പനോരമ' യില്‍ വിളിച്ചറിയിക്കണം.  

ലേറ്റസ്റ്റ് അപ്ഡേറ്റ് : മെയ്തീന്‍ മുങ്ങി