November 23, 2009

പാഠം ഒന്ന് - ഇമെയിലില്‍ ഫോര്‍വേഡ് കളിക്കരുത് !

ഫോര്‍വേഡ് അടിക്കുന്നത് പിള്ളേര് കളിയല്ലെന്ന് ഇപ്പോള്‍ മനസ്സിലായി. പിണറായി വിജയന്‍റെ വീടെന്നു പറഞ്ഞു ഒരു കുന്നംകുളം കൊട്ടാരമെടുത്ത് ഇമെയിലില്‍ ഫോര്‍വേഡ് കളിച്ച രണ്ടു പേര്‍ പിടിയിലായി. 'കാറ്ററിയാതെ തുപ്പിയാല്‍ ചെകിടറിയാതെ അടി കൊള്ളു'മെന്ന് പറയുന്നതിന്റെ ഒരു ഏകദേശ അര്‍ത്ഥം ഇപ്പോഴാണ് പിടി കിട്ടിയത്.  പിടിയിലായ രണ്ടു പേരും സാധാരണ ഫോര്‍വേഡ് കളിക്കാരല്ല, നല്ല വിവരവും വിദ്യാഭ്യാസവും ഉള്ളവരാണ്. ഒരാള്‍ സീ എ വിദ്യാര്‍ഥി, മറ്റൊരാള്‍ ഗള്‍ഫില്‍ വെല്‍ഡിംഗ് ഇന്‍സ്പെക്ടര്‍  (അങ്ങനെയും ഒരു ഇന്‍സ്പെക്ടര്‍ ഉണ്ടോ? മനോരമ റിപ്പോര്‍ട്ടില്‍ കണ്ടതാണ്). കയറിക്കളിച്ച ബാക്കിയുള്ളവരെ പൊക്കാന്‍ കേരള പോലീസ് വല വീശിയിരിക്കുകയാണ്‌.

സീ എ ക്കാരന്‍ ചെയ്തത് ഇത്ര മാത്രം. സുഹൃത്തിന്റെ ഒരു ഇമെയില്‍ കിട്ടി. നല്ല കിടിലന്‍ വീട്. കക്ഷി ഇങ്ങനെ ഒരു അടിക്കുറിപ്പ് കാച്ചി. "പിണറായിയില്‍ തീര്‍ത്ത വിജയന്‍റെ കൊട്ടാരം. തള്ളേ, കൊട്ടാരം ഒരു സംഭവം തന്നെ". ഇത് ഏഴു പേര്‍ക്ക്  ഫോര്‍വേഡ് അടിച്ചു. 'തൊഴിലാളി നേതാവിന്റെ കൊച്ചു കുടില്‍ എന്നാണ്' വെല്‍ഡിംഗ്  ഇന്‍സ്പെക്ടര്‍ എഴുതിയ അടിക്കുറിപ്പ്.  ഇതിനേക്കാള്‍ നല്ല അടിക്കുറിപ്പ് എഴുതി ഫോര്‍വേഡ് കാച്ചിയ പലരും കാണും. പക്ഷെ പിടിയിലായത് ഈ ഭാഗ്യദോഷികളാണ്  എന്ന് മാത്രം. ഈ കൊട്ടാരം മെയില്‍ ആദ്യമായി പടച്ചു വിട്ടയാളെയാണ് പോലീസ് ഇപ്പോള്‍ തിരഞ്ഞു കൊണ്ടിരിക്കുന്നത്. അയാള്‍ ദുഫായിയിലോ മറ്റോ ആണ് ഉള്ളത് എന്ന് ഇന്നലെ ചാനല്‍ ചര്‍ച്ചയില്‍ കേട്ടു.

പിണറായി വിജയനോട് സ്നേഹമുള്ളവര്‍ കുറച്ചു കാണും. സഖാവായതിനാല്‍ എതിര്‍പ്പുള്ളവര്‍ അതിലേറെ കാണും. സ്നേഹമുള്ളവര്‍ നേതാവിന് ഇമേജുണ്ടാക്കാന്‍ ശ്രമിക്കും, എതിര്‍ക്കുന്നവര്‍ അത് തകര്‍ക്കാനും. രണ്ടും സ്വാഭാവികം. പക്ഷെ എല്ലാത്തിനും ഒരു 'വ്യവസ്ഥയും വെള്ളിയാഴ്ചയും' വേണം. സഖാവിന്റെ കാര്യത്തില്‍ അതുണ്ടായില്ല.  ചുകപ്പു പെയിന്റ് അടിച്ച കുറച്ചു ഓടുകള്‍ ടെറസിലും ചോരച്ചുകപ്പുള്ള ഒരു കാറ് പോര്ചിലും കിടക്കുന്ന കാണാന്‍ കൊള്ളാവുന്ന ഒരു വീടിന്റെ ചിത്രം കിട്ടിയപ്പോള്‍ സഖാവിനിട്ടു പണിയാന്‍ ഇനിയൊരു ഒരു അടിക്കുറിപ്പിന്റെ കുറവേ ഉള്ളൂ എന്ന് കരുതിയ ഏതോ ഒരു 'കൊഞ്ഞാണന്‍ ' ആണ് ഈ പണിയൊപ്പിച്ചത്. ആ കൊഞാണന്റെ ഇമെയില്‍ ഇന്‍ബോക്സില്‍ എത്തേണ്ട താമസം ഫോര്‍വേഡ് റെഡിയാക്കി കാത്തിരിക്കുന്ന എല്ലാവരും ക്ലിക്കി ക്ലിക്കി കുന്നംകുളം കൊട്ടാരത്തെ പിണറായിയില്‍ എത്തിച്ചു !!
 

സ്ഥിരമായി ഫോര്‍വേഡ് മാത്രം കളിക്കുന്ന ചിലര്‍ സഖാവിന്റെ വീടെന്നു പറഞ്ഞു ഈ ചിത്രം എനിക്കും അയച്ചു തന്നിരുന്നു. ഏതോ ഒരു അനോണി "ഇത് ബ്ലോഗിലിടൂ സുഹൃത്തേ !" എന്ന് എന്നെ ഉപദേശിക്കുകയും ചെയ്തു. "വേറെ പണിയൊന്നുമില്ലെങ്കില്‍ താജ് മഹലിന്റെ ചിത്രമെടുത്ത്‌ വീ എസ്സിന്റെ വീടെന്നു പറഞ്ഞു നാലാള്‍ക്കു ഫോര്‍വേഡ് ചെയ്യൂ, എന്നെ വിട്ടേര് !" എന്ന് ഞാന്‍ ആ അനോണിക്ക് തിരിച്ചു ഒരു ഉപദേശവും കൊടുത്തു. പിന്നെ അയാള്‍ ഈ വഴി വന്നിട്ടില്ല. ഫോട്ടോഷോപ്പ് കയ്യിലുണ്ടെങ്കില്‍ താജ്മഹലിലല്ല വൈറ്റ് ഹൌസില്‍ വരെ ചെങ്കൊടി പാറിക്കാം. ഈഫല്‍ ടവറില്‍ പീ ഡീ പീ യുടെ ബാനര്‍ തൂക്കാം. അതൊക്കെ ഈമെയിലില്‍ കിട്ടിയാല്‍ നിലം തൊടാതെ വിഴുങ്ങുന്നവര്‍ക്ക് ഈ കൊട്ടാരം എപ്പിസോഡില്‍ നിന്ന്  ചിലത് പഠിക്കാനുണ്ട്. അതായത് കിട്ടുന്ന ഇമെയില്‍ നൂറു പേര്‍ക്ക് ഫോര്‍വേഡ് അടിക്കുന്നതിനു മുമ്പ് നൂറ്റൊന്നു വട്ടം ആലോചിക്കണം എന്ന് ചുരുക്കം.

ഇത്രയും പറഞ്ഞത് നാണയത്തിന്റെ ഒരു വശം മാത്രം. ഇതിനൊരു മറുവശവുമുണ്ട്. അത് പറയാതിരിക്കുന്നത് ഫോര്‍വേഡികളോട് ചെയ്യുന്ന അപരാധം ആയിരിക്കും. ഒരു ഈമെയിലില്‍ തെറിക്കുന്ന മൂക്കാണോ നമ്മുടെ രാഷ്ട്രീയ നായകന്മാര്‍ക്ക് ഉള്ളത്. ഏതെങ്കിലും ഒരു കൊഞ്ഞാണന്‍ ഒരു ഇമെയില്‍ 
ഉണ്ടാക്കി  അയച്ചാല്‍ സഖാവ് പിണറായിയുടെ ഇമേജു തകര്‍ന്നു  തരിപ്പണമാവുമോ? ദേശാഭിമാനി കണ്ണൂര്‍ ബ്യൂറോയിലെ ഫോറ്റൊഗ്രാഫെര്‍ക്ക് പിണറായിക്കുള്ള ബസ്സ് കൂലി കൊടുത്താല്‍ തീരുന്ന പ്രശ്നമല്ലേ ഇവിടെയുള്ളൂ. സഖാവിന്റെ വീടിന്റെ എല്ലാ ആംഗിളിലും  ഉള്ള നാല് ഫോട്ടോ ദേശാഭിമാനിയില്‍ വന്നാല്‍ തീര്‍ന്നില്ലേ വിവാദംഈ പുകിലിന്റെയൊക്കെ വല്ല ആവശ്യമുണ്ടോ ? 

വൈകി കിട്ടിയത്: ‌ : From Mathrubhumi -  23 Nov. 2009 4 PM.
"സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വീടാണെന്ന രീതിയില്‍ കുന്നംകുളത്തുള്ള ഒരു പ്രവാസി വ്യവസായിയുടെ വീട് ഇ മെയിലിലൂടെ പ്രചരിപ്പിച്ച കേസിലെ മുഖ്യപ്രതി പിടിയിലായതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഖത്തറില്‍ ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശിയാണെന്ന് വ്യക്തമാക്കിയ ഐ.ജി ടോമിന്‍ തച്ചങ്കരി പക്ഷേ ഇയാളുടെ പേര് പുറത്തുവിടാന്‍ തയാറായില്ല".


Related Posts

30 comments:

 1. പിണറായിയുടെ വീട് ഈ കൊട്ടാരമല്ല എന്നു പിണറായിക്കു നന്നായറിയാം. അതാണല്ലോ അദ്ദേഹം കേസ് കൊടുത്തത്. യഥാര്ത്ഥ വീട് ടാര്‍പോളിന്‍ ഇട്ട് മൂടിയിട്ടോ ഭൂമിക്കടിയിലോ അല്ല. സംശയമുള്ളവര്‍ക്ക് മുഴുവന്‍ പിണറായിയില്‍ പോയി നോക്കാം.പതിവില്‍ കൂടുതല്‍ ശബ്ദത്തില്‍ ആരെങ്കിലും തുമ്മിയാല്‍ ബ്രേക്കിംഗ് ന്യൂസ് കൊടുക്കുന്ന ചാനലുകാരില്ലേ. അവര്‍ക്ക് ലൈവായി പോയി എടുത്തൂടെ. ഇനി ആരെങ്കിലും തടഞ്ഞാല്‍ അതിന് ഒരു പാനല്‍ ചര്‍ച്ചയും സംഘടിപ്പിക്കാം. യാതൊരു അടിസ്ഥാനവുമില്ലാത്ത ഒരാരോപണം ഉന്നയിച്ചിട്ട് അത് ശരിയല്ല എന്ന് നിങ്ങള്‍ക്കങ്ങ് തെളിയിക്കത്തില്ലേ എന്നു ചോദിക്കുന്നതില്‍ ഒരു കള്ളത്തരം ഒളിനിരിക്കുന്നില്ലേ ബഷീറേ. പിണറായിയുടെ വീട് എന്തോ ഒരു സംഭവമാണെന്ന് വായിച്ചു നിര്ത്തുന്നവന് ഒന്നു കൂട് തോന്നാനുള്ള ഒരു ചിന്നപ്പണി.

  ReplyDelete
 2. "ദേശാഭിമാനി കണ്ണൂര്‍ ബ്യൂറോയിലെ ഫോറ്റൊഗ്രാഫെര്‍ക്ക് പിണറായിക്കുള്ള ബസ്സ് കൂലി കൊടുത്താല്‍ തീരുന്ന പ്രശ്നമല്ലേ ഇവിടെയുള്ളൂ."

  എന്തിനു ദേശാഭിമാനി ? മലയാള മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റ്‌,ഇന്ത്യാവിഷന്‍, അമൃത... ഇവര്‍ക്കൊന്നും ക്യാമറാമാന്മാര്‍ ഇല്ലേ? അതോ വണ്ടിക്കൂലി ഇല്ലേ?
  അപ്പോ അതൊന്നുമല്ല കാര്യം.
  ഇങ്ങനെ ഫോര്‍വേര്‍ഡ്‌ കളിക്കുന്നവര്‍ക്കൊക്കെ ഒരോ പണി കിട്ടുന്നത്‌ നല്ലതു തന്നെ. ഇനി ഫോര്‍വേര്‍ഡ്‌ കളിക്കുന്നതിനു മുമ്പ്‌ എല്ലാവരും 2 വട്ടമെങ്കിലും ചിന്തിച്ചോളും.

  ReplyDelete
 3. ഇമെയിലില്‍ ഇനി മുതല്‍ മിഡ്ഫീല്‍ടോ വിങ്ങ് ബാക്കോ കളിക്കാം അല്ലേ??? ഫോര്‍വേഡ് മാത്രം ആരും കളിക്കല്ലേ :-)

  ReplyDelete
 4. This comment has been removed by the author.

  ReplyDelete
 5. ഈയടുത്ത് ഇതേ പൊലെ ഒരുത്തന്‍ എനിക്ക് ഒരു ഫോര്‍ വേഡ് അയച്ചു. അത് ചൈനീസ് ക്യത്രിമ കോഒഴിമുട്ടയെ കുറിച്ചാണ്. ചൈനാകാര്‍ ക്യത്രിമമ്മായി കത്സ്യവും മറ്റും ഉപയോഗിച്ച് മുട്ട ഉണ്ടാക്കുന്നുണ്ട്റ്റത്രെ. ചിത്രവും കൊടുത്തിട്ടുണ്ട്. എന്നാല്‍ ഇത്രയും പ്രയാസപ്പെട്ടുണ്ടാക്കുന്ന മുട്ട ഒരിജിനല്‍ മുട്ടയുടെ നാലോ അഞ്ചോഒ ഇരട്ടി വിലവരും. അതില്‍ ഉപയോഒഗിക്കുന്ന മെറ്റീരിയല്‍ കണ്ടിട്ട്. പക്ഷെ ഇത് ഫോര്‍ വേഡ് താണ്‍ഗുന്ന പോങ്ങ്ഗന്‍ മാര്‍ അത് ആലോചിക്കില്ല എന്ന് മാത്രം.

  അപ്പോള്‍ സൂക്ഷിച്ചോളൂ ഇനി ചൈനീസ് ഡ്യൂപ്ലിക്കേറ്റ് മുട്ട ദുബായില്‍ കിട്ടും.

  ചൈനക്കാര്‍ കേസൊന്നും കൊടുക്കാന്‍ പോഒകുന്നില്ല. ധൈര്യമായിട്ട് ഫോര്‍വേഡിക്കൊള്ളൂ.

  ReplyDelete
 6. ഒരുവന്‍ കമന്ടടിച്ചത് പിണറായിയുടെ വീട് ഇതിനെക്കാള്‍ വലുപ്പമുള്ളത്‌ കൊണ്ടാണ് ഇതു പ്രശ്നമായതെന്നാണ് ! ചെറിയ വീട് കാണിച്ചു അദേഹത്തെ അപമാനിച്ചുപോല്‍ !!

  ReplyDelete
 7. പിടിച്ചവരുടെ കാര്യത്തില്‍ വിഷമമുണ്ട്... എല്ലാവരും ഇനിയെങ്കിലും ഇ-മെയിലുകള്‍ ഫോര്‍വേഡ്‌ ചെയ്യുന്നതിന്‌ മുന്‍പ് ഒന്നാലോചിക്കുമെന്ന്‌ പ്രതീക്ഷിക്കാം‍... പത്തു കൊല്ലമായി ലങ്ങ് ക്യന്‍സര്‍ പിടിച്ചു മരിക്കാന്‍ കിടക്കുന്ന 7 വയസ്സുകാരി പെണ്‍കുട്ടിയുടെ ഫോര്‍വേഡിന്‌ ഇപ്പഴും വെല്ല ശമനം ഉണ്ടോ?
  :-|

  ReplyDelete
 8. അപ്പോള്‍ ഇല്ലാത്തതു പറഞ്ഞാല്‍ പിണറായിക്കും പുളിക്കുമല്ലേ! 'ഒള്ളത്' പറഞ്ഞത് കൊണ്ടായിരിക്കും ലാവലിന്‍ വിഷയത്തില്‍ പുള്ളി മൌനം പാലിച്ച്ചിരിക്കുന്നത്‌....

  ReplyDelete
 9. പുകയാതെ കത്തില്ല മക്കളേ....

  ReplyDelete
 10. "ഫോട്ടോഷോപ്പ് കയ്യിലുണ്ടെങ്കില്‍ താജ്മഹലിലല്ല വൈറ്റ് ഹൌസില്‍ വരെ ചെങ്കൊടി പാറിക്കാം. ഈഫല്‍ ടവറില്‍ പീ ഡീ പീ യുടെ ബാനര്‍ തൂക്കാം".. ഇത് കലക്കി ബഷീറിക്കാ

  ReplyDelete
 11. അടിവസ്ത്രത്തില്‍ വരെ ക്യാമറ പിടിപ്പിച്ച്‌ അന്വേഷണാത്മക റിപ്പോറ്‍ട്ടിംഗ്‌ നടത്തുന്ന കേരളത്തിലെ മാധ്യമ പുംഗവന്‍മാര്‍ക്ക്‌, കൂത്തുപറമ്പ്‌-മട്ടന്നൂറ്‍ റോഡ്‌ സൈഡിലുള്ള പിണറായിയുടെ വീടിണ്റ്റെ ഒരു ചിത്രം കിട്ടില്ലേ?

  ReplyDelete
 12. quote of the day :)

  അപ്പോള്‍ ഇല്ലാത്തതു പറഞ്ഞാല്‍ പിണറായിക്കും പുളിക്കുമല്ലേ! 'ഒള്ളത്' പറഞ്ഞത് കൊണ്ടായിരിക്കും ലാവലിന്‍ വിഷയത്തില്‍ പുള്ളി മൌനം പാലിച്ച്ചിരിക്കുന്നത്‌..

  cheers raj

  ReplyDelete
 13. അത്രത്തോളം ചിലപ്പോള്‍ ഉണ്ടാകില്ലെങ്കിലും അതിനടുത്തായി തൊഴിലാളി നേതാവിന്റെ വീടും ഉണ്ട് എന്ന് മുമ്പ് നാം കേട്ടിട്ടുണ്ടല്ലോ. ഇറ്റാലിയന്‍ മാര്‍ബിളില്‍ പണി കഴിപ്പിച്ചതാനെന്നും അത് ഒന്ന് കാണാന്‍ സഗാക്കള്‍ ആരോ പോയി എന്നും ആ ഒരൊറ്റ കാരണത്താല്‍ അവരെ പാര്‍ടിയില്‍ നിന്നും പുറത്താക്കി എന്നും നാം വായിച്ചിട്ടുണ്ടല്ലോ.

  ReplyDelete
 14. ആ കുറ്റാരോപിതര്‍ക്ക് ധാര്‍മ്മിക സഹായം നല്‍കുകയാണു വേണ്ടത്.
  ഒരു രാഷ്ട്രീയ നേതാവ് കച്ചവടക്കാരനൊന്നുമല്ല ... മാനം പൊളിഞ്ഞു വിഴാന്‍. നിരന്തരം വിമര്‍ശ്ശിക്കപ്പെടേണ്ടവരാണ് രാഷ്ട്രീയനേതാക്കള്‍.

  ദേശാഭിമാനിയും സൈബര്‍ ഭീകരന്മാരും !!!
  മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഈ ആക്രമണവും, നിയമത്തിന്റെ ദുരുപയോഗവും ചെറുക്കുകതന്നെ വേണം:)

  ReplyDelete
 15. 'കട്ടവനെ' കിട്ടിയില്ലെങ്കില്‍ 'കണ്ടവനെ' പിടിക്കുക എന്ന ആ പഴഞ്ചന്‍ തത്വം നമ്മുടെ പോലീസ് ആവര്‍ത്തിക്കുന്നു. പിന്നെ കേസ് കൊടുത്തത് 'പിണറായി' ആയതുകൊണ്ട് വെറുതെയിരിക്കാനാകില്ലല്ലോ കേരളാ, സോറി, 'കോടിയേരി പോലീസിന്' !!

  ReplyDelete
 16. പിണറായിക്കിനി വീടില്ലെ സഖാക്കളെ?
  ഉണ്ടെങ്കില്‍ ആരെങ്കിലും ഒന്ന് പോട്ടം പിടിച്ച് കാണിക്കൂ...

  നമ്മള്‍ കാണും വീടെല്ലാം..........!

  :-)

  ReplyDelete
 17. നാളികേരത്തിന്‍റെ നാട്ടീലെനിക്കൊരു
  നാഴിയിടങ്ങാഴി മണ്ണുണ്ട്
  അതില്‍ നാരായനക്കിളി കൂട് പോലുള്ളൊരു
  നാലുകാലോല പ്പുരയുണ്ട് .

  ദയവായി അതാരും ഫോര്‍വേഡ് ചെയ്യരുത് .

  ReplyDelete
 18. പിടിക്കപ്പെട്ടവര് വി എസ് പക്ഷക്കാരാണോ എന്ന് കൂടി
  അന്വൊഷിക്കണം...

  ReplyDelete
 19. It is not moral to send such nonsense message. but how many media news are coming out every day.. are they all right? havent seen a single case against them... why this such a big issue?

  'കട്ടവനെ' കിട്ടിയില്ലെങ്കില്‍ 'കണ്ടവനെ' പിടിക്കുക എന്ന ആ പഴഞ്ചന്‍ തത്വം നമ്മുടെ പോലീസ് ആവര്‍ത്തിക്കുന്നു...

  dont even utter a single word against him.. probably you wont your head tomorrow. :)

  ReplyDelete
 20. ദേശാഭിമാനി കണ്ണൂര്‍ ബ്യൂറോയിലെ ഫോറ്റൊഗ്രാഫെര്‍ക്ക് പിണറായിക്കുള്ള ബസ്സ് കൂലി കൊടുത്താല്‍ തീരുന്ന പ്രശ്നമല്ലേ ഇവിടെയുള്ളൂ. സഖാവിന്റെ വീടിന്റെ എല്ലാ ആംഗിളിലും ഉള്ള നാല് ഫോട്ടോ ദേശാഭിമാനിയില്‍ വന്നാല്‍ തീര്‍ന്നില്ലേ വിവാദം? ഈ പുകിലിന്റെയൊക്കെ വല്ല ആവശ്യമുണ്ടോ ?

  ഇത് ദേശാഭിമാനിക്കാര്‍ക്ക് മാത്രമല്ലല്ലോ, എല്ലാവര്‍ക്കും ബാധകമാണ്.പിണറായിയില്‍ അദ്ദേഹത്തിന്റെ വീട് മൂടിയിട്ടിട്ടോന്നുമില്ല.ആര്‍ക്കും കാണാവുന്ന പോലെ റോഡരികില്‍ തന്നെയാണു വീട്.അത്യാവശ്യക്കാരന്‍ അവിടെ പോയി കാണട്ടെ.അദ്ദേഹത്തിന്റെ മകളുടെ കല്യാണത്തിന്റെ റിസപ്ഷനൊക്കെ അവിടെ വച്ചാണു നടത്തിയത്.പല രാഷ്ജ്രീയ കക്ഷികളിലെ ഇഷ്ടം പോലെ ആള്‍ക്കാര്‍ അവിടെ ചെല്ലുകയും ചെയ്തിട്ടുണ്ട്.എല്ലാവര്‍ക്കും അദ്ദേഹത്തിന്റെ വീട് അറിയാം.അറിയില്ലെന്നു നടിക്കുന്നു..!

  സ്വന്തം വീടിന്റെ ഫോട്ടൊ എടുത്ത് വിജയന്‍ തന്നെ അത് പ്രസിദ്ധികരിക്കണം എന്ന് പറയുന്നതിലെ യുക്തി ആണു മനസ്സിലാവാത്തത്.ഇ മെയിലില്‍ വന്ന ഫോട്ടോ തന്റെ വീടിന്റെ അല്ല എന്ന് മനസ്സിലായി, അദ്ദേഹം കേസും കൊടുത്തു.ഇവിടിപ്പോള്‍ ആര്‍ക്കും എന്തും ആരോപിക്കാം...തെളിയിക്കുന്ന ബാധ്യത ഇല്ല..ചുമ്മാ ഓരോന്ന് എഴുതി വിടാതെ ബഷീറേ...,ആളെ കണ്ടു പിടിച്ചാല്‍ കുറ്റം, കണ്ടു പിടിച്ചില്ലെങ്കില്‍ കുറ്റം!

  ReplyDelete
 21. ചിലരങ്ങനെയാണ് ആരെയെങ്കിലും കുറിച്ചേ എന്തെങ്കിലും നുണ പറഞ്ഞില്ലങ്കില്‍ ഉറക്കം വരില്ല ഇതങ്ങു ഇഷ്ടപ്പെട്ടു

  ReplyDelete
 22. This comment has been removed by the author.

  ReplyDelete
 23. പലര്‍ക്കും ഈ പറയുന്ന IT ആക്ടിനെ കുറിച്ച് കൂടുതലായി ഒന്നും അറിയില്ല എന്നതാണ് സത്യം . എന്തായാലും ഈ സംഭവം കൊണ്ട് പിണറായി കേരളത്തിലെ യുവ തലമുറയ്ക്ക് ഒരു നല്ല സംഭാവന ചെയ്തു , ഭൂരിഭാഗം പേര്ക്കും IT ആക്ടിനെ കുറിച്ച് കുറച്ചെങ്കിലും ബോധം വരാന്‍ ഈ സംഭവം സഹായിച്ചു എന്നത് സത്യം ആണ് , ഇനി ഞാനടക്കം ഉള്ളവര്‍ ഇത്തരം മെയിലുകള്‍ forward അയക്കുമ്പോള്‍ ‍ കുറച്ചു കൂടി ശ്രദ്ധിക്കും. പിടിക്കപെട്ട രണ്ടു പേര്‍ നിരപരാധികള്‍ ആണെന്ന് അവരെ പിടിച്ച പോലീസിനും പിണറായിക്കും അറിയാം ,ഇത് എല്ലാവര്ക്കും ഒരു പാഠം ആയിരിക്കട്ടെ എന്ന് കരുതി ആയിരിക്കും അവന്മാരെ പിടിച്ചത്.. അവരുടെ സമയ ദോഷം ! e-mail forward ചെയ്ത രണ്ടു ലക്ഷത്തോളം വരുന്ന ആളുകളെ എല്ലാം സൈബര്‍ പോലീസ് അറസ്റ്റ് ചെയ്യും എന്ന് തോന്നുന്നില്ല കാരണം ആത് പ്രായോഗികം അല്ല ... എന്തായാലും ഈ പരിപാടി തുടങ്ങിയ വിരുതനെ പിടിച്ച സ്ഥിതിക്ക് ഇത് ഇവിടം കൊണ്ട് തീരും എന്ന് പ്രതീക്ഷിക്കാം ... അല്ലെങ്കില്‍ പലരും ഉണ്ട തിന്നേണ്ടി വരും :)
  പിണറായി വിജയന്റെ വീട് സാമാന്യം വലിയത് ആണെന്നും , പല കമ്മ്യൂണിസ്റ്റ് നേതാക്കന് മാരുടെയും മക്കള് വിദേശത്ത് പഠിച്ചിട്ടുണ്ട് / പഠിക്കുന്നുണ്ട് എന്നത് എല്ലാവര്ക്കും അറിയുന്ന കാര്യം ആണ്..രാഷ്ട്രീയ നേതാവ് ആയത് കൊണ്ട് പിണറായിക്ക് വലിയ വീട് പണിത് കൂടാ എന്ന് പറയാന് നമുക്ക് അധികാരം ഇല്ല . ജനങ്ങളുടെ നികുതി പണം എടുത്ത് അല്ല വീട് പണിതത് എന്നത് കൊണ്ട് പൊതു ജനത്തിന് അത് കൊണ്ട് വേറെ ബുദ്ധി മുട്ട് ഇല്ല എന്നാണ് തോന്നുന്നത് ..പ്രശസ്തര്‍ ആയ പലരെ കുറിച്ചും ഇല്ലാത്ത കഥകള്‍ എഴുതി കഴപ്പ് മാറ്റുന്ന ഫയര്‍ ,ക്രൈം പോലുള്ള വാരികകളുടെ ഉടമസ്ഥരെ നിലക്ക് നിര്‍ത്താന്‍ ഇവിടത്തെ നിയമത്തിനു ശക്തി പോര .. നേരം പോക്കിന് വേണ്ടി ചെയ്ത ഒരു തമാശയുടെ പേരില് രണ്ടു പേരെ പിടിച്ചു അകത്തു ഇടാന്‍ ഇവിടെ വകുപ്പു ഉണ്ട് .. കഷ്ടം

  ReplyDelete
 24. "പിണറായിയില്‍ തീര്‍ത്ത വിജയന്‍റെ കൊട്ടാരം. തള്ളേ, കൊട്ടാരം ഒരു സംഭവം തന്നെ".
  'തൊഴിലാളി നേതാവിന്റെ കൊച്ചു കുടില്‍ "

  യഥാര്‍ത്ഥ ഇമെയില്‍ കണ്ടില്ല. മേല്പറഞ്ഞ കാര്യങ്ങള്‍ സഖാവിന്റെതാണെന്ന് എന്താണ് തെളിവ്. ഈ രണ്ടു കാര്യങ്ങളും സഖാവ് പേറ്റന്റ്‌/കോപ്പി റൈറ്റ് എടുതുടെണുന്നു തോന്നുന്നില്ല. പേരും അഡ്രസ്സും വെക്തമായി എഴുതിയില്ലെന്നു തോന്നുന്നു. അതിനാല്‍ എല്ലാവരും കൊട്ടി ആഘോഷിക്കന്നുത് പോലെ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. പോലീസ് പാര്‍ട്ടിയുടെ കീഴില്ലായത് കൊണ്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തു. കുറച്ചു നാള്‍ കേസ് നടക്കും. ധാരാളം ലൂപ് ഹോളുകള്‍ ഇന്ത്യന്‍ നിയമത്തില്‍ ഉണ്ട്. അതുപോലെ തന്നെ വള്ളികുന്നില്‍ ബഷീര്‍ എന്ന് പറഞ്ഞാല്‍ ഒരേ ഒരു ബഷീര്‍ മാത്രമേ വള്ളികുന്നില്‍ ഉള്ളൂ എന്നുണ്ടോ ? ഞാന്‍ പറഞ്ഞതില്‍ തെറ്റുന്ടെങ്ങില്‍, ഇതിനെ പറ്റി കൂടുതല്‍ അറിഞ്ഞാല്‍ കൊള്ളാം എന്നുണ്ട്.

  ReplyDelete
 25. ദേശാഭിമാനി കണ്ണൂര്‍ ബ്യൂറോയിലെ ഫോറ്റൊഗ്രാഫെര്‍ക്ക് പിണറായിക്കുള്ള ബസ്സ് കൂലി കൊടുത്താല്‍ തീരുന്ന പ്രശ്നമല്ലേ ഇവിടെയുള്ളൂ. സഖാവിന്റെ വീടിന്റെ എല്ലാ ആംഗിളിലും ഉള്ള നാല് ഫോട്ടോ ദേശാഭിമാനിയില്‍ വന്നാല്‍ തീര്‍ന്നില്ലേ വിവാദം? ഈ പുകിലിന്റെയൊക്കെ വല്ല ആവശ്യമുണ്ടോ ?

  ReplyDelete