ഇവനൊരു മഹാ സംഭവം തന്നെ !

തടിയന്റവിട നസീര്‍ ഒരു മഹാ സംഭവം തന്നെയാണ്. കേബേജിന്റെ  തോല് പൊളിക്കുന്നത് പോലെ ഒന്നിന് പിറകെ ഒന്നായി പുള്ളിയുടെ വീര കൃത്യങ്ങള്‍ പുറത്തു വരികയാണ്. ഇതെവിടെച്ചെന്ന് അവസാനിക്കും എന്ന് ഒരു പിടിയും കിട്ടുന്നില്ല. കുറെ കാലമായി ഇത് പോലൊരു ഹീറോയെ മാധ്യമങ്ങള്‍ക്ക് കിട്ടിയിട്ട് !!. ഇവന്റെ മുന്നില്‍ ഓംപ്രകാശും പുത്തന്‍പാലം രാജേഷുമെല്ലാം തനി ഏഴാം കൂലികള്‍. ഇവനെയാണല്ലോ മുമ്പ് കയ്യില്‍ കിട്ടിയിട്ട് നമ്മുടെ പോലീസ് വിട്ടു കളഞ്ഞത് എന്നോര്‍ക്കുമ്പോള്‍ ആകെ തല കറങ്ങുന്നു!!

കോഴിക്കോട് ബോംബ്‌, കളമശ്ശേരി ബസ്സ് കത്തിക്കല്‍, ബാംഗ്ലൂര്‍ പൊട്ടിത്തെറി തുടങ്ങി ന്യൂഡല്‍ഹി സ്ഫോടനം വരെ  പുള്ളി ഏറ്റെടുത്തു കഴിഞ്ഞതയാണ് റിപ്പോര്‍ട്ട്‌.  പോക്ക് കണ്ടിട്ട്  അധികം വൈകാതെ തന്നെ  9/11 ഉം കക്ഷി ഏറ്റെടുക്കുന്ന മട്ടുണ്ട് !!..  അത് കൂടെ ഈ പഹയന്‍ അങ്ങ് ഏറ്റു കഴിഞ്ഞാല്‍ ആ പാവം ബിന്‍ലാദിനെ നമുക്ക് വെറുതെ വിടാം.. !!   

വാല്‍ക്കഷണം : തടിയന്റവിള നസീറിനെയോ അവനെപ്പോലുള്ള ഉഗ്രവാദി ഭീകരെരെയോ ന്യായീകരിക്കാന്‍ മനുഷ്യനെ സ്നേഹിക്കുന്ന ആര്‍ക്കും കഴിയില്ല. എന്റെ മുന്നില്‍ അവനെ കിട്ടിയാല്‍ തച്ചു കൊല്ലാന്‍ കഴിഞ്ഞില്ലെങ്കിലും ഏറ്റവും ചുരുങ്ങിയത്  മുഖത്ത് കാര്‍ക്കിച്ചു തുപ്പുകയെങ്കിലും ചെയ്യും. പക്ഷെ, രാജ്യ സുരക്ഷയെ ബാധിക്കുന്ന ഇത്തരം വലിയ കേസുകളെ ഇക്കിളി വാര്‍ത്തകളിലൂടെ ഉദ്ദീപിപ്പിച്ച് നമ്മുടെ  മാധ്യമ സംഘം കളിക്കുന്ന പൊറാട്ട് നാടകം കാണുമ്പോള്‍ പൊട്ടിച്ചിരിക്കുകയല്ലാതെ മറ്റെന്തു ചെയ്യും.