ഉടന്‍ വരുന്നു, ശ്രീശാന്തിന്റെ വന്‍വീഴ്ചകള്‍ !

ഏഷ്യാനെറ്റിന്റെ 'തിരിച്ചുവരവു'കളില്‍ ഈ ആഴ്ച ശ്രീശാന്ത് ആണത്രേ !! അടുത്ത ആഴ്ചയില്‍ 'വന്‍വീഴ്ച'കളിലും പുള്ളിയെ കാണുമോ ?

ക്രിക്കറ്റ് ഞാന്‍ കാണാറില്ല. സ്പോര്‍ട്സില്‍ താല്പര്യം ഇല്ലാഞ്ഞിട്ടല്ല. ഒന്നോ രണ്ടോ മണിക്കൂറില്‍ അധികം ടീ വിക്ക് മുന്നിലിരിക്കാന്‍ സമയം ഇല്ലാത്തത് കൊണ്ടാണ്. പക്ഷെ ആര് ജയിച്ചു ആര് തോറ്റു എന്നൊക്കെ കൃത്യമായി ശ്രദ്ധിക്കും. ഇന്ത്യ ജയിച്ചാല്‍ ലഡു വിതരണം ചെയ്യുക, തോറ്റാല്‍ ജയിച്ചവനെ തെറി വിളിക്കുക എന്നിത്യാദി കലാപരിപാടികള്‍ പൊതുവേ നടത്താറില്ല.
ആരേലും ലഡു തന്നാല്‍ ജയിച്ച വകയിലോ തോറ്റ വകയിലോ എന്ന് ചോദിക്കാതെ വാങ്ങി തിന്നാറുണ്ട്. ഇന്ത്യ തോറ്റാലും ലഡു തിന്നു സന്തോഷിക്കുമോ എന്ന് ചോദിച്ചാല്‍ ലഡു തിന്നും, പക്ഷെ സന്തോഷിക്കില്ല എന്നേ മറുപടി പറയാന്‍ പറ്റൂ. ലഡുവിന്റെ കാര്യത്തില്‍  ചെറിയ വീക്ക്‌നെസ് ഇല്ലാത്തവര്‍ ഇക്കാലത്ത് കുറവല്ലേ?. നമ്മള്‍ പറഞ്ഞു തുടങ്ങിയത് ശ്രീശാന്തിനെ പറ്റിയാണ്.  ഗ്രൌണ്ടിലും ഗ്രൌണ്ടിനു പുറത്തും പുള്ളി നല്ല കളിക്കാരനാണ് എന്ന് ക്രിക്കറ്റ് തലയ്ക്കു കയറിയ എന്റെ ഒരു സുഹൃത്ത്‌ പറഞ്ഞു. ക്രിക്കറ്റ് വിഷയത്തില്‍ ഈ സുഹൃത്തിന്റെ അഭിപ്രായമാണ് ഞാന്‍ പൊതുവേ ഫോളോ ചെയ്യാറ്. വിവരമില്ലാത്ത വിഷയത്തില്‍ വിവരമുള്ളവരുടെ ഡയലോഗ് ശ്രദ്ധിക്കുക എന്ന സിമ്പിള്‍ തിയറി.

ഒരു കളി ജയിച്ചാല്‍ നൂറു കളി ജയിച്ച കോപ്രായങ്ങള്‍ കാണിക്കും, കണ്ട കോളേജിലൊക്കെ കയറി ഡാന്‍സ് കളിക്കും, ടി വി ക്കാരെ വീട്ടില്‍ വിളിച്ചു വരുത്തി അമ്മയെക്കൊണ്ട്  ഡയലോഗ് അടിപ്പിക്കും.ഒരു ക്യാച്ച് കിട്ടിയാല്‍ ഗ്രൗണ്ടില്‍ കുട്ടിക്കരണം മറിയും, കാര്‍ക്കിച്ചു തുപ്പും, മടങ്ങി പോകുന്ന കളിക്കാരനെ കൊഞ്ഞനം കാണിക്കും, അവന്റെ തല്ലു കിട്ടിയാല്‍ കരയും...!! ശ്രീശാന്ത് ഫാനായ എന്റെ സുഹൃത്തിന്റെ ഡയലോഗുകളില്‍ നിന്ന് ഞാന്‍ അടിച്ചെടുത്ത സംഗതികളാണ് ഇതൊക്കെ. ആരെക്കുറിച്ചും നല്ലത് പറയാത്ത അവന് ശ്രീശാന്തിനെക്കുറിച്ച് പറയുമ്പോള്‍ ആയിരം നാവാണ്. ഇങ്ങനെ പുകഴ്ത്തിക്കൊണ്ടേയിരിക്കും !!.


കയ്യിരുപ്പിന്റെ ഗുണം കൊണ്ട് ശ്രീശാന്തിനെ ക്രിക്കറ്റ് ബോര്‍ഡ്‌ കുറെക്കാലം പുറത്തിരുത്തിയെന്നും കിട്ടേണ്ടത് കിട്ടിയപ്പോള്‍ 'മൈന്‍ഡ് ലാംഗ്വേജ് '(ബോഡി ലാംഗ്വേജ്  അല്ല കേട്ടോ) അല്‍പ സ്വല്പം മാറിത്തുടങ്ങിയെന്നും  എന്റെ സുഹൃത്ത്‌ പറയാതെ തന്നെ ഞാനറിഞ്ഞു. കഷ്ടിച്ച് ഒരു കളി നന്നായി കളിച്ച് ബാറ്റു താഴെ വെക്കേണ്ട താമസം.. അതാ വരുന്നു അനുമോദനങ്ങള്‍, സ്വീകരണങ്ങള്‍, ലഡു, ഡാന്‍സ്, ഇന്റര്‍വ്യൂ, അമിതാബ് ബച്ചന്‍, അമ്മ, പൂജാ മുറി. അവസാനം ഏഷ്യാനെറ്റിന്റെ വക 'തിരിച്ചുവരവു'കളും. 'മൈന്‍ഡ് ലാംഗ്വേജ് 'പഴയതിലും വഷളാവാന്‍ വേറെ വല്ലടത്തും പോണോ ?.. ഒരാളെയും നന്നാവാന്‍ നമ്മുടെ മീഡിയ അനുവദിക്കില്ലാണ് വെച്ചാല്‍ എന്താ ചെയ്യുക?. അതെങ്ങനെ ?.. തിരിച്ചുവരവിന്റെ രണ്ടു എപ്പിസോഡ് കഴിഞ്ഞാല്‍ വന്‍വീഴ്ചയുടെ തയ്യാറെടുപ്പ് തുടങ്ങുകയല്ലേ. അതിനു ഈ ക്രിക്കറ്റ് പയ്യന്‍സിനോളം പറ്റിയ ഒരു കേസ് കിട്ടാനുണ്ടോ ?.

Latest update :  ശ്രീശാന്തിന് എന്‍ ഒ സി കൊടുക്കൂ, പ്ലീസ്