ശ്രീശാന്തിന് എന്‍ ഒ സി കൊടുക്കൂ, പ്ലീസ്

ശ്രീശാന്ത് ഇനി കേരളത്തിന് കളിക്കില്ലത്രെ. ഇവിടം മടുത്തു എന്നാണ് പയ്യന്‍സ് പറയുന്നത്. കേരള ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കിയതാണ് പുള്ളി ഹീറ്റാവാന്‍ കാരണം.  'നീ എവിടേലും പോയി കളിക്കെടാ കൊച്ചാ' എന്ന നിലപാടിലാണ് കേരള ക്രിക്കറ്റ് ബോര്‍ഡ്. ഇത് ഇങ്ങനെയൊക്കെ വരും എന്ന് മഹാ ദീര്‍ഘവീക്ഷണനായ ഞാന്‍ മുമ്പേ പറഞ്ഞതാണ്. (ഉടന്‍ വരുന്നു, ശ്രീശാന്തിന്റെ വന്‍വീഴ്ചകള്‍ !) അന്ന് പറഞ്ഞത് തന്നെയാണ് എനിക്ക് ഇപ്പോഴും പറയാന്‍ ഉള്ളത്. കയ്യിരുപ്പു നന്നായില്ലെങ്കില്‍ ക്രിക്കറ്റ്‌ ബോര്‍ഡ് എന്നല്ല സാക്ഷാല്‍ പിണറായി വിജയന്‍ വിചാരിച്ചാല്‍ പോലും ആരെയും രക്ഷിക്കാനാവില്ല.


സംഗതി, ശ്രീശാന്തിന്റെ കയ്യില്‍ മരുന്നുണ്ട്. ഇന്റര്‍നാഷണല്‍ ക്രിക്കറ്റര്‍ ആണ്. കേരളത്തിന് അഭിമാനമാണ്.  സമ്മതിക്കുന്നു, ബഹുമാനിക്കുന്നു. പക്ഷെ ശ്രീശാന്തിനെക്കാള്‍ നല്ല ക്രിക്കറ്റര്‍മാര്‍ ഇന്ത്യയില്‍ ഉണ്ട്. അവരൊന്നും ഇത്രയും തണ്ടും തടവും കാണിച്ചിട്ടില്ല. സച്ചിനെ നോക്കൂ.. ലോക ക്രിക്കറ്റിന്റെ ഏറ്റവും ഉയരങ്ങളില്‍ ആണ് അദ്ദേഹം. ഇപ്പോല്ല, കൊച്ചായിരുന്നപ്പോള്‍ മുതല്‍.. പക്ഷെ ഒരിക്കല്‍ പോലും ആളുകളോട് അയ്യടാ എന്ന് പറയിച്ചിട്ടില്ല. ശ്രീശാന്തിന്റെ ട്രാക്ക് റെക്കോര്ഡ് (കളിയിലും കളിക്ക് പുറത്തും.. പുറത്താണ് കൂടുതല്‍ കളി ) ശ്രീശാന്ത് തന്നെ വിലയിരുത്തുന്നത് നല്ലതാണ്. 


കേരളത്തിന് കളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ അദ്ദേഹത്തിന്  അവകാശമുണ്ട്‌.  ശ്രീശാന്ത് കളിച്ചാലും ഇല്ലേലും കേരള ക്രിക്കെറ്റ് അടുത്ത കാലത്തൊന്നും നന്നാവാന്‍ പോണില്ല. അതിന് കള്ള് വേറെ കുടിക്കണം എന്ന് പറഞ്ഞ പോലെ അതിന് കളിക്കാരും ബോര്‍ഡും വേറെ വരണം. ഇപ്പോഴുള്ളവരെക്കൊണ്ട് അതൊന്നും നടക്കുമെന്ന് തോന്നുന്നില്ല. എനിക്ക് ക്രിക്കറ്റ് ബോര്‍ഡിനോട് പറയാനുള്ളത് ടീവീയിലിരുന്ന്‍  വിഴുപ്പ്ലക്കാതെ ഈ പയ്യന് എത്രയും പെട്ടെന്ന് എന്‍ സി കൊടുത്ത് പറഞ്ഞു വിടണം എന്നാണ്. ഇനിയും ഈ ക്രിക്കറ്ററെ 'പീഡിപ്പിക്കരുത്'. എവിടേലും പോയി കളിച്ചു നന്നാവട്ടെ. ആരോടെങ്കിലും തല്ലു വാങ്ങിച്ചു തിരിച്ചു വന്നാല്‍ നമുക്ക് അപ്പോള്‍ നോക്കാം. ന്താ.. ?