January 30, 2014

മെഹർ തരാർ കോ മിലേഗാ?.. പിന്നല്ലാതെ മിലേഗാ മിലേഗാ..

കൈരളി പീപ്പിൾ ടി വിയിലെ വാർത്താ അവതാരകൻ മെഹർ തരാറിനെ 'ഫോണിൽ വിളിച്ചത്' മുടിഞ്ഞ ഹിറ്റായിട്ടുണ്ട്. ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കർ മരിച്ച ഞെട്ടലുളവാക്കുന്ന വാർത്ത പുറത്ത് വന്ന ഉടനെയാണ് തരൂരിന്റെ വിവാദ കാമുകിയും പാക്കിസ്ഥാനിലെ സെലിബ്രിറ്റി പത്രപ്രവർത്തകയുമായ  മെഹർ തരാറിനെ ലൈനിൽ കിട്ടാൻ വേണ്ടി കൈരളി അവതാരകൻ ലാൽ നടത്തിയ ഒടുക്കത്തെ പരാക്രമം വൈറലായത്. മെഹർ തരാറുമായുള്ള ശശി തരൂരിന്റെ ബന്ധം അറിഞ്ഞ സുനന്ദ അസ്വസ്ഥയായിരുന്നുവെന്നും അവർ ഉറക്ക് ഗുളികകൾ അമിതമായി കഴിച്ച് ആത്മഹത്യ ചെയ്തതാണ് എന്നുമുള്ള വാർത്തകൾ കത്തിക്കയറുന്ന സന്ദർഭം. പുഷ്കറിന്റെ മരണ വാർത്ത പുറത്ത് വന്ന രാത്രിയിൽ മലയാള ദൃശ്യ മാധ്യമങ്ങൾ പരസ്പരം മത്സരിക്കുകയായിരുന്നു. ആരാണ് വമ്പൻ, ആരാണ് മുമ്പൻ എന്ന് തെളിയിക്കാനുള്ള മത്സരം. ലൈനിൽ കിട്ടിയ സകല പി ടി (പ്രതികരണ തൊഴിലാളി) കളെയും വിളിച്ചും ഡയലോഗടിപ്പിച്ചും മാക്സിമം കത്തിക്കുകയാണ് എല്ലാവരും. ഇന്ത്യൻ ദേശീയ ചാനലുകളും പാക്കിസ്ഥാനിലേതടക്കമുള്ള അന്താരാഷ്‌ട്ര മാധ്യമങ്ങളും മെഹർ തരാറിനെ നേരിട്ട് കിട്ടാത്തതിനാൽ അവരുടെ ട്വിറ്റർ അപ്ഡേറ്റുകളെ മാത്രം ആശ്രയിച്ചു കൊണ്ട് വാർത്ത കൊടുത്തു കൊണ്ടിരിക്കുന്നതിനിടയിലാണ് 'ഹം തറാർ കാ ഫ്രണ്ട് ഹൂം..' എന്ന് പറഞ്ഞ് കൈരളി അവതാരകനായ ലാൽ എങ്ങോട്ടോ ഫോണ്‍ വിളിച്ച്   അഭ്യാസങ്ങൾ കാട്ടിയത്.

January 23, 2014

അൽ മൊയ്തുവിന്റെ കള്ള് ജിഹാദ്

ഫേസ്ബുക്കിലെ മെസ്സേജ് ബോക്സിലേക്ക് ഒരു യൂടൂബ്  ലിങ്ക് തിരുകിക്കയറ്റിയിട്ട് ഒരാൾ ഇന്നലെ പറഞ്ഞു.. 'ബഷീർക്കാ ഇതൊന്ന് കണ്ട് അഭിപ്രായം പറയൂ'. ഇത്തരം ലിങ്ക് അയച്ചു തരുന്നവരോട് സാധാരണ പറയാറുള്ളത് പോലെ 'അല്പം തിരക്കിലാണ്.. സമയം പോലെ നോക്കാം' എന്ന് പറഞ്ഞ് ഒഴിവാക്കി. പക്ഷേ അതേ ലിങ്ക് തന്നെ മറ്റു ചിലരും കൈമാറിയപ്പോൾ ഇതെന്തെടാ സാധനം എന്ന് നോക്കാൻ വേണ്ടിയാണ് ലിങ്ക് വഴി യൂ ടൂബിൽ കയറിയത്. കണ്ടു കഴിഞ്ഞപ്പോൾ തോന്നി സാധനം കൊള്ളാമല്ലോ എന്ന്. എന്നാൽ പിന്നെ ഒന്ന് ഷെയറിക്കളയാം എന്ന് കരുതിയാണ് ഈ പോസ്റ്റ്‌. 'അൽ മൊയ്തു' ഒരു വലിയ സംഭവമൊന്നുമല്ല. പതിനെട്ടു മിനുട്ട് മാത്രമുള്ള ഒരു ഷോർട്ട് ഫിലിം. അതിന്റേതായ പരിധികളും പരിമിതികളും ഒരു അമച്വർ സംരംഭമെന്ന നിലക്കുള്ള ബാലാരിഷ്ടതകളും ധാരാളമുള്ള ഒരു സാധനം. എന്നാലും ഒരു മീഡിയ സറ്റയർ എന്ന നിലക്ക് ഒരു ചെറിയ പടക്കം പൊട്ടിക്കാൻ  'അൽ മൊയ്തു' ശ്രമിക്കുന്നുണ്ട് എന്ന് പറയാതെ വയ്യ.

January 13, 2014

ആം ആദ്മി കേരള ഘടകത്തിന് അഞ്ച് ഉപദേശങ്ങൾ

പതിയെ പതിയെ ആം ആദ്മി ഡൽഹിയിൽ നിന്നും പുറത്ത് കടക്കുകയാണ്. നമ്മുടെ കേരളത്തിലും അവർ തരംഗം സൃഷ്ടിച്ച് തുടങ്ങിയിട്ടുണ്ട്. കൊച്ചിയിൽ അവരുടെ സംസ്ഥാന കമ്മറ്റി ഓഫീസ് പ്രവർത്തിച്ചു തുടങ്ങി. നിരവധി സാധാരണക്കാർ ആം ആദ്മിയിൽ അംഗത്വം എടുത്തു തുടങ്ങിയിരിക്കുന്നു. ആം ആദ്മി എന്നത് ഒരു സന്തോഷ്‌ പണ്ഡിറ്റ്‌ സിനിമയുടെ ലെവലിൽ കണ്ടിരുന്ന വലതു പക്ഷവും ഇടതുപക്ഷവും ഇപ്പോൾ അതിനെ നോക്കിക്കാണുന്നത് ഒരു ധൂം ത്രീ  ലെവലിലാണ്. ഡൽഹിയിൽ കാണിച്ചത് പോലെ ഈ പഹയന്മാർ ഇവിടെയും വല്ല ഗ്രേറ്റ്‌ ഇന്ത്യാ സർക്കസും കാണിക്കുമോ എന്ന് അവർ ആശങ്കയോടെ നോക്കിക്കൊണ്ടിരിക്കുകയുമാണ്‌. ചിക്കാഗോ പാലം എടുത്തു ചാടി കിടിലൻ ബൈക്കിൽ ആമിർ ഖാൻ വന്നത് പോലെയാണ് ഡൽഹിയിൽ കേജരിവാളിന്റെ വരവുണ്ടായത്‌. മോഡിയും രാഹുലും കട്ടിയുള്ള ജാക്കറ്റ് ധരിക്കുന്നത് കൊണ്ടാണ് അവരുടെ നെഞ്ചിടിപ്പിന്റെ തോത് പുറത്തേക്ക് അറിയാത്തത്. അതിനേക്കാൾ വലിയ മിടിപ്പ് ഇവിടെ കേരളത്തിലെ ചില നേതാക്കൾക്കും ഉണ്ടായിക്കൂടെന്നില്ല. സംഗതിയുടെ പോക്ക് അങ്ങോട്ടാണ്.

January 2, 2014

തള്ളേ, ഇന്ത്യൻ മുജാഹിദീൻ ഫയങ്കരം തന്നെ!!

ടൈംസ് ഓഫ് ഇന്ത്യ രണ്ടു ദിവസം മുമ്പ് പ്രസിദ്ധീകരിച്ച ഒരു കിടിലൻ റിപ്പോർട്ട് ഏതൊരു ഇന്ത്യക്കാരനേയും ഞെട്ടിക്കുന്നതാണ്!!. ഭീകരവാദികൾ ഇന്ത്യയിൽ ന്യൂക്ലിയർ ബോംബ്‌ പൊട്ടിക്കാൻ ശ്രമങ്ങൾ തുടങ്ങിയിരിക്കുന്നു എന്നതാണ് റിപ്പോർട്ടിന്റെ ചുരുക്കം. സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ട ഈ ന്യൂസിന്റെ തലക്കെട്ട് കണ്ടപ്പോൾ തന്നെ ഉള്ളൊന്ന് കാളി. ഒരു സാധാരണ ബോംബ്‌ പൊട്ടിയാൽ തന്നെ നൂറുകണക്കിന് ആളുകൾ മരിച്ചു വീഴുന്ന കാലമാണ്. ലോകത്ത് ദിനേനയെന്നോണം ഇത്തരം സ്ഫോടനങ്ങൾ നടക്കുന്നുണ്ട്. ഇനിയീ പന്നികളുടെ അടുത്ത് ആറ്റം ബോംബ്‌ കൂടി കിട്ടിയാലുള്ള സ്ഥിതിയെന്താവും?. തലക്കെട്ട്‌ കണ്ടയുടനെ 'പടച്ചോനെ കാക്കണേ'യെന്ന വിളിയാണ് നാവിൽ നിന്ന് വന്നത്. ഏതായാലും രണ്ടും കല്പിച്ച് ലിങ്കിൽ ക്ലിക്കി ടൈംസ് ഓഫ് ഇന്ത്യയിലെത്തി.