മെഹർ തരാർ കോ മിലേഗാ?.. പിന്നല്ലാതെ മിലേഗാ മിലേഗാ..

കൈരളി പീപ്പിൾ ടി വിയിലെ വാർത്താ അവതാരകൻ മെഹർ തരാറിനെ 'ഫോണിൽ വിളിച്ചത്' മുടിഞ്ഞ ഹിറ്റായിട്ടുണ്ട്. ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കർ മരിച്ച ഞെട്ടലുളവാക്കുന്ന വാർത്ത പുറത്ത് വന്ന ഉടനെയാണ് തരൂരിന്റെ വിവാദ കാമുകിയും പാക്കിസ്ഥാനിലെ സെലിബ്രിറ്റി പത്രപ്രവർത്തകയുമായ  മെഹർ തരാറിനെ ലൈനിൽ കിട്ടാൻ വേണ്ടി കൈരളി അവതാരകൻ ലാൽ നടത്തിയ ഒടുക്കത്തെ പരാക്രമം വൈറലായത്. മെഹർ തരാറുമായുള്ള ശശി തരൂരിന്റെ ബന്ധം അറിഞ്ഞ സുനന്ദ അസ്വസ്ഥയായിരുന്നുവെന്നും അവർ ഉറക്ക് ഗുളികകൾ അമിതമായി കഴിച്ച് ആത്മഹത്യ ചെയ്തതാണ് എന്നുമുള്ള വാർത്തകൾ കത്തിക്കയറുന്ന സന്ദർഭം. പുഷ്കറിന്റെ മരണ വാർത്ത പുറത്ത് വന്ന രാത്രിയിൽ മലയാള ദൃശ്യ മാധ്യമങ്ങൾ പരസ്പരം മത്സരിക്കുകയായിരുന്നു. ആരാണ് വമ്പൻ, ആരാണ് മുമ്പൻ എന്ന് തെളിയിക്കാനുള്ള മത്സരം. ലൈനിൽ കിട്ടിയ സകല പി ടി (പ്രതികരണ തൊഴിലാളി) കളെയും വിളിച്ചും ഡയലോഗടിപ്പിച്ചും മാക്സിമം കത്തിക്കുകയാണ് എല്ലാവരും. ഇന്ത്യൻ ദേശീയ ചാനലുകളും പാക്കിസ്ഥാനിലേതടക്കമുള്ള അന്താരാഷ്‌ട്ര മാധ്യമങ്ങളും മെഹർ തരാറിനെ നേരിട്ട് കിട്ടാത്തതിനാൽ അവരുടെ ട്വിറ്റർ അപ്ഡേറ്റുകളെ മാത്രം ആശ്രയിച്ചു കൊണ്ട് വാർത്ത കൊടുത്തു കൊണ്ടിരിക്കുന്നതിനിടയിലാണ് 'ഹം തറാർ കാ ഫ്രണ്ട് ഹൂം..' എന്ന് പറഞ്ഞ് കൈരളി അവതാരകനായ ലാൽ എങ്ങോട്ടോ ഫോണ്‍ വിളിച്ച്   അഭ്യാസങ്ങൾ കാട്ടിയത്.

ലാലിന്റെ പരാക്രമം ലൈവായി കാണാനുള്ള 'ഭാഗ്യം' എനിക്കുണ്ടായി. . ഒരു യാത്ര കഴിഞ്ഞ് അർദ്ധരാത്രി തിരിച്ചെത്തിയതായിരുന്നു ഞാൻ. ടി വി യിൽ അപ്പോഴും സുനന്ദയുടെ മരണവാർത്തയുടെ അപ്ഡേറ്റുകൾ വന്നു കൊണ്ടിരിക്കുകയാണ്. ആദ്യം നോക്കിയത് ദേശീയ ചാനലുകളാണ്. വളരെ പക്വതയോടെ അവർ ലൈവായിത്തന്നെ വാർത്തകൾ അവതരിപ്പിക്കുന്നുണ്ട്. ഞെട്ടലുളവാക്കിയ ഒരു അസ്വാഭാവിക മരണ വാർത്തയുടെ വിവരങ്ങൾ പങ്ക് വെക്കുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക ആവേശം ഒഴിച്ച് നിർത്തിയാൽ അരോചകമെന്ന് തോന്നുന്ന കളികളൊന്നും അവിടെ കണ്ടില്ല.


മലയാള ചാനലുകൾ സർഫ് ചെയ്തപ്പോൾ സ്ഥിതി അതായിരുന്നില്ല. ആകെക്കൂടി ബഹളം. ഞങ്ങളാണ് ഈ റിപ്പോർട്ട്‌ ആദ്യം പ്രേക്ഷകർക്ക്‌ നല്കിയത് എന്ന് നിരന്തരം വിളിച്ചു പറഞ്ഞു കൊണ്ട് ചാനലുകൾ പരസ്പരം മത്സരിക്കുന്നു. പ്രേക്ഷകർ കാത്തു കാത്തിരുന്ന എന്തോ ഒരു ശുഭ വാർത്ത ആദ്യം എത്തിച്ചു കൊടുത്തത് പോലെ..റിപ്പോർട്ടറിൽ നികേഷ് ഡസ്കിന്റെ മുകളിലേക്ക് അപ്പോൾ ചാടിക്കയറും എന്ന് എനിക്ക് തോന്നി. അത്ര ആവേശത്തിലാണ് പുള്ളി. ആർക്കോ ചക്കക്കൂട്ടാൻ കിട്ടിയത് പോലെ എന്ന് ഇന്നസന്റ് പറഞ്ഞില്ലേ.. അമ്മാതിരി ആവേശം. കൈരളി പീപ്പിൾ നോക്കിയപ്പോഴാണ് ഈ ഒടുക്കത്തെ തമാശ കാണാൻ പറ്റിയത്. എങ്ങോട്ടോ ഡയൽ ചെയ്തു ഫോണെടുത്ത പാവത്തെ ഹിന്ദിയിലും ഇംഗ്ലീഷിലും മലയാളത്തിലും കൊന്ന് കയ്യിൽ കൊടുക്കുകയാണ് അവതാരകൻ. ഗതിയില്ലാതെ അയാൾ പറഞ്ഞു.. എനിക്കൊന്നും മനസ്സിലാകുന്നില്ല ഭായ്.

സത്യത്തിൽ കൈരളി അവതാരകൻ കാണിച്ചത് പ്രേക്ഷകരെ പറ്റിക്കാനുള്ള ചില നമ്പറുകൾ മാത്രമാണ്. ഈ സമയം തരാറിനെയെന്നല്ല തരാറിന്റെ അടിച്ചുതളിക്കാരിയുടെ അമ്മായിയുടെ മോനെപ്പോലും ലൈനിൽ കിട്ടില്ല എന്നയാൾക്ക് ശരിക്കും അറിയാം. പക്ഷേ പ്രേക്ഷകരെ പറ്റിക്കണം. ഏതോ നമ്പറിൽ വിളിച്ച് ഹാ.. ഹീ ഹൂം എന്നൊക്കെ പറഞ്ഞാൽ പ്രേക്ഷകർ മൂക്കത്ത് വിരൽ വെക്കുമെന്നും ചാനലിന്റെ റേറ്റിംഗ് കൂടുമെന്നും അയാൾ കരുതിക്കാണും. മേ മെഹർ തരാർ കാ ഫ്രണ്ട് ഹൂം.. എന്നാണ് അവതാരകൻ ഫോണെടുത്ത ആളോട് പറയുന്നത്. മെഹർ തരാർ എന്ന പേര് തന്നെ ആദ്യമായി കേൾക്കുകയാണ്. അതിനിടയിൽ ഇവൻ അവളുടെ ഫ്രണ്ടും ആയോ. 'അതെപ്പാ' എന്നാണ് പ്രേക്ഷകൻ മൂക്കത്ത് വിരൽ വെച്ചു പോയത്.

ഇനി ഈ റീമിക്സ് കാണൂ..  ഒരു മലയാളം ചാനൽ അവതാരകന്റെ പ്രകടനം റീമിക്സായി വരുന്നത് ആദ്യമായാണെന്ന് തോന്നുന്നു. സംഗതി കിടിലനായിട്ടുണ്ട് എന്ന് പറയാതെ വയ്യ. മാധ്യമ പ്രവർത്തകർ എല്ലാർക്കിട്ടും പണിയുന്നവരാണ്‌. അതുകൊണ്ട് തന്നെ അവർക്കിട്ട് പണിയാൻ കിട്ടുന്ന സന്ദർഭം ആരും പാഴാക്കുകയില്ല. കൈരളി ടി വി യിലെ അവതാരകനെ ഒരു കിടിലൻ ഹാസ്യകഥാപാത്രമാക്കാൻ കിട്ടിയ അവസരം ഈ റീമിക്സ് പുറത്തിറക്കിയ കൃഷ്ണരാജ് മുതലെടുത്തതിൽ കുറ്റം പറയാനും പറ്റില്ല. വാളെടുത്തവൻ വാളാൽ എന്നാണല്ലോ. 

റീമിക്സ് ഇവിടെ കാണാം. 

ഇത്തരമൊരു നാടകം കളിക്കാൻ ലാലിനെ ഏല്പിച്ചു സ്റ്റുഡിയോയുടെ മറ്റേ റൂമിൽ ഒളിഞ്ഞു നോക്കി ചിരിക്കുന്ന ബ്രിട്ടാസിനെയാണ് ഞാൻ എന്റെ മനസ്സ് കൊണ്ട് കണ്ടത്. മെഹർ തരാറിനെ ലൈനിൽ കിട്ടാൻ ഒരു ശതമാനം സാധ്യതയെങ്കിലുമുണ്ടായിരുന്നെങ്കിൽ അന്നേരം വാർത്താ റൂമിൽ ബ്രിട്ടാസ് എത്തുമായിരുന്നു. ബ്രിട്ടാസാരാ മോൻ.. ഇത്തരം ഒരവസരവും കളഞ്ഞു കുളിച്ച പാരമ്പര്യം പുള്ളിക്കില്ല. പ്രേക്ഷകരെ പറ്റിക്കുകയായിരുന്നു ചാനലിന്റെ ഉദ്ദേശ്യമെന്ന് വ്യക്തം. നമ്മുടെ ചാനൽ സഖാക്കൾ മാത്രമേ കാണൂ അവരെന്തും വിശ്വസിക്കും  എന്ന് കരുതിയിടത്താണ് കൈരളിക്കു പിഴച്ചത്. മറ്റു ചിലരും ആ വഴി കടന്ന് പോയ്ക്കൂടായ്കയില്ല. പിറ്റേ ദിവസം തന്നെ സോഷ്യൽ മീഡിയയിൽ അവതാരകന്റെ ഫോണ്‍ വിളി വിഷയമായി മാറിയത് അതുകൊണ്ടാണ്. വേണു വീണ വായിച്ചതിനേക്കാൾ വേഗത്തിൽ അത് ഹിറ്റാവുകയും ചെയ്തു.      

ചാനൽ അവതാരകർക്കും ഇടക്കൊക്കെ ഇങ്ങനെ പണി കിട്ടുന്നത് നല്ലതാണ്. പൊളിട്രിക്സ്, ധിം തരികിട തോം, തിരുവാ എതിർവാ, വികടകവി തുടങ്ങി പല പേരുകളിലുള്ള പ്രോഗ്രാമുകളുടെ ആകെത്തുക രാഷ്ട്രീയ നേതാക്കളുടെയും പൊതുപ്രവർത്തകരുടെയും പച്ചയിറച്ചി തിന്നുകയാണ്. ആവുന്നത്ര മസാലയും മ്യൂസിക്കും എഡിറ്റിങ്ങും കട്ടിംഗും നടത്തി പൊതുരംഗത്തുള്ളവരെ കോമാളികളാക്കി കയ്യടി നേടുകയാണ്‌ ഈ പരിപാടികളുടെയെല്ലാം പൊതുവായ പാറ്റേണ്‍.   പലപ്പോഴും ഇത്തരം പരിപാടികളിലെ എഡിറ്റിംഗുകളും അവതരണ രീതിയും സാമാന്യ മര്യാദയുടെ എല്ലാ സീമകളും ലംഘിക്കുന്നതാണ്. സിനിമകളിലെ കോമാളി രംഗങ്ങളും സംഭാഷണങ്ങളും കൂട്ടിച്ചേർത്ത് രാഷ്ട്രീയ നേതാക്കളുടെ ക്ലിപ്പിംഗുകൾക്കുള്ളിലേക്ക് തിരുകിക്കയറ്റുകയാണ് പൊതുവെ അവലംബിക്കുന്ന രീതി. സ്വാഭാവികമായും കാണുന്നവരൊക്കെ ചിരിച്ചു പോകും. പക്ഷേ ഒരാളെ ഇങ്ങനെ കളിയാക്കി മറ്റുള്ളവരെ ചിരിപ്പിക്കുമ്പോൾ കളിയാക്കപ്പെടുന്നവരുടെ മാനസികാവസ്ഥ എന്തെന്ന് പരിപാടി തയ്യാറാക്കുന്ന മാധ്യമ പ്രവർത്തകർ ഓർത്തുകൊള്ളണമെന്നില്ല. പക്ഷേ ഇത്തരം ഒന്നോ രണ്ടോ ക്ലിപ്പുകൾ കൃഷ്ണരാജിനെപ്പോലുള്ള ആണ്‍കുട്ടികൾ ഉണ്ടാക്കിയാൽ മാധ്യമ പ്രവർത്തകർക്കും കളിയാക്കപ്പെടുന്നവന്റെ മാനസിക ശാസ്ത്രം പെട്ടെന്ന് പിടി കിട്ടും. കാലം മാറിയിട്ടുണ്ട്. എഡിറ്റിങ്ങും കട്ടിങ്ങും മീഡിയ സ്റ്റുഡിയോകളിൽ മാത്രമല്ല, നാട്ടുകാരുടെ കയ്യിലുമുണ്ട്. അതുകൊണ്ട് മാധ്യമ പ്രവർത്തകർ ഓർക്കുക.. എല്ലാവർക്കും പണി കൊടുക്കുന്ന നിങ്ങൾക്കും പണി കിട്ടും. വല്ലപ്പോഴും..

Related Posts
ബ്രിട്ടാസേ, ഇജ്ജാണെടാ ആണ്‍കുട്ടി
വാർത്തവായനക്കിടയിൽ ഓടിയെത്തിയ മകൾ. പതറാതെയമ്മ
വേണു, വീണ, നികേഷ്, വിനു. ആരെയാണ് കാണേണ്ടത്?
ബ്രിട്ടാസ് ഡ്രാമ പ്രദര്‍ശനം തുടരുന്നു