August 13, 2012

വരിവരിയായി ജയിലിലേക്ക് !

സഖാക്കള്‍ വരിവരിയായി ജയിലിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ആദ്യം ബ്രാഞ്ച് സെക്രട്ടറി, പിന്നെ ഏരിയ സെക്രട്ടറി, അത് കഴിഞ്ഞു ജില്ല സെക്രട്ടറി, ഇപ്പോഴിതാ എം എല്‍ എ യും.. ജയിലിലേക്കുള്ള പോക്ക് പോലും പ്രോട്ടോകോള്‍ തെറ്റിക്കാതെയാണ്. ഒരു കേഡര്‍ പാര്‍ട്ടി ആയാലുള്ള ഗുണം ഇതാണ്. എല്ലാവരും അവരുടെ സ്ഥാനമാനങ്ങള്‍ നോക്കി പരസ്പരം ബഹുമാനിച്ചു കാര്യങ്ങള്‍ നീക്കും. പ്രോട്ടോകോളിന്റെ ചിട്ടയനുസരിച്ചു ചെറുകിടക്കാര്‍ ആദ്യം പോയി പിന്നാലെ വരുന്ന വന്‍ കിടക്കാര്‍ക്ക് വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ നടത്തും. പാര്‍ട്ടി പ്രോട്ടോകോള്‍ അനുസരിച്ച് പി ജയരാജന്‍ അല്പം മുകളില്‍ ആണെങ്കിലും സര്‍ക്കാര്‍ പ്രോട്ടോകോള്‍ അനുസരിച്ച് എം എല്‍ എ ആയ ടി വി രാജേഷാണ് ഒരു കട്ടക്ക് മുന്നില്‍ നില്‍ക്കുക. അതുകൂടി കണക്കിലെടുത്ത് കൊണ്ടാണ് സഖാക്കളുടെ പോക്ക് എന്നര്‍ത്ഥം. ഇനി പോളിറ്റ് ബ്യൂറോയിലെ ഏതെങ്കിലും ഒരാളെക്കൂടി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു കഴിഞ്ഞാല്‍ ഒരു അവൈലബിള്‍ മീറ്റിംഗ് സെല്ലിനുള്ളില്‍ കൂടാന്‍ പറ്റും.

August 7, 2012

തിലകനും അമ്മയും പിന്നെ തട്ടിയെറിഞ്ഞ ചോറ്റുപാത്രവും

ചാനലുകള്‍ സര്‍ഫ് ചെയ്യുന്നതിനിടയിലാണ് അമൃത ടി വി യില്‍ തിലകനെ കണ്ടത്. സംവിധായകന്‍ കമലുമുണ്ട് കൂടെ. തിലകനെ എവിടെ കണ്ടാലും ഞാന്‍ റിമോട്ടൊന്ന് സ്റ്റോപ്പ്‌ ചെയ്യും. പുള്ളി എന്തെങ്കിലുമൊക്കെ പറയും. എല്ലാവരോടുമുള്ള അമര്‍ഷമാണ്‌ അദ്ദേഹത്തിന്‍റെ സംസാരങ്ങളുടെ ആകെത്തുകയെങ്കിലും കേട്ടിരിക്കാന്‍ രസമുണ്ടാകും. ആരാന്റെ മെക്കിട്ടു കയറുന്നത് കാണാനുള്ള ഒരു രസം സ്വാഭാവികമാണല്ലോ. മമ്മൂട്ടിയെയോ മോഹന്‍ലാലിനെയോ നാല് തെറി പറയും അതല്ലെങ്കില്‍ ഏറ്റവും ചുരുങ്ങിയത് 'അമ്മ'യെയും അതിന്റെ പ്രസിഡന്റായ ഇന്നസെന്റിനെയും രണ്ടു പുളിച്ചത്‌ പറയും. മറ്റാര്‍ക്കെങ്കിലും അവാര്‍ഡ് കിട്ടിയിട്ടുണ്ടെങ്കില്‍ അവരെ ഒന്ന് കൊച്ചാക്കും. ഇതൊക്കെയായിരുന്നു എന്റെ പ്രതീക്ഷ. ഇപ്പൊ വരും ഇപ്പൊ വരും എന്ന് കരുതി ടി വി യിലേക്ക് കഴുത്തു നീട്ടിയിരിക്കുന്നതിനിടയിലാണ് മഹാനടന്‍ തീര്‍ത്തും ഞെട്ടലുളവാക്കിയ ഒരു പ്രസ്താവന നടത്തിയത്.

August 2, 2012

അങ്ങനെ ജയരാജനും സ്വാഹ..

"ഇതാണ് ജനാധിപത്യത്തിന്റെ കുഴപ്പം. സ്വസ്ഥമായി ഒരു കൊലപാതകം നടത്താന്‍ അതനുവദിക്കില്ല" - ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട് പി ജയരാജന്‍ അറസ്റ്റ് ചെയ്യപ്പെട്ട വാര്‍ത്ത വന്ന ഉടനെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ബി ആര്‍ പി ഭാസ്കര്‍ ഫേസ്ബുക്കില്‍ എഴുതിയ സ്റ്റാറ്റസ് ആണിത്. കണ്ണൂരിലും പരിസര പ്രദേശങ്ങളിലും സ്വസ്ഥമായി കൊലപാതകങ്ങള്‍ ചെയ്ത് സമാധാനപരമായി ജീവിച്ചിരുന്ന പാവം സി പി എം നേതാക്കളെ ഇങ്ങനെ അറസ്റ്റ് ചെയ്യുന്നത് വൈരുദ്ധ്യാധിഷ്ഠിത സിദ്ധാന്തം അനുസരിച്ച് തികഞ്ഞ ധിക്കാരമാണ്. Right to Kill എന്നത് കാറല്‍ മാര്‍ക്സ് ഉള്ള കാലം മുതലേ വര്‍ഗ്ഗസമര പോരാളികള്‍ക്ക് ലോകം അനുവദിച്ചു നല്‍കിയിട്ടുള്ള അവകാശമാണ്. ലെനിനും സ്റ്റാലിനും മാവോയും തുടങ്ങി ചോരച്ചെങ്കൊടി പിടിച്ച എല്ലാ സഖാക്കള്‍ക്കും ഭരണഘടനാപരമായി നല്‍കപ്പെട്ടിട്ടുള്ള ഈ അവകാശത്തിനു മേലാണ് തിരുവഞ്ചൂരിന്റെ കളി. വേണ്ട മോനേ ദിനേശാ എന്ന് തിരുവഞ്ചൂരിനോട് സി പി എം നേതാക്കള്‍ പറയുന്നതിന്റെ ഗുട്ടന്‍സ് അവര്‍ പരമ്പരാഗതമായി അനുഭവിച്ചു വന്ന Right to Kill എന്ന ഈ അവകാശത്തിനു മേല്‍ തൊട്ടു കളിക്കുന്നത് കൊണ്ടാണ്.